ആര്‍ക്കു വോട്ട് കുത്തിയാലും മോഡിക്ക് കിട്ടുമോ? കിട്ടുമെന്നാണ് ഉത്തരമെങ്കിലും...

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കുവാന്‍ സാധിക്കുമോ? ഉത്തരം വളരെ വളരെ ലളിതമാണ്- സാധിക്കും ഇതെന്നല്ല, ഏതു ഇലക്ട്രോണിക് ഉപകരണങ്ങളിലും മിടുക്കന്മാര്‍ക്ക് കൃത്രിമം കാണിക്കുവാന്‍ സാധിക്കും. അപ്പോള്‍ ഇത്രയും നാളായി ഇന്ത്യയില്‍ നടന്ന പല തെരഞ്ഞെടുപ്പുകളിലും ഈ കൃത്രിമം നടന്നിരിക്കാന്‍ സാധ്യതയില്ലേ?- നാരദ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവേല്‍ എഴുതുന്നു

ആര്‍ക്കു വോട്ട് കുത്തിയാലും മോഡിക്ക് കിട്ടുമോ? കിട്ടുമെന്നാണ് ഉത്തരമെങ്കിലും...

ഈയുള്ളവന്‍ ഒരു ടെക്‌നിക്കല്‍ വിദഗ്ധനേയല്ല, പക്ഷെ അതിനെ കുറിച്ച് താല്പര്യമുള്ളതിനാല്‍ പൊതുവായുള്ള കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു ഉദാഹരണം പറഞ്ഞു തുടങ്ങാം. 2000 ത്തില്‍ തെഹല്‍കയുടെ പ്രശസ്തിക്കു തുടക്കം കുറിച്ച ഓപ്പറേഷന്‍സ് വെസ്റ്റ് എന്‍ഡിനു വേണ്ടി ഞങ്ങള്‍ ഒരു സാങ്കല്പിക കമ്പനി രൂപീകരിച്ചു. അതിന്റെ ഒരു ഉത്പന്നമായി ഞങ്ങള്‍ വിവരിച്ചത് ഹാന്‍ഡ് ഹെല്‍ഡ് തെര്‍മല്‍ ബൈനോക്കുലര്‍ എന്ന ഗാഡ്ജറ്റായിരുന്നു. ഇത് ഇന്ത്യന്‍ ആര്‍മിയ്ക്കു വില്‍ക്കാന്‍ ശ്രമിക്കുന്നതും അതിന്റെ പിന്നിലെ ഉന്നത ഗൂഢാലോചനയുമായിരുന്നു ഞങ്ങള്‍ പുറത്തുകൊണ്ട് വരാന്‍ തീരുമാനിച്ചത്. അതിന്റെ ചീഫ് റെപ്രെസെന്ററ്റീവ് ഈയുള്ളവനാണ്.

സത്യം പറയട്ടെ ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രോഡക്റ്റിനെ കുറിച്ചു കേള്‍ക്കുന്നത് തന്നെ. ഞാന്‍ ഇതിന്റെ ഗുണവിവരങ്ങള്‍ അവതരിപ്പിക്കേണ്ടത് ആര്‍മിയുടെ ജനറല്‍, മേജര്‍ ജനറല്‍, ബ്രിഗേഡിയര്‍, കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരോടുമാണ്. ഇവരൊക്കെയാണ് ഈ പ്രോഡക്റ്റിന്റെ ആവശ്യകതയെ നിര്‍ണ്ണയിക്കുന്നവര്‍. അവര്‍ക്ക് ഇതിനെ പറ്റിയെല്ലാം വ്യക്തമായ ധാരണയുള്ളവരുമാണ്. എന്റെ അന്നത്തെ ബോസ് അനിരുദ്ധ് ബഹല്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു തന്ന വിവരങ്ങള്‍ വച്ചു ഓഫിസിസിലെ ഒരു ആര്‍ട്ട് ഡിസൈനര്‍ മനോഹരമായ ഒരു ബ്രോഷര്‍ ഡിസൈന്‍ ചെയ്തു തന്നു. ഈയുള്ളവന്‍ ഇതൊക്കെ ഈ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ സബ്മിറ്റ് ചെയ്യുകയും ചെയ്തു.

