ഒരു പന്തിനു പിറകേയോടുന്ന 22 പേർ മൈതാനത്ത് തീർക്കുന്ന സമാനതകളില്ലാത്ത കവിത കേരളത്തിനു വീണ്ടെടുത്തു തന്നത് ബ്ലാസ്റ്റേഴ്സ്

നിറഞ്ഞു കവിഞ്ഞ് പൊട്ടിത്തെറിച്ച് നിൽക്കുന്ന മഞ്ഞക്കടൽ കണ്ട കളിക്കാരും കോച്ചുമടക്കമുള്ള വിദേശികൾ താടിക്ക് കൈ കൊടുത്തു. ആരാധകരുടെ നിസ്സീമമായ സ്നേഹം ഈ ക്ലബിൽ നിന്നും കൊഴിഞ്ഞു പോയവരെപ്പോലും പ്രിയപ്പെട്ടതായി നിലനിർത്തി. കേരളത്തിൽ സാവധാനം ഒരു ഫുട്‍ബോൾ സംസ്കാരം രൂപപ്പെട്ടു- ബാസിത്ത് ബിൻ ബുഷ്റ എഴുതുന്നു

ഒരു പന്തിനു പിറകേയോടുന്ന 22 പേർ മൈതാനത്ത് തീർക്കുന്ന സമാനതകളില്ലാത്ത കവിത കേരളത്തിനു വീണ്ടെടുത്തു തന്നത് ബ്ലാസ്റ്റേഴ്സ്

നമുക്കൊരു വിവാ കേരള ഉണ്ടായിരുന്നു. മഞ്ഞയും നീലയുമിട കലർന്ന ജേഴ്‌സിയിൽ കളിച്ച ഒരു ഐലീഗ് ക്ലബ്. 2004 ലാണ് ക്ലബ് രൂപീകരിക്കപ്പെട്ടത്. ബിനോ ജോർജ് ആയിരുന്നു കോച്ച്. കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ കേരളാ ഫുട്‍ബോൾ ആരാധകരുടെ എല്ലാ പ്രതീക്ഷകളെയും നെഞ്ചേറ്റി പന്ത് തട്ടിത്തുടങ്ങിയ വിവാ കേരള തുടർച്ചയായ തോൽവിയിലും സാമ്പത്തിക പ്രതിസന്ധിയിലും പെട്ട് 2012ൽ ഔദ്യോഗികമായി പിരിച്ചു വിട്ടു.

അതിനും മുൻപ് നമുക്കൊരു കാലമുണ്ടായിരുന്നു. ഫുട്‍ബോൾ തീരെ വിസ്മരിക്കപ്പെട്ടു പോയ മുപ്പതോളം വർഷം. 1983ൽ വെസ്റ്റ് ഇൻഡീസിനെ തോല്പിച്ച് ലോർഡ്‌സിൽ കപിൽ ദേവ് കപ്പുയർത്തുന്നു. ഇന്ത്യയിലുടനീളം ക്രിക്കറ്റ് എന്ന മന്ത്രം വ്യാപിക്കാൻ തുടങ്ങുന്നു. ശേഷം 1989ൽ സച്ചിൻ തെണ്ടുൽക്കർ എന്ന കുറിയ മനുഷ്യൻ ക്രിക്കറ്റിൽ അരങ്ങേറുന്നു. അക്കാലത്തു തന്നെ ടെലിവിഷൻ മലയാളിയുടെ സ്വീകരണ മുറിയിൽ മുരളാൻ തുടങ്ങുന്നു. അവിടെ നിന്നാണ് കേരളത്തിന്റെ (ഇന്ത്യയുടേയും) ക്രിക്കറ്റ് പ്രേമവും ഫുട്‍ബോൾ പതനവും ആരംഭിക്കുന്നത്. സച്ചിൻ തന്റെ അപാരമായ പ്രകടനത്താൽ പിന്നീട് വന്ന തലമുറയെ മുഴുവൻ സ്വാധീനിച്ച് ഇന്ത്യയിൽ ഒരു ക്രിക്കറ്റ് വിപ്ലവത്തിന് തുടക്കമിട്ടു. അപ്പോഴും കേരളത്തിലും ബംഗാളിലും ഫുട്‍ബോൾ പൂർണമായി അടിച്ചമർത്തപ്പെട്ടില്ല.

