ഇത് കേരളമല്ല; അരുതളം!

മതാന്ധന്മാരുടെ ഈ 'അരുത്' മല്‍സരത്തിലെല്ലാം ആത്യന്തികമായി ബലിയാടാവുന്നത് സ്ത്രീകളാണ്. അവരുടെ അവകാശങ്ങളാണ് ബലികഴിക്കപ്പെടുന്നത്. വസ്ത്ര-ഭക്ഷണ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെല്ലാം അവരുടെ തുല്യനീതി നിഷേധിക്കപ്പെടുകയാണ് ഇതുമൂലം സംഭവിക്കുന്നത്. ഡോ. എം കുര്യന്‍ തോമസ് എഴുതുന്നു

ഇത് കേരളമല്ല; അരുതളം!

ചേര രാജാക്കന്മാര്‍ ഭരിച്ചതുകൊണ്ടാണ് കേരളം എന്ന നാമം ഈ തുണ്ടുഭൂമിക്ക് ലഭിച്ചത് എന്ന വേറിട്ട ഒരഭിപ്രായം നിലവിലുണ്ടെങ്കിലും കേരം തിങ്ങും കേരളനാട് എന്ന നാളികേര സമൃദ്ധിയാണ് കേരള നാമത്തിനു പിന്നില്‍ എന്നാണ് പൊതുവായ ധാരണ. അതിനാലാണ് നാണ്യവിള എന്ന നിലയില്‍ ആശ്രിതത്വം റബ്ബറിലേയ്ക്കു മാറിയപ്പോള്‍ 'കേരളം റബ്ബറളമാക്കണമേ റബ്ബേ' എന്ന പേരില്‍ ഒരു മലയാള കഥ നാമകരണം ചെയ്യപ്പെടാനിടയായത്. ഈ മാനദണ്ഡം വെച്ചു പരിശോധിച്ചാല്‍ ഇന്നു കേരളത്തിന് ഏറ്റവും അനുയോജ്യമായ പേര് 'അരുതളം' എന്നാണ്!

എത്രമാത്രം 'അരുത്'കളും വിലക്കുകളുമാണ് ആധുനിക കാലത്ത് കേരളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്? സമൂഹം പരിഷ്‌കൃതമാകുമ്പോഴും ചിന്താഗതി സംസ്‌കൃതമാകുമ്പോഴും ഇല്ലാതാവേണ്ടതിനു പകരം സാക്ഷര കേരളത്തില്‍ നേരെ തിരിച്ച് വിലക്കുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. മലബാറില്‍ റെയില്‍വേ നിലവില്‍ വന്നപ്പോള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനും റെയില്‍പ്പാളം മുറിച്ചു കടക്കുന്നതിനും നമ്പൂതിരിമാര്‍ക്ക് ആരോ വിലക്കേര്‍പ്പെടുത്തി. അത് അന്നത്തെ അജ്ഞത കൊണ്ടും യാഥാസ്ഥിതികത്വം സമ്മാനിച്ച സങ്കുചിതത്വം കൊണ്ടുമാണന്നു വെക്കാം. കാലപ്രവാഹത്തില്‍ ആ വിലക്ക് ഇല്ലാതെയായി. എന്നാല്‍ ഇന്നും വികസിത കേരളത്തില്‍ പുരുഷനും സ്ത്രീക്കും ഒരേ സീറ്റിലിരുന്ന് യാത്രചെയ്തുകൂട! ഒരു സ്ത്രീയ്‌ക്കോ പുരുഷനോ ഇതര ലിംഗത്തില്‍ പെട്ടവര്‍ക്ക് ലിഫ്റ്റ് കൊടുത്തുകൂട! അങ്ങനെ ചെയ്താല്‍ സദാചാര ഗുണ്ടകളോടു മാത്രമല്ല സാദാ പോലീസിനോടു പോലും സമാധാനം പറയേണ്ടിവരും. പോരാത്തതിന് 'അഭ്യുദയകാംക്ഷികള്‍' അവരുടെ കുടുംബവും കലക്കും. വികസനത്തിലും സംസ്‌ക്കാരത്തിലും കേരളത്തേക്കാള്‍ കാല്‍ നൂറ്റാണ്ടു പുറകില്‍ നില്‍ക്കുന്നു എന്ന് മലയാളികള്‍ പുച്ഛിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പുതന്നെ ഇതു സര്‍വസാധാരണമാണ്. വന്നുവന്ന് പൊതു പള്ളിക്കൂടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ചോറ്റുപാത്രത്തിലെ ഉള്ളടക്കത്തിനു പോലും നിയന്ത്രണമായി! ആരാണ് ഇതിന് ഉത്തരവാദി? വിലക്കുകള്‍ കൊണ്ടു പൊറുതിമുട്ടുന്ന കേരളം സമൂഹം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

