സ്വന്തമായി വാറ്റുന്ന സഭയോട്, മദ്യം വേണ്ടെന്ന് അങ്ങ് മിസോറാമില്‍ പോയി പറയാമോ?

87 ശതമാനം ക്രിസ്ത്യാനികളുള്ള മിസോറാമില്‍ മദ്യം തിരിച്ചുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് സഭകള്‍ തന്നെ തെരുവിലിറങ്ങി. കേരളത്തില്‍ സ്വന്തമായി 24 വാറ്റുകേന്ദ്രങ്ങള്‍ ഔദ്യോഗികമായി സഭകള്‍ക്കുണ്ട്- മദ്യം നിരോധിക്കണമെന്നു പറയുന്ന സഭയുടെ ഇരട്ടത്താപ്പിന് ഇവിടെ തന്നെയുണ്ട് ഉദാഹരണങ്ങള്‍..

സ്വന്തമായി വാറ്റുന്ന സഭയോട്, മദ്യം വേണ്ടെന്ന് അങ്ങ് മിസോറാമില്‍ പോയി പറയാമോ?

'അന്യന്‍ വെയര്‍ക്കുന്ന കാശുകൊണ്ട് അപ്പോം തിന്ന് വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെന്‍സേലും കേറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട് അന്നു തീര്‍ന്നതാ തിരുമേനീ ബഹുമാനം...'- ഈപ്പച്ചന്‍ (ലേലം സിനിമ)

മദ്യം എന്ന് കേട്ടാല്‍ ഏറ്റവുമധികം ഹാലിളകുന്നത് ക്രിസ്തീയ സഭകള്‍ക്കാണ്. മദ്യനിരോധനമെന്ന ആവശ്യം കേരളത്തിലെ സഭകള്‍ കാലാകാലങ്ങളായി ആവശ്യപ്പെടുന്നതുമാണ്. ഏ.കെ ആന്റണിയുടെ ചാരായ നിരോധനത്തേയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ഭാഗിക മദ്യനിരോധനത്തെ പിന്തുണച്ച് സഭകള്‍ മുന്നോട്ടുവന്നിരുന്നു. മദ്യനിരോധനക്കാര്യത്തില്‍ കത്തോലിക്ക സഭയാണ് ഏറ്റവുമധികം ശുഷ്‌കാന്തി കാണിക്കുന്നത്. മദ്യത്തോടുള്ള സഭയുടെ ഈ വിരോധത്തില്‍ ആത്മാര്‍ത്ഥയുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നാവും. സഭയുടെ ഉടമസ്ഥതയില്‍ കേരളത്തില്‍ 24 ഡിസ്റ്റിലറികളാണ് പ്രവര്‍ത്തിക്കുന്നത്. കുര്‍ബാനയ്ക്കിടെ ഉപയോഗിക്കാനുള്ള വീഞ്ഞാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നതെന്നാണ് സഭാ ഭാഷ്യം. അതെന്തായാലും ആല്‍ക്കഹോള്‍ ലഹരി നല്‍കുന്ന വീഞ്ഞ് തന്നെയാണ് ഇവിടേയും ഉല്‍പാദിപ്പിക്കുന്നത്. അതേസമയം മദ്യനിരോധനം അശാസ്ത്രീയമാണെന്ന് തിരിച്ചറിഞ്ഞ് തിരുത്തിയ ചരിത്രമാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടേത്. മദ്യത്തിന് അടിമയാവര്‍ക്ക് ബോധവല്‍ക്കരണം നല്‍കി ക്രമേണ മദ്യം വര്‍ജ്ജിക്കുന്ന അവസ്ഥയിലേക്ക് മാറ്റുന്ന മദ്യവര്‍ജ്ജനമാണ് ശാസ്ത്രീയ മാര്‍ഗമെന്ന് തിരിച്ചറിഞ്ഞാണ് പരിഷ്‌കൃത സമൂഹങ്ങള്‍ മദ്യനിരോധനം എടുത്തുകളഞ്ഞത്. എന്നാല്‍ കയ്യടി കിട്ടാനായി ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്ന കത്തോലിക്ക സഭ മദ്യം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നിരോധനം എന്ന വാക്ക് അതിനോട് ചേര്‍ത്തുവെയ്ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

