തെരഞ്ഞടുപ്പ് ഫലവും അപ്രസക്തമാകുന്ന മതേതരചേരിയും

പ്രഖ്യാപിത മതേതര ചേരികളുടെ ഹിന്ദുത്വാഭിമുഖ്യവും നിസ്സംഗതയും ജാഗ്രതക്കുറവും അഴിമതി ഭരണവുമാണു ഇന്ത്യയിലെമ്പാടും ഹിന്ദുത്വ രാഷ്ട്രീയത്തിനു വേരുകള്‍ ഉണ്ടാക്കാനും വളരാനും ഭരണചക്രം തിരിക്കാനും സഹായകരമായത്. അധികാരം എന്ന ലക്ഷ്യത്തിനു വേണ്ടിപോലും ഹിന്ദുത്വത്തിനെതിരെ കൃത്യമായ പ്രതിരോധം ഉയര്‍ത്താന്‍ ഇവര്‍ക്കാര്‍ക്കും താല്‍പര്യമില്ല എന്നതാണു ഗൗരവമായ വസ്തുത. അത്രമാത്രം ഹിന്ദുത്വാഭിമുഖ്യവും കീഴടങ്ങല്‍ മനോഭാവവും പ്രഖ്യാപിത മതേതരചേരിയെ കീഴടക്കിയിരിക്കുന്നു. ഇതില്‍നിന്നും പുറത്തുകടക്കാന്‍ സാധിക്കുന്നതു പോലിരിക്കും ഈ പാര്‍ട്ടികളുടെ പ്രസക്തിയും ഭാവി ഇന്ത്യയിലെ നിലനില്‍പ്പും. കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന ബിജെപി മുദ്രാവാക്യം എന്നതുപോലെ തന്നെ മതേതര പാര്‍ട്ടികളില്ലാത്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കും നടന്നടുക്കാന്‍ ബിജെപിക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടിവരില്ല എന്നു ചുരുക്കം.

തെരഞ്ഞടുപ്പ് ഫലവും അപ്രസക്തമാകുന്ന മതേതരചേരിയും

പി കെ നൗഫല്‍
യുപിയടക്കമുള്ള ഇന്ത്യയുടെ ഹൃദയഭൂമിയില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ്ഫലം അടിവരയിട്ടു വ്യക്തമാക്കുന്നത് രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ മതേതര ചേരിയുടെ ആത്മാര്‍ത്ഥതയില്ലായ്മയും തകര്‍ച്ചയുമാണ്. യുപി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്നത് ഇന്ത്യന്‍ അധികാരരാഷ്ട്രീയത്തെ സമ്പന്ധിച്ചിടത്തോളം അലിഖിത മാനദണ്ഡമായിരിക്കെ, മോഡി പ്രഭാവവും ഹിന്ദുത്വ വര്‍ഗീയതയും ആളും അര്‍ത്ഥവുമൊക്കെ വേണ്ടതിലധികം ഇറക്കി യുപി പിടിച്ചടക്കാന്‍ വര്‍ഷങ്ങളായി സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഗൗരവത്തെ മനസ്സിലാക്കുന്നതിലും അനിവാര്യമായ പ്രതിരോധവും ഐക്യവും രൂപപ്പെടുത്തുന്നതിലും പ്രഖ്യാപിത മതേതര ചേരിക്ക് സംഭവിച്ച ചരിത്രപരമായ പിഴവ് മാത്രമാണു യുപിയില്‍ ബിജെപിയുടെ വലിയ വിജയത്തിനു കാരണം എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

പ്രത്യേകിച്ചും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതുമായി ബന്ധപ്പെട്ട് ബിഎസ്പി സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിലോമകരമായ നിലപാടുകള്‍ ആത്യന്തികമായി ഫാസിസ്റ്റ് ചേരിയുടെ വിജയത്തിനാണു കാരണമായതെന്ന് എന്നു വ്യക്തം. യുപിയിലെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോഴും ബിജെപിയുടെ ആകെയുള്ള വോട്ടുവിഹിതം വെറും 30 ശതമാനത്തോളം മാത്രമാണെന്നത് ശ്രദ്ധേയമാണ്. അതേസമയം എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന്റെയും ബിഎസ്പിയുടെയും ആകെ വോട്ടുവിഹിതം 50 ശതമാനത്തിലധികവും. എന്തുകൊണ്ടാണ് യുപിയില്‍ ബിജെപി വലിയ വിജയം നേടിയതെന്നതിന്റെ കാരണം അന്വേഷിച്ച് മറ്റെവിടെയും പോകേണ്ടതില്ലെന്ന് ചുരുക്കം.
