ക്ഷേത്രങ്ങൾ ഇന്നത്തെ നിലയിൽ എത്രകാലം നിലനിൽക്കുന്നുവോ അത്രയും കാലം ബ്രാഹ്മണ്യത്തിന്റെ സാമൂഹ്യാധിപത്യം നിലനിൽക്കും

"ഏതെങ്കിലും ക്ഷേത്രത്തിൽ പ്രതിഷ്ഠക്കും ശുദ്ധികലശാദി കർമ്മങ്ങൾക്കും അധികാരമുള്ള തന്ത്രിമാരായി അവർണരെ നിയമിക്കാൻ സർക്കാരിനു ധൈര്യമുണ്ടോ

ക്ഷേത്രങ്ങൾ ഇന്നത്തെ നിലയിൽ എത്രകാലം നിലനിൽക്കുന്നുവോ അത്രയും കാലം ബ്രാഹ്മണ്യത്തിന്റെ സാമൂഹ്യാധിപത്യം നിലനിൽക്കും

കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ആറു ദളിതർ അടക്കം 36 അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ചത് ഏതോ വലിയൊരു സാമൂഹ്യവിപ്ലവമാണെന്ന് പ്രചാരണം എത്രമാത്രം പൊള്ളയാണെന്ന് ചരിത്രബോധമുള്ള ആർക്കും എളുപ്പം ബോധ്യപ്പെടും. ഇത് നവോത്ഥാനത്തിന്റെ തുടർച്ചയെന്നല്ല പുറകോട്ടു പൊക്കാണെന്നു തന്നെ പറയേണ്ടിവരും. എന്തായിരുന്നു ശ്രീനാരായണഗുരുവിനെപ്പോലുള്ളവർ ഉയർത്തിയ സാമൂഹ്യ രാഷ്ട്രീയ സന്ദേശം? നിലവിലുള്ള ദൈവവിശ്വാസങ്ങളും ക്ഷേത്രാചാരങ്ങളുംബ്രാഹ്മണ്യത്തെ സംരക്ഷിക്കുന്നു എന്നും അവയെ നിഷേധിക്കാതെ വ്യവസ്ഥയുടെ അടിവേരറുക്കാൻ കഴിയുകയില്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. (കാഞ്ച ഇളയ്യ താൻ എന്തുകൊണ്ട് ഒരു ഹിന്ദുവല്ല എന്ന് പറയുന്നതും അത് കൊണ്ടാണ്).

തന്റെ സിദ്ധാന്തം ലളിതമായി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഗുരു പുഴയിൽ നിന്നും ഒരു കല്ലെടുത്ത് ശിവനെ സൃഷ്ടിച്ചത്. അതിനായി അദ്ദേഹം പൂണൂൽ ഇട്ടില്ല എന്നും ഓർക്കുക. ആ പ്രതിഷ്ഠയ്ക്ക് ഒരു തന്ത്രിയും ഉണ്ടായിരുന്നില്ല. നിലവിൽ ഒരു പ്രതിഷ്ഠാകർമ്മത്തിനു വേണമെന്ന് ആചാരങ്ങൾ പറയുന്ന ഒരു ആചാരവും പാലിച്ചില്ല. അങ്ങനെയല്ല ശിവപ്രതിഷ്ഠ എന്നും ഗുരുവിനു അതിനധികാരമില്ലെന്നും പറഞ്ഞപ്പോൾ അങ്ങനെയെങ്കിൽ താൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന പ്രഖ്യാപനം സാമൂഹ്യഘടനയുടെ വേരറുക്കുന്നതായിരുന്നു.

അവർണർക്ക് സ്വന്തമായി ക്ഷേത്രങ്ങൾ ഉണ്ടായാൽ പിന്നെ ഒരു നിമിഷം പോലും ബ്രാഹ്മണാധിപത്യം നിലനിൽക്കില്ലെന്ന് ബ്രാഹ്മണ്യത്തിന്റെ വക്താക്കൾക്കു ബോധ്യമായതിന്റെ ഫലമാണ് ക്ഷേത്രപ്രവേശനവിളംബരം. അതും ഒരു വിപ്ലവമായിരുന്നില്ല. ബ്രാഹ്മണാധിപത്യ മൂല്യങ്ങൾ ഉറപ്പിക്കുന്ന ക്ഷേത്രങ്ങളെ അവർണരെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള തന്ത്രം തന്നെയായിരുന്നു.

