പുലയരെല്ലാരും കൂടി ചേരമരായാലെന്താ പുലയന്റെ പുല മാറുമോ

ശ്രീമൂലം പ്രജാസഭയിൽ ദരിദ്രമനുഷ്യരുടെ ശബ്ദമായി, അയ്യൻകാളിക്കൊപ്പമുണ്ടായിരുന്ന പൊയ്കയിൽ കുമാരഗുരു ഇനിയും വേണ്ട വിധം വായിക്കപ്പെട്ടിരിക്കുന്നു എന്നു പറയുക വയ്യ- പൊയ്കയിൽ അപ്പച്ചന്റെ 140 ജന്മവാർഷികദിനത്തിൽ ഡോ. സാംകുട്ടി പട്ടംകരി എഴുതുന്നു

പുലയരെല്ലാരും കൂടി ചേരമരായാലെന്താ പുലയന്റെ പുല മാറുമോ

കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി, കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ " എന്ന് വിലാപ ധ്വനിയുള്ള കാഹളനാദമുയർത്തിയ പൊയ്കയിൽ കുമാരഗുരുവിന്റെ വാക്കുകളും നിരീക്ഷണങ്ങളും ഏറെ ചർച്ച ചെയ്യപ്പെടേണ്ടവയാണ്. അടിമാനുഭവങ്ങളിൽ നിന്നും ഒരഗ്നിപോലെ ജ്വലിച്ചുയർന്ന്, ഒരു കാലഘട്ടത്തിലെ പീഡിത ജനതയ്ക്ക് വഴിയും വഴികാട്ടിയുമായി, ചരിത്രത്തെ പകർന്നു നൽകിയ കുമാര ഗുരുവിനെ ഒഴിവാക്കി നിറുത്തിക്കൊണ്ട് കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയുക എന്നത് അസാദ്ധ്യമായിരിക്കും.

ആയിരത്തി എണ്ണൂറ്റി എഴുപത്തി എട്ടിൽ അതായത് മന്നത്തുപദ്മനാഭൻ ജനിച്ച അതേ വർഷത്തിലാണ് കുമാര ഗുരുവും ജനിക്കുന്നത്. കണ്ടന്റെയും ളേച്ചിയുടേയും മകനായി ഇരവിപേരൂർ ഗ്രാമത്തിൽ മന്നിക്കൽ പൊയ്കയിൽ വീട്ടിൽ ജനിച്ച കുമരൻ ,മുത്തൂറ്റ് കൊച്ചു കുഞ്ഞിൽ നിന്നാണ് അക്ഷരങ്ങൾ പഠിക്കുന്നത്. കുമരന്റെ യജമാനൻമാരായ ശങ്കരമംഗലത്തുകാർ മാർത്തോമക്കാരായതിനാൽ കുമരനും മാർത്തോമവിശ്വാസിയാകുക സ്വാഭാവികമായിരുന്നു. അതിലൂടെയാണ് യോഹന്നാൻ എന്നൊരു പേരു കൂടി അദ്ദേഹത്തിനു കൈവരുന്നതും. പിന്നീട് പഠിതാവും പ്രചാരകനുമായി അഥവാ അപ്പച്ചനായും, ഉപദേശിയായും നീളുന്ന ജീവിതത്തിനൊടുവിൽ കുമാര ഗുരു " പ്രത്യക്ഷ രക്ഷ" യുടെ ദർശനത്തിൽ എത്തിച്ചേരുന്നു.

