'നാൻ പെറ്റ മകനെ' എന്നൊരമ്മ ചങ്ക്പൊട്ടി വിളിക്കുമ്പോൾ നിങ്ങളുടെ കയ്യിൽ എന്തുണ്ട് മറുപടി?

"പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന- ദേശീയ നേതൃത്വം ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്"- ദിനു വെയിൽ എഴുതുന്നു

നാൻ പെറ്റ മകനെ എന്നൊരമ്മ ചങ്ക്പൊട്ടി വിളിക്കുമ്പോൾ നിങ്ങളുടെ കയ്യിൽ എന്തുണ്ട് മറുപടി?

അഭിമന്യുവിന്റെ മരണം ഒരു വിദ്യാർത്ഥി എന്ന നിലയിൽ മാത്രമല്ല എന്നെ അലട്ടുന്നത്. മൂന്നാറിലെ തോട്ടങ്ങളിൽ ഇന്നും അടിമ വേല ചെയ്യുന്ന ഒരു ആദിവാസി സമുദായാംഗമാണ് അവൻ എന്നറിഞ്ഞ നിമിഷം മുതൽ ആ കൊലപാതകം കൂടുതൽ അഴത്തിൽ എന്നെ പൊള്ളിക്കുന്നു. നിരന്തരം അടിച്ചമർത്തപ്പെടുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെ മാർഗങ്ങളില്ലൊന്നായിരുന്നു അഭിമന്യു എന്ന ആദിവാസി യുവാവ്. രാത്രി 12:30 ന് ആർക്കോ തോന്നിയ അക്രമവാസനയുടെ ഇരയല്ല അവൻ. ആസൂത്രിതമായി ക്യാമ്പസ് ഫ്രണ്ട് എന്ന വിദ്യാർത്ഥി സംഘടന നടത്തിയ കൊലപാതകമാണിത്. എസ്എഫ്ഐയ്യോടുള്ള എല്ലാ രാഷ്ട്രീയ വിമർശനങ്ങൾക്കുമപ്പുറം എനിക്ക് അഭിമന്യുവിന്റെ ആദിവാസി സ്വത്വം തന്നെയാണ് പ്രധാനം. എസ് എഫ് ഐ യെ സംബന്ധിച്ച് അഭിമന്യുവിനെ പോലുള്ള ഒരുപാട് രാഷ്ടീയ കേഡർമാർ ഉണ്ടാക്കപ്പെട്ടേക്കാം. എന്നാൽ വട്ടവടയെ സംബന്ധിച്ച് ഇനിയൊരു അഭിമന്യു ഉണ്ടാകാൻ എത്ര ദൂരമാണ് ഇനിയും താണ്ടേണ്ടി വരിക!

പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമുദായത്തിന്റെ പ്രതീക്ഷയാണ് ക്യാംപസ് ഫ്രണ്ടിന്റെ കൊലകത്തിയിൽ എരിഞ്ഞു പോയിരിക്കുന്നത്. കേരളത്തിന്റെ കലാലയ ഭൂമിയിൽ കൊലപ്പെടുന്ന ആദ്യ ആദിവാസി യുവാവ് തന്നെയായിരിക്കും അഭിമന്യു.അതു കൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന- ദേശീയ നേതൃത്വം ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്.

1.ഇക്കഴിഞ്ഞ വർഷം ഫെബ്രുവരി 14 ന് മംഗലാപുരത്ത് വെച്ച് നടന്ന ക്യാമ്പസ് ഫ്രണ്ടിന്റെ സ്റ്റുഡന്റ് കോൺഫറൻസിന്റെ തലക്കെട്ട് 'അമ്മമാർ നീതിക്കായ് കരയുന്നു' എന്നതായിരുന്നു. രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയും നജീബിന്റെ ഉമ്മ നഫീസത്തും പങ്കെടുത്തിരുന്നു. ആ അമ്മമാരുടെ നിലവിളിക്കൊപ്പം നിൽക്കാനുറച്ച നിങ്ങൾക്കെങ്ങനെയാണ് തോട്ടം തൊഴിലാളിയായ, ആദിവാസി യുവതിയായ അഭിമന്യുവിന്റെ അമ്മയുടെ നിലവിളിയ്ക്ക് കാരണമാവാനാവുക. 'നാൻ പെറ്റ മകനെ' എന്നൊരമ്മ ചങ്ക്പൊട്ടി വിളിക്കുമ്പോൾ നിങ്ങളുടെ കയ്യിൽ എന്തുണ്ട് മറുപടി?2.സാമൂഹികമായി പാർശ്വവത്കരിക്കപ്പെട്ട മിടുക്കരായ വിദ്യാർത്ഥികൾക്ക് നിങ്ങൾ നൽകിപോന്ന പുരസ്കാരത്തിന്റെ പേര് 'ഏകലവ്യൻ' അവാർഡ് എന്നാണല്ലോ. അറിവിലേക്കടുക്കുന്ന കീഴാള ജനതയെ അറുത്ത് മാറ്റുന്ന ബ്രാഹ്മണിക് പ്രത്യശാസ്ത്രത്തിന്റെ പ്രതീകമാണല്ലോ വിരലറുത്ത ഏകലവ്യൻ. ഇതുൾക്കൊണ്ട നിങ്ങളുടെ രാഷ്ടീയ ബോധ്യത്തിന് എങ്ങനെയാണ് അഭിമന്യുവിന്റെ ഉയിരറുത്ത് മാറ്റാനായത്. കുത്തി വീഴ്ത്തപ്പെട്ടില്ലായിരുന്നുവെങ്കിൽ അഭിമന്യു ഏകലവ്യൻ പുരസ്കാരമടക്കം എത്ര നേട്ടങ്ങൾ സ്വന്തമാക്കിയേനെ…

3.ഡോ. ബി ആർ അംബേദ്‌ക്കർ, തെരുവ് വിളക്കിൽ നിങ്ങളെന്നെ തൂക്കികൊന്നാലും ഞാനെന്റെ ജനതയെ ഒറ്റു കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച മഹാനാണ്. ആദിവാസി- ദളിത് ജനതയെ നെഞ്ചോട് ചേർത്ത ബാബയുടെ ജയന്തി നിങ്ങൾ പ്രാദേശിക കേന്ദ്രങ്ങളിലൂടെ ആഘോഷിച്ച് പോരുന്നു. ബാബയുടെ ജനനം ആഘോഷിക്കുന്ന നിങ്ങൾക്ക് അഭിമന്യുവിന്റെ കൊലപാതകം സാധ്യമായത് എങ്ങനെ?

