കൊച്ചി മെട്രോ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി ഈ പെണ്‍കുട്ടി വരട്ടെ; വെറിക്കൂത്ത് സംഹരിച്ച അവളല്ലേ ധീര!

പിണറായി വിജയന്‍ ഇവിടെ ചെയ്യേണ്ടത് ആ പെണ്‍കുട്ടിക്ക് സര്‍ക്കാരില്‍ ഒരു ജോലി നല്‍കുകയാണ് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ആക്രമിക്കപ്പെട്ടതിനല്ല, പ്രതിരോധിക്കാന്‍ കാട്ടിയ ആര്‍ജ്ജവത്തിനുള്ള പിന്തുണയാകണമത്. ഇത് മറ്റുള്ള പെണ്‍കുട്ടികള്‍ക്ക് ഒരു വലിയ സന്ദേശം നല്‍കും- നാരദ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവേല്‍ എഴുതുന്നു

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി ഈ പെണ്‍കുട്ടി വരട്ടെ; വെറിക്കൂത്ത് സംഹരിച്ച അവളല്ലേ ധീര!

പിണറായി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷ വേളയിലുള്ള നേട്ടങ്ങളുടെ പട്ടികയില്‍ ഏറ്റവും ഉന്നതവും മാന്യവുമായ നിരയില്‍ ധീരയായ ആ പെണ്‍കുട്ടിയുടെ പേരും എഴുതി വയ്ക്കട്ടെ. ആ സ്വാമിയുടെ വൈകാരികതയുടെ പരകോടിയില്‍ തന്നെ കത്തി വച്ച അവളെ അഭിനന്ദിക്കാതെ തരമില്ല. കാഷായ വസ്ത്രത്തിനുള്ളില്‍ ഇത്രയും കാലം ഭദ്രമായി കാത്തു സൂക്ഷിച്ച കാമഭ്രാന്തിനും വെറിക്കൂത്തിനും ഇതിലും നല്ല സംഹാരം ഈരേഴു പതിനാല് ലോകത്തിലും കിട്ടാനില്ല.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൗനമായ ഒത്താശ ഇതിനു പിന്നില്‍ ഉണ്ടെന്ന് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകളില്‍ പറയുന്നു. എന്താകും ഇതിനൊരു കാരണം? ചിലപ്പോള്‍ പട്ടിണിയോ പ്രാരാബ്ദമോ ആകാം, അതല്ലെങ്കില്‍ അന്ധമായ വിശ്വാസം. ഏതായാലും സമൂഹത്തില്‍ ഇനിയും ശ്രദ്ധ നല്‍കേണ്ടതായ വിപത്തുകള്‍ പലതും ഒളിഞ്ഞിരിപ്പുണ്ട് എന്ന് പകല്‍ പോലെ വ്യക്തം.

പിണറായി വിജയന്‍ ഇവിടെ ചെയ്യേണ്ടത് ആ പെണ്‍കുട്ടിക്ക് സര്‍ക്കാരില്‍ ഒരു ജോലി നല്‍കുകയാണ് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ആക്രമിക്കപ്പെട്ടതിനല്ല, പ്രതിരോധിക്കാന്‍ കാട്ടിയ ആര്‍ജ്ജവത്തിനുള്ള പിന്തുണയാകണമത്. ഇത് മറ്റുള്ള പെണ്‍കുട്ടികള്‍ക്ക് ഒരു വലിയ സന്ദേശം നല്‍കും. എത്രയോ ആയിരങ്ങളാണ് കേരളത്തില്‍ ഇങ്ങനെ സഹിച്ചു മടുത്തു ആരോടും ഉരിയാടാതെ ജീവിക്കുന്നത്.

സര്‍ക്കാരിന്റെ ആഘോഷങ്ങള്‍ക്ക് ഈ പെണ്‍കുട്ടിയെ ചീഫ് ഗസ്റ്റ് ആയി വിളിക്കണം. കൊച്ചിന്‍ മെട്രോയുടെ ഉദ്ഘാനത്തിനു ഏതായാലും പ്രധാനമന്ത്രി വരുന്നില്ല. എങ്കില്‍ പിന്നെ ചീഫ് ഗസ്റ്റ് ആയിട്ടു ഈ പെണ്‍കുട്ടിയെ ക്ഷണിക്കുന്നതിനെ കുറിച്ച് ചിന്തിച്ചാലോ? ആറന്മുള എയര്‍പോര്‍ട്ട് സമരത്തിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്ന സ്വാമിയുടെ സാധനമല്ലേ അറുത്ത്, എയര്‍പോര്‍ട്ട് ഏതായാലും വന്നില്ല, പക്ഷെ മെട്രോ യാഥാര്‍ത്ഥ്യമായി.അതിന്റെ ഉദ്ഘാടന വേദിയില്‍ ഈ പെണ്‍കുട്ടി ഇരിക്കുന്നത് ഏതായാലും പ്രധാനമന്ത്രി വരുന്നതിനെക്കാള്‍ തിളക്കമായിരിക്കും എന്നുള്ളതിന് സംശയമില്ല. നിര്‍ഭയ ഫണ്ടില്‍ നിന്നും ഒരു നല്ല തുക നല്‍കി സര്‍ക്കാര്‍ ഈ കുട്ടിയെ ആദരിക്കട്ടെ. കൊച്ചി മെട്രോ കേരളത്തിലെ സ്ത്രീകള്‍ക്കു വേണ്ടി സമര്‍പ്പിക്കുന്നു, അവരുടെ സ്വാതന്ത്രം പരിപാലിക്കപ്പെടും എന്നുകൂടി മുഖ്യമന്ത്രി ഉറപ്പു നല്‍കണം.

