പശുവിനു നമ്മുടെ ദേശീയമൃഗമാകാനുള്ള യോഗ്യതയുണ്ടോ: വസ്തുതകൾ സംസാരിക്കട്ടെ

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ട യാതൊരു സാഹചര്യവും രാജ്യത്ത് ഇല്ലെന്നിരിക്കെ ഒരു വിഭാഗം ജനങ്ങളുടെ മാത്രം വിശ്വാസത്തിന്‍റെ പേരില്‍ നിശ്ചയിക്കപ്പെടേണ്ടതാണോ നമ്മുടെ ദേശീയമൃഗം? തെറ്റായ പ്രചരണത്തിലൂടെ ഇക്കൂട്ടര്‍ രാജ്യത്തിന്‍റെ പൊതുതാല്പര്യത്തിനു വേണ്ടിയാണോ നിലകൊള്ളുന്നത്? -വിപിൻ രാജ് എഴുതുന്നു.

പശുവിനു നമ്മുടെ ദേശീയമൃഗമാകാനുള്ള യോഗ്യതയുണ്ടോ: വസ്തുതകൾ സംസാരിക്കട്ടെ

വിപിൻ രാജ്

പശുവിനെ നമ്മുടെ ദേശീയ മൃഗമാക്കണോ? ചോദ്യം കേട്ടാല്‍ ചിലര്‍ക്കെങ്കിലും സ്വാഭാവികമായും തോന്നും എന്തുകൊണ്ട് ആയിക്കൂടാ എന്ന്!

എന്നാല്‍ സ്ഥിതിഗതികള്‍ അല്പസ്വല്പം പഠിച്ചിട്ട് നമുക്ക് അഭിപ്രായം പറഞ്ഞാലോ?

ഇന്ത്യയുടെ ദേശീയമൃഗം കടുവയാണല്ലോ (ബംഗാൾ കടുവ) ? എന്നാല്‍ എല്ലാക്കാലത്തും കടുവ ആയിരുന്നോ? സ്വാതന്ത്ര്യം കിട്ടിയ കാലം മുതലെങ്കിലും കടുവ ആയിരുന്നോ നമ്മുടെ ദേശീയമൃഗം?

അല്ല!

1972 വരെ സിംഹം ആയിരുന്നു നമ്മുടെ ദേശീയമൃഗം. പിന്നീട് അത് കടുവയായത് കടുവ ഏതെങ്കിലും ദൈവത്തിന്റെ വാഹനമോ മറ്റോ ആയതുകൊണ്ടായിരുന്നില്ല. അതിന് വ്യക്തമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.

1973 ലാണ് ബംഗാൾ കടുവയെ ദേശീയമൃഗമായി പ്രഖ്യാപിക്കുന്നത്. പല്ലിനു വേണ്ടിയും നഖത്തിനു വേണ്ടിയും തോലിനു വേണ്ടിയുമെല്ലാം വന്‍ തോതില്‍ വേട്ടയാടപ്പെട്ട മൃഗമായിരുന്നു ഈ കടുവകള്‍. അതിന്‍റെ ഫലമായി എണ്ണത്തില്‍ ക്രമാതീതമായ കുറവ് സംഭവിച്ച് വംശം തന്നെ ഇല്ലാതായിപ്പോകുന്ന സ്ഥിതിവിശേഷം ആയിരുന്നു രാജ്യത്ത്. പ്രകൃതിയുടെ ശൃഖലയില്‍ കടുവയുടെ പ്രാധാന്യം അറിയാത്തവരല്ലല്ലോ നമ്മള്‍. പ്രധാനമായും ഇന്ത്യയിലും ബംഗ്ലാദേശ്ലിലും കാണപ്പെടുന്ന കടുവകളുടെ ഒരു ഉപവിഭാഗമാണ് ബംഗാൾ കടുവ (Panthera tigris tigris or Panthera tigris bengalensis).

ബംഗാൾ കടുവയെ ദേശീയമൃഗമായി പ്രഖ്യാപിച്ച അതേ വര്‍ഷം തന്നെയാണ് കടുവകളെ സംരക്ഷിക്കുന്നതിനു വേണ്ടിയും വംശവര്‍ദ്ധനവിനു വേണ്ടിയും ടൈഗര്‍ റിസര്‍വ് പ്രോജക്റ്റുകള്‍ ഇന്ത്യയൊട്ടാകെ ആരംഭിച്ചത്. കൂടാതെ കടുവയെ വേട്ടയാടുന്നതിന് കടുത്ത ശിക്ഷയും ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തി.