മോഡിയും അമിത് ഷായും മാസങ്ങളോളം തമ്പടിച്ച് പ്രചാരണം നടത്തിയ ബീഹാറില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയചേരിയുടെ ഭാഗമായി ഒന്നിച്ചുനില്‍ക്കാനും ഒരുമിച്ച് പോരാടാനും ലാലുപ്രസാദ് യാദവും നിതീഷ് കുമാറും എടുത്ത ചരിത്രപരമായ തിരുമാനം പ്രസക്തമാകുന്നതും യുപിയിലെ മതേതരചേരിയെന്നവകാശപ്പെടുന്നവര്‍ക്ക് പാഠമാകുന്നതും ഈ സാഹചര്യത്തിലാണ്. വാസ്തവത്തില്‍ സംസ്ഥാനതലത്തിലെ ഭരണവിരുദ്ധ വികരാമാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആകെത്തുക. യുപിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ആ വികാരം എസ്പിക്കും കോണ്‍ഗ്രസിനുമതിരെ തിരിഞ്ഞപ്പോള്‍ പഞ്ചാബിലും ഗോവയിലും ഈ ഭരണവിരുദ്ധവികാരം ബിജെപിക്കെതിരെയാണ് തിരിഞ്ഞത്, സ്വാഭാവികമായും ഗോവയിലും പഞ്ചാബിലും അതിന്റെ ഗുണഫലം കിട്ടിയത് കോണ്‍ഗ്രസിനും. പക്ഷെ എന്തുകൊണ്ട് ഭരണവിരുദ്ധവികാരം സംസ്ഥാനതലത്തില്‍ മാത്രം ഒതുങ്ങിനിന്നു? എന്തുകൊണ്ട് ഈ ഭരണവിരുദ്ധവികാരം കേന്ദ്രതലത്തിലേക്ക് വളര്‍ന്നില്ല എന്ന ചോദ്യത്തിനുത്തരം പറയേണ്ടത് പ്രഖ്യാപിത മതേതര ചേരിതന്നെയാണ്.

കാരണം രാജ്യത്തെ ജനജീവിതത്തെ സാരമായി ബാധിച്ച നോട്ടുനിരോധനവും അടിക്കടിയുള്ള ഇന്ധനവിലവര്‍ധനയും ഹിന്ദുത്വ കടന്നാക്രമണങ്ങളുമടക്കം കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കൃത്യവും ആസൂതൃതവുമായ പ്രതിഷേധവും പ്രക്ഷോപപരിപാടികളും സംഘടിപ്പിക്കുന്നതിലും ഈ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനരോഷം രൂപപ്പെടുത്തുന്നതിലും വലിയ പരാജയമാണു കോണ്‍ഗ്രസ് അടക്കമുള്ള ബിജെപി ഇതരപാര്‍ട്ടികള്‍ക്ക് സംഭവിച്ചത്. സ്വന്തം അദ്ധ്വാനത്തിന്റെ വില ഒരു രാത്രികൊണ്ട് നിശ്ഫലമാക്കിയ മോഡി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനെതിരെ, രണ്ട് മാസത്തോളം രാജ്യത്തെ പൗരന്മാരെ മുഴുവന്‍ തൊഴിലെടുക്കാന്‍പോലുമാകാതെ ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂനില്‍ക്കാന്‍ നിര്‍ബന്ധിതരാക്കിയ തീര്‍ത്തും തെറ്റായ അടിച്ചേല്‍പ്പിക്കല്‍ നയങ്ങള്‍ക്കെതിരെ ജനമനസ്സുകളില്‍ രൂപപ്പെട്ട പ്രതിഷേധം മനസ്സിലാക്കുന്നതിലും അതിനെ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിലും കേന്ദ്രത്തിലെ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് സംഭവിച്ച വലിയ പരാജയമാണ് ഭരണവിരുദ്ധ വികാരം സംസ്ഥാനതലത്തില്‍ മാത്രം ഒതുക്കപ്പെടുവാനും ജനരോഷത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍ത്ഥമായി രക്ഷപ്പെടുവാനുമുള്ള കാരണമായത്.
