വിയോജിപ്പുള്ളവരുണ്ടാവാം, എന്നാൽ ആ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഫാസിസ്റ്റ് ഭരണകൂടം വേട്ടയാടുമ്പോൾ മൗനം പാലിച്ചുകൊണ്ടാവരുത്

'തീയും പുകയും' സിദ്ധാന്തമൊക്കെ വെച്ച് ഇത്തരം അറസ്റ്റുകളെയും നിരോധന നടപടികളെയുമൊക്കെ വിലയിരുത്തുന്ന നിഷ്കളങ്കരുണ്ട്. ഫാസിസത്തിന് പുകയുണ്ടാക്കാൻ തീ വേണ്ട എന്ന യാഥാർഥ്യം അവർ ഉൾക്കൊള്ളുകയാണ് വേണ്ടത്. ഇരകളാക്കപ്പെടുന്നവർക്കെതിരെ നുണകൾ നട്ടുമുളപ്പിക്കുന്ന ഫാസിസം പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതിന് മുന്നേ എഴുന്നേറ്റ് നിന്ന് ശബ്ദിക്കുകയാണ് വേണ്ടത്

വിയോജിപ്പുള്ളവരുണ്ടാവാം, എന്നാൽ ആ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഫാസിസ്റ്റ് ഭരണകൂടം വേട്ടയാടുമ്പോൾ മൗനം പാലിച്ചുകൊണ്ടാവരുത്

ഫാസിസ്റ്റ് ഭരണകൂടത്തിൻ കീഴിൽ ഒരു വ്യക്തി അറസ്റ്റ് ചെയ്യപ്പെടാനോ ഒരു സംഘടന നിരോധിക്കപ്പെടാനോ ഉള്ള മാനദണ്ഡം രാജ്യത്തിന്റെ ഭരണഘടനയല്ല, മറിച്ച് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് ഒന്നിനുപിറകെ ഒന്നായി അവരത് നടപ്പിൽ വരുത്തുകയാണ് ചെയ്യുന്നത്. ഈയൊരു തിരിച്ചറിവില്ലായ്മയോ അല്ലെങ്കിൽ അറിവുണ്ടായിട്ടും അജ്ഞത നടിക്കുകയോ ചെയ്യുന്ന ഒരു സമൂഹത്തിൽ അവർക്ക് കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകുന്നു. ജനസംഖ്യയിൽ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ളതും വൈവിധ്യങ്ങളുടെ കാര്യത്തിൽ ഏറെ ബൃഹത്തായതുമായ ഒരു രാജ്യം എന്ന നിലയില്‍ വളരെ ബുദ്ധിപരമായും സാവകാശവുമാണ് അവർ കാര്യങ്ങൾ നീക്കുന്നത് എന്നുമാത്രം.

ഇല്ലായ്മ ചെയ്യേണ്ട ഒരു സമൂഹത്തിന്റെ മനഃശാസ്ത്രം അവർ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അതിനായി അവരിലേക്ക് നിയോഗിക്കപ്പെടുന്ന പ്രതിനിധികൾ മുഖാന്തിരം പ്രസ്തുത സമൂഹത്തിൽ നിലനിൽക്കുന്ന ഉൾപ്പിരിവുകളും പരസ്പരമുള്ള മനോഭാവവുമൊക്കെ കൃത്യമായി പഠിക്കും. ഇത്തരക്കാർ നൽകുന്ന റിപ്പോർട്ടുകൾ മുൻനിർത്തിയാവും ഫാസിസം പിന്നീട് തങ്ങളുടെ കരുക്കൾ നീക്കുന്നത്. ശത്രുവാരെന്ന് ബ്രാഹ്മണിക്കൽ ഫാസിസം വളരെമുന്നേ നിർണയിച്ചു കഴിഞ്ഞിട്ടുണ്ട്. മയപ്പെടലുകളോ വഴങ്ങിക്കൊടുക്കലുകളോ ഒന്നും സ്വന്തത്തിന് നേരെ വന്നേക്കാവുന്ന നടപടികളെ വൈകിപ്പിക്കാൻ പോലും കഴിയില്ല എന്നാണ് എം.എം അക്ബറിന്റെ അറസ്റ്റ് പോലും സൂചിപ്പിക്കുന്നത്. ഭരണഘടനാ വിരുദ്ധ നടപടികൾ തന്റെ ഗ്രൂപ്പിനോ താല്പര്യത്തിനോ നേർക്കല്ല എന്ന് കാണുമ്പോൾ ഇരകളിലെ ഇതര വിഭാഗങ്ങൾ പുലർത്തുന്ന മൗനവും അവർ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഒറ്റതിരിഞ്ഞു വേട്ടയാടുക എന്ന രീതിയാണവർ പിൻപറ്റുന്നത്.