ദീര്‍ഘദൃഷ്ടിയില്ലാതെ താല്‍ക്കാലിക ലാഭത്തിനായി വിലക്കുകളേര്‍പ്പെടുത്തിത്തുടങ്ങിയ സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവുമാണ് കേരളത്തെ 'അരുതള'മാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. തങ്ങളുടെ അദ്ധ്വാനഭാരം ലഘൂകരിക്കാന്‍ ഉദ്യോഗസ്ഥ-പോലീസ് മേധാവിത്വവും ഇതിനെ പ്രോല്‍സാഹിപ്പിച്ചു. 'സര്‍ക്കാര്‍വിലാസം' അരുതുകള്‍ വര്‍ദ്ധിച്ചതോടെ ആര്‍ക്കും എന്തിനും വിലക്കേര്‍പ്പെടുത്താമെന്ന സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. എറ്റവും രസകരമായ വസ്തുത, ഇത്തരം വിലക്കുകള്‍ അപ്രതീക്ഷിത ദിശകളില്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത് എന്നതാണ്. അതോടൊപ്പം ചെറുതും വലുതുമായ അഴിമതിക്കുള്ള അനന്തവിശാല സാദ്ധ്യതകളും. ഏതാനും ഉദാഹരണങ്ങള്‍കൊണ്ട് ഇതു വ്യക്തമാക്കാം.

1956-ലെ കേരളപ്പിറവി മുതല്‍ തുടങ്ങാം. അതിനുശേഷം കുറേക്കാലം തിരുവനന്തപുരം ജില്ലയില്‍ മാത്രം മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മൂന്നാം ക്ലാസ് ആയുര്‍വേദ രജിസ്േ്രടഷനുള്ള കുറേപ്പേര്‍ 'വിപ്ലവാരിഷ്ടം' എന്നൊരു പുതിയ 'യോഗം' കണ്ടെത്തി ലക്ഷാധിപതികളായി എന്നതായിരുന്നു ഇതിന്റെ ആത്യന്തികഫലം. നിയമം ലംഘിച്ചോ എന്നു 'മണത്തു പിടിച്ച' ഏമാന്മാരും ലേശം ചില്ലറ ഉണ്ടാക്കി. അതേ കാലത്തുതന്നെ നിരോധിച്ച ജില്ലാനന്തര അരി/നെല്ല് കടത്തിന് അകമ്പടി സേവിച്ച് ഇതു തടയാന്‍ രൂപീകരിച്ച ജനകീയ കമ്മറ്റികളും കാശുണ്ടാക്കി.

തിരുവല്ലയിലെ സര്‍ക്കാര്‍ ഷുഗര്‍ ഫാക്ടറിക്ക് അസംസ്‌കൃതവസ്തു ഉറപ്പാക്കാന്‍ അപ്പര്‍ കുട്ടനാട്ടിലെ ശര്‍ക്കര നിര്‍മ്മാണം നിരോധിച്ചു. കരിമ്പിനു വില കിട്ടാതെ വന്നപ്പോള്‍ കര്‍ഷകര്‍ കരിമ്പുകൃഷി നിര്‍ത്തി. ഫാക്ടറിയും പൂട്ടി. എല്ലാവര്‍ക്കും സന്തോഷം.കൊല്ലം ജില്ലയില്‍ കശുവണ്ടി വറുത്തുതല്ലി വില്‍ക്കുന്ന 'കുടിവറ' എന്ന കുടില്‍ വ്യവസായം നിരോധിച്ചു. കാരണം കശുവണ്ടി ഫാക്ടറികള്‍ക്ക് തോട്ടണ്ടി ലഭ്യമാക്കാന്‍! സ്വന്തം പുരയിടത്തിലെ കശുവണ്ടി മൂല്യവര്‍ദ്ധിത ഉത്പന്നമാക്കിയാല്‍ പാവം കര്‍ഷകന്‍ അകത്ത്! ഇന്ന് ഫാക്ടറി പ്രവര്‍ത്തിക്കണമെങ്കില്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യണം! സംഘടിത തൊഴിലാളി വര്‍ഗത്തിനുവേണ്ടി പാവം കര്‍ഷകന്റെ മനുഷ്യാവകാശം ലംഘിച്ചതില്‍ ആര്‍ക്കും പരാതിയില്ല!