ഇവിടെയെല്ലാം പ്രകടമാകുന്നത് ഫാസിസ്റ്റ് വിരുദ്ധ പ്രഖ്യാപിത മതേതര ചേരിയുടെ കഴിവുകേടും ആത്മാര്‍ത്ഥതയില്ലായുമയുമാണ്. ഹിന്ദുത്വം എന്ന പ്രത്യയശാസ്ത്രമാണു ബിജെപിയുടെ രാഷ്ട്രീയ അടിത്തറ. ഈ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും നേര്‍ക്കുനേരെ ഇന്ത്യ എന്ന ജനാധിപത്യ മതേതര റിപ്പപ്ലിക്കിന്റെ നിലനില്‍പിനെ ചോദ്യം ചെയ്യപ്പെടുന്നതും അടിത്തറയെ തന്നെ ഇല്ലാതാക്കുന്നതുമാണ്. വൈവിധ്യങ്ങളെ നിരാകരിക്കുകയും ഏകശിലാത്മകമായ ബ്രാഹ്മണിസത്തിന്റെ അടിസ്ഥാനത്തിലുള്ള ചാതുര്‍വര്‍ണ്യം പൂര്‍ണമായും പുനസ്ഥാപിക്കുകയെന്നതാണു തങ്ങളുടെ അജണ്ടയെന്ന് വ്യക്തമായും അവ്യക്തമായും കിട്ടിയ അവസരങ്ങളിലൊക്കെ പ്രഖ്യാപിക്കാന്‍ ഒരു മടിയും കാണിക്കാത്ത ഹിന്ദുത്വ ചേരിക്കെതിരെ ജനാധിപത്യ മതേതര റിപ്പബ്ലിക്കിന്റെ നിലനില്‍പിനെ പരിഗണിച്ചില്ലെങ്കിലും അധികാര രാഷ്ട്രീയപാര്‍ട്ടി എന്ന നിലക്ക് സ്വന്തം പാര്‍ട്ടികളുടെ നിലനില്‍പിനെ കരുതിയെങ്കിലും അനിവാര്യമായ പ്രത്യയശാത്ര പ്രതിരോധം ഉയര്‍ത്തുന്നതില്‍ പ്രഖ്യാപിത മതേതര ചേരി പൂര്‍ണമായും പരാജയമാണെന്ന് ഉറപ്പിച്ചു പറയാനാകും.

വോട്ടെടുപ്പില്‍ മാത്രം പരിമിതമായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ മാത്രമാണു ഈ സ്വയം പ്രഖ്യാപിത മതേതരപാര്‍ട്ടികള്‍ക്ക് താല്‍പര്യം. അതിനപ്പുറം ബിജെപി ഉയര്‍ത്തുന്ന ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ, ന്യൂനപക്ഷ-ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ കലാപങ്ങള്‍ക്കെതിരെ, ഇഷ്ടമുള്ള ഭക്ഷണവും ഇഷ്ടമുള്ള വസ്ത്രവും ധരിക്കുന്നത് നിഷേധിക്കുന്ന പൗരാവകാശ ലംഘനങ്ങള്‍ക്കെതിരെ രാഷ്ട്രീയവും ജനകീയവും പ്രത്യയശാത്രവുമായ പ്രതിരോധം ഉയര്‍ത്തുന്നതില്‍ ഈ സ്വയം പ്രഖ്യാപിത മതേതര ചേരിയുടെ പരാജയമാണു ഇത്രമാത്രം ദുസ്സഹമായ കേന്ദ്രഭരണത്തിനിടയിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ ബിജെപിക്കു സാധിക്കുന്നത്.
