ഈ തിരക്കഥ കേരളത്തിൽ ഓടുമോ? ഏഷ്യാനെറ്റ് പിൻവലിച്ച രശ്മി ആർ നായരുടെ കോളം നാരദയിൽ

വൻ പ്രഖ്യാപനം നടത്തി പ്രസിദ്ധീകരിച്ച് മിനുട്ടുകൾക്കുള്ളിൽ ഏഷ്യാനെറ്റ് പിൻവലിച്ച ചുംബനസമര സംഘാടക രശ്മി ആർ നായരുടെ സംഘപരിവാർ വിരുദ്ധ കോളം നാരദ പ്രസിദ്ധീകരിക്കുന്നു.

ഈ തിരക്കഥ കേരളത്തിൽ ഓടുമോ? ഏഷ്യാനെറ്റ് പിൻവലിച്ച രശ്മി ആർ നായരുടെ  കോളം  നാരദയിൽ

കേരളചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ, അതും ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ചു കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനു പോലീസ് കേസെടുത്തിരിക്കുന്നു. കേള്‍ക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും വത്യസ്തമായ കേരള സാഹചര്യങ്ങള്‍ മൂലം നമുക്ക് വലിയ അപകടമൊന്നും തോന്നില്ല . പക്ഷെ കൃത്യമായ അസൂത്രണത്തോടെ സര്‍വ്വ രാഷ്ട്രീയ ധാര്‍മ്മികതകളും കാറ്റിൽ പറത്തി കൊണ്ടുള്ള ഒരു തിരക്കഥയാണ് RSS പ്രവർത്തകർ കൊല്ലപ്പെട്ട ദിവസം മുതൽ സംഘപരിവാർ നടത്തുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളെ ഒരു പരിഷ്‌കൃത സമൂഹത്തില്‍ ആരും തന്നെ അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ തയ്യാറാകില്ല. കണ്ണൂരില്‍ ഇരു രാഷ്ട്രീയ വിഭാഗത്തിലും പെടുന്നവര്‍ കൊല്ലപ്പെടുന്നു എന്നതും ഒരു വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. എന്നാല്‍ ഒരു കൊലപാതകം എന്ന തീപ്പൊരി ഊതിക്കത്തിച്ചു നാടിനെ തന്നെ കത്തിച്ചു ചാമ്പലാക്കുന്ന കാട്ടുതീയാക്കി മാറ്റാന്‍ പരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരമാണ്.


നവഹിന്ദു രാഷ്ട്രീയം ഇന്ത്യ മുഴുവന്‍ അതിന്റെ സംഹാരതാണ്ഡവം ആടി അധികാരത്തില്‍ ഏറിയപ്പോഴും ഹിന്ദുത്വ അജണ്ടകൾക്ക് മുന്നില്‍ കേരളം വീണു പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് മറ്റാരേക്കാളും വ്യക്തമായി അവർക്കറിയാം . എത്രതന്നെ ആശയപരമായി ബൗദ്ധിക നിലവാരം ഉള്ളവരാണെങ്കിലും അസംഘടിതരായ ഒരു ജനതയും എത്രതന്നെ സംഘടിതര്‍ ആണെങ്കിലും ആശയപാപ്പരത്വം ഉള്ളൊരു ജനതയും വലതുപക്ഷ ഫാസിസ്റ്റ് ശക്തികൾക്കു മുന്നില്‍ എളുപ്പത്തില്‍ തോറ്റുപോകും എന്നതാണ് ലോകത്തിന്റെ രാഷ്ട്രീയ ചരിത്രം .

ആശയപരമായി സംഘടിതര്‍ ആയ ഇടതു പക്ഷത്തിന്റെ ശക്തമായ പ്രതിരോധവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വത്യസ്തമായി സെക്കുലര്‍ ആയ മുസ്ലീം സമുദായവും ഭരണവർഗ്ഗമായ മുസ്ലീം ക്രിസ്ത്യന്‍ സ്വത്വ രാഷ്ട്രീയവും ആ പ്രതിരോധത്തില്‍ വഹിച്ച പങ്കു വലുതാണ്. ഇഴകീറി പരിശോധിച്ചാല്‍ ഉയർന്ന സാക്ഷരതാ നിരക്കും ദളിത് സംഘടനകളുടെ നിലപാടുകളും അങ്ങനെ പല കാരണങ്ങളും കണ്ടെത്താം.