തൊണ്ണൂറുകളുടെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബംഗാളിന്റെ പ്രിയപ്പെട്ട കാലാ ഹിരൺ അഥവാ നമ്മുടെ ഐഎം വിജയൻ ബൈച്ചുങ് ബൂട്ടിയയുമൊത്ത് ഇന്ത്യൻ ഫുട്‍ബോളിൽ നടത്തിയ സമാനതകളില്ലാത്ത പ്രകടനങ്ങൾ സച്ചിൻ പ്രഭാവത്തിനു മുന്നിൽ മുങ്ങിപ്പോയി. പിന്നീടിങ്ങോട്ട്, കേരളാ ഫുട്‍ബോൾ നീണ്ട ഉറക്കത്തിലായിരുന്നു. ഫുട്‍ബോൾ കോർട്ടുകൾ ക്രിക്കറ്റ് മൈതാനങ്ങളായി പരിണമിച്ചു. സച്ചിനും ഗാംഗുലിയും സഹീർ ഖാനുമൊക്കെ നമ്മുടെ വീരനായകരായി. ഇന്ത്യ ക്രിക്കറ്റ് ലോകത്തെ വൻ ശക്തിയായി. അപ്പോഴേക്കും നമുക്ക് ഫുട്‍ബോൾ ഏതാണ്ടൊക്കെ കൈമോശം വന്നിരുന്നു.

എന്റെ ബാല്യം മുതൽ ഞാൻ കണ്ടു വളർന്നത് സച്ചിനെയും ഗാംഗുലിയേയുമൊക്കെയാണ്. ഊണും ഉറക്കവും മാറ്റി വെച്ച് ടെൻഷനടിച്ച് ഒരുപാട് തവണ കളി കണ്ടിട്ടുണ്ട്. സ്പോർട്സ് മാസികകളിൽ നിന്നും ക്രിക്കറ്റ് താരങ്ങളുടെ പടം വെട്ടിയെടുത്ത് മുറിയിൽ ഒട്ടിച്ചിരുന്നു. കളിക്കാനറിയില്ലെങ്കിലും റബ്ബർ തോട്ടങ്ങൾക്കു നടുവിൽ നടന്ന മാച്ചുകളിൽ ഞാൻ കയ്യും മെയ്യും മറന്ന് പങ്കെടുത്തിരുന്നു. അന്ന്, അവിടെങ്ങും ഫുട്‍ബോളില്ല. ക്രിക്കറ്റ്, ക്രിക്കറ്റ് മാത്രം. കോട്ടയം ജില്ലയിലെ കാര്യമാണ് ഞാൻ പറയുന്നത്. പിന്നീട്, എറണാകുളത്ത് കോളേജ് പഠനകാലത്താണ് ഞാൻ ആദ്യമായി ഒരു ഫുട്‍ബോൾ മത്സരം നേരിട്ട് കാണുന്നത്. സെവൻസ് ഫുട്‍ബോൾ.

മെല്ലെ എന്നിൽ കാൽപന്ത് ആവേശിക്കാൻ തുടങ്ങി. ഞാൻ പ്രീമിയർ ലീഗും സ്പാനിഷ് ലീഗും ശ്രദ്ധിച്ചു തുടങ്ങി. യൂറോ കപ്പും കോൺഫെഡറേഷൻസ് കപ്പുമൊക്കെ എന്നെ ആവേശം കൊള്ളിച്ചു. 2010ൽ ഹോളണ്ടിനോട് 1-2 എന്ന ഗോളിന് തോറ്റ് ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്താകുമ്പോൾ ഞാൻ വിറങ്ങലിച്ചു നിന്നു. റൊണാൾഡീഞ്ഞോയും റൊണാൾഡോയും കക്കയുമൊക്കെ കളിച്ചിരുന്ന ബ്രസീലായിരുന്നു എന്റെ ഇഷ്ട ടീം. ഇപ്പോഴും ആണ്. 2010 ലോകകപ്പിൽ ദുംഗയ്ക്കും ഫിലിപ്പ് മേലോയ്ക്കും പിഴച്ചപ്പോൾ ഹോളണ്ട് വിജയം തട്ടിയെടുത്തു. അക്കൊല്ലത്തെ ബ്രസീലിയൻ ടീം അത്ര മികവുറ്റതായിരുന്നില്ല എന്നതൊരു സത്യമായിരുന്നെങ്കിലും ആ തോൽവി എന്നെ തകർത്തു കളഞ്ഞു. അക്കൊല്ലം ഹോളണ്ടിനെ തോല്പിച്ച് കപ്പടിച്ച സ്‌പെയിൻ എന്റെ ഇഷ്ടപ്പെട്ട രണ്ടാമത്തെ ടീമായി. ഞാൻ കളി ആസ്വദിക്കാൻ പഠിച്ചു. മെസ്സിയും ബാഴ്‌സലോണയും എന്റെ ഇഷ്ടങ്ങളിലേക്ക് ഇടിച്ചു കയറി. ഇതിനിടയിലെപ്പോഴോ ആഴ്‌സണലിനെയും ഇഷ്ടപ്പെട്ടു.