വാസ്തവത്തില്‍ ബിജെപി രൂപം കൊണ്ടതുമുതല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതുവരെയുള്ള വളര്‍ച്ച പരിഗണിക്കുമ്പോള്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതും ഊടുംപാവും നല്‍കിയതുമൊക്കെ ഈ സ്വയം പ്രഖ്യാപിത മതേതര ചേരിയാണെന്ന് കാണാന്‍ സാധിക്കും. ഒരു സുപ്രഭാതത്തില്‍ ആകസ്മികമായി രാജ്യത്ത് ഉദയം ചെയ്ത പാര്‍ട്ടിയോ പ്രതിയശാസ്ത്രമോല്ല ബിജെപിയും ഹിന്ദുത്വ പ്രത്യശാസ്ത്രവുമൊക്കെ. സുദീര്‍ഘമായ കാലഘട്ടത്തിലൂടെയുള്ള ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് തങ്ങള്‍ക്കു വളരാനുള്ള മണ്ണ് രൂപപ്പെടുത്തിയതിനു ശേഷമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ജനാധിപത്യപരീക്ഷണം എന്ന നിലക്ക് ബിജെപി രൂപം കൊള്ളുന്നതും, മുഖ്യധാരയിലേക്കു കടന്നുവരുന്നതും ഓരോ സംസ്ഥാനങ്ങളിലായി സ്വാധീനം നേടുന്നതും ഒടുവില്‍ അധികാരം പിടിക്കുന്നതും. ബിജെപിക്കു വളരാനുള്ള ഈ മണ്ണൊരുക്കിയതും ഇപ്പോഴും മണ്ണൊരുക്കിക്കൊണ്ടിരിക്കുന്നതും നിര്‍ഭാഗ്യവശാല്‍ ഈ സ്വയം പ്രഖ്യാപിത മതേതര ചേരി തന്നെയാണെന്നതാണു വിരോധാഭാസം.
അധികാരം നിലനിര്‍ത്താന്‍ ഓരോകാലഘട്ടത്തിലും ബിജെപിയുടെ ഹിന്ദുത്വ അജണ്ടകള്‍ സ്വന്തമാക്കി നടപ്പിലാക്കാനുള്ള മതേതരപാര്‍ട്ടികളുടെ ശ്രമങ്ങള്‍ ആത്യന്തികമായി സഹായിച്ചത് മതേതരപാര്‍ട്ടികളെയല്ല, ബിജെപിയെയാണു എന്നത് നിസ്തര്‍ക്കമാണ്. അയോധ്യയിലെ ബാബരി മസ്ജിദിലെ ശീലാന്യാസം മുതല്‍ തകര്‍ച്ചവരെയുള്ള ഏറ്റവും പ്രത്യക്ഷമായ കോണ്‍ഗ്രസിന്റെ ഹിന്ദുത്വ കാര്‍ഡുകൊണ്ടാണു ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിടിച്ചുകയറുന്നത് തന്നെ. അതിനു മുമ്പും പിമ്പും കോണ്‍ഗ്രസ് ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ ഒരുക്കുന്ന തിരക്കിലായിരുന്നു. ഗോവധ നിരോധനം അടക്കം ഇന്ന് ബിജെപിയുടെ പ്രധാന രാഷ്ട്രീയ തുറുപ്പുചീട്ടുകള്‍ ഹിന്ദു വോട്ടു മുന്നില്‍കണ്ട് രാജ്യത്തിന്റെ വിവിധസംസ്ഥാനങ്ങളില്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പിലാക്കിയിരുന്നു.