സെക്കുലര്‍ മുസ്ലീം സമുദായവും ഇടതുപക്ഷവും ഭരണ വർഗമായ മുസ്ലീം- ക്രിസ്ത്യന്‍ സ്വത്വ രാഷ്ട്രീയവും നിലനിൽക്കുന്നത് കൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിലെ പോലെ മുസ്ലീം എന്ന സാങ്കൽപ്പിക ശത്രുവിനെതിരെ പോരാടുവാന്‍ ദളിത് പിന്നോക്ക വിഭാഗങ്ങളെ കൂടി ഹിന്ദു എന്ന മിത്തില്‍ കൂട്ടിക്കെട്ടാന്‍ സംഘപരിവാറിനു കഴിയാത്തത്. അതുകൊണ്ട് തന്നെ ഇവയില്‍ ഏതെങ്കിലും ഒന്ന് തകർത്താൽ മാത്രമേ കേരളത്തില്‍ കാലുറപ്പിക്കാന്‍ കഴിയൂ എന്ന ബോധ്യവും അവർക്കുണ്ട്.

ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ദേശീയ തലത്തില്‍ BJP തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉയർത്തുന്ന ഗോമാംസമോ രാമക്ഷേത്രമോ കേരളത്തില്‍ വലിയ ചലനമൊന്നും സൃഷ്ടിക്കില്ല എന്ന് മാത്രമല്ല നെഗറ്റീവ് എഫക്റ്റ് ഉണ്ടാക്കുകയും ചെയ്യും എന്ന് അവർക്ക് ബോധ്യമുണ്ട്. ദേശീയ ശരാശരിക്കും മുകളില്‍ നിൽക്കുന്ന വികസന സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ മൂലം സ്വച്ചഭാരത് മുതലുള്ള മോഡി ഗിമ്മിക്കുകൾക്കും കേരളത്തില്‍ വലിയ റോളില്ല.

ഈ തിരിച്ചറിവില്‍ നിന്നുമാണ് കൂടുതല്‍ വളഞ്ഞ വഴികളില്‍ കൂടി കേരളത്തില്‍ സ്ഥാനമുറപ്പിക്കുക എന്ന അജണ്ടയിലേക്ക് പരിവാര്‍ എത്തുന്നത്. അതിന്റെ തുടക്കമെന്നോണമാണ് തീവ്രഹിന്ദു വർഗീയവാദിയായിരുന്ന കുമ്മനം രാജശേഖരനെ ഒരു സുപ്രഭാതത്തില്‍ കേരളാ BJP അധ്യക്ഷന്‍ ആക്കുന്നത് . അവിടുന്നങ്ങോട്ട് സംഘപരിവാര്‍ കേരളത്തില്‍ നടത്തിയിട്ടുള്ള രാഷ്ട്രീയ തിരക്കഥയുടെ ഒരു ഓഡിറ്റിംഗ് നടത്തിയാല്‍ ഇത് കൂടുതല്‍ വ്യക്തമാകും.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോർട്ടിൽ സംഘപരിവാര്‍ അനുകൂല പ്രാദേശിക പത്രങ്ങളെയും ചാനലുകളേയും കലാപം ആളിക്കത്തിക്കാന്‍ ഉപയോഗിച്ചതായി പറയുന്നുണ്ട് . ഹിന്ദു സ്ത്രീകളുടെ മൃതദേഹം ബലാത്സംഗം ചെയ്യപ്പെട്ട രീതിയില്‍ ഗോധ്ര നദീതീരത്ത്കണ്ടു എന്ന രീതിയില്‍ 'സന്ദേശ്' എന്ന പ്രാദേശിക പത്രത്തില്‍ വന്ന വാർത്ത അത്തരത്തില്‍ ഒരു വ്യാജവാർത്ത ആയിരുന്നു .

