ഈച്ചരവാരിയരെ ഓര്‍ക്കുന്നവര്‍ക്ക് ജിഷ്ണുവിന്റെ അമ്മ മഹിജയെയും മറക്കാനാവില്ല

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഭരണകൂടം തന്നെ സംരക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെ അടിയന്തിരാവസ്ഥ കാലത്തെ ഭരണകൂട ഭീകരതയെ തള്ളിപ്പറയാന്‍ കഴിയും ഇടതുപക്ഷമേ? ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന ആദ്യ ഇടതു സര്‍ക്കാറിന്റെ അറുപതാം വാര്‍ഷികദിനത്തില്‍ത്തന്നെ പൊലീസിനെ തുടലൂരി വിട്ട് പിണറായി സര്‍ക്കാര്‍ 'യഥാര്‍ഥ ഇടതുപക്ഷ'മായി മാറി. ചെയ്തത് പൊലീസാണെന്ന് പറഞ്ഞ് കൈകഴുകാന്‍ പറ്റുമോ? അങ്ങനെയെങ്കില്‍ കെ കരുണാകരനും ചെയ്യാവുന്നതായിരുന്നു. ക്രൈംബ്രാഞ്ച് ഡി ഐ ജിയായിരുന്ന ജയറാം പടിക്കലില്‍ നിന്ന് നടന്നുപോകാനുള്ള ദൂരമേയുള്ളു ലോക്‌നാഥ് ബഹ്‌റയെന്ന ഡിജിപിയിലേക്ക്. മകന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് ജനാധിപത്യ രീതിയില്‍ സമരം തുടര്‍ന്ന ആ അമ്മയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ നിങ്ങള്‍ക്ക് വെടിവെച്ച് കൊല്ലാമായിരുന്നു. നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകളെ വകവരുത്താന്‍ ഉപയോഗിച്ച തോക്ക് ലോക്‌നാഥ് ബഹ്‌റയുടെ അനുയായികളുടെ കയ്യില്‍ ഇപ്പോഴും കാണുമല്ലൊ

ഈച്ചരവാരിയരെ ഓര്‍ക്കുന്നവര്‍ക്ക് ജിഷ്ണുവിന്റെ അമ്മ മഹിജയെയും മറക്കാനാവില്ല

1975ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ കേരളത്തില്‍ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയും. പൊലീസിന്റെ നരനായാട്ടില്‍ ജീവനും ജീവിതവും ആരോഗ്യവും നഷ്ടപ്പെട്ട് കുറെ യൗവ്വനങ്ങള്‍ ഇല്ലായതായത് പിണറായി വിജയനോളം അറിയുന്നവര്‍ ആരുണ്ട്. കോഴിക്കോട് ആര്‍ഇസിയുലെ എഞ്ചിനീയര്‍ വിദ്യാര്‍ഥി രാജന്റെ മരണമാണ് അക്കാലത്ത് കേരളത്തെ ഏറെ പിടിച്ചുലച്ച സംഭവം. 1975 മുതല്‍ 1977 ജനുവരി വരെയുള്ള അടിയന്തരാവസ്ഥയുടെ കറുത്തദിനങ്ങള്‍ അവസാനിച്ചെങ്കിലും മലയാളിയുടെ മനസാക്ഷിക്കു മുമ്പില്‍ രാജന്‍ എന്ന യുവാവ് ചോദ്യചിഹ്നമായി.

