ഇനി ഇതാവുമോ മാതൃഭൂമി സ്വപ്നം കാണുന്ന കിനാശ്ശേരി

മാതൃഭൂമി ആഴ്ചപതിപ്പ് ഏപ്രില്‍ മുപ്പത്, 2017 ലക്കം കവര്‍ സ്റ്റോറി 'നിങ്ങളുടെ കുഞ്ഞ് വില്‍പ്പനച്ചരക്കാകുന്നു' എന്ന അന്വേഷണം, നിര്‍ബന്ധിതമല്ലാത്ത വാക്‌സിനുകള്‍ വില്‍ക്കുന്നതു വഴി സ്വകാര്യ ഡോക്ടര്‍മാര്‍ നേടുന്ന ലാഭത്തെക്കുറിച്ചുള്ള സ്റ്റോറിയാണ്. മുന്‍പൊരിക്കല്‍ പ്രസിദ്ധീകൃതമായ ഇംഗ്ലീഷ് ലേഖനത്തിന്റെ തര്‍ജമ എന്ന് അറിയാം. പക്ഷെ, പത്രഭാഷയുടെ ഔപചാരികത വിട്ട് ഒരു അന്വേഷണവിവരണം വായിക്കുന്നതു കണക്കു വായിച്ചേക്കാവുന്ന ഈ ഫീച്ചര്‍ എന്തു കൊണ്ടാണു വിമര്‍ശനയോഗ്യമാകുന്നത്-ഡോ ഷിംന അസീസ് എഴുതുന്നു

ഇനി ഇതാവുമോ മാതൃഭൂമി സ്വപ്നം കാണുന്ന കിനാശ്ശേരി

ഡോ. ഷിംന അസീസ്

മാതൃഭൂമി ആഴ്ചപതിപ്പ് ഏപ്രില്‍ മുപ്പത്, 2017 ലക്കം കവര്‍ സ്റ്റോറി 'നിങ്ങളുടെ കുഞ്ഞ് വില്പനച്ചരക്കാകുന്നു' എന്ന അന്വേഷണം,‍ നിര്‍ബന്ധിതമല്ലാത്ത വാക്സിനുകള്‍ വില്‍ക്കുന്നതു വഴി സ്വകാര്യ ഡോക്ടര്‍മാർ നേടുന്ന ലാഭത്തെക്കുറിച്ചുള്ള സ്റ്റോറിയാണ്. മുന്‍പൊരിക്കല്‍ പ്രസിദ്ധീകൃതമായ ഇംഗ്ലീഷ് ലേഖനത്തിന്റെ തര്‍ജമ എന്ന് അറിയാം. പക്ഷെ, പത്രഭാഷയുടെ ഔപചാരികത വിട്ട് ഒരു അന്വേഷണവിവരണം വായിക്കുന്നതു കണക്കു വായിച്ചേക്കാവുന്ന ഈ ഫീച്ചര്‍ എന്തു കൊണ്ടാണു വിമര്‍ശനയോഗ്യമാകുന്നത് എന്നതിനു പല കാരണങ്ങള്‍ ഉണ്ട്.