വളരെ വലിയ പരിശ്രമങ്ങള്‍ക്കൊടുവിലാണെങ്കില്‍ പോലും പ്രതീക്ഷ നല്‍കുന്ന ഫലം ഉണ്ടായി. രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി. ഏറ്റവുമൊടുവില്‍ പാര്‍ലമെന്റിൽ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 2010 വര്‍ഷത്തെയപേക്ഷിച്ച് 2014 ആയപ്പോള്‍ കടുവകളുടെ എണ്ണത്തില്‍ 30% വര്‍ദ്ധനവുണ്ടായി എന്നാണ്. എന്നാല്‍ അങ്ങനെ പറയുമ്പോള്‍ പോലും നീണ്ട 45 വര്‍ഷത്തെ പ്രയത്നത്തിനൊടുവിലും ഇന്നും രാജ്യത്ത് കേവലം 2300 ല്‍ താഴെ കടുവകള്‍ മാത്രമാണ് ഉള്ളത് എന്നത് 1972 ലെ അവസ്ഥ എത്ര പരിതാപകരമായിരുന്നിരിക്കും എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലും കടുവ സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ ഫലം കാണുന്നുണ്ടെങ്കിലും രാജ്യം ഇനിയും അതിന്‍റെ പൂര്‍ണ്ണമായ ലക്ഷ്യത്തിലെത്തുന്നതേയുള്ളൂ. അതിനിടയ്ക്കാണ് ഒരു വിഭാഗം ജനങ്ങള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയര്‍ത്തുന്നത്.

പശുവിനെ ദേശീയമൃഗമാക്കുന്നതില്‍ ആര്‍ക്കാണ് എതിര്‍പ്പ്. സിംഹമായാലും കടുവയായാലും പശുവായാലും എല്ലാം മൃഗങ്ങള്‍ തന്നെയാണ്. സംശയമില്ല. എന്നാല്‍ ചോദ്യം ഇതാണ്. സിംഹത്തെ മാറ്റി കടുവയെ ദേശീയമൃഗമായി പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തിന് സുവ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കുക എന്ന വലിയൊരു ഉത്തരവാദിത്തം നമുക്ക് മുന്നിലുണ്ടായിരുന്നു. ഈ ഉപഭൂഖണ്ഡത്തിന്റെ അവകാശിയായ സ്പീഷീസിനെ സംരക്ഷിക്കുക എന്ന വലിയ ഉദ്ദേശ്യമുണ്ടായിരുന്നു. അല്ലാതെ കടുവയെ ആരെങ്കിലും ആരാധിച്ചിരുന്നതിന്‍റെ പേരിലോ സംസ്ക്കാരത്തിന്‍റെ പേരിലോ ആയിരുന്നില്ല.

എന്നാല്‍ കടുവയ്ക്ക് പകരം പശുവിനെ നിര്‍ദ്ദേശിക്കുന്നവരുടെ താല്പര്യം എന്താണ്? വിശ്വാസത്തിന്‍റെ പേരിലാണെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും രാജ്യത്ത് മാംസാഹാരികള്‍ ഇറച്ചിക്ക് വേണ്ടി അമിതമായി മൃഗങ്ങളെ കൊല്ലുന്നതിന്‍റെ ഫലമായി രാജ്യത്ത് കന്നുകാലികളുടെ (പ്രത്യേകിച്ച് പശു) എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നും അത് കൃഷിക്ക് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമാണ് തല്പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഇതിന്‍റെ വാസ്തവം അന്വേഷിച്ചാല്‍ സ്ഥിതിഗതികള്‍ നേരെ മറിച്ചാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

ഏറ്റവുമൊടുവില്‍ പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ലൈവ്സ്റ്റോക്കിന്റെ എണ്ണത്തില്‍ വര്‍ഷാവര്‍ഷങ്ങളില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 1951 ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം 198.7 മില്ല്യണ്‍ കന്നുകാലികള്‍ രാജ്യത്തുണ്ടായിരുന്നെങ്കില്‍ 2012 ആകുമ്പോള്‍ അത് 299.6 മില്ല്യണില്‍ എത്തി നില്‍ക്കുന്നു. ഇനി പശു മാത്രമായി എടുത്താല്‍ പോലും 1951 ലെ 54.4 മില്ല്യണില്‍ നിന്നും 76.7 മില്ല്യണായി വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് ഔദ്യോഗിക സ്ഥിതിവിവര കണക്കിൽ നിന്ന് ബോധ്യമാകും. ഇനി മറ്റു പ്രധാനപ്പെട്ട വിഭവങ്ങളായ ആട്, പന്നി തുടങ്ങിയവ പരിശോധിച്ചാലും അങ്ങനെ തന്നെ. ജനസംഖ്യയിലും മാംസോപയോഗത്തിലും ഉണ്ടായ ഗണ്യമായ വര്‍ദ്ധനവിന് ഉപരിയാണിതെന്നോര്‍ക്കണം.!!

ഇനി പറയൂ- പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ട യാതൊരു സാഹചര്യവും രാജ്യത്ത് ഇല്ലെന്നിരിക്കെ ഒരു വിഭാഗം ജനങ്ങളുടെ മാത്രം വിശ്വാസത്തിന്റെ പേരില്‍ നിശ്ചയിക്കപ്പെടേണ്ടതാണോ നമ്മുടെ ദേശീയമൃഗം? തെറ്റായ പ്രചരണത്തിലൂടെ ഇക്കൂട്ടര്‍ രാജ്യത്തിന്‍റെ പൊതുതാല്പര്യത്തിനു വേണ്ടിയാണോ നിലകൊള്ളുന്നത്?