എംഎം അക്ബറിന് നേർക്കുള്ള ഭരണകൂട നീക്കങ്ങൾ ആരംഭിച്ച ശേഷം പോലും ഇതര മുസ്ലീം സംഘടനകളിൽ തീവ്രവാദമുദ്ര ചാർത്താനുതകും വിധമുള്ള രചനകൾ അക്ബറിൽ നിന്നുണ്ടായിട്ടുണ്ട് എന്നതാണ് ഖേദകരം. ഫാസിസത്തെക്കുറിച്ച് കൃത്യമായി അറിവുണ്ടായിട്ടും തന്റെ മിതവാദം ബോധ്യപ്പെടുത്തുക വഴി ഭരണകൂട വേട്ടയിൽ നിന്ന് രക്ഷനേടുക എന്ന ലക്ഷ്യത്തോടെയാവണം അദ്ദേഹമത് ചെയ്തത്. എന്നാൽ ലക്ഷ്യം വെച്ച ഇരയെ പിടിക്കുന്നിടത്ത് ഫാസിസം ഒരു ദാക്ഷിണ്യവും കാണിക്കാറില്ല എന്നുമാത്രമല്ല ഒരു മയപ്പെടലുകൾക്കു മുന്നിലും അവരുടെ മനസ്സ് മാറിയ ചരിത്രവുമില്ല. അതുകൊണ്ട് തന്നെ അന്യനെ ചൂണ്ടി സ്വയം രക്ഷ പ്രാപിക്കുക എന്നതൊന്നും വരും നാളുകളില്‍ പ്രായോഗികവുമല്ല.

സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ഒരു പാഠപുസ്തകം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തുക എന്ന ധാര്‍മിക ഉത്തരവാദിത്വം ഡയറക്ടര്‍ എന്ന നിലയില്‍ അക്ബറിനുണ്ട്. വിഷയത്തില്‍ നേരത്തേ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ചോദിക്കുകയും മാനേജ്മെന്‍റ് ആ സമയത്ത് തന്നെ പുസ്തകം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്. ഇതൊക്കെയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോഴുള്ള സ്വാഭാവിക നടപടികള്‍. ഇനി, ബോധപൂര്‍വ്വം മതസ്പര്‍ദ്ധ സൃഷ്ടിക്കുക എന്ന ദുരുദ്ദേശത്തോടെയായിരുന്നു പ്രസ്തുത പുസ്തകം പഠിപ്പിച്ചത് എന്ന് തെളിഞ്ഞാല്‍ നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ അക്ബര്‍ ബാധ്യസ്ഥനുമാണ്. എന്നാല്‍ എന്‍റെ അറിവില്‍ എംഎം അക്ബര്‍ എന്ന വ്യക്തി നാളിതുവരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതായോ ഇതര മതസ്ഥരെ ഭീഷണിപ്പെടുത്തുകയോ പരോക്ഷമായിപ്പോലും അക്രമത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തതായി അറിവില്ല. ഇതര വേദഗ്രന്ഥങ്ങളെ താരതമ്യ പഠനം നടത്തുകയും അത് മുന്‍നിര്‍ത്തി സംവദിക്കുകയും ചെയ്യുന്ന ഒരു മതപ്രചാരകന്‍ മാത്രമാണ് അക്ബര്‍.