ഇതേ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തുതന്നെയാണ് ഹിന്ദുത്വ അജണ്ടകള്‍ക്കും ന്യൂനപക്ഷ വിരോധത്തിനും ജനകീയതലത്തില്‍ വേരോട്ടം കിട്ടുന്ന നിലയ്ക്ക് രാജ്യത്തെമ്പാടും ന്യൂനപക്ഷവിരുദ്ധ കലാപങ്ങള്‍ അരങ്ങേറിയത്. രാജ്യത്തെ പൊലീസ് സംവിധാനത്തെ ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെ തിരിച്ചുവിട്ടതും കേന്ദ്രത്തിലെയും വിവിധസംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് ഭരണകൂടങ്ങളായിരുന്നു. ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധമായ പിഎസി എന്ന അര്‍ധസൈനിക പൊലീസ് സേനയൊക്കെ ഇതിന്റെ വലിയ ഉദാഹരണമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ടാഡ, യുഎപിഎ ഭീകരനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചതും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തന്നെയായിരുന്നു. ഇതിന്റെയൊക്കെ ഗുണഫലം അനുഭവിച്ചതാകട്ടെ കോണ്‍ഗ്രസല്ല, ആര്‍എസ്എസും അവരുടെ രാഷ്ട്രീയ പരീക്ഷണമായ ബിജെപിയും ആണെന്നതാണ് രസകരം. അതുകൊണ്ടുതന്നെ ബിജെപിയുടെ ഡെല്‍ഹിയോളം എത്തിയ രാഷ്ട്രീയവളര്‍ച്ചയുടെ വളര്‍ത്തമ്മയും പോറ്റമ്മയും രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ് ആയിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല.
സമാനമാണു മറ്റുപാര്‍ട്ടികളുടെയും അവസ്ഥ. ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് സര്‍ക്കാര്‍ തന്നെയാണ് വലിയ ഉദാഹരണം. മുഖ്യമന്ത്രിക്കസേരയില്‍ അഖിലേഷായിരുന്നെങ്കിലും അജണ്ടകള്‍ നിശ്ചയിച്ചിരുന്നതും ഭരണചക്രം തിരിച്ചിരുന്നതും ഹിന്ദുത്വ പ്രത്യയാശ്ത്രമായിരുന്നു. പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരില്‍ ഒരു നിയന്ത്രണവുമില്ലാത്ത മുഖ്യമന്ത്രിയെന്ന ഖ്യാതിയാണു മുലായം സിങ്ങില്‍ നിന്നും മായാവതിയില്‍ നിന്നും അഖിലേഷിനെ വേറിട്ടുനിര്‍ത്തിയ പ്രധാനഘടകം. സ്വാഭാവികമായും ഈ സാഹചര്യം മുതലെടുത്തതും ഗുണഫലം അനുഭവിച്ചതും യുപിയില്‍ തിരിച്ചുവരാന്‍ അനുകൂലസാഹചര്യം നോക്കിയിരിക്കുന്ന ബിജെപി ആണെന്നതില്‍ ഒട്ടും അത്ഭുതമില്ല. ഭൂരിപക്ഷവര്‍ഗീയത ഉയര്‍ത്തിവിട്ടു ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്ന നിലക്കുള്ള രാഷ്ട്രീയ മുതലെടുപ്പിനു സഹായകരമായ നിലയ്ക്കായിരുന്നു അഖിലേഷ് യാദവ് പൊലീസിനെ സംവിധാനിച്ചിരുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം യുപിയില്‍ മുസഫര്‍ നഗറില്‍ ന്യൂനപക്ഷവിരുദ്ധ കലാപം നടത്തി ജാട്ടുകളെ മുസ്ലിം വിരോധികളാക്കി മാറ്റാനും വളരെ ലളിതമായി ബിജെപിക്കനുകൂലമായ രാഷ്ട്രീയ ധ്രുവീകരണം സംസ്ഥാനത്തുണ്ടാക്കുവാനും ബിജെപിക്ക് സാധിച്ചു. സമാനമാണു ബീഫ് കഴിച്ചു എന്നാരോപിച്ചു ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ അഖ്ലാക്കിന്റെ ദാരുണകൊലപാതകം ഉണ്ടാക്കിയ രാഷ്ട്രീയ ധ്രുവീകരണവും. ഹിന്ദുത്വവിരുദ്ധ ചേരിയുടെ പേരില്‍ ന്യൂനപക്ഷങ്ങളുടെയും പിന്നോക്കജനതയുടെയും