ക്ഷേത്രങ്ങൾ ഇന്നത്തെ നിലയിൽ എത്രകാലം നിലനിൽക്കുന്നുവോ അത്രയും കാലം ബ്രാഹ്മണ്യത്തിന്റെ സാമൂഹ്യാധിപത്യം നിലനിൽക്കും. ഗുരുദേവൻ സ്ഥാപിച്ച ഒരു ക്ഷേത്രത്തിലും ബ്രാഹ്മണരെയോ ബ്രാഹ്മണ്യം സ്വീകരിച്ചവരെയോ പൂജാരികളായി നിയമിച്ചില്ല. ബ്രാഹ്മണക്ഷേത്രങ്ങളിലെ പൂജാവിധികൾ അവിടെ പാലിച്ചില്ല.

പക്ഷെ പിന്നീട് എന്തു നടന്നു? ക്ഷേത്രപ്രവേശനം ലഭിച്ചതോടെ അവർണരടക്കമുള്ളവരെ ബ്രാഹ്മണ ക്ഷേത്രങ്ങൾക്കു കീഴിലാക്കി. ബ്രാഹ്മണ്യം ജന്മം കൊണ്ടല്ല കർമം കൊണ്ടാണെന്നും മറ്റുമുള്ള കപട വാദങ്ങളിലെ സവർണ ആധിപത്യ മനസ് ആർക്കാണു കാണാൻ കഴിയാത്തത്? ബ്രാഹ്മണൻ (ജന്മം കൊണ്ടായാലും കർമം കൊണ്ടായാലും) മറ്റുള്ളവരെക്കാൾ മേലെ ആണെന്ന് ഇതു വഴി സ്ഥാപിക്കപ്പെടുന്നു. ഏതെങ്കിലും വിധത്തിൽ ബ്രാഹ്മണരല്ലാത്തവർക്കു അതിനധികാരമില്ലെന്നു വരുന്നു.

വടക്കൻ പറവൂരിലെ തന്ത്രവിദ്യാപീഠത്തിൽ പഠിച്ചു ശാന്തിക്കാരായി അവർണ ജാതരായവർ കുറേക്കാലമായി പല ക്ഷേത്രങ്ങളിലും ഉണ്ട്. അതുകൊണ്ടു തന്നെ ഇതിൽ ഒരു പുതുമയുമില്ല. ഇത്തരം പൂജാരികൾ ഉള്ള ക്ഷേത്രങ്ങളിൽ പോകാനും അവിടെ നിന്ന് പ്രസാദം വാങ്ങാനും മടിയുള്ളവർ ഇന്നും ധാരാളം സമൂഹത്തിൽ ഉണ്ട് താനും.

ഇപ്പോൾ ഇവരെ നിയമിച്ചിട്ടുള്ളത് താരതമ്യേന ചെറിയ ക്ഷേത്രങ്ങളിലാണ്. ദൈവങ്ങളിലും ഉണ്ടല്ലോ പിന്നാക്കക്കാരും മുന്നാക്കക്കാരും. ശബരിമല, ചോറ്റാനിക്കര, ഗുരുവായൂർ , ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയവയിൽ ഒരു കീഴ്ശാന്തിയായെങ്കിലും അവർണരെ നിയമിക്കാൻ സർക്കാരിനു ധൈര്യമുണ്ടാകുമോ? ഇല്ല, തീർച്ച. ഏതെങ്കിലും ക്ഷേത്രത്തിൽ പ്രതിഷ്ഠക്കും ശുദ്ധികലശാദി കർമ്മങ്ങൾക്കും അധികാരമുള്ള തന്ത്രിമാരായി ഇവരെ നിയമിക്കുമോ? ഇല്ല. അതിനുള്ള ന്യായമായി പറയുന്നത് ക്ഷേത്രാചാരം അതല്ല എന്നതാകും. ഹിന്ദു ക്ഷേത്രാചാരങ്ങളെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് ആരോപിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു വർഗീയ സൈന്യം ഇവിടെയുണ്ട് താനും. അവരെ ഭയക്കാതെ സർക്കാരിന് മുന്നോട്ടു പോകാൻ കഴിയില്ല.

1930 കളിൽ ഗുരുവായൂർ സത്യാഗ്രഹകാലത്ത് സഖാവ് പി കൃഷ്ണപ്പിള്ള അടിച്ച സോപാനത്തിലെ മണി ഒന്നടിക്കാനോ ആ മുഖ മണ്ഡപത്തിൽ, (ശ്രീകോവിലിൽ എന്തായാലും കഴിയില്ല) ഒന്ന് കയറാനോ ഇന്ന് അബ്രാഹ്മണർക്കു കഴിയുമോ? ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്നാണെങ്കിൽ അതിൽ ശുദ്ധാശുദ്ധങ്ങളും അയിത്തവും പെടും എന്നോർക്കുക, ചുരുങ്ങിയത് ക്ഷേത്രത്തിനകത്തെങ്കിലും. ദൈവത്തിന്റെ മുമ്പിൽ പോലുമില്ലാത്ത തുല്യത മറ്റെവിടെ കിട്ടാനാണ്?

Read More >>