സാക്കിർ നായിക്കിനെതിരെ നടപടിയുണ്ടായപ്പോൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ടും നിരോധനത്തിനെതിരെ മൗനം പാലിച്ചുകൊണ്ടുമാണ് പലരും പ്രതികരിച്ചത്. സാക്കിർ നായിക്കിന്റെ പ്രബോധന രീതിയോട് വിയോജിപ്പുള്ളവരുണ്ടാവാം, എന്നാൽ ആ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഫാസിസ്റ്റ് ഭരണകൂടം കൃത്യമായ ഒരജണ്ടയുടെ ഭാഗമായി വേട്ടയാടുമ്പോൾ മൗനം പാലിച്ചുകൊണ്ടാവരുത് എന്നുമാത്രം. ഭരണഘടനാ വിധേയമായി സാക്കിർ നായിക്ക് നടത്തുന്ന പ്രവർത്തനങ്ങളെ നിരോധിക്കാൻ തക്ക യാതൊരു ന്യായവും നിലവിലില്ല എന്നുറക്കെ പറയാൻ നമുക്ക് കഴിയണം.

കഴിഞ്ഞ ദിവസമാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് ഝാര്‍ഖണ്ഡിൽ നിരോധനമെർപ്പെടുത്തിയത്. പോപുലർ ഫ്രണ്ട് കേഡർമാരും അനുഭാവികളും അതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തു. നിരോധനത്തിന്റെ സ്വഭാവം വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സംഘടന അറിയിച്ചിട്ടുമുണ്ട്. ഇരകളാക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ വികാരം പ്രതിഷേധങ്ങളായി പ്രതിഫലിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ മുഖ്യധാരാ സംഘടനകളിൽ നിന്ന് ആർജ്ജവത്തോടെയുള്ള ഒരു ശബ്ദം ഇനിയുമുണ്ടായിട്ടില്ല.

'തീയും പുകയും' സിദ്ധാന്തമൊക്കെ വെച്ച് ഇത്തരം അറസ്റ്റുകളെയും നിരോധന നടപടികളെയുമൊക്കെ വിലയിരുത്തുന്ന നിഷ്കളങ്കരുണ്ട്. ഫാസിസത്തിന് പുകയുണ്ടാക്കാൻ തീ വേണ്ട എന്ന യാഥാർഥ്യം അവർ ഉൾക്കൊള്ളുകയാണ് വേണ്ടത്. ഇരകളാക്കപ്പെടുന്നവർക്കെതിരെ നുണകൾ നട്ടുമുളപ്പിക്കുന്ന ഫാസിസം പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതിന് മുന്നേ എഴുന്നേറ്റ് നിന്ന് ശബ്ദിക്കുകയാണ് വേണ്ടത്.

മതനിരപേക്ഷമെന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാരിന്‍റെ സമീപനങ്ങളും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. തന്‍റെ വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി ശശികല എന്ന സ്ത്രീ കേരത്തില്‍ അങ്ങോളമിങ്ങോളം നടത്തിയിട്ടുള്ള നിരവധി വര്‍ഗീയ പ്രസംഗങ്ങളിലൂടെ പൊതു സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുകയും ഭീഷണി മുഴക്കുകയുമൊക്കെ ചെയ്തതിന്‍റെ തെളിവുകള്‍ ഇപ്പോഴും യുട്യൂബില്‍ ലഭ്യമാണ്. സംഘപരിവാര്‍ ആശയങ്ങളുടെ പ്രചാരനകായി അറിയപ്പെടുന്ന എന്‍.ഗോപാലകൃഷ്ണനാണ് കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടുന്ന പോലെ പ്രസവിക്കുന്നു എന്ന് 27% ത്തോളം മുസ്ലീങ്ങളുള്ള ഒരു സംസ്ഥാനത്ത് തികച്ചും പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയത്.