വോട്ടുവാങ്ങി അധികരത്തിലെത്തിയ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്താണു ഭരണസംവിധാനം സമര്‍ത്ഥമായി ദുരുപയോഗം ചെയ്യാന്‍ ഹിന്ദുത്വര്‍ക്ക് മുമ്പില്‍ തുറന്നുകൊടുക്കപ്പെടുന്നത് എന്നതാണു ഗൗരവതരമായത്. ഇതിന്റെ കൂട്ടത്തിലാണു കൂനിന്മേല്‍ കുരുവെന്ന പോലെ സമാജ്വാദി പര്‍ട്ടിയിലെ കൊട്ടാരവിപ്ലവം അരങ്ങേറുന്നത്. പാര്‍ട്ടിയുടെ എല്ലാമെല്ലാമായ മുലായം സിങ് യാദവും ജനപിന്തുണയില്ലാത്ത മകനും മുഖ്യമന്ത്രിയുമായ അഖിലേഷും ഇരുവശത്തു നിന്നുകൊണ്ട് അരങ്ങേറിയ കലാപത്തിനു തെരഞ്ഞെടുത്ത സമയവും സന്ദര്‍ഭവും ഈ കലാപം അത്യന്തികമായി ആര്‍ക്കാണു ഗുണം ചെയ്തത് എന്നതൊക്കെ പരിഗണിക്കപ്പെടുമ്പോള്‍ ഇവരുടെ മതേതര പ്രതിബദ്ധതയെന്ന അവകാശവദത്തെ തന്നെ ചോദ്യം ചെയ്യേണ്ടതാണ്..
അതേസമയം, ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ പരിമിതമായ പ്രതിരോധമെങ്കിലും ഉയര്‍ത്തുന്ന ഭരണകൂടങ്ങള്‍ക്ക് ഈ പ്രതിസന്ധിയില്ല എന്നത് കൂട്ടിവായിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക ഇതിന്റെ വലിയ ഉദാഹരണമാണ്. പഴയ സോഷ്യലിസ്റ്റുകാരന്‍ കൂടിയായ സിദ്ധാരാമയ്യ എന്ന കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയായ കര്‍ണാടകത്തിലെ പൊലീസ് സംവിധാനത്തെ ഉത്തര്‍പ്രദേശിലെ പോലെ ദുരുപയോഗം ചെയ്യാന്‍ പഴയ ഭരണകക്ഷിയായ ബിജെപിക്ക് സാധിക്കുന്നില്ല എന്ന് മാത്രമല്ല ഹിന്ദുത്വ വെല്ലുവിളിയെ അവഗണിച്ചുകൊണ്ടാണു കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു സുല്‍ത്താന്‍ ജന്മദിനം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കര്‍ണാടകയില്‍ സര്‍ക്കാര്‍തലത്തില്‍ ആഘോഷിക്കുന്നത്. മാത്രമല്ല കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രിയുടെ മംഗലാപുരം സന്ദര്‍ശനത്തിനെതിരെ രംഗത്തുവന്ന ഹിന്ദുത്വര്‍ക്കെതിരെ കര്‍ശനനടപടികളാണു കര്‍ണാടക മുഖ്യമന്ത്രി സ്വീകരിച്ചത്. അനുകൂലകാലാവസ്ഥയിലാണു ഹിന്ദുത്വം വളരുന്നതും സംഹാരതാണ്ഡവമാടുന്നതും എന്ന യാഥാര്‍ത്ഥ്യം പരിഗണിക്കുമ്പോഴാണു കര്‍ണാടകയിലെ ചെറുപ്രതിരോധങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്.
അതേസമയം, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരളത്തിനും ഭരണത്തിനു നേതൃത്വം നല്‍കുന്ന സിപിഎമ്മിനും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനും വലിയ പാഠമാകേണ്ടതാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച പലഘടകങ്ങളും കേരളത്തിലും പ്രസക്തമാണ്. കേരളചരിത്രത്തിലാദ്യമായി ഒരു ഇടതുപക്ഷ ഭരണത്തെയും ഭരണനേതൃത്വത്തെയും ഹിന്ദുത്വഅജണ്ടകളുമായി ചേര്‍ത്തുവായിക്കപ്പെടുന്നത് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇപ്പോഴത്തെ ഇടതുപക്ഷ ഭരണകാലത്താണ് എന്നതാണു അതിലേറ്റവും പ്രധാനം. ഇതാദ്യമായി യാതൊരുവിധ ഭയാശങ്കളുമില്ലാതെ ഹിന്ദുത്വര്‍ എല്ലാവിധ സ്വാതന്ത്ര്യത്തോടും കൂടി ഇടതുപക്ഷ ഭരണകാലത്ത് അഴിഞ്ഞാടുന്നു.

