ഭാര്യയുടെ മൃതദേഹം തലയിലേറ്റി നടന്നവരുടെ ജീവിതം ഓഡിറ്റ് ചെയ്യുന്ന മാധ്യമ സവർണത

രാജ്യത്തെ ഏത് നിയമ വ്യവസ്ഥയാണ് പുനർ വിവാഹത്തെ ഒരു കുറ്റകൃത്യമായി കാണുന്നതെന്ന് ഇതുവരെയും ഒരു നിയമപുസ്തകത്തിൽ നിന്നും വായിച്ചറിയാൻ സാധിക്കാത്തതുകൊണ്ട് ആ വർത്തകളിലേക്ക് വിരൽ ചൂണ്ടിയ മാധ്യമങ്ങളുടെ അജണ്ട കൊച്ചുകുട്ടികൾക്ക് പോലും മനസിലാവുന്നതാണ്

ഭാര്യയുടെ മൃതദേഹം തലയിലേറ്റി നടന്നവരുടെ ജീവിതം ഓഡിറ്റ് ചെയ്യുന്ന മാധ്യമ സവർണത

സ്വന്തം ഭാര്യയുടെ മൃതദേഹം ചുമലിൽ ചുമന്നു ആശുപത്രിയിൽ നിന്നും വീട്ടിലേക്കു പോകുന്ന ഒരച്ഛന്റെയും മകളുടെയും ദയനീയ ദൃശ്യത്തിന് മുന്നിൽ രാജ്യം തലതാഴ്ത്തിയിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല. യാതൊരുവിധ വൈകാരിക പ്രകടനവുമില്ലാതെ ദാനാ മാഞ്ചിയും, കരഞ്ഞു പിന്തുടരുന്ന മകളും നടന്നു നീങ്ങുന്ന ആ ദൃശ്യത്തിൽ ലോകത്തെ ആറാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ മറ്റൊരു മുഖമാണ് ലോകജനത കണ്ടത്.

ഒഡീഷയിലെ കലഹന്ദിയിലെ ഭവാനിപട്‌ന എന്ന ഗ്രാമത്തിലെ സർക്കാർ ആശുപത്രിയില്‍ അമങ് ദേയി എന്ന പേരുള്ള നാല്പത്തിരണ്ടു വയസ്സായ സ്ത്രീ ജില്ലാ ആശുപത്രിയിൽ വെച്ച് പുലർച്ചെ 2 മണിക്കാണ് മരണപ്പെടുന്നത്. മരണപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞട്ടും ആശുപത്രി അധികൃതർ ആംബുലൻസ് നൽകുന്നതിൽ പരാജയപ്പെട്ടു. തുടർന്ന് ഭർത്താവ് ദാനാ മാഞ്ചി എന്ന കർഷകൻ 12 വയസ്സുള്ള തന്റെ മകളെയും കൂട്ടി മരിച്ച അമംഗ് ദേവിയുടെ മൃതദേഹം ചുമലിലേറ്റി സ്വന്തം വീട് ലക്ഷ്യമാക്കി നടന്നത് 10 കിലോമീറ്ററുകളാണ്. പ്രാദേശിക മാധ്യമങ്ങൾ വാർത്ത അറിഞ്ഞും കേട്ടും വരുന്നതിന് മുൻപ് അന്തരാഷ്ട്ര മാധ്യമങ്ങൾ രാജ്യത്തിൻറെ ശോചനീയാവസ്ഥ ചർച്ച ചെയ്തു കഴിഞ്ഞിരുന്നു.