അപ്പോഴാണ് ആ കടുപ്പമുള്ള ചോദ്യമുണ്ടായത്. ഇതിന്റെ സ്‌പെസിഫിക്കേഷന്‍സ്/ മാഗ്‌നിഫിക്കേഷന്‍സ് എല്ലാം എവിടെ? ഞാന്‍ ബോസിനോട് ചോദിച്ചു ഇതെല്ലാമാണ് ചോദ്യങ്ങള്‍, എന്തു മറുപടി നല്‍കണം? എടുത്തടിച്ച പോലെയുള്ള ഒരു പ്രതികരണമാണ് കിട്ടിയത്. 'ഡി-1 സ്വാമി നഗറില്‍ (തെഹല്‍കയുടെ ഓഫീസ്) ഇരുന്നല്ലേ ഇതൊക്കെ കണ്ടുപിടിക്കേണ്ടത്.. മാത്യു, നീ എവിടെയെങ്കിലും പോയി കണ്ടുപിടിക്കുന്നതാണ് ബുദ്ധി. ഒരു കാര്യം കൂടി അദ്ദേഹം മേമ്പൊടിക്ക് തട്ടി- അലഹബാദ് സെന്റ് ജോസഫ് കോളേജില്‍ ഡിഗ്രി എക്കണോമിക്‌സ് പഠിച്ച എനിക്ക് എങ്ങനെയാണ് അള്‍ട്രാ മോഡേണ്‍ ഒപ്റ്റിക്‌സ് അറിയാന്‍ കഴിയുന്നത് ദോസ്‌തേ എന്ന്!

ഞാന്‍ മനസില്‍ വിചാരിച്ചു, കാട്ടു പത്തനാപുരത്തെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഡിഗ്രി തോറ്റ എനിക്ക് എന്തു കുന്തം അറിയാനാണ് പിന്നെ? ഒപ്റ്റിക്‌സ് എങ്കില്‍ ഒപ്റ്റിക്‌സ്... വെല്ലുവിളി സ്വീകരിച്ചു കളത്തില്‍ ഇറങ്ങി. 'HHTI - ഹാന്‍ഡ് ഹെല്‍ഡ് തെര്‍മല്‍ ഇമേജര്‍' ഇതും പഠിക്കണം, ഇല്ലെങ്കില്‍ മുന്നോട്ടുള്ള പോക്ക് തീരേയും നടക്കില്ല. അന്ന് ഇതിനെ പറ്റി ഗൂഗിള്‍ സെര്‍ച്ചില്‍ കാര്യമായി ഒന്നും തന്നെയില്ലായിരുന്നു താനും.

കോളേജില്‍ പണ്ട് എന്നോടൊപ്പം പഠിച്ച വിജു ഉമ്മന്‍ അറ്റ്മോസ്ഫിയറിക്ക് സയന്‍സില്‍ അമേരിക്കയില്‍ നിന്നും ജർമ്മനിയിൽ നിന്നും മാസ്റ്റേഴ്‌സ് എടുത്ത ഒരു സ്‌കോളറാണ്. അവനെ സമീപിക്കാന്‍ തീരുമാനിച്ചു. അവന്‍ മുഖാന്തരം ഡല്‍ഹി IITയിലെ അസ്സോസിയേറ്റ് പ്രൊസസറായ മലയാളി ജോബി ജോര്‍ജ്ജുമായി ബന്ധം സ്ഥാപിച്ചു. ഒപ്റ്റിക്‌സ് വകുപ്പിന്റെ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്‌മെട് ആണ് ടിയാന്‍. അദ്ദേഹം ഞങ്ങള്‍ക്കൊരു ക്രാഷ് കോഴ്‌സ് എടുത്തു. എനിക്ക് മാത്രമല്ല അനിരുദ്ധ് ബഹലിനും കിട്ടി ഇത് സംബന്ധിച്ച ഒരു ചെറിയ പഠന സെക്ഷന്‍.

