അറബ് ശീതയുദ്ധം; അമേരിക്കയോ യൂറോപ്പോ മദ്ധ്യസ്ഥം പറയില്ല

ലെബനീസ് കോളമിസ്റ്റ് ആയ ഹിഷാം മെല്‍ഹന്‍ ട്വീറ്റ് ചെയ്തത് പുതിയ അറബ് ശീതയുദ്ധത്തില്‍ അമേരിക്കയില്‍ നിന്നോ യൂറോപ്പില്‍ നിന്നോയുള്ള മദ്ധ്യസ്ഥം പറച്ചില്‍ പ്രതീക്ഷിക്കണ്ട എന്നാണ്. ജിസിസിയില്‍ തന്നെ രാഷ്ട്രീയവും സൈനികവുമായ സഹകരണം സൗദി അറേബ്യയും യുഏഇയും തമ്മില്‍ മാത്രമേയുള്ളൂ. ഖത്തറിന് അടുപ്പം തുര്‍ക്കിയുമായാണ്. കുവൈറ്റിന് അടുപ്പം ഇറാനുമായിട്ടാണ് - പ്രവാസി മാദ്ധ്യമപ്രവർത്തകനായ റെജിമോൻ കുട്ടപ്പൻ എഴുതുന്നു.

അറബ് ശീതയുദ്ധം; അമേരിക്കയോ യൂറോപ്പോ മദ്ധ്യസ്ഥം പറയില്ല

ഗള്‍ഫ് രാജ്യങ്ങളിലെ ജിസിസി നിക്ഷേപമുള്ള ഇന്ത്യന്‍ ബിസിനസ്സുകാരും സാമ്പത്തികശാസ്ത്ര വിദഗ്ധരും ആശങ്കയിലാണ്. സൗദി അറേബ്യയും യുഎഇയും ഈജിപ്റ്റും ഖത്തറുമായുള്ള ആകാശമാര്‍ഗവും കടല്‍ മാര്‍ഗവുമുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ചതാണ് കാരണം.

'ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. ഗള്‍ഫിലെ ഞങ്ങളുടെ നിക്ഷേപങ്ങളെ ഇതെങ്ങിനെ ബാധിക്കുമെന്ന് അറിയില്ല. പല ബിസിനസ്സുകാര്‍ക്കും ഒന്നിലധികം രാജ്യങ്ങളില്‍ നിക്ഷേപമുണ്ട്. എന്താണ് ചുരുളഴിയുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍,' മസ്‌കറ്റിലെ ഒരു ഇന്ത്യന്‍ സാമ്പത്തികശാസ്ത്ര വിദഗ്ധന്‍ പറഞ്ഞു.

സര്‍ക്കാരുകള്‍ തങ്ങളുടെ അമ്പാസഡര്‍മാരെ തിരികെ വിളിച്ചെങ്കിലും സാമ്പത്തിക സഹകരണത്തിനുള്ള ജിസിസി കരാറുകളെ അത് ബാധിക്കില്ലെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

'ഈ രാജ്യങ്ങള്‍ ജിസിസിയുടെ ഭാഗമായിരിക്കുന്നത് വരെ അത്തരം കരാറുകള്‍ പ്രതീക്ഷ നല്‍കുന്നവയാണ്. അതുകൊണ്ട് അമ്പാസഡര്‍മാരെ തിരിച്ച് വിളിയ്ക്കുന്നതോ എംബസ്സികള്‍ അടയ്ക്കുന്നതോ ഉടനടിയുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ല. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബന്ധങ്ങളെ ബാധിക്കും. ഒമാനും കുവൈത്തും ഇരുകൂട്ടരേയും വിളിച്ച് പ്രശ്‌നങ്ങള്‍ ശാന്തമാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ കോലാഹലങ്ങള്‍ ഇല്ലാതായേക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.

പുതിയ പ്രതിസന്ധി കാരണം ഖത്തറിലേയും ആറ് രാജ്യങ്ങളുടെ ഗള്‍ഫ് കോപറേഷന്‌റെയും സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ താഴേയ്ക്ക് പോകാനിടയുണ്ട്.

'ഇന്ന് സ്‌റ്റോക്കുകള്‍ താഴേയ്ക്കാനാന്‍ സാധ്യതയുണ്ട്. 2014 ല്‍ സമാനമായ ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ ഖത്തര്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് 2.30 ശതമാനം താണിരുന്നു. ആഴ്ചകളെടുത്താണ് പഴയ നിലയിലെത്തിയത്,' മസ്‌കറ്റിലെ ഒരു ട്രേഡര്‍ പറഞ്ഞു.