ആരോഗ്യരംഗത്തു വമ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയ 'കേരള മോഡല്‍' എന്ന് അഭിമാനപൂര്‍വ്വം ലോകം പുകഴ്ത്തിയ നമ്മുടെ നാട്ടിലും കഴിഞ്ഞ വര്‍ഷവും കഴിഞ്ഞ ആഴ്ചയും ഡിഫ്തീരിയ മരണം ഉണ്ടായി. കുത്തിവെപ്പ് എടുത്തിരുന്നെങ്കില്‍ പൂര്‍ണമായും തടയാന്‍ സാധിക്കുമായിരുന്ന ഈ മരണങ്ങള്‍ക്കു പിന്നിലും മാദ്ധ്യമങ്ങളും അശാസ്ത്രീയവാദികളും രണ്ടു പേര്‍ ചേര്‍ന്നു കൂടിയും ഉണ്ടാക്കിയ പരിക്കുകള്‍ക്കുള്ള പങ്കു ചെറുതല്ല. ഇന്ന് ഈ ഫീച്ചര്‍ വായിച്ചപ്പോഴും ബാഹ്യമായി കച്ചവടത്തെ എതിര്‍ത്തു എന്ന പ്രതീതി ഉണ്ടാക്കി ആവുന്നിടത്തെല്ലാം നിര്‍ബന്ധിത വാക്സിന്‍റെ വിശ്വസ്യതയ്ക്കിട്ടു കുത്താന്‍ മാതൃഭൂമി മറന്നിട്ടില്ല. കച്ചവടത്തെ എതിര്‍ക്കുന്നതിനോടോ തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതിനോടോ എതിര്‍പ്പില്ല, പക്ഷെ ഈ അപ്രഖ്യാപിത വാക്സിന്‍ വിരുദ്ധത സാമൂഹികപ്രതിബദ്ധത പേരിനെങ്കിലും ഉള്ളൊരു പ്രസിദ്ധീകരണത്തിന് ചേര്‍ന്നതല്ല എന്നോര്‍മിപ്പിച്ചു കൊണ്ടു ലേഖനത്തിലേക്ക്...

'ഇന്ത്യയിലെ ഇമ്മ്യുനൈസെഷന്‍ പരിപാടിയെ ചൂഴ്ന്നു നില്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിലേക്ക് വെളിച്ചം വീശിയത്'…..

'ശിശുരോഗവിദഗ്ധരും ഇന്ത്യയിലും വിദേശത്തുമുള്ള വാക്സിന്‍ നിര്‍മാതാക്കളും തമ്മിലുള്ള വഴിവിട്ട ബന്ധത്തെപറ്റിയുള്ള ഞെട്ടിക്കുന്ന പരമാര്‍ത്ഥങ്ങള്‍'…

ഒടുക്കം ആദ്യ പേജില്‍തന്നെ

'ഇന്ത്യയിലെ നിര്‍ബന്ധിത വാക്സിനേഷനും വാക്സിന്‍ കമ്പനികളുടെ സ്വാധീന വലയത്തിലാണ്, ആഗോളതാല്പര്യമുള്ള കൂട്ടുകക്ഷികള്‍ ആണ് വിദൂരസ്ഥലമായ സമ്മേളനമുറികളില്‍ നിന്ന് ചരട് വലിക്കുന്നത്.'

മനോഹരമായിരിക്കുന്നു, ഭാഷയും പ്രയോഗങ്ങളും! സര്‍ക്കാര്‍ നിയന്ത്രിതമായ ആരോഗ്യപരിപാടിക്കെതിരെ ഇത്ര തുറന്ന ആരോപണം ഉന്നയിക്കുമ്പോള്‍, തെളിവുകളുണ്ടാകണം. ചില പ്രമുഖ വാക്സിന്‍ വിരുദ്ധരെ പോലെ എന്തെന്നോ എവിടെ നിന്നെന്നോ അറിയാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ഗൂഢാലോചനാസിദ്ധാന്തം പടച്ചു വിടുകയും ചെയ്യുന്നത് ഒരു നല്ല പ്രസിദ്ധീകരണത്തിനു ചേര്‍ന്നതല്ല. വ്യക്തതയില്ലാത്ത അര്‍ദ്ധസത്യങ്ങള്‍ പറഞ്ഞു സാധാരണ ജനങ്ങളുടെ മനസ്സിലേക്ക് അവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ പോലും കെല്‍പ്പുള്ള സംശയത്തിന്റെ കനല്‍ കോരിയിട്ടു കൊടുക്കുന്നതാണോ നിങ്ങളുടെ മാദ്ധ്യമ ധർമ്മം? ആരെഴുതി എന്നതല്ല, നിങ്ങളുടെ പ്രസിദ്ധീകരണത്തില്‍ എന്ത് അച്ചടിച്ചുവന്നു എന്നതു മാത്രമാണു വിഷയം. അതിലെ ഓരോ വാക്കിനും വരിക്കും ഉത്തരവാദി നിങ്ങള്‍ മാത്രമാണ്.

