ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലെ കെട്ടുകഥകൾ അനാവരണം ചെയ്യുമ്പോൾ...

ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കാനുള്ള നെഹ്‌റുവിന്റെ വീക്ഷണത്തിന്റെ ഫലമാണു നമ്മള്‍. ആഗോളപരമായ സാമ്പത്തിക രാഷ്ട്രീയ കുതിച്ചു ചാട്ടത്തിന്റെ മതിപ്പു തൊണ്ണൂറുകളില്‍ ഭരിച്ചിരുന്ന ചില നേതാക്കള്‍ക്കു കൊടുക്കുന്നത് അതിനെ വിലകുറച്ചു കാണുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കണക്കുകള്‍ക്കു വിരുദ്ധവുമാണ് - ജോൺ സാമുവൽ എഴുതുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലെ കെട്ടുകഥകൾ അനാവരണം ചെയ്യുമ്പോൾ...

ജോൺ സാമുവൽ

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടങ്ങിയതു 1992 ലാണെന്നും അതിന്റെ ചുക്കാന്‍ പിടിച്ചതു നരസിംഹ റാവുവും മന്‍മോഹന്‍ സിങ്ങുമാണെന്നും തെറ്റിദ്ധാരണയുണ്ട്. അതു മാധ്യമങ്ങളും വാണിജ്യ സുവിശേഷക പ്രഘോഷകരും പറഞ്ഞു പരത്തിയ കെട്ടുകഥയുമായി മാറി. എന്നാല്‍ കണക്കുകളും വിവരങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടങ്ങിയതു 1980 ലാണെന്നു കാണാം. 1992 എന്ന കെട്ടുകഥ പോലെയല്ലെന്നു സാരം.

1991/1992 ല്‍ ഇന്ത്യയ്ക്കു അടവുശിഷ്ട പ്രതിസന്ധി നേരിടേണ്ടിവന്നു. 1980 കളില്‍ അടവുശിഷ്ടം വര്‍ധിച്ചതും (വിദേശനാണ്യവിനിമയത്തിലെ കുറവു കാരണം) കുവൈറ്റ് യുദ്ധവും പണമയയ്ക്കുന്നതിലെ കുറവുമായിരുന്നു കാരണങ്ങള്‍. നിക്ഷേപകര്‍ പണം തിരിച്ചെടുക്കുകയും ആഗോളകടം വറ്റുകയും ചെയ്തു. ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞതും അടവുശിഷ്ടത്തിന്റെ ആഘാതം പെരുപ്പിച്ചു. ഇന്ത്യയ്ക്കു ഐഎംഎഫില്‍ നിന്നും കടം വാങ്ങേണ്ടി വരുകയും ഐഎംഎഫ് ആഗോളവത്കരണം, സ്വകാര്യവത്കരണം, ഉദാരവത്കരണം തുടങ്ങിയവ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. അക്കാലത്ത് ആരു പ്രധാനമന്ത്രിയോ ധനമന്ത്രിയോ ആയിരുന്നാലും ഇതൊക്കെത്തന്നെ സംഭവിക്കുമായിരുന്നു.

1990കളില്‍ ആഗോളപരമായ നയമാറ്റങ്ങൾ വരുകയും ലോകത്തെല്ലായിടത്തും നടന്നതു പോലെ ഇന്ത്യയിലും നവ ഉദാരവത്കരണം വരുകയും ചെയ്തു. ആഗോളനയം മാറ്റവും വിപണിശാസനയിലെ മാറ്റങ്ങളും കാരണം നടക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ ഇത്. വാഷിങ്ടണ്‍ പൊതുസമ്മതം എന്നറിയപ്പെടുന്ന അതു ലോകമാകമാനം ഉദാരവത്കരണവും, സ്വതാര്യവത്കരണവും, ആഗോളവത്കരണവും കൊണ്ടുവന്നു. എന്നാല്‍ ആഗോള നവ ഉദാര സാമ്പത്തിക ചട്ടക്കൂട് ചില രാജ്യങ്ങളില്‍ തിരിച്ചടിക്കുകയും ചെയ്തു.