ഏകദേശം ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം ഞങ്ങളുടെ ഇല്ലാത്ത പ്രോഡക്റ്റിന്റെ സ്‌പെസിഫിക്കേഷന്‍സും മാഗ്‌നിഫിക്കേഷന്‍സും എഴുതി തന്നു. സംഭവം അങ്ങനെ ഉഷാറായി.ഇതെല്ലാം കൂട്ടി ചേര്‍ത്തു പ്രതിരോധത്തിലെ ഉന്നതരെ കാണിച്ചപ്പോള്‍ അവരുടെ കണ്ണ് തള്ളിപോയി. ഇങ്ങനെയും ഒരു പ്രോഡക്റ്റ് മാര്‍ക്കറ്റില്‍ വന്നോ എന്നായിരുന്നു അവരുടെ കൌതുകം. അതില്‍ ചില തമാശകള്‍ എന്റെ ഭാഗത്തു നിന്നുമുണ്ടായി. മേജര്‍ ജനറല്‍ എസ് പി മുരുഗായ് ഇതെല്ലാം കണ്ടു ഇതിന്റെ റേഞ്ച് എത്ര മാത്രം കാണും എന്ന് എന്നോട് തിരക്കി. ഞാന്‍ ഒരു രണ്ടും കല്പിച്ചു അങ്ങ് തട്ടി വിട്ടു. അണ്‍ലിമിറ്റഡ് സര്‍...

അണ്‍ലിമിറ്റഡ്. അയാള്‍ ശരിക്കും തരിച്ചു നിന്നുപോയി. ഒരിക്കലും അങ്ങനെ വരില്ല എന്നായി അദ്ദേഹം. ഇലെക്ട്രിക്കല്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണ് കക്ഷി. വളരെ സീനിയര്‍ ഓഫീസറാണ്. അതിലുപരി DGQA ഡയറക്ടര്‍ ജനറല്‍ ഓഫ് ക്വാളിറ്റി അഷുറന്‍സുമാണ്. തെറ്റ് പിണഞ്ഞെന്നു മനസിലാക്കിയ ഞാന്‍ അതില്‍നിന്നും പതുക്കെ തലയൂരി. അങ്ങനെയല്ല സര്‍ ഉദ്ദേശിച്ചത് എന്നൊക്കെ എന്തൊക്കെയോ എനിക്ക് പോലും മനസിലാകാത്ത കാര്യങ്ങള്‍ ജോബിയെയും വിജുവിനെയും മനസിലോര്‍ത്തു ഞാന്‍ അങ്ങ് പറഞ്ഞു ഫലിപ്പിച്ചു.

നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടി 2014 തെരെഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ ബിജെപി അപ്രതീക്ഷിത വിജയം നേടിയെടുത്തു. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ ആയിരുന്നു തെരഞ്ഞെടുപ്പ്. UPA നിയോഗിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പ്. എല്ലാ പ്രവചനങ്ങളും, എക്‌സിറ്റ് പോള്‍ ഫലത്തിലും ബിജെപി അധികാരത്തില്‍ വരും എന്ന് പറഞ്ഞിരുന്നെങ്കിലും പക്ഷെ ആരും ഇത്രയധികം പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതാണ് സത്യം.

ബിജെപി ഇങ്ങനെ ഒരു കൊടുങ്കാറ്റാകും എന്ന് അവര്‍ പോലും കരുതിയിരുന്നില്ല എന്ന് തോന്നുന്നു. പിന്നീട് വന്ന ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാനം തൂത്തു വാരിയപ്പോള്‍ എല്ലാ പ്രവചങ്ങളും കാറ്റില്‍ പറന്നതും നമ്മള്‍ കണ്ടു. അപ്പോള്‍, ഒന്നു ചോദിക്കട്ടെ, അത് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചതിനാല്‍ ആയിരുന്നോ?നിതീഷ് കുമാര്‍ മുന്നണിയെ തറപറ്റിച്ചു ബിഹാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പും മോഡി തരംഗത്തില്‍ വീണു. ഒരു വര്‍ഷം കഴിഞ്ഞുള്ള അസംബ്ലി തെരഞ്ഞെടുപ്പില്‍ നിതീഷ് -ലാലു -കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ പക്ഷെ ബിജെപി എങ്ങുമല്ലാതായി.