ഇന്ത്യയിൽ കാണപ്പെടാത്ത രോഗങ്ങൾക്കുള്ള വാക്സിനുകൾ പോലും ഇവിടെ ധാരാളം വിറ്റഴിയപ്പെടുന്നു !

യെല്ലോ ഫീവർ വാക്സിൻ സ്വകാര്യ ഡോക്ടർമാർ എഴുതിക്കൊടുത്തു തകർക്കുകയാണ്

എന്തെങ്കിലും എഴുതും മുൻപ് ഒരു നിമിഷം ആലോചിക്കുക, കാര്യങ്ങൾ അന്വേഷിക്കുക. മഞ്ഞപ്പനി നില നിൽക്കുന്ന രാജ്യത്തേക്കു യാത്ര ചെയ്യുന്നവർക്കു മാത്രമാണിതു നൽകപ്പെടുന്നത്. കേരളത്തിൽ ആകെ പോർട്ട് ട്രസ്റ്റിലും (കൊച്ചി വെല്ലിങ്റ്റൻ ദ്വീപ്) എയർപ്പോർട്ട് അസോസിയേഷനിലും മാത്രം ലഭ്യം. അതും ആഴ്ചയിൽ രണ്ടുദിവസം മാത്രം. ഏതു സ്വകാര്യലോബി എപ്പോൾ ആണ് ഈ ഇല്ലാത്ത രോഗത്തിനു ചികിത്സ കൊടുത്തത്?

നോക്കൂ, രോഗമേ ഇവിടെ ഇല്ലാത്തതുള്ളൂ. മഞ്ഞപ്പനി പരത്താൻ കെൽപ്പുള്ള ഈഡിസ് കൊതുക്, (ഡെങ്കി പരത്തുന്ന പുള്ളിച്ചിക്കൊതുകില്ലേ? ഓളുതന്നെ) ഇവിടെയുണ്ട്. ഇവിടെ നിന്നു പ്രതിരോധ കുത്തിവെപ്പ് എടുക്കാതെ അവിടെ പോയി അവിടെ നിന്നു രോഗവുമായി ആരെങ്കിലും തിരിച്ചു വന്നാൽ രോഗാണുവിനെ പരത്താൻ കൊതുക് ഇഷ്ടം പോലെ ഇവിടെയുണ്ട്. അതിനു തടയിടാൻ വേണ്ടിയാണ് വിദേശയാത്രികർക്കു ഗവൺമെന്റ് അംഗീകൃത സെന്ററുകളിലൂടെ മാത്രം നൽകുന്ന ഈ വാക്സിൻ.

ഓപ്‌ഷണൽ വാക്‌സിനുകൾ കൂടി നൽകപ്പെടുമ്പോൾ പന്ത്രണ്ടു വയസ്സുവരെ മാസവും ഒരു തവണയെങ്കിലും വാക്സിനെടുക്കാൻ ഡോക്ടറെ സന്ദർശിക്കേണ്ടി വരുന്നു.

അതിശയോക്തിക്കും ഒരു പരിധിയില്ലേ? 12വർഷം ×12 മാസം= 144 തവണ നിങ്ങളുടെ കുഞ്ഞിനെ കുത്തിവെക്കാൻ നിങ്ങൾ സമ്മതിക്കുമോ? ഇതിനും മാത്രം വാക്സിനുകളുണ്ടോ നാട്ടിൽ?ഇതൊന്നും പ്രൂഫ് റീഡ് ചെയ്തു തന്നെയല്ലേ പുറത്തുവരുന്നത്?