അതു ലോകമാകമാനം മുമ്പില്ലാത്തവിധം അസമത്വം വര്‍ധിപ്പിച്ചു. മൂലധനവിതരണത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ആഗോളസാമ്പത്തിക പ്രതിസന്ധിയിലേയ്ക്കു അതു നയിക്കുകയും ചെയ്തു. വിപണിയുടെ ആഗോളവത്കരണം പ്രോത്സാഹിപ്പിച്ച അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ തന്നെയാണിപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള മത്സരത്തിനെപ്പറ്റി വേവലാതിപ്പെടുന്നതും. അവരിപ്പോള്‍ 1990 കളില്‍ പ്രസംഗിച്ചതിന് എതിരായി പഴയ 'സംരക്ഷണവാദ'വുമായി ഇറങ്ങിയിരിക്കുകയാണ്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പല കാരണങ്ങള്‍

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ആരംഭിച്ചതു 1980 കളിലാണെന്നു പറയാം. എണ്‍പതുകളിലെ മൊത്ത ആഭ്യന്തര ഉത്പാദനം 5.8 ശതമാനം എന്ന ഉയര്‍ന്ന നിലയിലായിരുന്നു. 1991 മുതല്‍ 2004 വരെയുള്ള മൊത്ത ആഭ്യന്തര ഉത്പാദനം 5.6 ശതമാനമേയുണ്ടായിരുന്നുള്ളൂ. ഇത് റാവുവും സിങ്ങും ചേര്‍ന്ന് 1992 ല്‍ സാമ്പത്തിക വളര്‍ച്ചയ്ക്കു വഴിയൊരുക്കി എന്ന മിഥ്യയെ പൊളിച്ചു കാട്ടുന്നു. (ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് അതുല്‍ കോഹിലി ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ പ്രബന്ധം വായിക്കുക.)

കേരളത്തില്‍, 1987ലാണു പ്രധാനപ്പെട്ട സാമ്പത്തിക വളര്‍ച്ച ആരംഭിക്കുന്നത്. ഗള്‍ഫില്‍ നിന്നുമുള്ള പണമൊഴുക്കുമായി നേരിട്ടു ബന്ധമുള്ളതാണ് ഈ വളര്‍ച്ച. കാരണം, പണനിക്ഷേപത്തിന്റെ വര്‍ധനവ് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാനഘടകമാണ്.

എണ്‍പതുകളില്‍ ഇന്ത്യ, ചൈന തുടങ്ങിയ തെക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ വളരാന്‍ തുടങ്ങിയതില്‍ കാരണങ്ങളുണ്ട്. എണ്‍പതുകളില്‍ ഈ രാജ്യങ്ങള്‍ ആഗോളപരമായി മത്സരിക്കാനുള്ള പ്രാപ്തി നേടി. എണ്‍പതുകളിലെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പ്രധാന കാരണം മുമ്പുണ്ടായിരുന്നതിനേക്കാള്‍ മാനുഷ്യവിഭവശേഷിയിലും അടിസ്ഥാനസൗകര്യങ്ങളിലും ഉണ്ടായ വര്‍ധിച്ച നിക്ഷേപമാണ്. ഇതിന്റെ കാരണം പൊതുവിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയിലെ നിക്ഷേപമാണ്.

അമ്പതുകളില്‍ ഇന്ത്യയ്ക്ക് ആഗോളപരമായി മത്സരിക്കാനുള്ള ആരംഭശേഷി പോലുമില്ലായിരുന്നു. ആ സമയത്ത് ഇന്ത്യയില്‍ സംസ്ഥാന, പൊതുസ്ഥാപനങ്ങള്‍, വ്യവസായം, പ്രാഥമിക സൗകര്യങ്ങള്‍ എന്നിവയുണ്ടായിരുന്നില്ല. എല്ലാ സൗകര്യങ്ങളും പൂജ്യത്തില്‍ നിന്നുമായിരുന്നു തുടങ്ങിയത്. നെഹ്‌റു സംസ്ഥാനം, പൊതു സ്ഥാപനങ്ങള്‍, പൊതുമേഖല, അടിസ്ഥാനപരമായ സൗകര്യങ്ങള്‍, ജനാധിപത്യപരമായ രാജ്യതന്ത്രം, ലോകത്തിലെ വളരുന്ന സമ്പത്ഘടന എന്നിവ കൃത്യമായിത്തന്നെ തുടങ്ങി.