ജയറാം പടിക്കലും പുലിക്കോടന്‍ നാരായണനുമെല്ലാം പ്രതിക്കൂട്ടിലായ രാജന്‍ തിരോധാനം കേരള രാഷ്ട്രീയത്തില്‍ പിന്നീടുണ്ടാക്കിയ സംഭവബഹുലമായ ദിനങ്ങള്‍ കെ കരുണാകരന്റെ ആഭ്യന്തര വകുപ്പിനു നേരെ വാളോങ്ങിക്കൊണ്ടായിരുന്നു. തന്റെ മകന്‍ എവിടെയെന്നന്വേഷിച്ച ഈച്ചരവാര്യര്‍ മരിക്കുന്നതു വരെ രാജന്‍ ജീവിച്ചിരിപ്പുണ്ടോ, മരിച്ചെങ്കില്‍ എങ്ങനെയാണ്, ശേഷക്രിയ നടത്താന്‍ മൃതദേഹമെങ്കിലും വിട്ടുകിട്ടാന്‍ കേരള മനഃസാക്ഷിയ്ക്കു മുമ്പില്‍ കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. രാജനു വേണ്ടി ഒരിലയിട്ട് ചോറുവിളമ്പി കാത്തിരുന്ന ആ അമ്മയില്‍ നിന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജയിലേക്ക് വലിയ ദൂരമൊന്നുമില്ലെന്ന് പിണറായി ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും. 1977 മാര്‍ച്ച് 30ലെ നിയമസഭാ രേഖകളില്‍ താങ്കളുടെ നിയമസഭാ പ്രസംഗം ഇപ്പോഴുമുണ്ടെന്ന് തന്നെയാണ് വിശ്വാസം. പൊലീസ് അതിക്രമത്തിന്റെ ഇരയായിരുന്നല്ലൊ താങ്കളും.

കെ കരുണാകരന്‍ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും പാപക്കറ കഴുകിക്കളയാനായില്ല. മരിക്കുന്നതു വരെ കരുണാകരന്‍ എന്ന മികച്ച ഭരണാധികാരിയെ വേട്ടയാടിയത് രാജനായിരുന്നു. നക്‌സല്‍ ബന്ധം ആരോപിച്ച് പിടിച്ചുകൊണ്ടുപോയി ഭരണകൂടം കൊലപ്പെടുത്തിയ രാജനില്‍ നിന്ന് വ്യത്യസ്ഥമായിരുന്നില്ല ജിഷ്ണുപ്രണോയുടെ മരണവും. ജിഷ്ണു നിങ്ങളെയും വേട്ടയാടുക തന്നെ ചെയ്യും. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഭരണകൂടം തന്നെ സംരക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെ അടിയന്തിരാവസ്ഥ കാലത്തെ ഭരണകൂട ഭീകരതയെ തള്ളിപ്പറയാന്‍ കഴിയും ഇടതുപക്ഷമേ? ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന ആദ്യ ഇടതു സര്‍ക്കാറിന്റെ അറുപതാം വാര്‍ഷികദിനത്തില്‍ത്തന്നെ പൊലീസിനെ തുടലൂരി വിട്ട് പിണറായി സര്‍ക്കാര്‍ 'യഥാര്‍ഥ ഇടതുപക്ഷ'മായി മാറി. ചെയ്തത് പൊലീസാണെന്ന് പറഞ്ഞ് കൈകഴുകാന്‍ പറ്റുമോ? അങ്ങനെയെങ്കില്‍ കെ കരുണാകരനും ചെയ്യാവുന്നതായിരുന്നു. ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്ന ജയറാം പടിക്കലില്‍ നിന്ന് നടന്നുപോകാനുള്ള ദൂരമേയുള്ളു ലോക്‌നാഥ് ബഹ്‌റയെന്ന ഡിജിപിയിലേക്ക്. മകന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് ജനാധിപത്യ രീതിയില്‍ സമരം തുടര്‍ന്ന ആ അമ്മയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ നിങ്ങള്‍ക്ക് വെടിവെച്ചു കൊല്ലാമായിരുന്നു. നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകളെ വകവരുത്താന്‍ ഉപയോഗിച്ച തോക്ക് ലോക്‌നാഥ് ബഹ്‌റയുടെ അനുയായികളുടെ കൈയില്‍ ഇപ്പോഴും കാണുമല്ലൊ.