ഇനി വര്‍ത്തമാന കാലത്തിലേയ്ക്കു വന്നാല്‍ അത്യന്തം രസകരമായ സര്‍ക്കാര്‍വിലാസം അരുതുകളുടെ ഒരു പരമ്പര തന്നെ കാണാം. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തുന്ന ആനവണ്ടിയെ രക്ഷിക്കാന്‍ പ്രധാന റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ നിരോധിച്ചു. യാത്രക്കാരന്റെ ക്ലേശം വര്‍ദ്ധിച്ചതല്ലാതെ കെടുകാര്യസ്ഥതയുടെ ബ്രാന്‍ഡ് അംബാസിഡറായ കെ എസ് ആര്‍ ടി സി ഇതുകൊണ്ടു രക്ഷപെട്ടില്ലന്നും രക്ഷപെടില്ലെന്നും കേരളത്തിലെ ഏതു കൊച്ചുകുട്ടിക്കും അറിയാം.

പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ ഒറ്റയ്ക്കു സിനിമാ കാണരുതെന്ന് പോലീസ് ഏമാന്‍! പിന്നെന്തിനാണാവോ സെന്‍സര്‍ ബോര്‍ഡ് 'എ' എന്നും 'യു' എന്നും വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ സിനിമയ്ക്കു നല്‍കുന്നത്? മുമ്പൊരിക്കല്‍ മുഖം മറയുന്ന ഹെല്‍മറ്റ് വെച്ച് ഒരാള്‍ കേരളത്തിലെ ബാങ്ക് കൊള്ളയടിച്ചപ്പോള്‍ അത്തരം ഹെല്‍മറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതും ഇതേ മഹാന്മാരാണ്!

പായ്ക്കുചെയ്ത ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ വിപണനം കേരളത്തില്‍ നിരോധിച്ചു. നല്ലകാര്യം. അഞ്ചു രൂപയ്ക്ക് - അതില്‍ പകുതിയോളം കേരള സര്‍ക്കാരിനുള്ള നികുതിയാണ് - ലഭിച്ചിരുന്ന ഉല്‍പ്പന്നം ഇന്നും മാര്‍ക്കറ്റില്‍ സുലഭം! വില 20 രൂപ! കേരള സര്‍ക്കാരിന് നികുതി നഷ്ടം! ഉപഭോക്താവിന് ധനനഷ്ടം!മുട്ടിനുമുട്ടിനു ദേവാലയങ്ങളും അതില്‍ക്കൂടുതല്‍ വിദ്യാലയങ്ങളുമുള്ള കേരളത്തില്‍ മദ്യവും പുകയിലയും അവയുടെ ചുറ്റുവട്ടത്ത് വില്‍ക്കാന്‍ പാടില്ല! എന്തു പ്രയോജനം? പകരം എവിടെയാണെങ്കിലും നിശ്ചിത പ്രായത്തില്‍ താഴെയുള്ളവര്‍ക്ക് ഇത് വിറ്റാല്‍ കഠിനശിക്ഷ നല്‍കുകയാണെങ്കിലോ? അത് നടപ്പാക്കാന്‍ സ്വല്‍പ്പം പ്രയ്ത്നം ആവശ്യമുണ്ട്. അല്ലെങ്കില്‍ത്തന്നെ വിവിധയിനം മയക്കുമരുന്നുകള്‍ സുലഭമായി ലഭിക്കുമ്പോള്‍ ആര്‍ക്കുവേണം മദ്യവും പുകയിലയും? ഇതു തടയാന്‍ എക്സൈസിനോ പോലീസിനോ സമയമില്ല.