വാക്സിൻ പട്ടികകളിലെ കോമഡികൾ

  1. പെട്ടസിസ്‌ - Pertussis എന്നത്‌ മലയാളത്തിൽ എടുത്തെഴുതിയതാ. 'പെർട്ടുസിസ്സ് എന്നാ..ആ പോട്ടെ, സാരമില്ല.
  2. പോളിയോ - തളർവാതമെന്നു തർജമ. പോളിയോയുടെ മലയാളപദം പിള്ളവാതം എന്നാണ്.
  3. മീസിൽസ്‌ - അഞ്ചാം പനി എന്ന്‌ എഴുതേണ്ടിടത്തു‌ മീസിൽസിന്റെ തർജമ വസൂരി എന്ന്‌ എഴുതിയിരിക്കുന്നു! എന്ത് അക്രമമാണ്‌ ഈ എഴുതി വച്ചിരിക്കുന്നത്‌? 1980 വർഷത്തിൽ ലോകം വസൂരിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. ഒരിടത്തു മാത്രം അച്ചടിച്ചു വന്നാൽ പോലും ഇതിനുപേര് അപരാധമെന്നാണ്. ഒന്നിലേറെ സ്ഥലത്ത് ഇതേ തെറ്റ് ആവർത്തിച്ചിരിക്കുന്നു. അന്ധമായ ആത്മവിശ്വാസം എന്നാണിതിനു പേര്. ഒന്നുവായിച്ചു നോക്കുക പോലും ചെയ്യാതെയാണോ ഇതൊക്കെ പടച്ചു വിടുന്നത്? ഇത്തരം പടുവിഡ്ഢിത്തരം അച്ചടിക്കാൻ ലജ്ജയില്ലേ മാതൃഭൂമീ?
  4. പ്രത്യേക സാഹചര്യത്തിൽ കൊടുക്കേണ്ട, സ്വകാര്യ ചികിത്സകർ 'പ്രേരിപ്പിച്ചു' കൊടുക്കേണ്ട വാക്സിനിൽ ആദ്യം തന്നെ 'റാബീസ് വാക്സിൻ'.


    റാബീസ്‌ വാക്‌സിൻ സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ലഭ്യമാണ്. ഇതൊരു പ്രത്യേക സാഹചര്യം ഒന്നുമല്ല. ഇതെടുക്കാൻ പ്രേരിപ്പിക്കാൻ കാത്തുനിന്നാൽ ചിലപ്പോൾ അധികം നാൾ കാത്തു നിൽക്കേണ്ടി വരില്ല. പേവിഷബാധ ഉണ്ടായാൽ മരണം സുനിശ്ചിതം.
  5. ഡ്യൂപ്ലിക്കേഷൻ വാക്‌സിനുകൾ - അർത്ഥം മനസ്സിലായില്ല. ഔദ്യോഗികമായി ആ പേരിൽ വല്ലതും നിലവിലുണ്ടോ എന്ന അന്വേഷണത്തിലാണ്. അറിയാവുന്നവർ പറഞ്ഞു തരുമല്ലോ. ഇനി ബൂസ്റ്റർ ഡോസാണോ ഉദ്ദേശ്യം? അതോ ഒരേ രോഗങ്ങളെ പ്രതിരോധിക്കുന്ന പല വാക്സിൻ എന്നാണോ ഉദ്ദേശ്യം? അങ്ങനെയെങ്കിൽ, ഇവയോരോന്നും വ്യത്യസ്തമാണ്.

    ഉദാഹരണത്തിന്, DPT നൽകുന്നത്‌ അഞ്ചു‌ വയസ്സിനു താഴെയും അതേ രോഗങ്ങളെ പ്രതിരോധിക്കുന്ന Td (pertussis component ഇല്ല) മുതിർന്നവർക്കുള്ള ഡിഫ്തീരിയ ടെറ്റനസ് വാക്സിനുമാണ്. ഇതിൽ ഏത് ആർക്കെഴുതണമെന്നുള്ള വിവരം ഡോക്ടർക്കുണ്ട്. ദയവുചെയ്ത് സ്വന്തം തിയറി ഉണ്ടാക്കാതിരിക്കുക. വല്ലവരും എഴുതിയതാണെങ്കിൽ ഒന്നു ക്രോസ് ചെക്ക് ചെയ്താൽ മാനം നേടാം.