2013ൽ ഐഎംജി റിലയൻസ് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന ആശയം മുന്നോട്ടു വെക്കുമ്പോൾ അതിന്റെ വിജയത്തെപ്പറ്റി സംശയങ്ങളുണ്ടായിരുന്നു. 2014ലെ ആദ്യ സീസൺ അവസാനിച്ചപ്പോൾ പ്രേക്ഷക പങ്കാളിത്തം കാരണം ലീഗ് മുടങ്ങില്ലെന്ന ഉറപ്പ് ലഭിച്ചു. മുൻപ്, ക്രിക്കറ്റ് പിച്ചിൽ തങ്ങളെ ഉന്മാദിപ്പിച്ച സച്ചിൻ തെണ്ടുൽക്കർ കൊച്ചി സ്റ്റേഡിയം കേന്ദ്രീകരിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എന്ന ഫുട്‍ബോൾ ക്ലബ് രൂപീകരിച്ച് ഐഎസ്എല്ലിൽ പങ്കായതോടെ കേരളവും ഫുട്‍ബോൾ സംസാരിച്ചു തുടങ്ങി. ബ്ലാസ്റ്റേഴ്‍സിന് രണ്ടു തരാം ആരാധകരാണുള്ളത്/ ഉണ്ടായിരുന്നത്. സച്ചിൻ എന്ന പേര് കൊണ്ട് മാത്രം ക്ലബ്ബിനെ സ്നേഹിച്ച ഒരു കൂട്ടം പേർ. ഫുട്‍ബോൾ എന്ന ഗെയിം ജീവനായത് കൊണ്ട് ക്ലബിനെയും സ്നേഹിച്ചവർ. ആദ്യ സീസണിൽ ഈ അനുപാതം ഏതാണ്ട് 50:50 എന്ന നിലയിലായിരുന്നു.

സാവധാനം സച്ചിൻ എന്ന ഇതിഹാസം കൊണ്ട് മാത്രം ക്ലബ്ബിനെ ഇഷ്ടപ്പെട്ടവരെ ഫുട്‍ബോളിന്റെ സൗന്ദര്യം അറിഞ്ഞു തുടങ്ങി. ആർപ്പു വിളിക്കാനും പൊട്ടിച്ചിരിക്കാനും കെട്ടിപ്പിടിക്കാനും ടെൻഷനടിക്കാനും ത്രില്ലടിക്കാനും നൃത്തം ചെയ്യാനും കരയാനും ഫുട്‍ബോൾ അവരെ പഠിപ്പിച്ചു. ഗോളുകൾക്കപ്പുറം ഒരു പന്തിനു പിറകേയോടുന്ന 22 പേർ 90 മിനിറ്റുകൾ കൊണ്ട് മൈതാനത്ത് തീർക്കുന്നത് സമാനതകളില്ലാത്ത കവിതയാണെന്നവർ തിരിച്ചറിഞ്ഞു. അവർ ടീമിനൊപ്പം, ക്ലബിനൊപ്പം ഇന്ത്യയിലുടനീളം സഞ്ചരിച്ചു. അവർ ഗാലറി മഞ്ഞ കൊണ്ട് പുതച്ചു. നിറഞ്ഞു കവിഞ്ഞ് പൊട്ടിത്തെറിച്ച് നിൽക്കുന്ന മഞ്ഞക്കടൽ കണ്ട കളിക്കാരും കോച്ചുമടക്കമുള്ള വിദേശികൾ താടിക്ക് കൈ കൊടുത്തു. ആരാധകരുടെ നിസ്സീമമായ സ്നേഹം ഈ ക്ലബിൽ നിന്നും കൊഴിഞ്ഞു പോയവരെപ്പോലും പ്രിയപ്പെട്ടതായി നിലനിർത്തി. കേരളത്തിൽ സാവധാനം ഒരു ഫുട്‍ബോൾ സംസ്കാരം രൂപപ്പെട്ടു.