സായുധശേഖരവും ബോംബ് നിര്‍മ്മാണവുമൊക്കെ നിര്‍ബാധം നടത്തുന്നു, രാഷ്ട്രീയ എതിരാളികളെ ഭയാശങ്കകളൊന്നുമില്ലാതെ ഉന്മൂലനം നടത്തുന്നു. പൊലീസ് ഒന്നും അറിഞ്ഞില്ലെന്ന മട്ടില്‍ തലതിരിച്ചു നില്‍ക്കുന്നു. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസിനു പ്രചോദനമായതും പൊലീസിന്റെ ഭാഗത്തുനിന്നുള്ള അനുകൂലനിലപാടാണു. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും പ്രതികള്‍ക്ക് എളുപ്പം പുറത്തുവരാന്‍ സാധിച്ച പൊലീസ് സമീപനവും അര്‍ഹമായ നഷ്ടപരിഹാരം നിഷേധിക്കുന്ന ഭരണകൂട നിലപാടുകളുമൊക്കെ ചേര്‍ത്തുവായിക്കുമ്പോഴാണു ഹിന്ദുത്വ അജണ്ടകളുടെ സ്വാധീനത്തിന്റെ വ്യാപനവും സംസ്ഥാന രാഷ്ട്രീയത്തെ അടിയൊഴുക്കുകളുടെ ആഴവുമൊക്കെ വ്യക്തമാകുന്നത്.
ഹിന്ദുത്വ ഫാസിസത്തിനെതിരെ ഗിമ്മിക്കുകള്‍ കൊണ്ട് ഓട്ടയടക്കുകയണു സിപിഎം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണചക്രം തിരിക്കുന്നത് തങ്ങളാണെന്ന ഓര്‍മപോലും ഇല്ലാതെ തെരുവിലെ പ്രസംഗത്തിലും വെല്ലുവിളികളിലും സ്‌നേഹസദസ്സുകളിലും പരിമിതപ്പെടുത്തേണ്ടിവന്നിരിക്കുന്നു സിപിഎമ്മിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ഫാസിസ്റ്റുവിരുദ്ധ പോരാട്ടം. മുഖ്യമന്ത്രി പിണറായി പോലും ഈ ശൈലിയില്‍ നിന്ന് പുറത്തുകടക്കുന്നില്ല എന്നതാണു ഏറ്റവും അപകടകരമായിട്ടുള്ളത്. സംസ്ഥാനത്ത് ആര്‍എസ്എസ് ഭീകരതക്കെതിരെ കര്‍ശന നടപടിയേടുക്കേണ്ട പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടും ഇനിയും പുറത്തുവരാത്ത ദുരൂഹമായ കാരണങ്ങളാല്‍ ഹിന്ദുത്വര്‍ക്കെതിരെ ഹിന്ദുത്വ ഭീകരതക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പ് നിരന്തരം പുറകോട്ടു പോകുന്നു.