വയനാട്ടിലെ വടക്കുനോക്കി പാതിരി, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച ശേഷം സ്വന്തം അപ്പന്റെ തലയില്‍ കുറ്റം ചാര്‍ത്താന്‍ ശ്രമിച്ചത് കേരളം മറന്നിട്ടില്ലല്ലോ. അതിനു അമ്മയുടെ കൂടെ പിന്തുണ തേടി പോലും! സ്വാമിയോ പാതിരിയോ മുക്രിയോ ആരുമാകട്ടെ, ഈ തന്റേടത്തില്‍ സമൂഹത്തിനോട് പറയുന്നതെന്താണ്? ഈയുള്ളവന്‍ മാതാപിതാക്കളോട് തൊഴുതു പറയുകയാണ് ഇക്കൂട്ടരെ ദയവായി കൂടുതല്‍ അകത്തു പ്രവേശിപ്പിക്കരുത്.

കോളേജില്‍ ഈയുള്ളവന്റെ ജൂനിയര്‍ ആയി പഠിച്ചിരുന്ന ഒരു പെണ്‍കുട്ടി പറഞ്ഞ അനുഭവം കൂടി ഓര്‍മ്മിക്കുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ പൊട്ടി മുളച്ച ഒരു ഇന്റര്‍കാസ്റ്റ് പ്രണയത്തിന്റെ വേരറക്കാന്‍ വീട്ടുകാര്‍ ഈ പെണ്‍കുട്ടിയെ വളരെ ദൂരെയൊരു ബന്ധുവിന്റെ വീട്ടില്‍ കുറച്ചു കാലം താമസിപ്പിച്ചു. പ്രായം ചെന്ന ഒരു അങ്കിളും ആന്റിയും മാത്രമുള്ള വീട്ടില്‍ അവള്‍ പൂര്‍ണ്ണമായും സുരക്ഷിതയാണ് എന്ന ധൈര്യത്തിലായിരുന്നു ഈ അജ്ഞാതവാസം.

പ്രണയം തകര്‍ക്കാന്‍ വീട്ടുകാര്‍ മറ്റൊരു കോളേജില്‍ അഡ്മിഷനും തരപ്പെടുത്തി. അവിടുത്തെ കാരണവര്‍ക്ക് എല്ലാ സംഭവങ്ങളും അറിയാം. അയാള്‍ക്കു ഈ പെണ്‍കുട്ടിയുടെ അപ്പനെക്കാള്‍ പ്രായമുണ്ട്. രാത്രി ഉറങ്ങുമ്പോള്‍ ഈ കാരണവര്‍ വന്നു ജനലില്‍ കൂടി മുട്ടലും തട്ടലും തുടങ്ങി. വീട്ടില്‍ നിന്നും കോളേജിലേക്കുള്ള ബസ്സ് കയറുവാന്‍ കുറച്ചതു ദൂരം ഇവരുടെ തന്നെ റബര്‍ തോട്ടത്തിലൂടെ നടക്കണം. അതിനു സെക്യൂരിറ്റിയായിട്ടു കാരണവര്‍ കൂടി.

ഒരു ദിവസം മഴയുള്ള ഏഴു മണി നേരം, കാരണവര്‍ കാമവെറി പൂണ്ട് പെണ്‍കുട്ടിയ്ക്കു നേരെ ലിംഗപ്രദര്‍ശനവും ഒപ്പം രതിക്ഷണത്തിനുള്ള ചേഷ്ടകളും തുടങ്ങി. ആരും അറിയാന്‍ പോകുന്നില്ല എന്ന ഉറപ്പും! പരിഭ്രമിച്ചെങ്കിലും അവള്‍ വേഗത്തില്‍ ഒരു വിരുത് കാട്ടി. കയ്യില്‍ തടഞ്ഞ റബര്‍ പാലിന് വച്ചിരുന്ന ചിരട്ട എടുത്തു കാര്‍ണവരുടെ എഞ്ചിനിട്ടു തന്നെ താങ്ങി. അവള്‍ ഓടി പാഞ്ഞു പോവുകയും ചെയ്തു! കൈലിയിലും അടിവസ്ത്രത്തിലും റബര്‍ പാലിന്റെ പശയുമായി എത്തിയ കാരണവര്‍ വീട്ടുകാരുടെ മുന്നില്‍ അവളുടെ പ്രണയവും നാടുകടത്തലുമെല്ലാം മസാല കൂടി ചേര്‍ത്ത് പരസ്യമാക്കി.

