കേരള രാഷ്ട്രീയത്തില്‍ ലിബറലിസത്തിന്റെ ഉദയം

മുന്‍നിര പത്രങ്ങള്‍ ചില വാര്‍ത്തകളെ സമീപിക്കുന്ന രീതിയിലും ഇവര്‍ക്കു മാറ്റം കൊണ്ടുവരാന്‍ സാധിച്ചു. മനോരമ ഓണ്‍ലൈനില്‍ വന്ന മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ദിലീപിന്റെ ഇന്റര്‍വ്യൂ തന്നെ ഉദാഹരണം. ദിലീപ് പലരെയും കുത്തുവാക്കുകളിലൂടെയും ദ്വയാര്‍ത്ഥപ്രയോഗത്തിലൂടെയും അടച്ചാക്ഷേപിച്ചു, തുടര്‍ന്ന് സോഷ്യല്‍ മീഡിയ ദിലീപിനെ പൊളിച്ചടുക്കി. അതിന്റെ പരിണിതഫലമായി മുഖ്യധാരാപത്രങ്ങളും ചാനലുകളും ദിലീപിനെ പരിപൂര്‍ണ്ണമായും തള്ളി-നാരദ ചീഫ് എഡിറ്റര്‍ മാത്യു സാമുവല്‍ എഴുതുന്നു

കേരള രാഷ്ട്രീയത്തില്‍ ലിബറലിസത്തിന്റെ ഉദയം

കേരളത്തില്‍ കുറെ കാലമായി നിലനിന്നിരുന്നത് ഇടത് അല്ലെങ്കില്‍ വലതു രാഷ്ട്രീയം മാത്രമായിരുന്നു. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുന്ന ലിബറല്‍ സ്വഭാവമുള്ള കൂട്ടര്‍ അപ്പോഴും ഉണ്ടായിരുന്നു എന്നുള്ളതു യാഥാര്‍ത്ഥ്യമാണ്. പക്ഷെ അവരുടെ ശബ്ദം എവിടെയും ഉറക്കെ കേട്ടിരുന്നില്ല. കേരളത്തില്‍ സംഘപരിവാര്‍ ഇതിനു തക്ക ഒരു വോയിസ് സൃഷ്ടിച്ചെടുക്കാന്‍ പ്രാപ്തമായിരുന്നില്ല.ഇവിടേക്കാണ് തൊണ്ണുറുകള്‍ക്കു ശേഷം ജനിച്ച ഡിജിറ്റല്‍ നേറ്റീവ്‌സും തൊണ്ണൂറുകളില്‍ കൗമാരം കടന്ന ആദ്യകാല ഡിജിറ്റല്‍ ഇമിഗ്രന്റ്‌സും ആയ അവിയല്‍ തലമുറ, ഫേസ്ബുക്ക് വാട്‌സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ ടൂളുകള്‍ ഉപയോഗിച്ച് ഇതെല്ലാം മാറ്റിമറിച്ചത്.

ലെഫ്‌റ്/റൈറ്റ്/വെര്‍ട്ടിക്കല്‍ ഇതൊക്കെ ഒരുപരിധിയായി ചുരുങ്ങി. ലിബറല്‍ അഭിപ്രായങ്ങള്‍ക്ക് പ്രതികരിക്കുക, അതിനു യുക്തമായ അപ്‌ഡേറ്റ്‌സ് നല്‍കുക. അതും വ്യക്തമായ ധാരണയുടെ പുറത്തുള്ള അഭിപ്രായങ്ങളായിരിക്കും ഇവര്‍ നല്‍കുന്നത്. അക്കങ്ങള്‍, കണക്കുകള്‍ അവയെ ബലപ്പെടുത്തുന്ന പുതിയതും പഴയതുമായ വീഡിയോകള്‍ ഒക്കെ കൂട്ടിനുണ്ടാകും. മറ്റുള്ളവരും ഇതിനൊപ്പം പ്രതികരിക്കുവാന്‍ തുടങ്ങി. ഇവിടെ ഒളിച്ചോട്ടം നടക്കില്ല. നേര്‍ക്കുനേരാണ് ചോദ്യവും ഉത്തരവുമെല്ലാം. ഇക്കൂട്ടരുടെ അംഗസംഖ്യ ദിനംപ്രതി വര്‍ധിച്ചു വന്നു.

മുന്‍നിര പത്രങ്ങള്‍ ചില വാര്‍ത്തകളെ സമീപിക്കുന്ന രീതിയിലും ഇവര്‍ക്കു മാറ്റം കൊണ്ടുവരാന്‍ സാധിച്ചു. മനോരമ ഓണ്‍ലൈനില്‍ വന്ന മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ദിലീപിന്റെ ഇന്റര്‍വ്യൂ തന്നെ ഉദാഹരണം. ദിലീപ് പലരെയും കുത്തുവാക്കുകളിലൂടെയും ദ്വയാര്‍ത്ഥപ്രയോഗത്തിലൂടെയും അടച്ചാക്ഷേപിച്ചു, തുടര്‍ന്ന് സോഷ്യല്‍ മീഡിയ ദിലീപിനെ പൊളിച്ചടുക്കി. അതിന്റെ പരിണിതഫലമായി മുഖ്യധാരാപത്രങ്ങളും ചാനലുകളും ദിലീപിനെ പരിപൂര്‍ണ്ണമായും തള്ളി. മറ്റുള്ളവരെ പരിഹസിച്ചു മഹാനാകാന്‍ ശ്രമിച്ച ജനപ്രിയനടനു നേരെ അതേ ആയുധം യൂ ടേണ്‍ എടുത്തു പരിക്കേല്‍പ്പിച്ചു. ഇതിന്റെയെല്ലാ ക്രെഡിറ്റും പോകുന്നത് ലിബറല്‍ ചിന്താഗതിക്കാരുടെ തകര്‍പ്പന്‍ വിജയത്തിലേക്കാണ്.