തരംതാണ പബ്ലിസിറ്റി കിട്ടാന്‍ ഇന്ന് കേരളത്തില്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഏതെങ്കിലും ഒരു പുതിയ 'അരുത്' അവതരിപ്പിക്കുകയാണ്. ഈയിടെ ഒരു മഹാന്‍, വര്‍ദ്ധിച്ചുവരുന്ന തട്ടിപ്പുകളും പീഡനങ്ങളും തടയാന്‍ പൊതുസ്ഥലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നു പത്രാധിപര്‍ക്കു കത്തെഴുതി! 'എന്നാല്‍പ്പിന്നെ ലാന്റ്ഫോണ്‍ പോരേ' എന്ന മറുചോദ്യം ആരോടു ചോദിക്കാന്‍?

അരുതുകള്‍ അടിച്ചേല്‍പ്പിക്കുന്നതു കൂടാതെ അതു വിജയിപ്പിക്കാന്‍ എന്തു വിഡ്ഢിത്തം എഴുന്നള്ളിക്കാനും ഈ മഹാന്മാര്‍ക്ക് മടിയില്ല. ലോകത്തൊരിടത്തും വിജയിക്കാത്ത മദ്യ നിരോധനം കേരളത്തില്‍ വിജയിപ്പിക്കാന്‍ കേന്ദ്രഭരണപ്രദേശമായ മാഹി കേരളത്തില്‍ ലയിപ്പിക്കണമെന്ന് ഉത്തരവാദിത്തപ്പെട്ട ഒരു വിദ്വാന്‍ ഈയിടെ 'ആധികാരികമായി'തട്ടിവിട്ടു! അങ്ങനെയെങ്കില്‍ കര്‍ണ്ണാടകത്തിലേയും തമിഴ്നാട്ടിലേയും അനേക ജില്ലകള്‍ കൂടി കേരളത്തില്‍ ലയിപ്പിക്കേണ്ടിവരും. എന്നാലും പ്രശ്നം തീരുകയുമില്ല.മദ്യനിരോധനം കൊണ്ട് എന്തു നേടി? നിരോധനം കൊണ്ട് മദ്യ വില്‍പ്പന കുറഞ്ഞിട്ടില്ലെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പക്ഷേ ഇക്കാലത്ത് മയക്കുമരുന്നു കേസുകളുടെ എണ്ണം മൂന്നിരട്ടിയായെന്നു സര്‍ക്കാര്‍ തന്നെ പറയുന്നു. അപ്പോള്‍ അതിന്റെ യഥാര്‍ത്ഥ വ്യാപാരം എത്ര മടങ്ങ് ആയിരിക്കും? കൂടാതെ സെക്കന്റ്സ് വില്‍പ്പന, മറിച്ചുവില്‍പ്പന, ക്യൂ നില്‍പ്പുമാഫിയ ഇവയൊക്കെയും ഇക്കാലത്ത് ക്രമാതീതമായി വര്‍ദ്ധിച്ചു. ഇവ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ വേറയും. പോരാത്തതിന് കേരളത്തിലേയ്ക്ക് വ്യാജമദ്യവും സ്പിരിറ്റും ഒഴുകുന്നത് കിലോലിറ്റര്‍ കണക്കിനാണ്. ഇതിനേക്കാള്‍ ഉപരി കേരളത്തിലെ ഒരു പ്രശസ്ത സിനിമാനടന്‍ പറഞ്ഞതുപോലെ ബാറുകള്‍ നിര്‍ത്തലാക്കിയതോടെ അച്ഛന്റെ കൂടെ മദ്യപിക്കാന്‍ വീട്ടിലെത്തുന്ന അങ്കിളുമാരെ പെണ്‍കുട്ടികള്‍ പേടിക്കേണ്ട സാഹചര്യവും ഉടലെടുക്കും.