പിന്നെ പതിവുപോലെ ബഹുരാഷ്ട്ര കുത്തക, വാക്സിൻ നിലവാരത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പൊതുജനത്തെ ഉദ്ബോധിപ്പിക്കൽ തുടങ്ങിയവയുമായി ലേഖനം പുരോഗമിക്കുന്നു. 'രക്ഷിതാക്കളുമായി ചർച്ച ചെയ്തു തീരുമാനിക്കേണ്ട വാക്സിൻ' എന്ന നിർവചനത്തോടുമുണ്ട്, പുച്ഛം. ഇവയൊന്നും നിർബന്ധിതമല്ല എന്നിരിക്കേ, സാധാരണ ഗതിയിൽ ഡോക്ടർ വിവരം ഒന്നു പറയുന്നുണ്ടാകാം. അപ്പോഴേക്കും മെഡിക്കൽ മാഫിയയായി, കേസായി, പുക്കാറായി...

'ഇറക്കുമതി വാക്‌സിനുകൾക്ക്‌ ഇന്ത്യ കീഴ്‌പ്പെട്ടതെങ്ങനെ' എന്ന തലക്കെട്ടിന്‌ കീഴെ തലങ്ങും വിലങ്ങും വാക്‌സിൻ വിരുദ്ധത മുഴച്ച്‌ നിൽക്കുന്നു.

നിർബന്ധിത വാക്‌സിനുകളെക്കുറിച്ച്‌ 'പരിമിത വിഭവങ്ങളെ അമിതമായി വലിച്ചു നീട്ടുന്നതും രാജ്യത്തെ നവജാതശിശുക്കളെ മുഴുവനായി ഉൾക്കൊള്ളാതിരിക്കുന്നതും മാത്രമല്ല ഈ പരിപാടിക്കെതിരെയുള്ള വിമർശനം

' എന്നൊരു വാചകമുണ്ട്.

എന്റെ ചോദ്യം, 'ഏതു നവജാതശിശുവിനെ ആരു നിർബന്ധിത വാക്സിനേഷനിൽ നിന്നൊഴിവാക്കി? പലരും പലതും പറഞ്ഞു വാക്സിനേഷനിൽ നിന്നും അകന്നു നിൽക്കുന്നതിൽ നിങ്ങളെപ്പോലെ നട്ടാൽ കുരുക്കാത്ത നുണ എഴുതുന്ന മാധ്യമങ്ങളുടെ പങ്കു വിസ്മരിക്കാമാകുമോ?'

രാജ്യത്തെ വാക്സിനേഷൻ പ്രോഗ്രാം എങ്ങും പരാജയപ്പെട്ടിട്ടില്ല സർ. ഓരോ കുഞ്ഞിനും അവരുടെ അവകാശമായ ജീവിതം കൊടുക്കാൻ ഞങ്ങളാൽ സാധിക്കുന്നതു ഞങ്ങൾ ചെയ്തിരിക്കും. അതിനു നിങ്ങൾ ഞങ്ങളെ എന്തു വിളിച്ചാലും.

Universal Immunisation Program സൗജന്യമാണെന്നു പറയുന്നതിലും അല്പം അതിശയോക്തി കലർത്തിക്കാണുന്നു. വാക്സിൻ സൗജന്യമായി തരുന്നത് ആരോഗ്യമുള്ള ഒരു തലമുറ വളർന്നുവരാനാണ്. അതു കുട്ടികളുടെ അവകാശമായതു കൊണ്ടാണ്. സൗജന്യമായതിനേയും പണം കൊടുത്തു വാങ്ങേണ്ടതിനേയും ഒരു പോലെ എതിർക്കുന്നതിനു മലയാളത്തിൽ പറയുന്ന പേരാണു 'വാക്സിൻ വിരുദ്ധത'.