ഇക്കൂട്ടരുടെ സാമൂഹിക ഇടപെടലുകള്‍ ഇപ്പോള്‍ വര്‍ദ്ധിക്കുകയാണ്. ഇ.പി.ജയരാജന്‍ തന്റെ ബന്ധുവിന് 'സൂപ്പര്‍ പോസ്റ്റിങ്' കൊടുത്തതിനെയും വാര്‍ത്തകളില്‍ ഉയര്‍ത്തിയത് ഇവരാണ്. പിണറായി മന്ത്രിസഭയെ ആക്രമിക്കാന്‍ ഉത്സുകരായ പാര്‍ട്ടി സഖാക്കന്മാര്‍ ഈ ലിബറല്‍ ഗ്രൂപ്പിനൊപ്പം കൈകോര്‍ത്തപ്പോള്‍ ഇ.പിയ്ക്കും സ്ഥാനമൊഴിയേണ്ടതായി വന്നു.

മംഗളം ടെലിവിഷന്‍ ചാനലിന്റെ ലോഞ്ചിംഗ് സ്റ്റോറിയാണ് മറ്റൊരു ഉദാഹരണം. ലിബറല്‍ ഗ്രൂപ്പ് ഇത്തരം ജേര്‍ണലിസത്തെ എതിര്‍ക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങളുടെ ഗതി മാറി. തുടക്കത്തില്‍ ശശീന്ദ്രന്‍ തുടര്‍ന്നു പോകട്ടെ എന്നായിരുന്നു ഇടതുമന്ത്രിസഭയുടെ പൊതുവികാരം. പക്ഷെ ലിബറല്‍ ഗ്രൂപ്പ് പിടിമുറുക്കിയപ്പോള്‍ മംഗളം അകത്തും പോയി ശശീന്ദ്രന്‍ പുറത്തുമായി.

ജിഷ്ണു പ്രണോയ് മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇങ്ങനെത്തന്നെ. അവിടെയും സോഷ്യല്‍ മീഡിയ വഴി ലിബറല്‍ ഗ്രൂപ്പ് കാര്യങ്ങള്‍ ഏറ്റെടുത്തു. ട്രോളുകളും ഹാഷ് ടാഗും കൊണ്ടു പിണറായി സര്‍ക്കാറിനെ തലങ്ങും വിലങ്ങും ആക്രമിച്ചു. ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായരെ അവിടെ നിന്നും പുറത്താക്കുന്നത് വരെ അവരുടെ പ്രതിരോധം തണുത്തില്ല. യുഎപിഎ കേസുകള്‍ എടുത്ത പൊലീസിനെതിരെ സോഷ്യല്‍ മീഡിയ ഉറഞ്ഞു തുള്ളിയപ്പോള്‍ ഈ കേസുകള്‍ നിലനില്‍ക്കില്ല എന്ന് പറഞ്ഞു പോലീസ് മേധാവി തടിയൂരി.

മതം മാറിയ ഫൈസല്‍ എന്ന ചെറുപ്പക്കാരനെ സംഘപരിവാര്‍ കൊലപ്പെടുത്തി, വൈകിയില്ല, അതിന്റെ പ്രതിഫലനം മലപ്പുറം തെരഞ്ഞെടുപ്പില്‍ ലഭിച്ചു. മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ സദാചാര തെരുവ് ഗുണ്ടായിസം സോഷ്യല്‍ മീഡിയ ലിബറലുകള്‍ ഏറ്റെടുത്തപ്പോള്‍ കാര്യങ്ങള്‍ എവിടെയെത്തി എന്ന് പറയേണ്ടതില്ലല്ലോ.

ഏറ്റവും ഒടുവിലായി മൂന്നാര്‍ വിഷയത്തില്‍ സബ് കളക്ടര്‍ക്ക് ഹീറോ പരിവേഷമാണ് ഇവരുടെ സമ്മാനം. സര്‍ക്കാര്‍ എന്തു ചെയ്യണമെറിയാതെ ആകാശത്തേക്കു നോക്കിയിരിക്കുന്നു. സ്വന്തം മന്ത്രി ഏതൊക്കെയോ അസഭ്യങ്ങള്‍ വിളിച്ചു പറഞ്ഞ് ഈ ലിബറല്‍ ഗ്രൂപ്പിന് എന്തെന്നില്ലാത്ത ഊര്‍ജ്ജം നല്‍കുന്നു. തിരിയായിരുന്നത് തീപ്പന്തമാകുന്നതു പോലെയായി കാര്യങ്ങള്‍.

ഈ ഗ്രൂപ്പ് ചിലപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു കൈനോക്കാന്‍ തയ്യാറായേക്കും. കേജ്രിവാളിന് ഒരു സമരത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി ഉണ്ടാക്കാമെങ്കില്‍ ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളികളുടെ ഇത്തരമൊരു ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഒരു കൈനോക്കുന്നതിനെ പരിപൂര്‍ണമായും തള്ളിക്കളയാന്‍ കഴിയുമോ?