"പ്രത്യക്ഷ രക്ഷ" എന്ന സങ്കൽപ്പം പാർശവൽകൃത നിസ്സഹായത നിർമ്മിച്ചെടുക്കുന്നതും പ്രതിരോധത്തിന്റെതായ സത്തയുള്ളതുമായ ഒരു മറുമൊഴിയാണ്. ചരിത്രം പരിശോധിക്കുമ്പോൾ, ക്രിസ്തുവിലൂടെ അഥവാ ദൈവപുത്രനിലൂടെ രക്ഷ എന്ന അപരരക്ഷയുടെ സങ്കൽപ്പത്തിലൂടെ തന്നെ സഞ്ചരിച്ചാണ് കുമാര ഗുരു " പ്രത്യക്ഷ രക്ഷ" എന്ന കരയുടെ കാഴ്ചപ്പാടിലേക്ക് വരുന്നത് എന്നു കാണാം. ഇതു കേവലമായ ഒരു പദപ്രയോഗമല്ല. സവർണ്ണ ക്രിസ്ത്യാനികളുമായിട്ടുണ്ടാകുന്ന ഇടച്ചിലുകളുടെ ഭാഗമായി പലവട്ടം നീതിപീഠത്തിനു മുൻപിൽ അദ്ദേഹം എത്തപ്പെട്ടിട്ടുണ്ട്. ഇത്തരം കോടതിക്കാലത്ത് പെട്ടെന്നു പ്രഖ്യാപിക്കുന്ന പേരാണ് തന്റെ വിശ്വാസക്കൂട്ടത്തിന് "പ്രത്യക്ഷ രക്ഷാ ദൈവസഭ " എന്ന തെങ്കിലും, "പ്രത്യക്ഷ രക്ഷ" എന്ന കാതലായ സങ്കൽപ്പം പൊയ്കയിൽ കുമാര ഗുരുവിന്റെ എല്ലാ പ്രവർത്തനങ്ങളുടേയും ചാലകശക്തിയായി പിന്നീട് പ്രവർത്തിക്കുന്നതായി കാണാം."അജ്ഞാതമായ രക്ഷ" യെ കയ്യൊഴിയുന്ന പൊയ്കയിൽ കുമാര ഗുരു, ഈ സങ്കൽപ്പത്തെ പ്രയോഗക്ഷമമായ ഉപകരണമാക്കിക്കൊണ്ടാണ് അടിമാനുഭവങ്ങളെ ഇഴ വേർപെടുത്തി വിശദീകരിച്ചു കാണിക്കുന്നത്.

സുറിയാനിക്കും മീൻപിടുത്തക്കാരൻ മരയ്ക്കാനും, പറയനും പുലയനും എന്നു തുടങ്ങി തമ്പുരാനും അടിയാനും ആയി നോക്കിയാലും വെവ്വേറെ പള്ളികൾ എവിടെ നിന്നു വരുന്നു എന്ന് ക്രൈസ്തവീയതയെത്തന്നെ ചോദ്യം ചെയ്തിരുന്ന പൊയ്കയാൽ അപ്പച്ചനെ, പലയിടങ്ങളിൽ വച്ചും സവർണ്ണ ക്രൈസ്തവർ ആക്രമിച്ചിട്ടുണ്ട്. (ക്രൈസ്തവർക്കിടയിൽ ജാതിയില്ല എന്നു പറഞ്ഞു കൊണ്ടാണ് മതന്യൂനപക്ഷസ്ഥാനം എന്ന പരിരക്ഷയ്ക്കുള്ള അർഹത സ്വതന്ത്ര ഇന്ത്യയിലെ സവർണ്ണ ക്രൈസ്തവജാതികൾ ഉണ്ടാക്കിയെടുത്തത് എന്നതു കൂടി ഈ സന്ദർഭത്തിൽ ഓർമ്മപ്പെടുന്നത് നല്ലതാണ്. അത്തരം അർഹതകൾ നിർമ്മിക്കുന്നതിന്റെ പരോക്ഷ ആരോപങ്ങളിൽ പാർശ്വവൽകൃതരുടെ സ്വയം പ്രകാശനങ്ങളെ സ്വത്വവാദമാക്കി മാറ്റുവാൻ കഴിയുന്ന കുശാഗ്രതയും അടങ്ങിയിരുന്നു എന്നും നമുക്കറിയാം) ഏതായാലും ക്രിസ്തു തന്റെ രക്ഷകനാകുന്നില്ല എന്നുള്ള തിരിച്ചറിവിൽ നിന്നാണ് പ്രത്യക്ഷ രക്ഷയ്ക്കു സാധ്യമാകുന്ന സ്വന്ത വിശ്വാസരൂപീകരണത്തിലേയ്ക്ക് പൊയ്കയിൽ കുമാരഗുരു കടന്നു പോകുന്നത്.

കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് രണ്ടു ധാരകൾ ഉണ്ട്. അതിൽ പ്രബലമാകുന്ന ഒരു ധാരയാണ് വിശ്വാസപരമായ പരിഷ്കരണത്തിലൂന്നുന്നത്. അതിന്റെ അടിസ്ഥാനത്തിൽ, ബൈബിൾ ചുട്ടെരിച്ച പൊയ്കയിൽ കുമാര ഗുരുവിന്റെ വിശ്വാസസങ്കൽപ്പത്തെ നാരായണ ഗുരുവിന്റെ ശൈവാവിഷ്കാരവുമായിട്ടാണ് ഒത്തു നിറുത്തി വായിക്കേണ്ടത്. അങ്ങിനെ നോക്കുമ്പോൾ കേരളത്തിൽ ഏകദേശം ഒരേ കാലത്തു സംഭവിക്കുന്ന വിശ്വാസപരമായ വേർപെടലുകൾ എന്ന നിലയിലാണ് ഇത് കാണുവാൻ സാധിക്കുക. സവർണ്ണഹൈന്ദവതയുടെ വിശ്വാസാടിത്തറയിൽ നിന്നും 'ഈഴവശിവ 'നെ മുങ്ങിയെടുത്തു അരുവിത്തുറയിൽ പ്രതിഷ്ഠിച്ചു കൊണ്ടാണ് നാരായണഗുരു പ്രസക്തനായി തീരുന്നത്. ഇത് ക്രമേണ ഈഴവ സമുദായ നവീകരണത്തിനായുള്ള തുടക്കമാകുകയും ചെയ്തു.

പൊതുവായി നിലനിന്നിരുന്ന നവോത്ഥാനത്തിലേക്കുള്ള ഈ കുതിപ്പിന്റെ സന്ദർഭത്തിൽ തന്നെയാണ് പ്രത്യക്ഷ രക്ഷയുടെ കവചവുമായി മറ്റൊരു ഇടത്തിൽ പൊയ്കയിൽ കുമാര ഗുരുവും പ്രത്യക്ഷപ്പെടുന്നത്. ശൂദ്ര സമുദായം നേരിടുന്ന പേരുദോഷങ്ങളിൽ നിന്നും സ്വയം വിമോചിപ്പിക്കപ്പെടാനായി മന്നത്തു പത്മനാഭന്റെ നേതൃത്യത്തിൽ സമുദായ സംഘടനാ രൂപീകരണം നടക്കുന്നതും ഇതേ സന്ദർഭത്തിൽ തന്നെയാണ്. ഉപജാതികളുടെ കാർക്കശ്യങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് സമുദായനിർമ്മിതികൾ സാധ്യമാകുന്നത്. കുമാര ഗുരുവിന്റെ പ്രവർത്തനങ്ങളിൽ ഇത് ഒരു പടികൂടി കടന്ന് ജാതികളുടെ തന്നെ പരിവർത്തനം ആവശ്യപ്പെടുന്നുണ്ട്. കുമാര ഗുരുവിന്റെ പരോക്ഷ രക്ഷകരെക്കുറിച്ചുള്ള പരോക്ഷ നിർവ്വചനത്തിലൂടെ, സവർണ്ണ ക്രിസ്ത്യാനികൾക്കൊപ്പം തന്നെ, മന്നത്തുപദ്മനാഭനാലും നാരായണ ഗുരുവിനാലും സംസ്കരിച്ചെടുക്കാൻ കഴിയാത്ത അവരുടെ സമുദായത്തിലുള്ളവരും പെട്ടിരിക്കുന്നു എന്നും വായിച്ചെടുക്കുന്നതിൽ തെറ്റില്ല.

