മലപ്പുറത്തുകാര്‍ക്ക് ബീഫ് കഴിക്കാന്‍ ബിജെപിയുടെ ഔദാര്യം ആവശ്യമുണ്ടോ?

ഉത്തരേന്ത്യയും കടന്ന് സംഘപരിവാറിന്റെ ബീഫ് രാഷ്ട്രീയം മലപ്പുറം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമ്പോള്‍ ചിത്രം മറ്റൊന്നാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ പ്രകാശ് ബീഫിന് അനുകൂലമായി നിലപാടെടുത്തത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചപ്പോള്‍ തിരുത്തുമായി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെത്തി. എന്നാല്‍ മലപ്പുറത്തുകാര്‍ ഇതൊന്നും വകവയ്ക്കുന്നില്ല. കാരണം ബിജെപിയുടെ ബീഫ് രാഷ്ട്രീയത്തിന്റെ വര്‍ഗീയ നീക്കങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ. മലപ്പുറത്തു നിന്ന് നാരദ ന്യൂസ് പ്രതിനിധി എസ് വിനേഷ് കുമാര്‍ എഴുതുന്നു

മലപ്പുറത്തുകാര്‍ക്ക് ബീഫ് കഴിക്കാന്‍ ബിജെപിയുടെ ഔദാര്യം ആവശ്യമുണ്ടോ?

രാവിലെ ഏഴുമണിക്ക് പ്രാതലായി പൊറോട്ടയും ബീഫും കട്ടന്‍ചായയും കഴിച്ച് ശീലിച്ചവരാണ് മലപ്പുറത്തുകാര്‍. കൊളസ്‌ട്രോളും യൂറിക് ആസിഡുമൊന്നും അവര്‍ക്കൊരു പ്രശ്‌നമേയല്ല. ബീഫ് കൊണ്ടുള്ള ഏറ്റവും രുചികരമായ വിഭവങ്ങള്‍ കിട്ടുന്ന സ്ഥലമാണ് മലബാര്‍. ഞായറാഴ്ച്ചയും വെള്ളിയാഴ്ച്ചയുമാണ് മലപ്പുറത്തെ ബീഫ് സ്റ്റാളുകള്‍ക്ക് മുമ്പില്‍ ആവശ്യക്കാരേറെയത്തുക. അല്ലാത്ത ദിവസങ്ങളിലും കച്ചവടത്തിന് കുറവൊന്നുമില്ല. അതെല്ലാം മുസ്ലിങ്ങളാണെന്നുള്ള തെറ്റിദ്ധാരണയില്‍ നിന്നാണ് സംഘപരിവാര്‍ രാഷ്ട്രീയം ഗോമാതാ സംരക്ഷണത്തിനു വാളെടുക്കുന്നത്.


ഞായറാഴ്ച്ച ദിവസം നിലമ്പൂരിലും ചന്തക്കുന്നിലും കരുളായിയിലുമൊക്കെയൊന്നു പോയി നിന്നാല്‍ അറിയാം, ഉപഭോക്താക്കള്‍ മുസ്ലിങ്ങള്‍ മാത്രമാണോയെന്ന്. ഇന്ന് ഓശാന ഞായറായതിനാല്‍ നോമ്പ് പ്രമാണിച്ച് ക്രൈസ്തവര്‍ കുറവായിരുന്നു മലപ്പുറത്തെ ബീഫ് സ്റ്റാളുകളില്‍. അല്ലാത്തവര്‍ക്ക് ഒരു കുറവുമില്ല. മലപ്പുറത്ത് അതിവേഗം ചെലവാകുന്ന ഒന്നാണ് ബീഫ് രാഷ്ട്രീയമെന്ന് സംഘപരിവാറിനു നന്നായറിയാവുന്ന കാര്യമാണ്. ചുമ്മാ ഒന്നു ചൂണ്ടയെറിഞ്ഞ് നോക്കിയതാണ് ബിജെപി സ്ഥാനാര്‍ഥി. കൊത്തിയില്ല. നൂലില്‍ നിന്നു കൊളുത്തു തന്നെ അറ്റുപോയി.

