അത്ര പെട്ടെന്നൊന്നും മറന്നു കളയാനാവില്ല; 2019 ലോകകപ്പ് ടീമിൽ ധോണിയും ഉണ്ടാവണം

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ ധോണി കാണിച്ചിട്ടുള്ള മാസൊന്നും ഇവിടെ ഒരുത്തനും കാണിച്ചിട്ടില്ല.

അത്ര പെട്ടെന്നൊന്നും മറന്നു കളയാനാവില്ല; 2019 ലോകകപ്പ് ടീമിൽ ധോണിയും ഉണ്ടാവണം

ധോണിയുടെ വിരമിക്കലും ടീമിൽ നിന്നൊഴിവാക്കപ്പെടലുകളുമാണ് ഇപ്പോഴത്തെ ചൂടൻ ചർച്ച. വെസ്റ്റ് ഇൻഡീസുമായി നടക്കുന്ന ഏകദിന പരമ്പര ധോണിക്കുള്ള അവസാന അവസരമാണ് എന്ന മട്ടിലുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നു. അതിനു കരുത്തു പകർന്ന് സെക്കൻഡ് ചോയ്സ് വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ദിനേഷ് കാർത്തിക് മുതൽ ഋഷഭ് പന്ത് വരെ നീളുന്ന വിക്കറ്റ് കീപ്പർമാർക്കിടയിൽ ഇനിയും ധോണിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്നാണ് വിമർശകരുടെ വാദം. അതിൽ കഴമ്പില്ല എന്ന് പറഞ്ഞു കൂടാ. എന്നാൽ 2019ൽ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധോണി ഉണ്ടാവരുത് എന്ന് വാദിക്കും മുൻപ് മറ്റു ചിലതൊക്കെ പരിഗണിക്കണം.

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യൻ ടീമിൽ നിറഞ്ഞു നിൽക്കുന്നയാളാണ് എംഎസ് ധോണി. വിക്കറ്റിനു മുന്നിലും പിന്നിലും വിശ്വസ്തനായ ഏഴാം നമ്പറുകാരനെ അത്ര പെട്ടെന്നൊന്നും ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ല. ലോകകപ്പുകൾ, ചാമ്പ്യൻസ് ട്രോഫി, എഷ്യാ കപ്പ് എന്നിങ്ങനെ ഐസിസിയുടെ എല്ലാ ടൂർണമെൻ്റുകളും വിജയിച്ച ഒരേയൊരു ക്യാപ്റ്റൻ. അതിനോടൊപ്പം, ഐപിഎല്ലും ചാമ്പ്യൻസ് ലീഗും. എക്സ്പ്ലോസിവ് ബാറ്റ്സ്മാൻ എന്ന സുരക്ഷിതമായ ഇടത്തു നിന്നും റിലയബിൾ ബാറ്റ്സ്മാൻ എന്ന ഉത്തരവാദിത്ത ബോധത്തിലേക്ക് ധോണി പരകായ പ്രവേശം നടത്തിയത് വളരെ വേഗത്തിലായിരുന്നു. ഇന്ത്യൻ മധ്യനിരയെ ഒറ്റക്ക് താങ്ങി നിർത്തി വിജയത്തിലെത്തിച്ച ഇന്നിംഗ്സുകൾ എത്രയോ ഉണ്ട്. ഒരൊറ്റ ബൗണ്ടറി പോലും അടിക്കാതെ ഫിഫ്റ്റി അടിച്ച് ധോണി ഇന്ത്യയെ വിജയിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കഴിഞ്ഞ കഥകളല്ലേ, ഇപ്പോൾ ഫോം ഔട്ടല്ലേ എന്ന ചോദ്യം വളരെ കനപ്പെട്ടതാണ്. അതെ എന്ന് സമ്മതിക്കുന്നു. എന്നാൽ ലോകകപ്പ് പോലൊരു വലിയ വേദിയിൽ ധോണി ഉണ്ടാവേണ്ടതിൻ്റെ ആവശ്യകത മറ്റു പലതുമാണ്.

ഡിആർഎസ് അഥവാ ഡിസിഷൻ റിവ്യൂ സിസ്റ്റം എന്ന ക്രിക്കറ്റിലെ പുതിയ പരിഷ്കാരത്തിന് പ്രശസ്തമായ മറ്റൊരു പേരുണ്ട്. ധോണി റിവ്യൂ സിസ്റ്റം. അമ്പയർമാരുടെ തീരുമാനത്തെ ധോണി ചലഞ്ച് ചെയ്താൽ അമ്പയർ തീരുമാനം മാറ്റേണ്ടി വരും എന്നത് ഏറെ നാളുകളായി നമ്മൾ കാണുന്നതാണ്. ധോണി വളരെ സൂക്ഷ്മമായി കളി ശ്രദ്ധിക്കുന്നു എന്നതു തന്നെയാണ് അതിനുള്ള കാരണം. ഒരു ചെറിയ സ്പൈക്ക്, സ്റ്റമ്പ് കവർ ചെയ്ത കാലിൽ സ്പർശിക്കുന്ന പന്തിൻ്റെ വളരെ സൂക്ഷ്മമായ ദിശാവ്യതിയാനം എന്നിങ്ങനെ വിക്കറ്റിനു പിന്നിൽ നിന്ന് ധോണി വായിക്കുന്ന ഗെയിം അത്ഭുതാവഹമാണ്. ഇങ്ങനെ സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ ഡിആർഎസ് ചലഞ്ചിൽ ധോണി കാണിച്ചിട്ടുള്ള മാസൊന്നും ഇവിടെ ആരും കാണിച്ചിട്ടില്ല.

