പുതുവൈപ്പ് വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന്റെ ഗൂഢാലോചനയോ?

സമിതിയുടെ കണ്ടെത്തലിലെ വസ്തുതകൾ പോലും അവഗണിച്ചു കൊണ്ട് ഈ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ അത് വലിയ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക.

പുതുവൈപ്പ് വിദഗ്ധ സമിതി റിപ്പോർട്ട്  സർക്കാരിന്റെ ഗൂഢാലോചനയോ?

പുതുവൈപ്പിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഐ ഓ സി പദ്ധതി നിയമ വിരുദ്ധമായാണ് നടപ്പാക്കുന്നതെന്ന് തെളിഞ്ഞു. വിദഗ്ധ സമിതി റിപ്പോർട്ടിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടിലെ കാര്യങ്ങൾ വെളിവാക്കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയും സി ആർ സെഡ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുമാണ് പ്രവർത്തനം തുടങ്ങിയതെന്നാണ്. പുതുവൈപ്പിലെ ഐ ഓ സി പ്ലാന്റിനെതിരെ സമരം ചെയ്യുന്ന ജനങ്ങൾ ഇത് നേരത്തെ പരാതിപ്പെട്ടിട്ടുള്ളതാണ്. ജനവാസ കേന്ദ്രമായതുകൊണ്ടും അപകടം വളരെ കൂടുതലായതു കൊണ്ടും സുരക്ഷ ഉൾപ്പെടെയുള്ള ഒരുറപ്പും ഇല്ലാത്തതു കൊണ്ടും ഈ പദ്ധതി ഇവിടെ വേണ്ട എന്നാണ് പുതുവൈപ്പിലെ ജനത നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്. അതേ സമയം, വിദഗ്ധ സമിതി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിശോധിച്ചാൽ സമര സമിതി നേരത്തെ ഉന്നയിച്ച വിഷയങ്ങളിൽ ചിലത് അതിൽ ആവർത്തിച്ചിട്ടുള്ളത് കാണാം. പദ്ധതി നടപ്പാക്കാനുള്ള നിർദ്ദേശങ്ങൾ മാത്രമേ അതിൽ മുന്നോട്ടു വെച്ചിട്ടുള്ളൂ.

പുതുവൈപ്പിനെ പലരുമറിയുന്നത്, അവിടെ സമരക്കാർക്കെതിരെ നടത്തിയ പൊലീസ് ഭീകരതയിലൂടെ മാത്രമാണ്. എന്നാൽ അതിനപ്പുറം നിരന്തരം നിയമ ലംഘനങ്ങളുടെയും അവകാശ ലംഘനങ്ങടെയും നീണ്ട നിര തന്നെ അവിടെ നടന്നിട്ടുണ്ട്. അതും സമര സമതി നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്ന വിഷയമാണ്. സർക്കാരോ പൊതു സമൂഹമോ അതു കേട്ടതായി ഭാവിച്ചിട്ടില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിൽ നിന്നും IOCL വിവിധ അനുമതികളും സമ്മത പത്രങ്ങളും വാങ്ങിയിട്ടില്ല എന്നുള്ളത്.

കമ്പനി ഇത് ജനങ്ങളിൽ നിന്ന് മറച്ചു വെക്കുകയും വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെയും നിയമ വ്യവസ്ഥയെയും പറ്റിക്കുകയായിരുന്നു. പലരും പ്രചരിപ്പിക്കുന്നതു പോലെ വൈപ്പിനിൽ നടക്കുന്ന സമരം ഏതോ 'പുറമ്പോക്ക് കോളനി' ഒഴിപ്പിക്കുന്ന വിഷയമായോ മത്സ്യത്തൊഴിലാളികൾ നടത്തുന്ന അവകാശ സമരമായോ മാത്രം കാണേണ്ടതല്ല. അവർ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് നിയമം നടപ്പിലാക്കണമെന്നാണ്.

വൈപ്പിൻകാരെ വികസന വിരോധികളും മാവോയിസ്റുകളുമാക്കി മുദ്രകുത്തിക്കൊണ്ടു കമ്പനിക്ക് അനുകൂലമായ നിലപാടാണ് ഭരണവർഗ്ഗ പാർട്ടികളും സർക്കാരും എടുത്തുകൊണ്ടിരിക്കുന്നത്. ഒരർത്ഥത്തിൽ അവർക്ക് ഏറ്റ തിരിച്ചടികൂടിയാണ് ഈ റിപ്പോട്ടിലെ ചില വസ്തുതകൾ.

വേലിയേറ്റ മേഖലയിൽ നിന്നും 200 മീറ്റർ അകലം പാലിച്ചിട്ടില്ലെന്നും അത് പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ആ പ്രദേശത്തുനിന്ന് ഇത് മാറ്റുവാൻ സർക്കാർ തയ്യാറാവണം. സി ആർ സെഡ് ഉം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും ഒക്കെത്തന്നെ നിർദ്ദേശങ്ങളും ചട്ടങ്ങളും മുന്നോട്ടു വച്ചിട്ടും എന്തുകൊണ്ട് സർക്കാർ അതിനു തയ്യാറാവുന്നില്ല എന്നത് സമരക്കാർ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യമാണ്.

കേവലം മത്സ്യത്തൊഴിലുമായി ബന്ധപ്പെട്ട പ്രശനമല്ല ഇവിടെയുള്ളതെന്നു പുതുവൈപ്പുകാർ അസന്നിഗ്ധമായി പറയുന്നു. അവരുമായി ബന്ധപ്പെട്ടിരിക്കുന്ന നിരവധി മേഖലയും വ്യവഹാരങ്ങളും ജീവിതവുമെല്ലാം ഉൾച്ചേർന്നിരിക്കുന്നതിനാലാണത്. വിശാലമായ അർത്ഥത്തിൽ, ഒരാവാസ വ്യവസ്ഥയുടെ മൊത്തത്തിലുള്ള നിലനിൽപ്പുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രശ്‌നമാണ്- പാരിസ്ഥിതിക പ്രശ്‌നമാണ്, സാമൂഹ്യ പ്രശ്നമാണ്, അതിജീവന പ്രശ്നമാണ്.

എട്ടു വർഷമായി പുതുവൈപ്പിൻ ജനത സമരത്തിലാണ്. മാറി മാറി വന്ന സർക്കാരുകളൊക്കെ ഇത് കണ്ടില്ലെന്നു നടിക്കുക മാത്രമല്ല, പദ്ധതിയുമായി മുന്നോട്ടു പോകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. പിണറായി വിജയൻ സർക്കാരും ഇതിൽ നിന്ന് പിന്നോട്ടല്ല എന്ന കാര്യം വ്യക്തമാക്കുന്നതാണ് വൈപ്പിൻ സമരത്തെ തുടർന്നുള്ള പൊലീസ് നടപടികളിൽ നാം കണ്ടിട്ടുള്ളത്.

നടപ്പിലാക്കാൻ വേണ്ടി നിർദ്ദേശിക്കപ്പെട്ടതെങ്കിലും സമിതിയുടെ കണ്ടെത്തലിലെ വസ്തുതകൾ പോലും അവഗണിച്ചു കൊണ്ട് ഈ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ അത് വലിയ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക.

Read More >>