അപ്പോള്‍ 1992 ലെ ഒരു പുലര്‍ച്ചയ്ക്കു തുടങ്ങിയ മുത്തശ്ശിക്കഥയല്ലിത് എന്നു ചുരുക്കം. രാജ്യത്തിന്റെ മൊത്തം ശേഷി വളര്‍ത്തിയെടുക്കാന്‍ 30 വര്‍ഷമെടുത്തു. ഇപ്പോഴത്തെ പല കമ്പനികളും (റിലയന്‍സ്, ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയവ) എണ്‍പതുകളിലാണു വളര്‍ച്ച പ്രാപിച്ചത്. അവ ആഗോളപരമായി വളര്‍ന്നപ്പോള്‍ സാമ്പത്തികവളര്‍ച്ചയും ഉണ്ടായി. എണ്‍പതുകളില്‍ ആരംഭിച്ച ആ ഐടി കമ്പനികളാണു തൊണ്ണൂറുകളില്‍ വലിയ സമ്പാദ്യം കൊണ്ടുവന്നത്. എണ്‍പതുകളിലെ ആ പ്രോഫഷണലുകളാണു ലോകത്തിലെ തന്നെ മികച്ച പ്രൊഫണലുകളായത്. നെഹ്റുവിന്‌റെ കാലത്തു തുടങ്ങിയ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളിലും ഐഐടികളിലും പഠിച്ചിറങ്ങിയവരായിരുന്നു ആ ഐടി കമ്പനികള്‍ തുടങ്ങിയത്.

ശാസ്ത്രി, ഇന്ദിര ഗാന്ധി, മൊറാര്‍ജി ദേശായി തുടങ്ങിയവര്‍ അതേ നയത്തില്‍ത്തന്നെ തുടരുകയും ചെയ്തു. നാരായണമൂര്‍ത്തി, ന്നദന്‍ നിലാകനി തുടങ്ങി എണ്‍പതുകളില്‍ ഉദയം ചെയ്തവര്‍ നെഹ്‌റുവിന്റെ ദര്‍ശനങ്ങളുടെ ഉത്പന്നങ്ങളാണ്. മന്‍മോഹന്‍ സിങ്, അമര്‍ത്യ സെന്‍ തുടങ്ങിയവരും ആ കാലഘട്ടത്തിന്റെ ഉത്പ്പന്നങ്ങളാണ്. ശാസ്ത്രം, ടെക്‌നോളജി, ബിസിനസ് തുടങ്ങിയവയില്‍ അഗ്രഗണ്യരായിരുന്ന അവരെല്ലാവരും ഇന്ത്യയുടെ ഉത്പന്നങ്ങളായിരുന്നു. ഈ അതിസമര്‍ത്ഥരും പ്രൊഫഷണലുമാരുമായ ഇന്ത്യക്കാര്‍ ഉണ്ടായതു ശൂന്യതയില്‍ നിന്നുമല്ല. അവരെ സൃഷ്ടിക്കാന്‍ പോന്ന അവസ്ഥ ഇവിടെയുണ്ടായിരുന്നു. വിദ്യാഭ്യാസരംഗത്തിലെ സര്‍ക്കാരിന്റെ നിക്ഷേപമാണ് അവരെല്ലാം ഉപയോഗപ്പെടുത്തിയത്.

ഞാന്‍ മുഴുവനായും ഒരു നാടന്‍ ഉത്പന്നമാണ്; പഠിച്ചതു മലയാളം മീഡിയം സ്‌കൂളുകളിലും കോളേജുകളിലുമാണ്. ഞാന്‍ എഴുപതുകളുടേയും എണ്‍പതുകളുടേയും ഉത്പന്നമാണ്. എന്റെ വിദ്യാഭ്യാസത്തിനു വേണ്ടി മാതാപിതാക്കള്‍ പണമൊന്നും ചെലവാക്കിയിട്ടില്ല എന്നു മാത്രമല്ല വളരെ ചെറിയ ഫീസില്‍ ഏതാണ്ടു സൗജന്യമായിരുന്നു വിദ്യാഭ്യാസം. പക്ഷേ, 1990 ല്‍ ഞാന്‍ ആഗോളതലത്തില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലായി. ഇന്ത്യയിലേയ്ക്കു പണം അയയ്ക്കുന്ന എന്നെപ്പോലെ ലക്ഷക്കണക്കിനു പ്രൊഫഷണലുമാരുണ്ട്. അവര്‍ ഉപയോഗപ്പെടുത്തിയതു വിദ്യാഭ്യാസം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം എന്നിവയിലെ ഇന്ത്യയുടെ നിക്ഷേപം തന്നെയാണ്.