ഇതിന്റെ രാഷ്ട്രീയ അനുകൂല്യം ലഭിക്കുന്നത് സ്വാഭാവികമായും ആര്‍എസ്എസിനും ബിജെപിക്കുമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ദേശീയതലത്തില്‍ ബീഹാറില്‍ ബിജെപിക്കെതിരെ രൂപപ്പെട്ട മഹാസഖ്യത്തില്‍ ഭാഗമാകാതെ ഒറ്റക്ക് മത്സരിച്ച സിപിഎം-സിപിഐ പാര്‍ട്ടികളുടെ നടപടികളും എടുത്തുപറയേണ്ടതുണ്ട്. പലപ്പോഴും ബിജെപിക്കെതിരെയുള്ള മതേതരചേരിയുടെ നേതൃസ്ഥാനത്ത് സ്വയം അവരോധിക്കുന്ന ഇടതുപക്ഷപാര്‍ട്ടികള്‍ ബീഹാറില്‍ എടുത്ത ഈ തീരുമാനത്തിന്റെ ഗുണഫലം കിട്ടിയത് ബിജെപിക്കുമാണ് എന്നതാണു രസകരം. ബീഹാറില്‍ ബിജെപി വിജയിച്ച ആറോളം മണ്ഡലത്തിലെ ഭൂരിപക്ഷം മണ്ഡലത്തിലെ സിപിഎം വോട്ടിനേക്കാള്‍ കുറവായിരുന്നു.
സമാനമാണ് കോണ്‍ഗ്രസിന്റെയും അവസ്ഥ. സംസ്ഥാനത്തെ പ്രതിപക്ഷം ആരെന്ന ചോദ്യത്തിനു ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ സാധിക്കാത്ത നിലക്ക് കോണ്‍ഗ്രസും ലീഗുമടങ്ങുന്ന പ്രതിപക്ഷ നേതൃത്വം ഒന്നടങ്കം പലഘട്ടങ്ങളിലും പിന്നോട്ടുവലിയ്ക്കപ്പെടുകയും ആ ഗ്യാപ്പിലേക്ക് കുത്തകമാധ്യമങ്ങളുടെ അകമ്പടിയോടുകൂടി ബിജെപി കടന്നുവരികയും ചെയ്യുന്നു. കേന്ദ്രസംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെ പ്രക്ഷോഭസമരങ്ങള്‍ നടത്തേണ്ട നിരവധി സാഹചര്യമുണ്ടായിട്ടും അത്തരം വിഷയങ്ങളില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പുലര്‍ത്തുന്ന നിസ്സംഗത സംസ്ഥാനത്തെ നിലവിലുള്ള മുന്നണി രാഷ്ട്രീയത്തെ പൊളിച്ചെഴുതാന്‍ ആഴമേറിയതാണെന്ന ബോധ്യം കോണ്‍ഗ്രസിനോ മുസ്ലിം ലീഗിനോ ഇല്ല.
പറഞ്ഞുവരുന്നത്, പ്രഖ്യാപിത മതേതര ചേരികളുടെ ഹിന്ദുത്വാഭിമുഖ്യവും നിസ്സംഗതയും ജാഗ്രതക്കുറവും അഴിമതി ഭരണവുമാണു ഇന്ത്യയിലെമ്പാടും ഹിന്ദുത്വ രാഷ്ട്രീയത്തിനു വേരുകള്‍ ഉണ്ടാക്കാനും വളരാനും ഭരണചക്രം തിരിക്കാനും സഹായകരമായത്. അധികാരം എന്ന ലക്ഷ്യത്തിനു വേണ്ടിപോലും ഹിന്ദുത്വത്തിനെതിരെ കൃത്യമായ പ്രതിരോധം ഉയര്‍ത്താന്‍ ഇവര്‍ക്കാര്‍ക്കും താല്‍പര്യമില്ല എന്നതാണു ഗൗരവമായ വസ്തുത. അത്രമാത്രം ഹിന്ദുത്വാഭിമുഖ്യവും കീഴടങ്ങല്‍ മനോഭാവവും പ്രഖ്യാപിത മതേതരചേരിയെ കീഴടക്കിയിരിക്കുന്നു. ഇതില്‍നിന്നും പുറത്തുകടക്കാന്‍ സാധിക്കുന്നതു പോലിരിക്കും ഈ പാര്‍ട്ടികളുടെ പ്രസക്തിയും ഭാവി ഇന്ത്യയിലെ നിലനില്‍പ്പും. കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന ബിജെപി മുദ്രാവാക്യം എന്നതുപോലെ തന്നെ മതേതര പാര്‍ട്ടികളില്ലാത്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കും നടന്നടുക്കാന്‍ ബിജെപിക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടിവരില്ല എന്നു ചുരുക്കം.