അക്ബറിന്റെ സ്കൂളില്‍ നടന്ന സംഭവം ആ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മാത്രം ബാധിക്കുന്ന ഒരു വിഷയമായിരുന്നുവെങ്കില്‍ ശശികലയും ഗോപാലകൃഷ്ണനുമൊക്കെ നടത്തിയ വിദ്വേഷ പ്രസ്താവനകള്‍ കേരളീയ സമൂഹത്തെ ഒന്നടങ്കം മലീമസപ്പെടുത്തുന്ന രീതിയിലായിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണനെയോ ശശികലയെയോ നാളിതുവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്ത ഇടതു ഭരണകൂടമാണ് നാടകീയത സൃഷ്ടിച്ചുകൊണ്ട് ഇപ്പോള്‍ എംഎം അക്ബറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശംസുദ്ധീന്‍ പാലത്ത് എന്ന കേരളീയ സമൂഹത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു മനുഷ്യനെ ഒരൊറ്റ പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്തതും നേരത്തേ നമ്മള്‍ കണ്ടതാണ്.

64 ഓളം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴികൊടുത്ത തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിന്‍റെ ആചാര്യന്‍ മനോജ്‌ ഗുരുജിയെ അറസ്റ്റ് ചെയ്യാന്‍ പിണറായി ഭരണകൂടത്തിന് ഇനിയും സാധിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിരന്തരം തികഞ്ഞ വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രതീഷ് വിശ്വനാഥന്‍ എന്ന വര്‍ഗീയ ഭ്രാന്തനെ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന് ഇന്റര്‍പോളിന്‍റെ സഹായം വേണമെന്ന പരിഹാസ്യമായ ന്യായമാണ് നിരത്തിയത്. കൊടിഞ്ഞിയില്‍ ആർഎസ്എസ്സുകാരാല്‍ കൊലചെയ്യപ്പെട്ട ഫൈസല്‍ എന്ന നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ കൊലപാതകം ആസൂത്രണം ചെയ്തു എന്ന് കണ്ടെത്തിയ വിദ്യാനികേതന്‍ സ്കൂളിനെതിരെ ചെരുവിരലനക്കാന്‍ മടിച്ച ഇടതുസര്‍ക്കാരാണ് എംഎം അക്ബറിന്റെ സ്കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്!

ചേര്‍ത്ത് നിര്‍ത്തേണ്ടതുണ്ട് എന്ന് പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രമേയമവതരിപ്പിച്ചാല്‍ ഒരു സമൂഹം ഒന്നടങ്കം ചേര്‍ന്ന് നിന്നുകൊള്ളും എന്നാണോ? ഫാസിസ്റ്റ്‌ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ ഭയപ്പെട്ടു കഴിയുന്ന ഒരു സമൂഹത്തിന് പ്രകടമായ ഇരട്ടനീതിയാണ് ഇടതു സര്‍ക്കാരില്‍ നിന്ന് പോലും നിരന്തരം നേരിടേണ്ടി വരുന്നത് എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് എംഎം അക്ബറിന്റെ അറസ്റ്റ്. ഇരകള്‍ക്കിടയില്‍ അഭിപ്രായ വെത്യാസങ്ങളുണ്ടാവാം, എന്നാൽ ഒരു സമൂഹത്തെ ഒന്നടങ്കം അധികാരത്തിന്റെ പിൻബലത്തിൽ ഒറ്റതിരിഞ്ഞു വേട്ടയാടി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ മുഖം തിരിഞ്ഞു നിൽക്കുകയല്ല മറിച്ച് നാളെ എന്നിലേക്കെത്തുന്ന ഒരു നടപടിയുടെ തുടക്കമാണിതെന്ന ബോധ്യത്തോടെയുള്ള ഉറച്ച പ്രതികരണങ്ങളാണ് ഉണ്ടാവേണ്ടത്.

Read More >>