സ്വന്തം സിനിമയുടെ നിലവാരത്തില്‍ ഒരു ദ്വയാര്‍ത്ഥ അഭിമുഖം; ദിലീപ് അത് വേണ്ടായിരുന്നു

ദിലീപിനെ വ്യക്തിപരമായി അവഹേളിക്കാന്‍ ഒരു ശ്രമവും മീഡിയ നടത്തിയില്ല. ദിലീപ് ചിത്രങ്ങളുടെ പതിവ് നിലവാരത്തിലേക്ക് താഴാതെ, ജനപ്രിയ നായകന്റെ മാന്യത കാത്തുസൂക്ഷിച്ച് കൊണ്ടുതന്നെയാണ് ചാനല്‍ ചര്‍ച്ചകളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടത്. എന്നാല്‍, തിരിച്ച് ദിലീപ് ആ മാന്യത പുലര്‍ത്തിയില്ല- മാധ്യമപ്രവര്‍ത്തകനായ സുബീഷ് തെക്കൂട്ട് എഴുതുന്നു

സ്വന്തം സിനിമയുടെ നിലവാരത്തില്‍ ഒരു ദ്വയാര്‍ത്ഥ അഭിമുഖം; ദിലീപ് അത് വേണ്ടായിരുന്നു

സുബീഷ് തെക്കൂട്ട്

ജനാധിപത്യത്തിന്റെ നാലാം തൂണ്‍, അനീതിക്കും അഴിമതിക്കും അക്രമത്തിനും എതിരായ ജനശബ്ദം എന്നിങ്ങനെയുള്ള വീരവാദങ്ങളൊക്കെ വിടാം. എങ്കിലും, ഭരണകൂടത്തിന്റെ അനീതികള്‍ തുറന്നുകാട്ടാന്‍, ഇരയുടെ ശബ്ദമാകാന്‍ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് പറയരുത്. രാഷ്ട്രീയം, ജുഡീഷ്യറി, പോലീസ് ഏതുമാകട്ടെ, അത്ര സംശുദ്ധമല്ല ഒരു മേഖലയും. സമാനമാണ് പലപ്പോഴും മാധ്യമ പ്രവര്‍ത്തനവും. വഴിതെറ്റുന്നു എന്ന തോന്നല്‍ ജനിക്കുമ്പോള്‍ സ്വയം വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. കൂട്ടത്തിലൊരാള്‍ തെറ്റ് ചെയ്താല്‍ തിരുത്താന്‍ പ്രേരിപ്പിക്കാറുണ്ട്. സമീപകാലത്ത് സംപ്രേഷണം ആരംഭിച്ച ചാനല്‍ ആദ്യദിനം പുറത്തു വിട്ട വാര്‍ത്തയിലെ നീതികേടുകള്‍ തുറന്നുകാട്ടി, മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ആ വാര്‍ത്തയെ ശക്തമായി വിമര്‍ശിച്ചതും ഒടുവില്‍ വാര്‍ത്ത പുറത്തുവിട്ട ചാനല്‍ അക്കാര്യത്തില്‍ ഖേദപ്രകടനം നടത്തിയതും അതിനാലാണ്.

ഒരു വാര്‍ത്ത, അതിന്റെ പല തലങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടി വരാറുണ്ട്. സമൂഹം ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ വാര്‍ത്താ അവതാരകന് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോട് ചോദിക്കേണ്ടതായും വരും. ശൈലികള്‍ വിഭിന്നമാകാം, പക്ഷെ ഉദ്ദേശം ഒന്നാണ്. ജിഷ്ണു കേസില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി എന്ന ആക്ഷേപം ഉയരുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിനിധിയോടോ, സര്‍ക്കാരിനെ മുന്നോട്ടു നയിക്കുന്ന ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിന്റെ പ്രതിനിധിയോടോ ആകാം ചോദ്യങ്ങള്‍. ആ ചോദ്യം സൗമ്യമാകുമോ, കൂടുതല്‍ തീവ്രമാകുമോ എന്നതെല്ലാം വാര്‍ത്താ അവതാരകന്റെ ശൈലി അനുസരിച്ചിരിക്കും. ഒരു കാര്യം ഉറപ്പ്, ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അതിഥിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന വിധത്തില്‍ ആകരുത് അത്. അങ്ങിനെ ആകാറുമില്ല. തിരിച്ചും ഈ മാന്യത പുലര്‍ത്താറുണ്ട് പലരും. എന്നാല്‍ ഈ മാന്യതയുടെ പരസ്യമായ ലംഘനമാണ് ഈയ്യിടെ നടന്‍ ദിലീപില്‍ നിന്നും ഉണ്ടായത്.

മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിറകില്‍ താനെന്ന് വരുത്തി തീര്‍ക്കാന്‍ മാതൃഭൂമിയിലെ മുഖ്യ വാര്‍ത്താ അവതാരകനായ വേണു ബാലകൃഷ്ണന്‍ ശ്രമിച്ചു എന്നാണ് മറ്റൊരു മാധ്യമത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് നല്‍കിയ അഭിമുഖത്തിലൂടെ ദിലീപ് ഉന്നയിച്ച ആരോപണം. അങ്ങിനെയൊരു ആരോപണം ദിലീപിനുണ്ടെങ്കില്‍ മാന്യമായും ആരോഗ്യപരമായും അത് ഉന്നയിക്കാം. പകരം, വേണു എന്നാല്‍ ഓടക്കുഴല്‍, ഇംഗ്‌ളീഷില്‍ ഫ്‌ളൂട്ട്, വേണു ഊതുന്നവന്‍, ഊത്തന്‍, വേണു നല്ല ഊത്തന്‍ എന്നിങ്ങനെ പതിവ് ദിലീപ് ചിത്രങ്ങളിലെ വളിപ്പ് ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ ശൈലിയില്‍ ആ ആരോപണം ഒരു അഭിമുഖത്തില്‍ ഉന്നയിക്കാന്‍ പാടില്ലായിരുന്നു. ഒരു ചാനലിനകത്ത് നടക്കുന്നത് എന്തൊക്കെയെന്ന് നമുക്കറിയാം എന്ന രീതിയില്‍ അതിനകത്തെ മുഴുവന്‍ പേരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതായിരുന്നു. വേണുവിനെ കുറിച്ച് പലതും നമുക്കറിയാം, ഒരു സിനിമക്കുള്ളതെല്ലാം കയ്യിലുണ്ട് എന്നിങ്ങനെ ഡയലോഗടിക്കാന്‍ മാത്രം എന്തു സംഭവിച്ചു ഇവിടെ..?

നടന്‍ എന്നാല്‍ കലാകാരനാണ്. ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒട്ടും മാന്യതയില്ലാത്ത പരാമര്‍ശങ്ങളാണ് ദിലീപില്‍ നിന്നും ഉണ്ടായത്. അല്‍പം ആസക്തിയും അഭിനയവിരുതും കള്ളത്തരവും ആരുടെയും ഉള്ളിലുണ്ട്. അതെല്ലാം നിയന്തിച്ചാണല്ലോ, സദാചാരബന്ധിതമായി സമൂഹം മുന്നോട്ടു പോകുന്നത്.

വ്യക്തിപരമായ സംഗതികള്‍ വിളിച്ചു പറയാനുള്ള വേദിയല്ല ഒരു മാധ്യമവും. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദിലീപുമായി ബന്ധപ്പെട്ട് അഭ്യൂഹം പ്രചരിച്ചപ്പോള്‍ സ്വാഭാവികമായി അതും ചര്‍ച്ച ചെയ്യപ്പെട്ടു. അതല്ലാതെ ദിലീപിനെ വ്യക്തിപരമായി അവഹേളിക്കാന്‍ ഒരു ശ്രമവും മീഡിയ നടത്തിയില്ല. ദിലീപ് ചിത്രങ്ങളുടെ പതിവ് നിലവാരത്തിലേക്ക് താഴാതെ, ജനപ്രിയ നായകന്റെ മാന്യത കാത്തുസൂക്ഷിച്ച് കൊണ്ടുതന്നെയാണ് ചാനല്‍ ചര്‍ച്ചകളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടത്. എന്നാല്‍, തിരിച്ച് ദിലീപ് ആ മാന്യത പുലര്‍ത്തിയില്ല എന്നതാണ് സങ്കടകരം.

സമൂഹത്തെ സ്വാധീനിക്കുന്നവരും നിരന്തരം ഇടപെട്ട് പ്രവര്‍ത്തിക്കേണ്ടവരുമാണ് മാധ്യമ, ചലച്ചിത്ര മേഖലയില്‍ ഉള്ളവര്‍. അവരില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നതും അത്തരം മാന്യമായ പ്രതികരണങ്ങള്‍ ആണ്. പ്രിയ ദിലീപ്, ഏതെങ്കിലും ഒരു ചര്‍ച്ചയില്‍ ഒരു വാര്‍ത്താ അവതാരകന്റെ വാക്കുകള്‍ താങ്കളെ വിഷമിപ്പിച്ചു എങ്കില്‍ തികച്ചും ആരോഗ്യകരമായി ആ വിഷയത്തില്‍ താങ്കള്‍ക്ക് പ്രതികരിക്കാം, മറുപടി നല്‍കാം. വളരെ മോശമായി അവഹേളിച്ചു എങ്കില്‍ നിയമ നടപടി സ്വീകരിക്കാം. ആ വഴി തേടാതെ മറ്റൊരു മാധ്യമത്തിന്റെ വേദി ഉപയോഗിച്ച് വ്യക്തിപരമായി ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ ആക്ഷേപിക്കുകയല്ല വേണ്ടിയിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട പ്രേക്ഷക സമൂഹം നല്‍കിയ താര പദവിയാണ് താങ്കളുടെ അലങ്കാരം. ആ പദവിയില്‍ അവരോധിക്കപ്പെട്ടയാള്‍ക്ക് ഒരിക്കലും ഭൂഷണമല്ല ആരെയും അപമാനിക്കുക എന്നത്. അതിനാല്‍ ആ വാക്കുകള്‍ അരുതായിരുന്നു എന്നുമാത്രം സവിനയം പറയട്ടെ.

(മാധ്യമ പ്രവര്‍ത്തകനാണ് സുബീഷ് തെക്കൂട്ട്)