കുറച്ചു ദിവസങ്ങൾക്കു ശേഷം ഉൾപേജിൽ രണ്ടു കോളം വാർത്തയിൽ അവര്‍ വാർത്ത തെറ്റായിരുന്നു എന്ന് പറയുകയും ചെയ്തു. എന്നാല്‍ കലാപത്തില്‍ ഉടനീളം മുസ്ലീം സ്ത്രീകള്‍ ആക്രമിക്കപ്പെടാന്‍ ഒരു വൈകാരികത സൃഷ്ടിക്കാന്‍ ആ വാർത്ത വഹിച്ച പങ്കു ചെറുതല്ല. ഒന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനസിലാകും ,അതേ 'സന്ദേശ്' അജണ്ട തന്നെയാണ് വൈകാരികത ഇളക്കിവിടാന്‍ വേണ്ടി കുമ്മനം രാജശേഖരനും മറ്റു BJP നേതൃത്വവും ഉപയോഗിച്ചത് .

രാഷ്ട്രീയ കലാപങ്ങളുടെ ചെറുതല്ലാത്ത ഒരു ചരിത്രം കേരളത്തില്‍ ഉണ്ട്. മലബാര്‍ ലഹള മുതലുള്ള കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അവയില്‍ ഇത്തരം വ്യാജവാർത്തകള്‍ ഉണ്ടാക്കിയ ഇമ്പാക്റ്റ് മനസിലാകും . സാങ്കേതികവിദ്യാ വികാസം കൊണ്ട് നിതാന്ത ജാഗ്രതയുള്ള ഒരു ഡിജിറ്റല്‍ സമൂഹത്തിന്റെ ഇടപെടലും മാധ്യമങ്ങളുടെ പക്വമായ നിലപാടുകളും കൊണ്ടാണ് കുമ്മനം സ്വപ്നം കണ്ട ഒരു മഹാവിപത്ത് കേരളത്തില്‍ നിന്നും ഒഴിഞ്ഞു പോയത്.

ഇത് കേരളത്തിനുള്ളിലെ കഥയെങ്കില്‍ കേരളത്തിന് വെളിയില്‍ കഥക്കൊരു ട്വിസ്റ്റ് ഉണ്ട്. RSSകാര്‍ കൊല്ലപ്പെടുന്ന വാർത്തകൾ മാത്രമേ കേരളത്തിന് വെളിയില്‍ ചർച്ചയാകുള്ളൂ. അവ കമ്മ്യൂണിസ്റ്റ് അക്രമം എന്ന പേരില്‍ തങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ എല്ലാം ചർച്ചയാക്കുന്നതിൽ സംഘപരിവാര്‍ വിജയിക്കുന്നുണ്ട്. അതിനു തെളിവാണ് പിണറായി വിജയനെ തടയാനുള്ള ശ്രമങ്ങളും കേരള രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യ ധാരണ പോലും ഇല്ലാത്ത ഉത്തരേന്ത്യന്‍ പ്രാദേശിക സംഘപരിവാര്‍ നേതാക്കള്‍ പിണറായി വിജയൻ നേരെ നടത്തുന്ന കൊലവിളികളും ഒക്കെ.

കമ്യുണിസ്റ്റ് അക്രമങ്ങൾക്കെതിരെ അവര്‍ ഡൽഹിയിൽ ഫോട്ടോ പ്രദർശനങ്ങൾ നടത്തുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും സാമൂഹിക സുരക്ഷിതത്വം ഉള്ള സംസ്ഥാനത്തെ കുറിച്ച് ക്രമസമാധാന നില തകർന്നെന്നും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും ഒക്കെയുള്ള കേന്ദ്ര മന്ത്രിമാരുടെ ഗീബൽസിയൻ നുണകള്‍ കൊണ്ട് ദേശീയ മാധ്യമങ്ങള്‍ നിറയ്ക്കുക.

കലാപങ്ങളുടെയും വർഗീയ ചേരിതിരിവുകളുടെയും രൂപത്തിലേക്ക് കേരള രാഷ്ട്രീയത്തെ മാറ്റുവാനുള്ള പ്രതിസന്ധികള്‍ നമ്മള്‍ പരിശോധിച്ച് കഴിഞ്ഞു . ആ പ്രതിസന്ധികളില്‍ നിന്നുമാണ് ഭരണത്തെ അട്ടിമറിച്ചു വളഞ്ഞ വഴിയില്‍ അധികാരത്തില്‍ എത്തുക എന്ന ചിന്തയിലേക്ക് സംഘപരിവാര്‍ എത്തുന്നത് . കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പ് പല സംസ്ഥാനങ്ങളിലും കേന്ദ്ര ഇടപെടല്‍ നടത്തിയതും അധികാരം പിടിച്ചതും സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധങ്ങൾക്കും എല്ലാം രാജ്യം സാക്ഷ്യം വഹിക്കുകയുണ്ടായി.