4. 2015ൽ ജെഎൻയുവിൽ ബാപ്സയുമായി ചേർന്ന് സിഎഫ്ഐ സ്വഭിമാന മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ ദളിത് രാഷ്ട്രീയത്തിൽ കൈകോർക്കാൻ ആത്മാർഥമായി നിങ്ങൾ ആഗ്രഹിച്ചിരുന്നുവെങ്കിൽ അഭിമന്യുവിന്റെ ആദിവാസി ഐഡന്റിറ്റിയോട് കൊലയ്ക്ക് ശേഷവും ഇത്ര സമർത്ഥമായി സംവദിക്കാതിരിക്കുന്നതെങ്ങനെ?

5. ക്യാമ്പസ് ഫ്രെണ്ടിന്റെ ഔദ്യോഗിക പേജിൽ സംഘടനയുടെ ലക്ഷ്യങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണല്ലോ.

*സമൂഹത്തിൽ സമാധാനവും സന്തുലനാവസ്ഥയും വളർത്തുകയും രാജ്യത്തിന്റെ സെക്കുലർ ജനാധിപത്യ സംവിധാനം നിലനിർത്തുകയും ചെയ്യുക.

*വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്രിമിനൽ വത്കരിക്കുന്നതിനെതിരെ പ്രവർത്തിക്കുക.

*വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷയും സമാധാനവും ഉറപ്പ് വരുത്തുക.

*വിദ്യാഭ്യാസ സംബന്ധിയായ അവകാശങ്ങൾ ഉറപ്പിക്കാനായി ജനാധിപത്യപരമായ സമരങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക

ചുരുങ്ങിയ പക്ഷം നിങ്ങളുടെ അണികളിൽ പോലും മേൽ പറഞ്ഞ ജനാധിപത്യ ബോധമടക്കമുള്ള ലക്ഷ്യങ്ങൾ ഉറപ്പിക്കാനാവാത്ത നിങ്ങൾ എങ്ങനെയാണ് പൊതു സമൂഹത്തിലേക്ക് അത് പടർത്താൻ ശ്രമിക്കുമെന്ന് അവകാശപ്പെടുന്നത്? ക്യാമ്പസിൽ സമാധാനമുണ്ടാക്കാനും ക്രിമിനൽ വത്കരണത്തിൽ നിന്ന് രക്ഷപ്പെടുത്താനുമുള്ള നിങ്ങളുടെ അഹോരാത്ര പരിശ്രമങ്ങളുടെ ഭാഗമായി നാലു വിദ്യാർത്ഥികളാണ് കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ കൊലപ്പെട്ടത്. നിങ്ങളുടെ സമാധാന പടർത്തലിന്റെ ഒടുവിലത്തെ പേര് അഭിമന്യു എന്നായിരിക്കുമല്ലേ?

പോപ്പുലർ ഫ്രണ്ടുകാരേ, ക്യാമ്പസ് ഫ്രണ്ടുകാരെ…

നിങ്ങൾ ഇനിയും ഞങ്ങളുടെ ബാബയെ നിങ്ങളുടെ ബാനറുകളിൽ വെക്കരുത്. ബാബയുടെ സമൂഹിക ജനാധിപത്യത്തെക്കുറിച്ച് പുലമ്പരുത്. നിങ്ങളുടെ അണികളിൽ പോലും ഉണ്ടാക്കിയെടുക്കാൻ സാധിക്കാത്ത സമാധാനത്തേയും സാഹോദര്യത്തേയും കുറിച്ച് പൊതു സമൂഹത്തോട് സംവദിക്കരുത്. ഇനി മേലിൽ സാഹോദര്യ സെമിനാറുകൾ വെക്കുമ്പോൾ ഞങ്ങളുടെ സഹോദരൻ അഭിമന്യുവിനെ കൂടി ഓർക്കുക. ആദിവാസി സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് വാചാലരാകുമ്പോൾ 'നാൻ പെറ്റ മകനേ' എന്നു നിലവിളിക്കുന്ന ആ അമ്മയെ കൂടി ഓർക്കുക. നിങ്ങളുടെ വേദികളിൽ രാഷ്രീയ ഐക്യത്തിന്റെ പുതിയ അജണ്ടകൾ തയ്യാറാക്കപ്പെടുമ്പോൾ അഭിമന്യുവിന്റെ കുഴിമാടത്തിൽ നിന്ന് ഒരു പൊട്ടിച്ചിരി ഉയരും. നിങ്ങൾ ഇന്നോളം ഉണ്ടാക്കിയ എല്ലാ സാമൂഹിക പുലമ്പലുകൾക്കും മേലെ ആ പൊട്ടിച്ചിരി ആയിരം മടങ്ങായി പ്രതിധ്വനിക്കും.. എന്തുണ്ട് നിങ്ങൾക്ക് മറുപടി?

എന്ന് ഒരു ദളിത് സഹോദരൻ

Read More >>