തെരഞ്ഞെടുക്കപ്പെട്ടാല്‍ മലപ്പുറത്തു ഗുണനിലവാരമുള്ള ബീഫ് സ്റ്റാളുകള്‍ സാര്‍വത്രികമാക്കുമെന്നാണ് ബിജെപി മലപ്പുറം സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശ് തട്ടിവിട്ടത്. സംഭവമറിഞ്ഞ് അങ്ങ് ഉത്തരേന്ത്യയില്‍ വരെയുള്ള സംഘപരിവാരുകാര്‍ ഞെട്ടിയെന്നാണ് വെപ്പ്. എങ്ങനെ ഞെട്ടാതിരിക്കും. പാര്‍ട്ടിയുടെ നയമാണോ ബീഫ് വിതരണം? തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് ചില ബിജെപിക്കാര്‍ തന്നെ അടക്കം പറഞ്ഞു. എന്നാലും അതങ്ങ് അംഗീകരിച്ചുകൊടുക്കാന്‍ കുമ്മനത്തിനു സുരേന്ദ്രനുമൊക്കെ കുറച്ചു പ്രയാസമുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ശ്രീപ്രകാശിന്റെ പ്രസ്താവന അച്ചുനിരത്തി. സംഘപരിവാറിന്റെ ബീഫ് രാഷ്ട്രീയമറിയുന്നവര്‍ ഞെട്ടിയൊന്നുമില്ല. ശ്രീപ്രകാശ് പറയുന്നതൊന്നുമല്ല സംഘ രാഷ്ട്രീയമെന്നു കാര്യബോധമുള്ളവര്‍ക്കൊക്കെ അറിയാം.

രാജ്യത്തങ്ങോളമിങ്ങോളം ബീഫ് ഗുണനിലവാരത്തോടെയല്ല നമുക്ക് കിട്ടുന്നത് എന്നതൊരു വസ്തുതയാണ്. ഗുണമേന്മയുള്ളതും പോഷകസമൃദ്ധവുമായ മാംസഭാഗങ്ങളാണ് വിൽക്കേണ്ടത്. അല്ലാതെ നമ്മുടെ നാടന്‍ മാര്‍ക്കറ്റില്‍ വെട്ടിത്തള്ളിത്തരുന്നത് കാരക്കസ് എന്നാണ് അറിയപ്പെടുന്നത്. ബിജെപി സ്ഥാനാര്‍ഥി ഇടപെട്ട് മലപ്പുറത്ത് ഗുണനിലവാമുള്ള മീറ്റ് എത്തിക്കാന്‍ വഴിതുറന്നപ്പോഴാണ് സുരേന്ദ്രന്‍ അത് അടച്ചത്. മീറ്റ് കഴിക്കാന്‍ നമുക്ക് യോഗമില്ലെന്ന് വിചാരിക്കുക. കാരക്കസ് തന്നെ ശരണം.

ശ്രീപ്രകാശിനെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കണ്ണുരുട്ടി പേടിപ്പിച്ചുവെന്നാണ് സംഘ ക്യാമ്പുകളിലെ അടക്കിപ്പിടിച്ച സംസാരം. കേരളത്തില്‍ ഒരു പശുവിനെപ്പോലും കൊല്ലാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സുരേന്ദ്രന്‍ ചാനല്‍ പരിപാടിയില്‍ പതിവ് മുണ്ടുമുറുക്കിയുടുത്തു. അതോടെ ശ്രീപ്രകാശ് കാറ്റുപോയ ബലൂണ്‍പോലെയായി. പത്ത് മുസ്ലിങ്ങളുടെ വോട്ടുകിട്ടുന്നത് സുരേന്ദ്രൻ ഇല്ലാതാക്കിയിരിക്കുന്നു. സുരേന്ദ്രനോടു ദൈവം ചോദിക്കട്ടെ. ഇതിനിടെ സ്ഥാനാര്‍ഥിക്കെതിരെ ശിവസേനയും രംഗത്തെത്തി. കേരളത്തില്‍ നാലും മൂന്നും ഏഴു പേര്‍ മുഴുവനില്ലാത്ത ശിവസേനയെ ആരു മൈന്റ് ചെയ്യാന്‍. ശിവസേനക്കാര്‍ നേരിട്ടു പറഞ്ഞതൊന്നുമല്ല. മുഖപത്രമായ സാമ്‌നയിലൂടെയായിരുന്നു പ്രതികരണം. അതൊന്നുമല്ല, ഇവിടുത്തെ പ്രശ്‌നം. നല്ല ബീഫ് എങ്ങനെ കിട്ടുമെന്നാണ്.