ജിഷ്ണുവിനു വേണ്ടി ഒരിലയിട്ട് ചോറു വിളമ്പാന്‍ മഹിജയ്ക്കു കഴിയുമായിരുന്നില്ല. ചേതനയറ്റ ശരീരം വീടിന്റെ ഉമ്മറത്തെത്തിയപ്പോഴേക്കും ആ അമ്മ തളര്‍ന്നു വീണിരുന്നു. തന്റെ മകനാണ് ഈ കിടക്കുന്നതെന്നു വിശ്വസിക്കാന്‍ അവര്‍ക്കായില്ല. നൊന്തുപെറ്റ ഒരമ്മയ്ക്കും അതിനാകുമായിരുന്നില്ല. പിന്നെയെപ്പഴോ അവര്‍ എല്ലാം അറിഞ്ഞു. ഒരിലയിട്ട് ചോറു വിളമ്പി വച്ചാല്‍ അവന്‍ സ്‌നേഹത്തോടെ വന്നു കഴിക്കില്ലെന്ന് അവര്‍ വൈകിയാണെങ്കിലും മനസ്സിലാക്കി. അവന്‍ ഇപ്പോള്‍ ഇവിടെയൊന്നുമില്ല. ഓര്‍മകള്‍ മാത്രമേയുള്ളു. നിരവധി പ്രതീക്ഷകളും മോഹങ്ങളും ആഗ്രഹങ്ങളും എല്ലാ യുവത്വത്തെയും പോലെ അവനില്‍ ഉണ്ടായിരുന്നു. അതെല്ലാം തകര്‍ത്തെറിഞ്ഞവരെ സംരക്ഷിക്കുന്ന ഒരു ഭരണകൂടത്തെ എന്നിട്ടും അവര്‍ തള്ളിപ്പറഞ്ഞില്ല. നാദാപുരം വളയത്തെ ഉറച്ച കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിന് ഇടതുസര്‍ക്കാരില്‍ നിന്നുപോലും നീതി ലഭിച്ചില്ലെങ്കില്‍ പിന്നെയെന്തു പ്രതീക്ഷയ്ക്കാണ് വകയുള്ളത്? കഴിഞ്ഞ പത്ത് മാസത്തെ ഇടതു ഭരണത്തില്‍ പൊലീസിന്റെ അഴിഞ്ഞാട്ടം അതിന്റെ പാരമ്യത്തിലെത്തിയിട്ടും പൊലീസിന്റെ മനോവീര്യത്തില്‍ ആശങ്കകുലനായൊരു മുഖ്യമന്ത്രിയെയാണ് കേരളം കണ്ടത്.

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഉള്‍പ്പടെയുള്ള പ്രതികളെ പിടികൂടാന്‍ ഇതിന്റെ പകുതി ശുഷ്‌കാന്തി കാണിച്ചാല്‍ മതിയായിരുന്നു. കൃഷ്ണദാസിനു ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുംവരെ നോക്കി നിന്നവരാണല്ലൊ നമ്മുടെ ക്രമസാമാധാനപാലകര്‍. അവശേഷിക്കുന്ന മൂന്നു പ്രതികളെയും തൊടാനുള്ള ധൈര്യം പൊലീസിനില്ലായിരുന്നു. പട്ടികജാതി-പട്ടികവര്‍​ഗ വകുപ്പ് മന്ത്രി എ കെ ബാലന്റെ ഭാര്യ നെഹ്രു ഗ്രൂപ്പില്‍ ഉന്നത ഉദ്യോഗസ്ഥയാണെന്ന കാര്യം അറിയാവുന്നതല്ലെ. അപ്പോള്‍ത്തന്നെ മനസ്സിലാകുമല്ലൊ സംഭവത്തിന്റെ കിടപ്പ്. ജിഷ്ണു പ്രണോയിയുടെ മരണത്തിനു കാരണക്കാരായവരെ വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ധൈര്യമില്ലാത്ത എമാന്‍മാര്‍ക്ക് മകന്‍ നഷ്ടപ്പെട്ട ഒരു പാവം നാട്ടിന്‍പുറത്തുകാരിയെ ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയും. കാരണം ഭരിക്കുന്നത് ന്യൂജന്‍ കാലത്തെ കെ കരുണാകരനാണല്ലൊ. അദേഹത്തെ നമ്മള്‍ പിണറായി വിജയന്‍ എന്ന് വിളിക്കുന്നുവെന്നു മാത്രം. രാജന്‍കേസില്‍ കെ കരുണാകരന്‍ രാജിവെച്ച് ഒഴിഞ്ഞപോലെ താങ്കളുടെ പൊലീസ് ആ അമ്മയോടു ചെയ്ത ക്രൂരതയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്ക്കുകയാണ് മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ ചെയ്യേണ്ടത്. ഈച്ചരവാര്യരുടെ മകനെ മഴയത്തു നിര്‍ത്തിയ നിങ്ങള്‍ ജിഷ്ണുവിന്റെ അമ്മയെ വെയിലത്തു നിര്‍ത്തിയത് എന്തിനാണ് ഭരണകൂടമേ?