ജിഷയുടെ പിതാവ് മരണപ്പെട്ടപ്പോൾ പോക്കറ്റിലുണ്ടായിരുന്ന മൂവായിരം രൂപക്കും അമ്മ ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിനും കണക്കെടുത്ത മാധ്യമങ്ങൾ ഇപ്പോൾ മാഞ്ചിയുടെ ജീവിത രീതിയാണ് വിചാരണ ചെയുന്നത്. മാഞ്ചിയുടെ കഥ പുറംലോകം അറിഞ്ഞതോടെ നിരവധി പേര്‍ അദ്ദേഹത്തിന് സഹായവുമായി രംഗത്തെത്തിയിരുന്നു. ആഗോള തലത്തിൽ വാർത്ത ശ്രദ്ധിക്കപ്പെട്ടതോടെ ബഹറൈന്‍ രാജാവ് മാഞ്ചിക്ക് 8.87 ലക്ഷം രൂപ (5000 ബഹറൈന്‍ ദിനാര്‍) ധനസഹായം പ്രഖ്യാപിച്ചതോടെ രാജ്യത്തെ മാധ്യമ വിചാരണയുടെ നിറ തോക്ക് അയാളുടെ ശിരസ്സിനു നേരെ ഉയർന്നു.

തലസ്ഥാനത്തു പഞ്ച നക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ചടങ്ങിൽ ധന സഹായം സ്വീകരിക്കാൻ ബഹറൈന്‍ എംബസിയുടെ അതിഥിയായി അദ്ദേഹം ഡൽഹി അന്താരാഷ്ട്ര വിമാനതാവളത്തിൽ വന്നിറങ്ങിയതോടെ സവർണ്ണന് മാത്രം അവകാശപ്പെട്ടതാണ് ആകാശ യാത്രയെന്ന പൊതുബോധം പല മാധ്യമങ്ങളെയും വിറളി പിടിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന് ലഭിച്ച ധനസഹായങ്ങളുടെ വരവ് ചെലവ് കണക്ക് ഉറക്കമൊളിച്ചിരുന്നു തപ്പിയവരുടെ നിരയിൽ പ്രമുഖ ദേശീയ മാധ്യമങ്ങങ്ങളെല്ലാമുണ്ടായിരുന്നു.

കേന്ദ്ര സർക്കാരും നിരവധി സ്വകാര്യ സംഘടനകളും മാഞ്ചിക്ക് സഹായഹസ്തം വാഗ്ദാനം ചെയ്തിരുന്നു. മാധ്യമങ്ങളുടെ കണക്കുകൾ പ്രകാരം അയാൾക്ക് ലഭിച്ചത് നാൽപ്പത് ലക്ഷത്തിന്റെ ധനസഹായമാണ്. ലക്ഷമോ കോടിയോ ആയിക്കൊള്ളട്ടെ അതിൽ ഒരു രൂപക്ക് പോലും കണക്കുവയ്ക്കാൻ രാജ്യത്ത് ഒരു മാധ്യമത്തിന് പോലും അവകാശമില്ലെന്ന് തന്നെയാണ് പക്ഷം. കാരണം നിങ്ങൾ പറയുന്ന ഈ നാൽപതു ലക്ഷം റഫാൽ വിമാന ഇടപാടിൽ ലഭിച്ച കോഴയൊന്നുമല്ല. തൊഴുത്തിലെ പശുക്കൾക്കും തെരുവിലെ നായ്ക്കൾക്കും പിന്നാലെ ഒരു ജനത പോയപ്പോൾ ഒറ്റപ്പെട്ടുപോയ മനുഷ്യത്വം എന്ന വികാരത്തോട് രാജ്യം ചോദിച്ച മാപ്പാണ് ആ ധനസഹായം.

മാധ്യമാധിപത്യത്തിന്റെ സവർണ്ണ ബോധം പിന്നീട് ചോദ്യം ചെയ്തത് അയാളുടെ പുനർ വിവാഹങ്ങളെയാണ്. ലക്ഷപ്രഭുവായ മാഞ്ചി ഭാര്യ മരിച്ചതിനു ശേഷം വീണ്ടും വിവാഹം ചെയ്തു. ചുരുക്കി പറഞ്ഞാൽ തല മറന്നു എണ്ണ തേച്ചുവെന്നാണ് ഈ പറഞ്ഞ മാധ്യമങ്ങളുടെ പക്ഷം. രാജ്യത്തെ ഏത് നിയമ വ്യവസ്ഥയാണ് പുനർ വിവാഹത്തെ ഒരു കുറ്റകൃത്യമായി കാണുന്നതെന്ന് ഇതുവരെയും ഒരു നിയമപുസ്തകത്തിൽ നിന്നും വായിച്ചറിയാൻ സാധിക്കാത്തതുകൊണ്ട് ആ വർത്തകളിലേക്ക് വിരൽ ചൂണ്ടിയ മാധ്യമങ്ങളുടെ അജണ്ട കൊച്ചുകുട്ടികൾക്ക് പോലും മനസിലാവുന്നതാണ്.