ബൈബിൾ കത്തിക്കുന്ന സന്ദർഭത്തിൽ കുമാര ഗുരു ഉയർത്തിയ ചോദ്യം, 'പാപം, ശാപം, മരണ വിധി, ദൈവകോപം, ന്യായവിധി, ഇതിൽ നിന്നെല്ലാം നമ്മളെ രക്ഷിക്കാൻ ബൈബിളിനാകുമോ?' എന്നായിരുന്നു. യഥാർത്ഥത്തിൽ കുമാര ഗുരുവിന്റെ ഈ ചോദ്യം ബൈബിളിനു മുകളിൽ മാത്രമായി ചുരുക്കപ്പെടേണ്ട ഒന്നല്ല. പാപം, മരണവിധി, ദൈവ വിധി എന്നീ വിശ്വാസാ ധിഷ്ഠാനങ്ങളുടെ കേവല യുക്തിയ്ക്കുള്ളിൽ ചരിത്രം അഭിരമിക്കുന്ന കാലഘട്ടത്തിലാണ് "പ്രത്യക്ഷ രക്ഷ" എന്ന കവചവുമായി അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത്.

ഇതിന്റെ കുറച്ചു കൂടി വിശദമാക്കപ്പെടുന്ന സന്ദർഭമായിരുന്നു ചേരമർ സംഘടന ഉണ്ടാക്കുന്ന കാലത്ത് പൊയ്കയിൽ കുമാര ഗുരു ഉയർത്തുന്നത്. സംഘടന നടപ്പിൽ വരുത്തിയ പാമ്പാടി ജോൺ ജോസഫിനോടും കൂട്ടരോടും, പുലയർ ചേരമരായാൽ പുലയന്റെ മേലുള്ള പുലയോ, പറയൻ സാംബവനായാൽ പറയന്റെ പേരിലുള്ള പഴിയോ, കുറവൻ സിദ്ധനനായാൽ കുറവനു മുകളിൽ കാണിക്കുന്ന കുറയോ മാറുവാൻ പോകുന്നില്ലെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. സമുദായ സംഘടനകൾ ഉണ്ടാക്കിയ എല്ലാ സമുദായ പരിഷ്കാരികൾക്കുമുള്ള ഒരു മറുപടി ആ വാക്കുകളിൽ അടങ്ങിയിരിപ്പുണ്ട്. പിൽക്കാല പുരോഗമന കേരളം പിൻപറ്റിയത് സമുദായ രൂപീകരണങ്ങളെയായിരുന്നു എന്നതുകൂടി ചേർത്തു വായിക്കുമ്പോഴാണ് എത്ര മൂർച്ചയുള്ള നിരീക്ഷണ പാടവമായിരുന്നു പൊയ്കയിൽ കുമാര ഗുരുവിന്റേത് എന്ന് നാം ആശ്ചര്യപ്പെട്ടു പോകുന്നത്. പുരോഗമന കേരളം സമുദായ സൗഹാർദ്ദത്തിന്റെ നയതന്ത്രമല്ല സ്വീകരിച്ചിരുന്നതെങ്കിൽ നവോത്ഥാന കേരളത്തിന്റെ അമരത്തു നിൽക്കുന്നവരിൽ എന്തുകൊണ്ടും യോഗ്യനായ ഒരാൾ കുമാര ഗുരു തന്നെയായിരിക്കുമായിരുന്നു. പക്ഷേ, ശ്രീമൂലം പ്രജാസഭയിൽ ദരിദ്രമനുഷ്യരുടെ ശബ്ദമായി, അയ്യൻകാളിക്കൊപ്പമുണ്ടായിരുന്ന പൊയ്കയിൽ കുമാരഗുരു ഇനിയും വേണ്ട വിധം വായിക്കപ്പെട്ടിരിക്കുന്നു എന്നു പറയുക വയ്യ.

Read More >>