കേരളത്തില്‍ പൊതു വിദ്യാഭ്യാസം, പ്രൊഫഷണല്‍ വിദ്യാഭ്യാസം എന്നിവ മികച്ച രീതിയില്‍ കിട്ടിയതുകൊണ്ടു മലയാളികള്‍ ഗള്‍ഫിലേയ്ക്കും മറ്റു വിദേശരാജ്യങ്ങളിലേയ്ക്കും പോയി. അതില്‍ റാവുവിനും സിങ്ങിനും പങ്കൊന്നുമില്ല. എണ്‍പതുകളിലെ ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണവില വര്‍ധനയ്ക്കു കാര്യമായ പങ്കുണ്ട്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പ്രധാനകാരണം അതിന്റെ മൂന്നിലൊന്നും പുറത്തുനിന്നും പണമയയ്ക്കുന്നതാണ്.

ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കാനുള്ള നെഹ്‌റുവിന്റെ വീക്ഷണത്തിന്റെ ഫലമാണു നമ്മള്‍. ആഗോളപരമായ സാമ്പത്തിക രാഷ്ട്രീയ കുതിച്ചു ചാട്ടത്തിന്റെ മതിപ്പു തൊണ്ണൂറുകളില്‍ ഭരിച്ചിരുന്ന ചില നേതാക്കള്‍ക്കു കൊടുക്കുന്നതു അതിനെ വിലകുറച്ചു കാണുന്നതും ഇന്ത്യന്‍ സമ്പത് വ്യവസ്ഥയുടെ കണക്കുകള്‍ക്കു വിരുദ്ധവുമാണ്.

പറഞ്ഞു വരുന്നതെന്തെന്നാല്‍ എണ്‍പതുകളിലെ ഈ വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങളിലെ ഈ നിക്ഷേപം 30 വര്‍ഷങ്ങളെടുത്താണു ഫലം കണ്ടത് എന്നാണ്. ഇന്ത്യയിലെ മധ്യവര്‍ഗത്തിന് ആഗോളതലത്തില്‍ മത്സരിക്കാന്‍ പ്രാപ്തിയുണ്ടാക്കിയതും അതാണ്.

നരസിംഹ റാവു കെട്ടുകഥ പൊളിയുമ്പോള്‍

നരസിംഹ റാവു ഒരു ശരാശരി പ്രധാനമന്ത്രി ആയിരുന്നു. കോണ്‍ഗ്രസ്സിന് അടിത്തറ നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം ഒഴുക്കിനൊത്തു നീന്തി. പലരും 1992നെ ഓര്‍ക്കുന്നതു സാമ്പത്തിക വളര്‍ച്ചയുടെ തുടക്കമായിട്ടല്ല, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിച്ച ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടായിരിക്കും. അദ്ദേഹം ഒത്തുതീര്‍പ്പിന്റെ പ്രധാനമന്ത്രി ആയിരുന്നു. ദൃഢവിശ്വാസമുള്ള ഒരു ദാര്‍ശനികനൊന്നുമല്ലായിരുന്നു റാവു. അദ്ദേഹം പല രീതിയിലും രാഷ്ട്രീയ അപചയത്തിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും മുകളില്‍ നിന്നായിരുന്നു ഭരിച്ചിരുന്നത്. അദ്ദേഹം ബിജെപിയുടേയും മൈത്രീ മുതലാളിത്തിന്റേയും ഉയര്‍ച്ചയ്ക്കു ദോഷൈകദൃക്കുകളായ രാഷ്ട്രീയക്കാരുടേയും ആളായി പിന്നണിയില്‍ നിന്നും ഉയര്‍ന്നുവന്നു. സര്‍ക്കാരിന്റെ മിടുക്കനായ മാനേജര്‍ ആയിരുന്നു അദ്ദേഹം.