അരുതുകളാണ് അഴിമതിക്കു വളം വയ്ക്കുന്നത്. 'ഘട്ടംഘട്ടമായി പൂട്ടുന്ന' ബിവറേജസ് ഔട്ട്ലറ്റുകള്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം. 'വേണ്ടപ്പെട്ട' ബാറുകളുടെ - ഇപ്പോള്‍ ബിയര്‍ പാര്‍ലര്‍ - ബിസിനസ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പൂട്ടാനുള്ള ലിസ്റ്റ് തയാറാക്കിയതെന്ന് കേരളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ വിശദമായി റിപ്പോര്‍ട്ടു ചെയ്തത് സമീപകാലത്താണ്. അരുതിന്റെ അഴിമതിപര്‍വം! ഇനി അപ്രായോഗികമായ ചില അരുതുകള്‍ ഉണ്ട്. ഉദാഹരണത്തിനു റോഡരികില്‍ മൂത്രം ഒഴിക്കരുത്! നഗരങ്ങളിലെങ്കിലും അതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോ? ദോഷം പറയരുത്. അപരിഷ്‌കൃതമെന്നു മലയാളി വിശേഷിപ്പിക്കുന്ന പല ഉത്തരേന്ത്യന്‍ ഉള്‍നാടന്‍ നഗരങ്ങളിലും നാമമാത്രമായി പുരുഷന്മാര്‍ക്കുള്ള മൂത്രപ്പുരകള്‍ എങ്കിലും ഒരോ അര കിലോമീറ്ററിലും ഉണ്ട്! മറ്റൊന്ന്, പൊതുസ്ഥലത്ത് മാലിന്യം ഇടരുത്. ഇവിടെയും ചോദ്യം സര്‍ക്കാരിനോടാണ്. മാലിന്യം ശേഖരിയ്ക്കാനും നീക്കം ചെയ്യാനും മതിയായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ?

രാത്രി 10 മണിക്കുശേഷം തട്ടുകടകള്‍ പ്രവര്‍ത്തിക്കരുതെന്നു പോലീസ്. കാരണം, അവിടെ സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നു. പിന്നെ പോലീസ് പെട്രോളിങ്ങിന് എന്താ പണി എന്നു മറുചോദ്യം. അതേപോലെ രാത്രി യാത്രക്കാര്‍ എങ്ങനെ ഭക്ഷണം കഴിക്കും? സമീപ സംസ്ഥാനങ്ങളില്‍ രാത്രി മുഴുവന്‍ തുറന്നിരിക്കുന്ന തട്ടുകടകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഹര്‍ത്താല്‍ദിനം വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന നേതാവ് പാര്‍ട്ടിക്കൊടിവെച്ച മുന്തിയ കാറില്‍ കേരളം മുഴുവന്‍ കറങ്ങും. വലയുന്നത് പാവം ജനം.

സര്‍ക്കാര്‍വിലാസം അരുതുകളുടെ പുറമേയാണ് മത-സാമുദായിക നേതാക്കളുടെ അരുതുകള്‍. സ്വസമുദായത്തെ അന്ധകാരയുഗത്തിലേയ്ക്കു മടക്കിക്കൊണ്ടുപോകാന്‍ ഇന്ന് കേരളത്തിലെ എല്ലാ മതനേതാക്കളും മല്‍സരിക്കുകയാണ്. കഴിഞ്ഞ രണ്ടു വ്യാഴവട്ടമേ ആയിട്ടൊള്ളു ഈ പ്രവണത ഉടലെടുത്തിട്ട്. ഓണം ഉണ്ണരുത്, ക്രിസ്തുമസ് കേക്ക് തിന്നരുത്, പായസം കുടിക്കരുത്, പോത്ത് കൂട്ടരുത്, നിലവിളക്ക് കത്തിക്കരുത്, ചെണ്ട കൊട്ടരുത്, അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുത്, അവയില്‍ സഹകരിക്കുകയോ സംഭാവന നല്‍കുകയോ ചെയ്യരുത്, സ്വമത ആഘോഷങ്ങളില്‍ ഇതരമതസ്ഥരെ പങ്കെടുപ്പിക്കരുത്, കൈയ്യിറക്കം കുറഞ്ഞ കുപ്പായമോ ജീന്‍സോ സ്ത്രീകള്‍ ധരിക്കരുത്. അങ്ങനെ അനേകമനേകം അരുതുകള്‍ ദിനംപ്രതി പുറപ്പെടുവിക്കുന്നു. അങ്ങേയറ്റം പുരുഷ ഗൈനക്കോളജിസ്റ്റിനെ കാണുന്നതും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്നതും വരെ ഇന്ന് കേരളത്തില്‍ വിലക്കപ്പെട്ടവയുടെ പട്ടികയിലെത്തി. സ്ത്രീകള്‍ രാത്രി ജോലിക്കു പോകരുതെന്നു വിലക്കുന്ന സദാചാരഗുണ്ടയും, സ്ത്രീകള്‍ ജോലിക്കേ പോകരുതെന്നു പറയുന്ന മതനേതാവും ഒരേതരമാണ്. മതാന്ധന്മാരുടെ ഈ 'അരുത്' മല്‍സരത്തിലെല്ലാം ആത്യന്തികമായി ബലിയാടാവുന്നത് സ്ത്രീകളാണ്. അവരുടെ അവകാശങ്ങളാണ് ബലികഴിക്കപ്പെടുന്നത്. വസ്ത്ര-ഭക്ഷണ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെല്ലാം അവരുടെ തുല്യനീതി നിഷേധിക്കപ്പെടുകയാണ് ഇതുമൂലം സംഭവിക്കുന്നത്. വന്നുവന്ന് പ്രായപൂര്‍ത്തി വോട്ടവകാശമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ ലിംഗത്തില്‍പ്പെട്ടവരുമായി സംസാരിക്കുന്നതിനു പോലും വിലക്കുവീണു. ഇത് മൗലികാവകാശ ലംഘനമല്ലെങ്കില്‍പ്പിന്നെ മറ്റെന്താണ്?