IMF, WHO, GAVI (Global Alliance for Vaccine and Immunisation) തുടങ്ങി സർവ്വരും ഗൂഢാലോചനക്കാരാണെന്ന പ്രസ്താവന എന്തു കാരണം കൊണ്ടെന്ന് അറിയില്ലെങ്കിലും പതിവുപോലെ എഴുതിയിട്ടുണ്ട്. പുതിയ വാക്സിൻ നയത്തിലെ കുറവുകൾ ചൂണ്ടിക്കാട്ടുകയും നിർബന്ധിത വാക്സിൻ ഷെഡ്യൂളിൽ ഏതൊക്കെയോ അനാവശ്യമെന്നു പുലമ്പുകയും ചെയ്യുന്നു. (ഏതാണെന്നല്ലേ, ഇതു വരെയുള്ള 12 പേജ് വായിച്ചിട്ട് എനിക്കും മനസ്സിലായില്ല. മൊത്തത്തിൽ സർക്കാർ കൊടുക്കുന്ന വാക്സിനുകളിൽ ഏതിനൊക്കെയോ കുഴപ്പമുണ്ടെന്ന അവ്യക്തത സൃഷ്ടിക്കാൻ ഈ വാക്സിൻ വിരുദ്ധ ലേഖനം അത്യുചിതമാണെന്നു മാത്രം മനസ്സിലായി).

'ഒരു രോഗം മറ്റേതെങ്കിലും രാജ്യത്തു വ്യാപകമാണെങ്കിൽ ഇന്ത്യയും ആ രോഗത്താൽ കഷ്ടപ്പെട്ടേക്കാമെന്നു വെറുതേയങ്ങു സങ്കല്പിക്കുകയാണ്'
എന്ന വാചകം ഉദാഹരിക്കുന്നതു പെന്റാവാലന്റ വാക്സിൻ ഉപയോഗിച്ചാണ്.

(ഡിഫ്തീരിയ- കഴിഞ്ഞ വർഷം മലപ്പുറത്ത്‌ 2 കുട്ടികൾ, തുടർന്നു വയനാട്ടിൽ ഒരു ആരോഗ്യ പ്രവർത്തകൻ, കഴിഞ്ഞ ആഴ്ച എറണാകുളത്ത്, ഒരു ആസാമി ബാലൻ എന്നിവർ മരിച്ചു. പെർട്ടുസിസ് ഇപ്പോഴും സർവ്വസാധാരണം. ടെറ്റനസ് നമ്മുടെ നാട്ടിൽ ഉള്ളതുതന്നെ, മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഹീമോഫിലസ് ഇൻഫ്ലുവൻസ, ഹെപറ്ററ്റിസ് ബി- ഇവയും നാട്ടിലുണ്ട്.)...

ഇനിയിപ്പോ? പെന്റാവാലന്റിനെതിരേ പണ്ടും നിങ്ങളെഴുതിയിട്ടുണ്ട്. ഇപ്പോഴും വളരെ സുരക്ഷിതമായി നൽകി വരുന്ന വാക്സിനാണ്, ഇത്. മാതൃഭൂമിയുടെ പഴയ ഫീച്ചർ വരുത്തിയ പരിക്കുതന്നെ മാറി വരുന്നതേയുള്ളൂ. അതിലുള്ളതോ ഇത്തവണ എഴുതിയതോ ആയ ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചിട്ടില്ല. തന്നാലാവത് ഉപകാരം വീണ്ടും ! വാക്സിൻ വിരുദ്ധത ഊതിപ്പെരുപ്പിച്ച് ഒരു തലമുറയുടെ ആരോഗ്യം തുലാസിൽ വെക്കുന്നതിന്റെ പേരോ മാദ്ധ്യമധർമ്മം?

വാൽക്കഷ്‌ണം: ആഴ്‌ചപ്പതിപ്പിലെ അവസാന പേജിലെ 'ട്രൂകോപ്പി' എന്ന പംക്തിയിൽ നിന്നും..