അമേരിക്കയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷമുണ്ടായ കാര്യങ്ങള്‍ സഭാനേതൃത്വം ഒന്ന് പരിശോധിക്കുന്നത് നന്നാവും. മദ്യം ഇല്ലാതായതോടെ മദ്യം ഉപയോഗിച്ചിരുന്നവര്‍ താരതമ്യേന കൂടുതല്‍ അപകടകരമായ ലഹരി വസ്തുക്കളെ ആശ്രയിക്കാന്‍ തുടങ്ങി. അതോടൊപ്പം മദ്യം ലഭിക്കാതായവര്‍ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് തിരിച്ചറിവുണ്ടായ അമേരിക്കന്‍ ഭരണകൂടം മദ്യനിരോധനം എടുത്തുകളയുകയായിരുന്നു. ഇക്കാര്യത്തില്‍ നമുക്ക് അമേരിക്ക വരെയൊന്നും പോകേണ്ട കാര്യമില്ല. മദ്യനിരോധനം എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍ സമരം ചെയ്തിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം. മിസോറമിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. 17 വര്‍ഷമാണ് മിസോറമില്‍ മദ്യനിരോധനം നിലവിലുണ്ടായിരുന്നത്. ഇങ്ങനെയൊരു നിരോധനത്തില്‍ പതിവുപോലെ ക്രിസ്തീയ സഭകള്‍ക്ക് കാര്യമായ റോളുണ്ടായിരുന്നു. മദ്യത്തെ സഭ കുരിശു കാണിച്ച് ഓടിച്ചതാണ്. എന്നാല്‍, മദ്യനിരോധനം 87 ശതമാനം ക്രിസ്ത്യാനികളുള്ള മിസോറാമിനെ പിന്നീട് പ്രശ്‌നങ്ങളുടെ കൂമ്പാരത്തിലാണ് കൊണ്ടെത്തിച്ചത്. വ്യാജമദ്യം കഴിച്ച് ആളുകള്‍ മരിക്കുകയും അപകടകരമായ ലഹരിമരുന്നുകള്‍ വ്യാപകമാവുകയുമായിരുന്നു പിന്നീടുണ്ടായത്. കാര്യങ്ങള്‍ കൈവിട്ടുപോയതോടെ സഭകള്‍ തന്നെ മദ്യം തിരിച്ചുകൊണ്ടു വരണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ മദ്യനിരോധനം എടുത്തുകളയുകയായിരുന്നു. മദ്യമെന്ന് കേള്‍ക്കുമ്പോഴേ നിരോധനമെന്ന പ്ലക്കാര്‍ഡുമെടുത്ത് തെരുവിലിറങ്ങുന്ന ആവേശക്കമ്മിറ്റി സഭാനേതൃത്വത്തിന് മിസോറമില്‍ നിന്ന് ഇക്കാര്യത്തില്‍ ചിലത് പഠിക്കാനുണ്ട്.

കേരളത്തില്‍ ആന്റണിച്ചാണ്ടി സ്‌റ്റൈല്‍ മദ്യനിരോധനം നടപ്പില്‍ വരുത്തിയിട്ട് ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ തിരക്കുവര്‍ധിച്ചതല്ലാതെ പ്രത്യേകിച്ചൊരു ഗുണവുമുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. മദ്യം കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ എത്ര റിസ്‌കെടുത്തായാലും മദ്യം കഴിച്ചിരിക്കും. ഒരിടത്തു നിന്നും മദ്യം കിട്ടിയില്ലെങ്കില്‍ വാറ്റിക്കുടിക്കാനും ഇവര്‍ മടിക്കില്ല. അതുകൊണ്ടു തന്നെ നിരവധി കൗണ്‍സിലിംഗുകളും ബോധവല്‍ക്കരണ പരിപാടികളും നടത്തുന്ന സഭയ്ക്ക് മദ്യനിരോധനം വേണമെന്ന് രാവിലെയും ഉച്ചക്കും വൈകിട്ടും ആവര്‍ത്തിക്കുന്നതിന് പകരം മദ്യപാനികളെ ഇത്തരം ബോധവല്‍ക്കരണ കേന്ദ്രങ്ങളിലെത്തിച്ച് കുടി വിടുവിക്കുകയല്ലേ ചെയ്യേണ്ടത്.

ഓശാന ഞായറാഴ്ച യേശുവിനെ ഒലിവിന്‍ ചില്ലകള്‍ വീശിയാണ് ജനക്കൂട്ടം സ്വീകരിച്ചത്. എന്നാല്‍ ഒലിവിലക്ക് പകരം കത്തോലിക്ക സഭ തെങ്ങോലകളാണ ഉപയോഗിക്കുന്നത്. മദ്യനിരോധനത്തിനായി ബഹളം കൂട്ടുന്ന സഭയ്ക്ക് എന്തുകൊണ്ട് കുര്‍ബാനയ്ക്കിടെ ഉപയോഗിക്കുന്ന വീഞ്ഞിന് പകരം കരിക്കിന്‍ വെള്ളമോ നാരങ്ങ വെള്ളമോ മറ്റോ ഉപയോഗിച്ചു കൂട. മദ്യനിരോധനമെന്ന അപ്രായോഗികവും അശാസ്ത്രീയവുമായ ആവശ്യം ഉന്നയിക്കുന്നതിന് മുമ്പ് കുറഞ്ഞത് സ്വന്തം ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്റ്റിലറകളെങ്കിലും പൂട്ടി സഭ മാതൃക കാണിക്കേണ്ടതല്ലേ? എന്നാല്‍ മാത്രമല്ലേ സഭയുടെ ഉദ്ദേശശുദ്ധിയില്‍ ജനത്തിന് വിശ്വാസം വരിക.