മന്‍മോഹന്‍ സിങ് എല്ലായിപ്പോഴും മികച്ചതും അഴിമതിരഹിതവുമായ സര്‍ക്കാര്‍ സേവകനായിരുന്നു. അദ്ദേഹം എല്ലായിപ്പോഴും നല്ലൊരു ഓഫീസറും മാന്യനുമായിരുന്നു. വിഷയത്തില്‍ അവഗാഹവും പ്രവര്‍ത്തി പരിചയവും ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ ധനമന്ത്രിയായി തെരഞ്ഞെടുത്തു. വാഷിങ്ടണ്‍ പൊതുസമ്മതം അനുസരിച്ചു അദ്ദേഹം കടം വാങ്ങുകയും ഐഎംഎഫിന്റെ കരാറുകള്‍ നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യയ്ക്കു വേറെ വഴിയില്ലാത്തതിനാല്‍ കടം വാങ്ങുകയും ഐഎംഎഫിന്റെ കരാറുകള്‍ പാലിക്കേണ്ടി വരുകയും ചെയ്തു.

രാഷ്ട്രീയ മണ്ടത്തരങ്ങള്‍ക്കിടയിലും (കോണ്‍ഗ്രസ് ആള്‍ബലമില്ലാത്ത അര്‍ബന്‍ മാനേജര്‍മാരെ നിയമിച്ചതു പോലെ) രാജീവ് ഗാന്ധിക്കു മികച്ച സ്വപ്‌നമുണ്ടായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിനു ആദര്‍ശനിഷ്ഠ ഉണ്ടായിരുന്നു. അത് എണ്‍പതുകളില്‍ നയമാറ്റങ്ങള്‍ക്കു കാരണമാകുകയും ചെയ്തു. അതിലൊന്നാണ് ഇന്ത്യയില്‍ ടെലികമ്മ്യൂണിക്കേഷനും ഐടി അടിസ്ഥാനസൗകര്യങ്ങളും നിര്‍മിച്ചത്. അതു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കലാശിച്ചു. രാജീവ് ഗാന്ധിയുടെ നയമാറ്റങ്ങള്‍ (പഞ്ചായത്ത് രാജ്, ഐടി പ്രോത്സാഹിപ്പിക്കല്‍, എല്‍എസ്ജിയില്‍ സ്ത്രീകള്‍ക്കുള്ള സംവരണം) തൊണ്ണൂറുകളില്‍ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, അടല്‍ ബിഹാരി വാജ്‌പേയിയെ റാവുവിനേക്കാളും സിങ്ങിനേക്കാളും മികച്ച പ്രധാനമന്ത്രിയായി ഞാന്‍ അംഗീകരിക്കും. ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ പ്രശ്‌നം എന്താണെന്നാല്‍ അദ്ദേഹം ശാശ്വതമായ നയമാറ്റങ്ങളില്‍ ദുര്‍ബലനും വാചാടോപതയിലും രാഷ്ട്രീയ പരസ്യം ചെയ്യലില്‍ ഉന്നതനുമാണെന്നാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ രാഷ്ട്രീയ വട്ടംകറങ്ങലില്‍ പുനരുത്പാദിപ്പിക്കുക മാത്രമാണ്. അദ്ദേഹം മികച്ച ഉരുളലുകാരന്‍ മാത്രമല്ല താഴേത്തട്ടില്‍ നിന്നും ഉയര്‍ന്നു വന്നയാള്‍ കൂടിയാണ്. അതുകൊണ്ട് അദ്ദേഹം തന്റെ വാചാടോപത നന്നായി വില്‍ക്കുകയും അടിസ്ഥാനപരമായ രാഷ്ട്രീയത്തില്‍ വലകെട്ടുകയും ചെയ്യുന്നു. താന്‍ ഒരു മികച്ച രാജ്യതന്ത്രജ്ഞനും സ്ഥിരതയുള്ള നയചാതുര്യത്തിന്രെ നേതാവും ആണെന്നു അദ്ദേഹം തെളിയിക്കേണ്ടിയിരിക്കുന്നു.

Read More >>