'വാക്സിനേഷൻ പോലെ മനുഷ്യജീവിതത്തെ ദീർഘകാലത്തേക്കു ബാധിക്കുന്ന വിഷയങ്ങളിൽ ഒരു വ്യക്തത ആവശ്യപ്പെട്ടാൽ, ഒരു സംശയം ഉന്നയിച്ചാൽ, ഒരു വിമർശനം ഉയർത്തിയാൽ ഡോക്ടർമാർ സംഘം ചേർന്നു ജ്ഞാനാധികാരത്തിന്റെ പൂണൂലും കാട്ടി കൂവിത്തോൽപ്പിക്കുന്ന പ്രവണതയുണ്ടു കേരളത്തിൽ'...

ആരാണു‌ വ്യക്തത തരാതിരുന്നത്‌? രാവും പകലും ഇതു തന്നെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളിൽ എത്ര പേരോടു നിങ്ങൾ വ്യക്തമായൊരു ചോദ്യം ചോദിച്ചിട്ടുണ്ട്?

ആരാണു നിങ്ങൾക്കു സംശയനിവൃത്തി ചെയ്തു തരാതിരുന്നത്‌ ? ഓരോ വാക്സിൻ പ്രതിരോധ്യ രോഗം റിപ്പോർട്ട് ചെയ്യുമ്പോഴും തുടർച്ചയായി എഴുതിയും ക്ലാസ്സെടുത്തും അറിവു സൃഷ്ടിക്കാൻ ആവുന്നതെല്ലാം ചെയ്യുന്ന ഞങ്ങൾ ഡോക്ടർമാരോ? നിങ്ങളുടെ ജേർണലിസ്റ്റ് ടൈപ്പ് ചോദ്യം ചെയ്യലിനു നിന്നു തരാത്തവരെയാണോ നിങ്ങളുന്നം വെക്കുന്നത്? ആരോപണങ്ങൾക്കു മറുപടി പറഞ്ഞു താറാവിന്റെ പുറത്തു വെള്ളമൊഴിക്കുന്നതു പോലെ സംസാരിക്കുന്നതിലും ഞങ്ങൾ താൽപര്യപ്പെടുന്നത്, സാധാരണക്കാരന്റെ സംശയങ്ങൾ വ്യക്തമാക്കി കൊടുക്കാനാണ്.

ആരും പൂണൂലും കൊന്തയുമൊന്നും ഉയർത്തിയില്ല. ന്യായമായ ഒരു സംശയവും മുന്നിലെത്തിയെങ്കിൽ ഉത്തരം ചെയ്യാതെ പോകില്ല എന്നത് ഇൻഫോക്ലിനിക്ക്, അമൃതകിരണം തുടങ്ങിയ ആധികാരികമായ ഫേസ്ബുക് പേജുകളുടെ നയമാണ്. ഡോക്ടർമാരും മറുപടി പറയാതിരിക്കില്ല.

ആദ്യപേജും അവസാന പേജും വരെ മോഡേൺ മെഡിസിൻ വിരുദ്ധതയും വാക്സിനെക്കുറിച്ചുള്ള അവ്യക്തതയും മുഴച്ചു നിൽക്കുന്നു. എടുക്കണമെന്നു നിർബന്ധം ഇല്ലാത്ത വാക്സിനുകളെക്കുറിച്ചു വ്യക്തതയോടെ സംസാരിച്ചിട്ടില്ല, കൂടെ നിർബന്ധിത വാക്സിനുകളെക്കുറിച്ചുള്ള ആശങ്ക പതിന്മടങ്ങു വർദ്ധിപ്പിക്കുകയും ചെയ്തു.

ഇതിന്റെ പേര്‌ 'വാക്സിൻവിരുദ്ധത' എന്നു‌ മാത്രമാണ്‌. മലയാളമണ്ണിൽ നിന്നിനിയും ഡിഫ്‌തീരിയ വന്നു‌ ശ്വാസമില്ലാതെ പിടഞ്ഞു‌ മരിക്കുന്ന കുഞ്ഞുങ്ങൾ...ഇതി അതാകുമോ മാതൃഭൂമി സ്വപ്നം കാണുന്ന കിനാശ്ശേരി?