എന്റെ നാട്ടിൽ ഇപ്പോൾ ഫുട്‍ബോൾ സംസാരിക്കപ്പെടുന്നുണ്ട്. വോളിബോൾ കോർട്ടിനോളം വലിപ്പമുള്ള, മധ്യത്തു കൂടി കൈത്തോടൊഴുകുന്ന ഫുട്‍ബോൾ മൈതാനങ്ങൾ എന്റെ നാട്ടിൽ ഇപ്പോഴുണ്ട്. പ്രായഭേദമന്യേ പന്തിനു പിറകേയോടുന്ന കളി പ്രാന്തന്മാർ എന്റെ നാട്ടിലും ഉണ്ടായി വരുന്നുണ്ട്. കളിക്കളത്തിൽ നന്നായി പ്രകടനം നടത്താൻ കഴിയുന്നവർ എന്റെ നാട്ടിൽ നിന്നും ഉണ്ടായി വരുന്നുണ്ട്. ഇന്ന് ഓഫീസിലേക്ക് വരാൻ ബസ് കാത്തു നിന്നപ്പോൾ ബസ് സ്റ്റാൻഡിൽ സെവൻസ് ഫുട്‍ബോൾ ടൂർണമെന്റിന്റെ ഒരു വലിയ ഫ്ലക്സ് കണ്ടു. മൂന്നോ നാലോ കൊല്ലം മുൻപ് ക്രിക്കറ്റ് ടൂർണമെന്റ് എന്ന് വായിച്ചിരുന്ന ആ സ്ഥലത്ത് ഇന്ന് ഫുട്‍ബോൾ ടൂർണമെന്റ് എന്ന് വായിക്കാൻ കഴിഞ്ഞെങ്കിൽ അതിനു വലിയൊരു കാരണം ഐഎസ്എല്ലും ബ്ലാസ്റ്റേഴ്‌സുമാണ്.

നേരത്തെ പറഞ്ഞ ഫിഫ്റ്റി ഫിഫ്റ്റി ബ്ലാസ്റ്റേഴ്സ് ആരാധക അനുപാതം ഇപ്പോൾ വ്യത്യാസപ്പെട്ടിട്ടുണ്ട്. ഫുട്‍ബോളിന്റെ സൗന്ദര്യമറിഞ്ഞ പലരും സച്ചിന്റെ ക്ലബ് എന്നതിലുപരി ഫുട്‍ബോൾ ക്ലബ് എന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. കേരളം ഫുട്‍ബോൾ പറയുകയാണ്. കേരളം ഫുട്‍ബോൾ ചിന്തിക്കുകയാണ്. ഇന്ത്യൻ ഫുട്‍ബോളിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന സീനിയർ ടീമിന്റെ മുഖ്യ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനെ ഓടിച്ച് മറ്റൊരു കോച്ചിനെ കൊണ്ട് വരണമെന്ന് നമ്മൾ ആവശ്യപ്പടുന്നു. നമ്മൾ ആഷിക്കിനെപ്പറ്റിയും ലാൽറുവത്താരയെപ്പറ്റിയും ആദിൽ ഖാനെപ്പറ്റിയുമൊക്കെ സംസാരിക്കുന്നു. ഫുട്‍ബോൾ റൈവൽറികളും ആരാധക മാത്സര്യങ്ങളുമുണ്ടാവുന്നു. നല്ലൊരു മാറ്റമാണ്. നല്ല ചിന്തയാണ്. ഇതൊക്കെയാണ് ബ്ലാസ്റ്റേഴ്‌സും ഐഎസ്എല്ലും നമുക്ക് നൽകിയത്. ഇതൊക്കെ തന്നെയാണ് നമുക്ക് കിട്ടേണ്ടിയിരുന്നതും.


Read More >>