ഇന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട പ്രധാനപെട്ട വാർത്തകളിൽ ഒന്ന് മാഞ്ചി ഹോണ്ടയുടെ പുതിയ മോട്ടോർസൈക്കിൾ വാങ്ങിയെന്നത് ആണ്. ഒരു ദരിദ്രൻ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലേക്ക് എത്തുമ്പോഴും പുതിയ ഒരു മോട്ടോർ സൈക്കിൾ വാങ്ങുമ്പോഴും വ്രണപ്പെടുന്നത് ആരുടെ വികാരമാണ്? ഓഖി ചുഴലിക്കാറ്റ് രാജ്യത്ത് ഒട്ടുമിക്ക തീരപ്രദേശങ്ങളെയും തീരദേശവാസികളെയും ഒറ്റപെടുത്തുമ്പോൾ, ജീവനും ജീവിതത്തിനും വേണ്ടി നിരവധി പേർ നിലവിളിക്കുമ്പോഴും ഏത് പൊതു താല്പര്യത്തിന്റെ പുറത്താണ് നിങ്ങൾ മാഞ്ചി സ്വന്തമാക്കിയ വാഹനത്തിന്റെ പേരിൽ ആകുലപ്പെടുന്നത്?

മാഞ്ചിക്ക് ശേഷം തെലങ്കാനയിലെ രാമുലു എന്ന ഭിക്ഷാടകന് ഭാര്യയുടെ മൃതദേഹം സ്വന്തം ഗ്രാമത്തിൽ എത്തിക്കാൻ 60 കിലോമീറ്ററോളം ഉന്തുവണ്ടിയിൽ തള്ളേണ്ടി വന്ന ഒരു യാഥാർഥ്യം കൂടി രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഹൈദരാബാദിനടുത്തുള്ള ലിംഗംപള്ളി റെയിൽവേ സ്റ്റേഷനിൽ വെച്ച് മരണപ്പെട്ട ഭാര്യ കവിതയുടെ മൃതദേഹം തന്റെ ഗ്രാമത്തിൽ സംസ്കരിക്കണം എന്ന ആഗ്രഹത്തോടെ രാമുലു പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. ആംബുലന്‍സിന് നല്‍കാന്‍ 5000 രൂപ ഇല്ലാത്തതുകൊണ്ട് ഉന്തുവണ്ടിയിൽ തള്ളി അറുപത് കിലോമീറ്ററുകളാണ് അദ്ദേഹം കൊണ്ടുപോയത്. അധികമാരും അറിയാതെ പോയി രാമുലുവിന്റെ ദയനീയാവസ്ഥ കാരണം തുറക്കേണ്ടിടത് തുറക്കാതെ കണ്ണടച്ച് ഉറങ്ങുകയാണ് പലരും.

പശുവിന് മനുഷ്യനേക്കാൾ പ്രാധാന്യം ഒരു രാജ്യത്ത് ഉണ്ടാവുമ്പോൾ അവിടെ ഇതല്ല ഇതിനപ്പുറവും അരങ്ങേറുമെന്നുള്ളതിൽ അതിശയമില്ല. മാധ്യമധർമ്മം ഒരു വാക്ക് മാത്രമായി പരിണമിക്കുന്ന ഒരു പുതിയ യുഗം പിറവിയെടുക്കുന്നത് കൊണ്ടാവാം കൊച്ചിയിൽ ക്രൂരമായ സദാചാര പോലീസിങ്ങിനു വിധേയരായ പ്രതീഷിനെയും ബർസയെയും പത്രങ്ങൾ അരിച്ചു പെറുക്കിയിട്ടും കാണാൻ ആവാത്തത്.

Read More >>