അതേ സമയം, ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സെന്‌ററുകളുള്ള ഒരു ആശുപത്രി ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച് അവര്‍ ആശങ്കാകുലരും സര്‍ക്കാരിന്‌റെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുകയുമാണ്. കടുത്ത നടപടികള്‍ ഉണ്ടാവില്ലെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

ഏപ്രിലില്‍ മാത്രം 335 ലക്ഷം കോടി ഡോളറിന്‌റെ ആസ്തിയും 2.7 ദശലക്ഷം ഡോളറിന്‌റെ കരുതല്‍ മൂലധനവും വിശാലമായ തുറമുഖസൗകര്യങ്ങളും ഉള്ള ഖത്തറിന് ഈ ആഘാതത്തിനെ സാമ്പത്തികപ്രശ്‌നങ്ങളില്ലാതെ തന്നെ മറികടക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ലെബനീസ് കോളമിസ്റ്റ് ആയ ഹിഷാം മെല്‍ഹന്‍ ട്വീറ്റ് ചെയ്തത് പുതിയ അറബ് ശീതയുദ്ധത്തില്‍ അമേരിക്കയില്‍ നിന്നോ യൂറോപ്പില്‍ നിന്നോയുള്ള മദ്ധ്യസ്ഥം പറച്ചില്‍ പ്രതീക്ഷിക്കണ്ട എന്നാണ്. ജിസിസിയില്‍ തന്നെ രാഷ്ട്രീയവും സൈനികവുമായ സഹകരണം സൗദി അറേബ്യയും യുഏഇയും തമ്മില്‍ മാത്രമേയുള്ളൂ. ഖത്തറിന് അടുപ്പം തുര്‍ക്കിയുമായാണ്. കുവൈറ്റിന് അടുപ്പം ഇറാനുമായിട്ടാണ്.

ജിസിസി അംഗങ്ങള്‍ തമ്മില്‍ വളരെ കുറച്ച് വാണിജ്യവ്യവഹാരങ്ങളേയുള്ളൂ. അവര്‍ മേഖലയ്ക്ക് പുറത്തു നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഖത്തറിന്‌റെ നാച്വറല്‍ ഗ്യാസ് കയറ്റുമതി സാധാരണ പോലെ തുടരാനേ സാധ്യതയുള്ളൂ. ഖത്തര്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ജിസിസിയുടെ പങ്കാളിത്തം വളരെ കുറവാണ്.

സൗദി അറേബ്യ പറയുന്നത് അവര്‍ക്ക് രാജ്യത്തിനെ തീവ്രവാദത്തില്‍ നിന്നും രക്ഷിക്കേണ്ടത് ആവശ്യമാണെന്നാണ്. യെമനിലെ യുദ്ധത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഖത്തര്‍ സൈന്യത്തിനെ സൗദി പുറത്താക്കുകയും ചെയ്തു.

സൗദി അധികൃതര്‍ പറഞ്ഞത് അന്താരാഷ്ട്രനിയമങ്ങളും തീവ്രവാദത്തില്‍ നിന്നും സ്വന്തം രാജ്യത്തിന്‌റെ സുരക്ഷയും അനുസരിച്ച് ഖത്തറുമായുള്ള ബന്ധങ്ങള്‍ നിര്‍ത്തുകയാണെന്നാണ്. ഖത്തറുമായി ആകാശമാര്‍ഗവും കടല്‍ വഴിയുള്ളതുമായ എല്ലാ ബന്ധങ്ങളും സൗദി അവസാനിപ്പിച്ചു. എല്ലാ സഹോദരരാഷ്ട്രങ്ങളോടും അത് പിന്തുടരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഖത്തറുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ പോകുന്നെങ്കിലും സൗദിയിലെ ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും കൊടുക്കുമെന്നും സൗദി അറിയിച്ചു.

മെയ് മാസത്തിലാണ് പ്രശ്‌നങ്ങള്‍ക്ക് ആസ്പദമായ സംഭവം നടന്നത്. ഖത്തര്‍ സര്‍ക്കാരിന്‌റെ വെബ്‌സൈറ്റില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറി തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു എന്ന് ഖത്തര്‍ പരാതിപ്പെട്ടിരുന്നു. ഖത്തര്‍ എമിര്‍ ഷേയ്ക്ക് തമീം ബിന്‍ ഹമാദ് അല്‍ താനിയുടേതായി ചില വ്യാജമായ പ്രതികരണങ്ങള്‍ വെബ്‌സൈറ്റിലൂടെ പുറത്ത് വന്നിരുന്നു. ഗള്‍ഫ് അറബ് രാജ്യങ്ങളിലെ നേതാക്കളെപ്പറ്റി വിമര്‍ശിക്കുന്ന രീതിയിലായിരുന്നു അവ. ഖത്തറിനെതിരേ വിദ്വേഷപരമായ മാദ്ധ്യമപ്രവര്‍ത്തനം നടക്കുന്നെന്നാണ് അവര്‍ അവകാശപ്പെട്ടത്.

എമിറിന്‌റെ ആരോപണങ്ങള്‍ക്ക് മറുപടിയായി സൗദിയും യുഏഇയും ഖത്തറിന്‌റെ മാദ്ധ്യമങ്ങളെ, അല്‍ ജസീറ അടക്കം, നിരോധിക്കുകയായിരുന്നു.

പതിനായിരത്തോളം അമേരിക്കന്‍ ട്രൂപ്പുകളുള്ള അല്‍-ഉദൈദ് എയര്‍ ബേസ് ഖത്തറലാണുള്ളത്. ഇപ്പോഴത്തെ തീരുമാനം അമേരിക്കന്‍ സൈനികപ്രവര്‍ത്തനങ്ങളെ ബാധിക്കുമോയെന്നറിയില്ല. അതിനെപ്പറ്റി പ്രതികരിക്കാന്‍ സെന്ട്രല്‍ കമാന്‌റ് ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായിട്ടുമില്ല.