എക്‌സിറ്റ് പോള്‍ തത്വത്തില്‍ ശരിയായി. കേരളത്തിലും എക്‌സിറ്റ് പോള്‍ കള്ളം പറഞ്ഞില്ല. ഇടതുപക്ഷം അധികാരത്തില്‍ വന്നു. ഉത്തര്‍പ്രദേശ് ലോക്‌സഭയില്‍ തെരഞ്ഞെടുപ്പിലും ബിജെപി വളരെ മുന്നില്‍ പോയി. മായാവതിയുടെ ബിഎസ്പി പേരില്‍ മാത്രമായി ഒതുങ്ങി. ദളിത് -മുസ്ലിം സഖ്യമാണ് ബിസ്പിയുടെ പ്രധാന വോട്ടുബാങ്ക്, സമാജ്വാദി പാര്‍ട്ടിയ്ക്കു ഇത് ഒബിസി -മുസ്ലിം വിഭാഗങ്ങളാണ്. ഇവിടെ സംഭവിച്ചത് മുസ്ലിം വോട്ടുകള്‍ രണ്ടു പക്ഷത്തു നിന്നും വെര്‍ട്ടിക്കലായി സ്പ്ലിറ്റായി. എന്നിരുന്നാലും ഹൈന്ദവവോട്ടുകളുടെ ഏകീകരണവും നടന്നു. അതിനു പ്രേരകമായി പല രീതിയിലുള്ള വര്‍ഗീയ കലാപങ്ങളുണ്ടായിരുന്നു എന്നുള്ളത് വിസ്മരിക്കുന്നില്ല.

കലാപത്തിന് ഇരയായ മുസ്ലീമുകളെ അഖിലേഷ് യാദവ് സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ തഴഞ്ഞതായി അവര്‍ക്ക് അനുഭവപ്പെട്ടിരുന്നു. അഖിലേഷ് ഭരണത്തിന്റെ 5 വര്‍ഷത്തില്‍ മുന്നൂറോളും വര്‍ഗീയ കലാപങ്ങള്‍ നടന്നു. റിപ്പോര്‍ട്ട് ചെയ്തതിന്റെ കണക്കുകള്‍ മാത്രമാണിത്. ഇതില്‍ അപ്പര്‍ കാസ്റ്റ് വിഭാഗമില്ല. മറുഭാഗത്തു യാദവ് -മുസ്ലിമുകള്‍ ആയിരുന്നു പ്രതികള്‍. ഗുജ്ജര്‍-മുസ്ലിം കലാപം മറ്റൊന്ന്. അഖിലേഷ് യാദവന്മാരുടെ കൂടെ നിന്നു. അവസാനം മുസ്ലിം, യാദവ്, ഗുജ്ജര്‍ എല്ലാവരും അഖിലേഷിനെ കൈവിട്ടു.

എന്തിനു മുസ്ലിമുകളില്‍ നല്ലൊരു ശതമാനം ബിജെപിയ്ക്കനുകൂലമായി എത്തുന്നത് വരെയെത്തി കാര്യങ്ങള്‍. അതിനു കാരണമായി അവര്‍ പറയുന്നത്- ഇനിയെങ്കിലും സ്വസ്ഥമായി കഴിയണം എന്ന് ആഗ്രഹമുണ്ട്. മാറ്റം വരട്ടെയെന്നാണ്.ഡല്‍ഹിയില്‍ ഉള്ളപ്പോള്‍ ചില ചൊവ്വാഴ്ച രാത്രികളില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമുള്ള വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ ഭാര്യയുമൊത്തു പോകുന്ന ഒരു പതിവ് ഈയുള്ളവനുണ്ട്. നല്ല തിരക്കായിരിക്കും ഇവിടെ. അന്ന് സാമാന്യം വലുപ്പമുള്ള 4 കിലോയുടെ പപ്പായയാണ് ഞങ്ങള്‍ വാങ്ങിയത്. കിലോയ്ക്കു 40 രൂപയാണ് വില.