എന്തിനധികം, വൈകിട്ട് കോളേജില്‍ നിന്നും മടങ്ങിയെത്തിയ അവള്‍ക്ക് 'ആള്‍ അത്ര ശരിയല്ല' ഇമേജ് ചാര്‍ത്തപ്പെട്ടിരുന്നു. നീ ഇനി ഒറ്റയ്ക്കു കിടക്കണ്ട, അങ്കിളിനെ കൂടി നീ വഴി തെറ്റിക്കും എന്നറിയിച്ചു കാര്‍ണ്ണോത്തി കൂടി രാത്രിയില്‍ അവളുടെ മുറിയില്‍ എത്തിയതോടെ കഥ ശുഭം!

ഇനി മറ്റൊന്ന്, കോളേജ് പഠനകാലത്തുള്ളതാണ്. വേനല്‍ അവധിക്കാലത്തു കൊയ്ത്തു കഴിഞ്ഞ പാടത്തു ഫുട്ബാള്‍ കളിക്കാന്‍ പോകുന്ന ഒരു പതിവ് ഗ്രാമ പ്രദേശങ്ങളില്‍ ഉണ്ട്. പാടത്തിന്റെ വരമ്പത്തു നിന്നും പന്ത് പുറത്തോട്ടു പോകുമ്പോള്‍ എടുത്തോണ്ട് വരുന്നത് എപ്പോഴും ഒരേ പയ്യനായിരിക്കും. ഏകദേശം പതിനൊന്നു വയസു ഉണ്ടാകും. ഒരിക്കല്‍ അവന്‍ എന്നോട് കണ്ണീരണിഞ്ഞു ഒരു സ്വകാര്യം പറഞ്ഞു. വീടിനടുത്തുള്ള ഒരു നാല്‍പതു വയസുകാരന്‍ ചേട്ടന്‍ അവനെ കൊണ്ട് നിര്‍ബന്ധിച്ചു 'ഓറല്‍' സെക്‌സ് ചെയ്യിപ്പിക്കുന്നു.

പയ്യന്‍ ആകെ മാനസികമായി നിലതെറ്റിയതു പോലെയായി. ഈ 'സേട്ടനേം' എനിക്കറിയാം. പക്ഷെ പ്രായത്തില്‍ കൂടുതല്‍ ഉള്ള ഒരാളോട് ഞാന്‍ ഇതെങ്ങനെ സംസാരിക്കാനാണ്? അവനു ഞാന്‍ ഒരു ഐഡിയ പറഞ്ഞു കൊടുത്തു അവന്‍ അത് ചെയ്യതതോടെ സംഭവത്തിന്റെ താല്‍കാലിക ക്ലൈമാക്‌സ് എങ്കിലുമായി. അടുത്ത തവണ ഈ പയ്യന്‍ ഒരു ചെറിയ പേപ്പറില്‍ സ്വല്പം മുളകുപൊടി കൂടി കരുതിയിരുന്നു.

കയ്യില്‍ അല്‍പ്പം എണ്ണ കൂടി ഒഴിക്കും മട്ടില്‍ പയ്യന്‍ മുളകുപൊടി കൂടി ലേശം മിക്‌സ് ചെയ്തു നന്നായി മസാജ് തുടങ്ങി. എരിഞ്ഞു പുളഞ്ഞു പോയ ചേട്ടന്‍ അവിടം കാലിയാക്കി. നാട്ടുകാര് വിവരം അറിയുകയും ചെയ്തതോടെ മാനഹാനിയും സ്വന്തമായി. ആ പയ്യനെ പിന്നീടൊരിക്കല്‍ ഞാന്‍ ദുബായില്‍ വച്ച് കണ്ടു. ഒരു ബോട്ടില്‍ ജാക്ക് ഡാനിയേലുമായി എന്നെ കാണാന്‍ അവന്‍ വന്നിരുന്നു. അവന്‍ തന്നെ ഗ്ലാസുകള്‍ നിറച്ചു കയ്യില്‍ തന്നു. രണ്ടു ഗ്ലാസും പൊട്ടുന്ന പോലെയുള്ള ചിയേര്‍സില്‍ അവന്റെ ബാല്യകാല തിക്താനുഭവത്തെ ജയിച്ച ഓര്‍മ്മകള്‍ ഉണ്ടായിരുന്നോ, ആവോ?

Read More >>