വിക്കറ്റിനു പിന്നിൽ ഹൊറിസോണ്ടൽ പന്തുകളിൽ ധോണി അത്ര മിടുക്കനല്ലെങ്കിലും വിക്കറ്റ് കീപ്പിംഗിൽ ധോണിയെക്കാൾ മിടുക്കുള്ള കളിക്കാർ ഇന്ത്യയിൽ എത്രയുണ്ടെന്ന് ചിന്തിക്കണം. രണ്ട് പേരുകൾ വളരെ കൃത്യമായി പറയാം. വൃദ്ധിമാൻ സാഹയും ദിനേഷ് കാർത്തികും. വൃദ്ധിമാൻ സാഹയ്ക്ക് അവസരങ്ങൾ കിട്ടിയിട്ടും പ്രതിഭയ്ക്കൊത്ത പ്രകടനങ്ങൾ കാഴ്ച വെച്ചില്ല. വിക്കറ്റ് കീപ്പിംഗ് മെച്ചമായിരുന്നുവെങ്കിലും ബാറ്റിംഗ് വൻ പരാജയം. 9 മത്സരങ്ങളിൽ നിന്നും സാഹയുടെ സമ്പാദ്യം വെറും 41 റൺസ് മാത്രമാണ്. കാർത്തിക് കുറേക്കൂടി മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്തുന്നുണ്ട്. എങ്കിൽ പോലും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ധോണിക്ക് മേലെ പരിഗണിക്കാനുള്ള പ്രകടനം ഇല്ല താനും. അതായത്, ധോണി എന്ന ബാറ്റ്സ്മാൻ്റെ വിശ്വാസ്യതയും സ്ഥിരതയും കാർത്തികിനില്ല. ഈ പറഞ്ഞത് ഇപ്പോൾ ധോണിക്കും ഇല്ലെങ്കിലും നിർണായക അവസരങ്ങളിൽ ഗെയിം റീഡ് ചെയ്ത് ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള കഴിവ് ധോണിക്ക് മുൻ തൂക്കം നൽകുന്നു. മാത്രമല്ല, മിന്നൽ സ്റ്റമ്പിങ്ങുകൾക്കുള്ള കഴിവ് ധോണിക്ക് നഷ്ടപ്പെട്ടിട്ടില്ല താനും. ഋഷഭ് പന്ത് എന്ന വിക്കറ്റ് കീപ്പർ സ്പിന്നർമാർക്കെതിരെ വളരെ മോശമാണെന്ന് ക്രിക്കറ്റ് നിരീക്ഷകർ പറഞ്ഞു കഴിഞ്ഞു. പന്തിനെപ്പോലെ ഒരു എക്സ്പ്ലോസീവ് ബാറ്റ്സ്മാനെക്കാൾ ഇന്ത്യക്ക് വേണ്ടത് ടീം ബാലൻസ് ആക്കി നിർത്താനുള്ള ഒരു റിലയബിൾ ബാറ്റ്സ്മാനെ തന്നെയാണ്.

നേരത്തെ പറഞ്ഞതു പോലെ 14 വർഷമായി ധോണി ഇന്ത്യക്ക് വേണ്ടി കളിക്കാൻ തുടങ്ങിയിട്ട്. അത്ര അനുഭവജ്ഞാനമുള്ള മറ്റൊരാൾ ഇന്ത്യൻ ടീമിൽ നിലവിലില്ല. വിക്കറ്റിനു പിന്നിൽ നിന്ന് മാസ്സ് കാണിക്കാനും കളി റീഡ് ചെയ്യാനും മധ്യനിരയെ ബാലൻസ് ആക്കി നിർത്താനും തീർച്ചയായും നമുക്ക് ധോണിയെ ആവശ്യമുണ്ട്. ധോണിയുടെ കാലം കഴിഞ്ഞുവെന്നും ചെന്നൈ സൂപ്പർ കിംഗ്സ് വയസ്സൻ പടയാണെന്നും പറഞ്ഞ് വിമർശിച്ചവർക്ക് ധോണിയും സംഘവും മറുപടി നൽകിയത് നമ്മൾ കണ്ടതാണല്ലോ. 16 മത്സരങ്ങളിൽ നിന്ന് 455 റൺസ് അടിച്ച് ധോണിയും കപ്പടിച്ച് സിഎസ്കെയും വിമർശകരുടെ വായടപ്പിച്ചു. അതു കൊണ്ട് തന്നെ ഒരു തിരിച്ചു വരവെന്നത് ധോണിക്ക് പൂ പറിക്കുന്നതു പോലെ ഈസിയായിട്ടുള്ള ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ, 2019 ലോകകപ്പിൽ ധോണി ഉണ്ടാവുക തന്നെ വേണം.

Read More >>