ചില്ലറ ഇല്ലാത്തതിനാല്‍ രണ്ടായിരത്തിന്റെ ഒരു നോട്ട് കൊടുത്തു. ചില്ലറ മാറാനായി കച്ചവടക്കാരന്‍ അപ്പുറത്തേക്ക് നീങ്ങിയപ്പോള്‍ എനിക്കൊരു ഫോണ്‍ വരികയും ഞാന്‍ സംസാരത്തില്‍ മുഴുകി അവിടെ നിന്നും തിരിച്ചു പോരുകയും ചെയ്തു. പണം നല്‍കുന്നത് കണ്ട ഭാര്യയും എന്നെ അനുഗമിച്ചു. ബാക്കി പണം വാങ്ങാതെ അങ്ങനെ വീട്ടില്‍ തിരിച്ചെത്തി. ശരിക്കും പറഞ്ഞാല്‍ അശ്രദ്ധമായ ഒരു മറവി എന്നു തന്നെ പറയാം. രണ്ടു മാസം കഴിഞ്ഞു വീണ്ടും ആ മാര്‍ക്കറ്റില്‍ പോയി. ഏകദേശം അഞ്ഞൂറോളും പേര് ഇരുന്നു കച്ചവടം ചെയുന്ന ഒരു വീക്കിലി മാര്‍ക്കറ്റാണിത് എന്ന് പറഞ്ഞല്ലോ.

മാര്‍ക്കറ്റില്‍ കൂടി നടന്നു നീങ്ങിയപ്പോള്‍ ഒരാള്‍ പുറകെ നിന്നും എന്നെ ദേഹത്ത് തട്ടി വിളിച്ചു- ഭായ് ഓര്‍മ്മയില്ലേ എന്നും പറഞ്ഞു രണ്ടായിരം രൂപയുടെ ബാക്കിതരാന്‍ അയാള്‍ എത്തി. ഞങ്ങള്‍ പിന്നീട് സുഹൃത്തുക്കളായി. പേര് ഷാഹിദ്- 32 വയസാണ് പ്രായം, അജ്മീരാണ് സ്വദേശം. തിലക് നഗറിലുള്ള ചൗക്കി ബസ്തിയില്‍ താമസിക്കുന്നു. ദിവസവും രാവില അഞ്ചരയ്ക്ക് മണ്ഡിയില്‍ (പച്ചക്കറികളുടെ ഹോള്‍സെയില്‍ മാര്‍ക്കറ്റ്) ശേഖരിക്കും. വൈകുന്നേരം ഏഴു മണിമുതല്‍ രാത്രി 11 വരെ ഇവയെല്ലാം വിറ്റഴിക്കും.

ഒരു മകന്‍ ഒരു മകള്‍. വേനല്‍കാലത്ത് ഡല്‍ഹിയില്‍ രാവിലെ നാലര മണിക്ക് കുടിവെള്ളം വരും. റേഷന്‍ രീതിയിലാണ് വിതരണം. ബക്കറ്റും കുടവുമായി പോകണം. അരമണിക്കൂര്‍ മാത്രമേ ഇതുണ്ടാകുകയുള്ളൂ. ഷാഹിദിന്റെ ദിവസം അവിടെ തുടങ്ങുന്നു. അതിനു ശേഷം വേണം മാണ്ഡിയില്‍ പോകേണ്ടത്. കെജ്രിവാള്‍ അധികാരത്തില്‍ വരുമ്പോള്‍ ആറു മാസം കൊണ്ട് ഇതെല്ലാം ശരിയാക്കാം എന്ന് വാക്കു കൊടുത്തു. ഡല്‍ഹി ജല്‍ബോര്‍ഡിനെ കൊണ്ട് ഒന്നും നടന്നില്ല. അയാളും കുടുംബവും അടുത്തുള്ള ഒരുവിധ പെട്ട മുസ്ലിം കുടുംബങ്ങളും എല്ലാം തന്നെ എംസിടി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കു വോട്ടു ചെയ്തെന്ന് പറഞ്ഞു.