കേരളത്തില്‍ ക്രമസമാധാന നില തകർന്നു എന്നും സർക്കാർ സ്പോൺസേർഡ് കലാപങ്ങള്‍ നടക്കുന്നു എന്നും വരുത്തി തീർത്ത് സർക്കാരിനെ പിരിച്ചു വിട്ടു കേരളത്തെ കുറച്ചു കാലം കേന്ദ്രഭരണത്തിന് കീഴില്‍ കൊണ്ടുവരിക . അങ്ങനെ താത്ക്കാലികമായി രാഷ്ട്രപതി ഭരണത്തിന് കീഴില്‍ വന്നാല്‍ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ കേരളാ നേതാക്കള്‍ അധികാര കേന്ദ്രങ്ങള്‍ ആയി മാറും. അതില്‍ മുതലെടുപ്പ് നടത്തി അതിനു ശേഷം വരുന്ന തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാം എന്ന സംഘപരിവാര്‍ കണക്കുകൂട്ടലാണ് ഇപ്പോള്‍ നടക്കുന്ന കളികൾക്ക് പിന്നില്‍.

ഇടതുപക്ഷ സർക്കാർ അധികാരം ഏറ്റപ്പോള്‍ മുതല്‍ തുടർച്ചയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും പ്രകോപനങ്ങളും അതിനു ശേഷം മുഴങ്ങിക്കേൾക്കുന്ന കേന്ദ്രസേനാ ആവശ്യവും ഇത്തവണ ഒരു പടി കടന്നു AFSPA എന്ന ആവശ്യവുമായി ഗവര്ണവർക്കു നൽകിയ നിവേദനവും എല്ലാം അതിന്റെ മുന്നൊരുക്കങ്ങള്‍ ആണ്.

ഇത്തരം ദീർഘവീക്ഷണത്തോടെ കളികൾക്കിറങ്ങുമ്പോൾ ചില വ്യാജ പൊയ്മുഖങ്ങള്‍ സൃഷ്ടിച്ചു മുന്നില്‍ നിർത്തുന്ന ഒരു ചരിത്രം പരിവാറിനുണ്ട്. ഇത്തവണ അത് ശോഭാസുരേന്ദ്രനാണ് . ശോഭാസുരേന്ദ്രന്‍ എന്ന് പറയുമ്പോള്‍ ഈ ലേഖികയ്ക്ക് ആദ്യം ഓർമ്മ വരുന്നത് കളിമണ്ണ് എന്ന സിനിമയില്‍ ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിക്കുന്നു എന്ന് ആദ്യവാർത്തകൾ വന്നപ്പോള്‍ അന്നത്തെ മഹിളാമോർച്ച പ്രസിഡന്റ് ആയിരുന്ന ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയാണ്.

' ആദ്യ പ്രസവം സിനിമയില്‍ കാണിക്കുന്നവള്‍ അടുത്ത പ്രസവം പൂരപ്പറമ്പില്‍ ടിക്കറ്റ് വച്ച് കാണിക്കുമോ' എന്നായിരുന്നു ആ പ്രസ്താവന. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഈ പ്രസ്താവന എത്ര പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും ശോഭ പിൻവലിച്ചിരുന്നില്ല. ആ ശോഭയെകൊണ്ട് ഗവർണറെ പുലഭ്യം പറയിക്കുക എത്ര പ്രതിഷേധം ഉണ്ടായാലും അതില്‍ തന്നെ ഉറച്ചു നിൽക്കുന്നതില്‍ കൂടി ശോഭാസുരേന്ദ്രന്‍ എന്ന രാഷ്ട്രീയ കോമാളിക്ക് നഷ്ടപ്പെടാന്‍ ധാർമികതയൊന്നും ഇല്ലതാനും.