ഉത്തര്‍പ്രദേശില്‍ ബീഫ് സൂക്ഷിച്ചെന്ന് പറഞ്ഞ് അഷ്‌ലാഖ് എന്ന വൃദ്ധനെ അടിച്ചുകൊന്നതിനെ ന്യായീകരിച്ചവർക്ക് എങ്ങനെ മലപ്പുറത്തുകാര്‍ക്കു ബീഫ് വിളമ്പാനാകും? രണ്ടുനേരമെങ്കിലും അരിഭക്ഷണം കഴിക്കുന്ന ആരെങ്കിലും ഇത് വിശ്വസിക്കുമോ? ബീഫ് കഴിക്കാത്ത എത്ര സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടെന്ന് പരിശോധിച്ചാല്‍ത്തന്നെയറിയാം സംഭവങ്ങളുടെ കിടപ്പ്. അതു വേറെ കാര്യം. മധ്യപ്രദേശില്‍ അറവുശാലകളെല്ലാം യോഗി സര്‍ക്കാര്‍ പൂട്ടിത്തുടങ്ങി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വര്‍ഗീയ ബീഫ് രാഷ്ട്രീയം പൊടിത്തട്ടിയെടുത്ത് സംഘപരിവാര്‍ തങ്ങളുടെ അജണ്ട നടപ്പാക്കിവരികയാണ്. ഇങ്ങ് കേരളത്തില്‍ അതൊരിക്കലും നടക്കില്ലെന്ന് കെ സുരേന്ദ്രനു നന്നായി അറിയാവുന്ന കാര്യമാണ്. ചാനല്‍ മൈക്ക് കണ്ടപ്പോള്‍ ആവേശം അണപൊട്ടിയൊഴികയതാണ്. സ്വന്തം നാടായ ഉള്ള്യേരിയിലെ ഒരു ബീഫ് സ്റ്റാള്‍പോലും അടപ്പിക്കാന്‍ സുരേന്ദ്രന്‍ വിചാരിച്ചാല്‍ നടക്കില്ല. എന്നിട്ടല്ലെ കേരളത്തിലെ ഗോവധ നിരോധനം.

ഇവിടെ മലപ്പുറത്ത് ബീഫ് രാഷ്ട്രീയമല്ല, തെരഞ്ഞെടുപ്പ് പ്രചാരണായുധം. അതേസമയം യുഡിഎഫും എല്‍ഡിഎഫും സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ ഒരുപോലെ പൊളിച്ചടുക്കിവരുന്നുണ്ട്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഗതി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യമായ റോളൊന്നുമില്ല ഇവിടെ. കഴിഞ്ഞതവണ ലഭിച്ച 60,000 വോട്ടുകള്‍ വലിയ മാര്‍ജിനാണ്. ഇത്തവണ അത് വര്‍ധിക്കുന്നതിനപ്പുറം അജണ്ടയൊന്നുമില്ല. അപ്പോഴാണ് ബീഫ് വിളമ്പാന്‍ ശ്രീപ്രകാശ് ചുമ്മാ ഒരു ശ്രമം നടത്തി നോക്കിയത്. സുരേന്ദ്രന്‍ ഇടപെട്ട് ഉള്ളിയാക്കി അത്.

ഇതിനിടെയാണ് മലപ്പുറം സ്ഥാനാര്‍ഥിയുടെ ബീഫ് അനുകൂല പ്രസംഗത്തിനു പിന്തുണയുമായി അയല്‍ജില്ലയായ തൃശൂരിലെ ബിജെപി ജില്ലാക്കമ്മിറ്റി രംഗത്തു വന്നത്. ബീഫ് വ്യാപാരികളെ ഉള്‍പ്പെടുത്തി തൃശൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ മത്സ്യ-മാംസ വിപണന സഹകരണ സംഘവും രൂപീകരിച്ചു. ഇതൊന്നും സുരേന്ദ്രന്‍ അറിഞ്ഞുകാണുകയുമില്ല. പശുവിനെ കൊല്ലരുതെന്നേ ഞങ്ങള്‍ പറയുന്നുള്ളു, പോത്തിനെ കൊല്ലുന്നതില്‍ എതിര്‍പ്പില്ലെന്നാണ് മലപ്പുറത്തെ ബിജെപിക്കാരിപ്പോള്‍ തട്ടിവിടുന്നത്. വീണിടത്ത് കിടന്നുരുണ്ടെങ്കിലും കുറച്ചു വോട്ടുപിടിക്കുകയെന്നതിലപ്പുറം വേറൊന്നുമില്ല. ദേശീയ രാഷ്ട്രീയത്തില്‍ സംഘപരിവാര്‍ ബീഫിനെതിരെ വാളെടുക്കുമ്പോള്‍ ഇവിടെ ശ്രീപ്രകാശിന് പറ്റിയൊരു അബദ്ധമായിക്കണ്ട് നേതൃത്വം ക്ഷമിച്ചതാകുമോ? അതോ നേതൃത്വത്തിന്റെ അറിവോടെയോ? രണ്ടായാലും മലപ്പുറത്തുകാര്‍ക്ക് ബിജെപിക്കാര്‍ ബീഫ് വിളമ്പേണ്ട ആവശ്യമില്ല. അത് വാങ്ങിക്കഴിക്കാന്‍ മലപ്പുറത്തുകാരെ ആരും പഠിപ്പിക്കേണ്ടതുമില്ല.