ഈയുള്ളവന്‍ മീന്‍ വാങ്ങാന്‍ പോകുന്ന ദ്വാരകയ്ക്കു അടുത്തുള്ള പങ്കറോഡില്‍ ഏകദേശം എഴുപതില്‍ അധികം പേർ കോഴിയിറച്ചി, ആട്ടിറച്ചി പിന്നെ വിവിധയിനം മത്സ്യങ്ങള്‍ എന്നിവയുടെ വിപണന കേന്ദ്രമാണിത്. ലൈസന്‍സ് ഉള്ള മാര്‍ക്കറ്റായിരുന്നു ഇത്. ആം ആദ്മി പാര്‍ട്ടി അംഗമായ അവിടുത്തെ എംഎല്‍എ സര്‍ക്കാറിനും എംസിടി യ്ക്കും പരാതി നല്‍കി ഈ ചന്ത അടപ്പിച്ചു. 500 മീറ്റര്‍ അകലെ ഒരു അമ്പലം ഉണ്ടെന്നുള്ളതായിരുന്നു കാരണം.

ഏകദേശം ഇരുപതു വര്‍ഷമായി പ്രവര്‍ത്തിച്ചു വന്ന ഒരു മാര്‍ക്കറ്റാണ്. കോടതിയില്‍ പോകാന്‍ പണമില്ലാത്ത ഇവിടുത്തെ കച്ചവടക്കാര്‍ എന്തു ചെയ്യാനാണ്? ഭൂരിപക്ഷമെന്നല്ല, മിക്കവരും മുസ്ലിമുകള്‍. എത്ര കുടുംബത്തിന്റെ വരുമാനത്തിനാണ് പൂട്ടു വീണത് എന്ന് കെജ്രിവാളും സംഘവും ചിന്തിച്ചില്ല. അവരുടെ പ്രതിഷേധം അവര്‍ വോട്ടായി രേഖപ്പെടുത്തി. ഇതാണ് ഗ്രൗണ്ട് റിയാലിറ്റി എന്നിരിക്കെ, എന്തിനാണ് ഈ കോലാഹലങ്ങള്‍ എന്ന് ചിന്തിച്ചു പോവുകയാണ്.

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കുവാന്‍ സാധിക്കുമോ? ഉത്തരം വളരെ വളരെ ലളിതമാണ്- സാധിക്കും ഇതെന്നല്ല, ഏതു ഇലക്ട്രോണിക് ഉപകരണങ്ങളിലും മിടുക്കന്മാര്‍ക്ക് കൃത്രിമം കാണിക്കുവാന്‍ സാധിക്കും. അപ്പോള്‍ ഇത്രയും നാളായി ഇന്ത്യയില്‍ നടന്ന പല തെരഞ്ഞെടുപ്പുകളിലും ഈ കൃത്രിമം നടന്നിരിക്കാന്‍ സാധ്യതയില്ലേ? ഈയുള്ളവന്‍ ഇക്കാര്യത്തില്‍ പല രാഷ്ട്രിയക്കാരുമായും അതിലുപരി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വിരമിച്ച പലരുമായി സംസാരിച്ചിരുന്നു. ഇത്തരത്തില്‍ ഒരു കൃത്രിമം നടക്കാനുള്ള സാധ്യത വെറും ഒരു ശതമാനം മാത്രമാണ് എന്നായിരുന്നു മൊത്തത്തില്‍ ലഭിച്ച ഒരു പ്രതികരണം. സത്യം മനസിലാക്കണം, വോട്ടിംഗ് മെഷീന്‍ കൃത്രിമമോ അതോ ജനങ്ങളുടെ പ്രതികരണമോ...എന്താണ് മഹത്തരമായ രാഷ്ട്രീയ പാര്‍ട്ടികളുടെ തോല്‍വിയുടെ കാരണം?