അതിന്റെ തുടർച്ചയെന്നോണം പൊതുസമൂഹം ഒന്നടങ്കം ശോഭയെ വിമർശിക്കുന്നു. ശോഭയെ വിമർശിക്കുക എന്നാല്‍ ആ പ്രസ്താവനക്ക് കാരണമായ നടപടി എടുത്ത ഗവർണറുടെ രാഷ്ട്രീയ നിഷ്പക്ഷത അംഗീകരിക്കരിക്കപ്പെടുന്നു. സുപ്രീം കോടതി ചീഫ്ജസ്റ്റിസ് എന്ന പരമോന്നത പദവിയില്‍ നിന്നും വിരമിച്ച ശേഷം BJP എന്ന രാഷ്ട്രീയ പാർട്ടി നൽകിയ കേരള ഗവർണർ എന്ന ഉത്തരവാദിത്വം നിറവേറ്റാന്‍ എത്തിയ മോഡിയുടെ വിശ്വസ്തന്‍ ആണ് സദാശിവം എന്ന് ക്ഷണനേരത്തേക്ക് നമ്മള്‍ മറക്കുന്നു.

ദൃശ്യം സിനിമ കണ്ടവര്‍ ഓർക്കുന്നുണ്ടാകും ചില കഥാപാത്രങ്ങളെ കൊണ്ട് അവരറിയാതെ നായകന്‍ കള്ളസാക്ഷി പറയിക്കുന്നത്. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ആ നായകനെ പോലെ ഒരു മാസ്റ്റര്‍ മാന്യുപ്പുലേറ്റര്‍ ആണ് സംഘപരിവാര്‍. ഇന്ന് മാധ്യമങ്ങളും ഇടതുപക്ഷ അനുഭാവികളും ഒക്കെ ഗവർണറെ പ്രശംസിക്കുന്നത് നാളെ കൂടുതല്‍ വൈകാരികമായൊരു സന്ദർഭം സൃഷ്ടിക്കപ്പെടുമ്പോള്‍ സർക്കാരിനെ പിരിച്ചുവിടല്‍ പോലൊരു ശുപാർശ ഗവർണർ നൽകിയാൽ അദ്ദേഹത്തിന്റെ നിഷ്പക്ഷത അരാഷ്ട്രീയ സമൂഹത്തെയും പൊതുബോധ മാധ്യമങ്ങളെയും ബോധ്യപ്പെടുത്താന്‍ വേണ്ട യുക്തി സൃഷ്ടിക്കപ്പെടുകയാണ്.

കണ്ണൂര്‍ ശന്തമാകില്ല അല്ലെങ്കില്‍ ശാന്തമാകാന്‍ അനുവദിക്കില്ല ഒരു വിഭാഗം യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ ഇരുന്നാലും സംഘപരിവാര്‍ അടങ്ങിയിരിക്കില്ല . ഒരാളെ കരുതിക്കൂട്ടി കൊല്ലുമ്പോള്‍ ഒരു ജീവന്‍ മാത്രമാണ് കവർന്നെടുക്കുക എന്നാല്‍ അതിനു ശേഷം നടത്തുന്ന ഇത്തരം മുതലെടുപ്പില്‍ കൂടെ ഒരു സമൂഹത്തിന്റെ മുഴുവന്‍ സുരക്ഷിതത്വ ബോധം കൂടി കവർന്നെടുക്കുകയാണ് സംഘപരിവാർ.


ഒരു തീപ്പൊരിയെ ഊതി കത്തിച്ചു നാടിനെ മുഴുവന്‍ കത്തിക്കാന്‍ പോന്ന തീയായി മാറ്റാന്‍ അനുവദിക്കാതിരിക്കാന്‍ തക്ക രാഷ്ട്രീയ ജാഗ്രതയാണ് ഇപ്പോള്‍ അനിവാര്യം . RSS തീം സോംഗ് ആയി കേരളമൊട്ടാകെ പ്രചരിപ്പിക്കുന്ന ഗാനത്തിലെ വരികള്‍ പോലെ 'വെട്ടി തലകള്‍ വീഴ്ത്തി ചുടു ചോരകൊണ്ട് നടനമാടാന്‍' അല്ല കേരളം പാടിപ്പഠിച്ചിട്ടുള്ളത്. 'വെടികളടികളിടികളൊക്കെവന്നു മേത്ത് കൊള്ളുകില്‍ പൊടിതുടച്ചു ചിരിചിരിച്ചു മാറ്കാട്ടി നില്ക്കണം'എന്നാണു കേരളം പാടിപ്പഠിച്ചിട്ടുള്ളത്.