അരുതുകള്‍ ഒന്നിനും പരിഹാരമല്ല. അതു കൂടുതല്‍ നിയമലംഘനങ്ങള്‍ക്കു വഴിവെക്കുകയേ ഉള്ളൂ. ഒരു പരിഷ്‌കൃത സമൂഹത്തെ ഭീകര ഭരണത്തിലെത്തിക്കാനും അഴിമതിയും നിയമലംഘനവും വളര്‍ത്തുവാനുമേ അത് ഉപകരിക്കൂ. അതിന് ഇത്തരം സര്‍ക്കാര്‍വിലാസം അരുതുകള്‍ ആദ്യം എടുത്തുകളയണം. എങ്കിലേ കേരളം രക്ഷപെടൂ. അങ്ങനെ മാത്രമേ നൂറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്ത സാംസ്‌കാരികോന്നതി നിലനിര്‍ത്താന്‍ കേരളത്തിനാവു. മാറിമാറി വരുന്ന നട്ടെല്ലില്ലാത്ത സര്‍ക്കാരുകള്‍ വോട്ട് ബാങ്ക് സംരക്ഷിക്കുവാനും ഉള്‍പ്പാര്‍ട്ടി കലഹങ്ങള്‍ വഴിതിരിച്ചുവിടാനും പ്രവര്‍ത്തനപ്പിഴവുകള്‍ മൂടിവയ്ക്കുവാനും അരുതുകള്‍കൊണ്ട് കേരളത്തെ വരിഞ്ഞുകെട്ടുകയാണ്. അതിനാല്‍ നവീന മതപാഷാണ്ഡന്മാരുടെ നീതിനിഷേധത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കാവില്ല. വിലക്കുകള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന കേരളത്തിന് നഷ്ടമാവുന്നത് രണ്ടര സഹസ്രാബ്ദക്കാലത്തെ സാര്‍വലൗകീകത. ഇനി കേരളത്തെ 'അരുതളമാക്കി' പുനര്‍നാമകരണം ചെയ്യുക മാത്രമാണ് കരണീയം.

വാല്‍ക്കഷണം - ലോകത്തിലെ ഏതാണ്ട് എല്ലാ മതങ്ങളും അതിന്റെ പ്രഭവകാലത്തുതന്നെ കേരളത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ മതനേതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്കുകളില്ലാതെ മതവിശ്വാസികളായിത്തന്നെയാണ് അവര്‍ സഹസ്രാബ്ദങ്ങള്‍ ഇവിടെ കഴിഞ്ഞത്. അവരാരും ഈശ്വരസാക്ഷാത്ക്കാരം നേടുകില്ലേ? അന്നൊന്നും അവരെ 'നേര്‍വഴിനടത്താന്‍' മതപണ്ഡിതര്‍ ഇവിടെ ഇല്ലായിരുന്നോ?