ഓസിൽ പടിയിറങ്ങി; ജർമ്മൻ ആരാധകരുടെ വംശീയ വെറി അയാളെ കൊന്നു കളഞ്ഞു

നീണ്ട 9 വർഷക്കാലം ജർമ്മൻ ഫുട്ബോൾ ടീമിൻ്റെ ഹൃദയമായി നിലകൊണ്ട ഓസിൽ ഇനിയില്ല എന്നത് നഷ്ടത്തിനപ്പുറം അപമാനമാണ്. ഓസിലിനു നേർക്ക് വംശീയാധിക്ഷേപവും ഇസ്ലാമോഫോബിയയുമാണ് നന്ദി കെട്ട ജർമ്മൻ ആരാധകർ പ്രയോഗിച്ചത്.

ഓസിൽ പടിയിറങ്ങി; ജർമ്മൻ ആരാധകരുടെ വംശീയ വെറി അയാളെ കൊന്നു കളഞ്ഞു

കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ജർമ്മൻ ഫുട്ബോളിനു സംഭവിച്ച ഏറ്റവും മികച്ച ഒന്നായിരുന്നു മെസ്യൂട്ട് ഓസിൽ. ഗോളടിക്കുന്നതിലുപരി ഗോളടിപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്ന, സ്വാർത്ഥതയില്ലാത്ത താരം. തുറന്ന ബോക്സിൽ പന്തു കിട്ടിയാലും സമാന്തരമായി ഓടിക്കേറുന്ന സഹ കളിക്കാരന് പന്ത് നീട്ടുന്ന ഓസിൽ ഫുട്ബോൾ ലോകത്തെ അപൂർവ്വ കാഴ്ചയായിരുന്നു. തുർക്കിയിൽ നിന്നും ജർമ്മനിയിലേക്ക് കുടിയേറിയ ഓസിൽ ജർമ്മൻ ആരാധകരുടെ വംശവെറിയിൽ തലകുനിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങുമ്പോൾ ഫിഫയുടെ 'നോ റ്റു റേസിസം' എന്ന മുദ്രാവാക്യവും കൂടിയാണ് അപമാനിക്കപ്പെട്ടത്. ടീം ജയിക്കുമ്പോൾ ജർമ്മൻകാരനെന്നും തോൽക്കുമ്പോൾ തുർക്കിക്കാരനെന്നും വിളിക്കുന്ന ആരാധകരെ ഇനി അഭിമുഖീകരിക്കാൻ വയ്യെന്നു പറഞ്ഞാണ് ഓസിൽ ജർമ്മൻ കുപ്പായം അഴിക്കുന്നത്. നീണ്ട 9 വർഷക്കാലം ജർമ്മൻ ഫുട്ബോൾ ടീമിൻ്റെ ഹൃദയമായി നിലകൊണ്ട ഓസിൽ ഇനിയില്ല എന്നത് നഷ്ടത്തിനപ്പുറം അപമാനമാണ്.

ആരാധകരിൽ നിന്നും നേരിട്ടിട്ടുള്ള വംശീയാധിക്ഷേപങ്ങളുടെ കഥ മുൻപും കാല്പന്ത് ഭൂമികയെ പിടിച്ചുലച്ചിരുന്നു. ബലോട്ടല്ലിയും ലുക്കാക്കുവുമൊക്കെ ഉദാഹരണങ്ങൾ മാത്രമാണ്. അതൊക്കെ വർണ്ണവിവേചനമായിരുന്നുവെങ്കിൽ ഓസിലിനു നേർക്ക് വംശീയാധിക്ഷേപവും ഇസ്ലാമോഫോബിയയുമാണ് നന്ദി കെട്ട ജർമ്മൻ ആരാധകർ പ്രയോഗിച്ചത്. ജർമ്മനിയിൽ നിന്നും 73 കൊല്ലം മുൻപ് ഹിറ്റ്ലർ ഇല്ലാതാക്കപ്പെട്ടെങ്കിലും ഇപ്പോഴും അയാൾ പല രൂപത്തിലും അവിടെയുണ്ട്. 2014 ലോകകപ്പ് ജേതാക്കളായ ജർമ്മനി ജന്മനാട്ടിൽ, അവർക്ക് ലഭിച്ച സ്വീകരണത്തിൽ അത് കാണിച്ചു. ജർമ്മൻകാരാണ് എറ്റവും ഉത്തമർ എന്ന് വിളിച്ചോതുന്ന ഗോച്ചോ നൃത്തം അന്ന് അവിടെക്കൂടിയ ജനസാഗരത്തിനു മുന്നിൽ ജർമ്മൻ ഫുട്ബോൾ ടീമംഗങ്ങൾ പ്രദർശിപ്പിച്ചു. ലാറ്റിനമേരിക്ക നടക്കുന്നത് തല കുനിച്ചാണെന്നും ജർമ്മൻകാർ നടക്കുന്നത് തല ഉയർത്തിയാണെന്നും പറയുന്ന ഒരു നൃത്തമാണ് ഗോച്ചോ. പരസ്യമായി വംശീയതയുടെ ഹുങ്ക് പ്രകടിപ്പിച്ച ഒരു ടീമിൻ്റെ ആരാധകർ മറ്റെങ്ങനെ പ്രതികരിക്കും?

തുർക്കിക്കാരൻ എന്ന നിലയിൽ ഓസിലിനെ ആരാധകർ ആക്രമിക്കാൻ തുടങ്ങിയിട്ട് കുറച്ചായി. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ആഴ്സണലിൻ്റെ യൂറോപ്പ ലീഗ് സെമിഫൈനലിൽ മാഡ്രിഡ് ആരാധകർ ഓസിലിനു നേർക്ക് റൊട്ടി എറിഞ്ഞു. നിലത്തു നിന്നും അതെടുത്ത് ചുംബിച്ചു കൊണ്ടാണ് ഓസിൽ അതിനു മറുപടി പറഞ്ഞത്.

ജർമ്മൻ വ്യവസായത്തിലെ തകർച്ചയുടെ കാലത്താണ് അദ്ദേഹം ജനിച്ചത്. കുടിയേറ്റക്കാരിൽ എൺപത് ശതമാനത്തിലധികം തൊഴിലില്ലായ്മ അനുഭവിക്കുന്ന സമയമായിരുന്നു അത്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി തുർക്കിയിൽ നിന്നും ജർമ്മനിയിലേക്ക് കുടിയേറിയ ഓസിലിൻ്റെ കുടുംബം ജീവിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. ബാല്യത്തെ ദാരിദ്ര്യം വരിഞ്ഞു മുറുക്കിയ എല്ലാ പന്തു കളിക്കാരെയും പോലെ ഓസിലും പണമുണ്ടാക്കൻ തന്നെയാണ് ഫുട്ബോളിലേക്ക് തിരിഞ്ഞത്. ഫുട്ബോൾ വഴി താൻ വിജയിക്കുമെന്ന് ഓസൽ തിരിച്ചറിഞ്ഞത് ഗെൽസിക്കിച്ചിൻ കോളേജിലായിരുന്നു. അവിടെ കൂടുതൽ അംഗീകാരം ലഭിക്കാൻ തുടങ്ങിയ ഓസിൽ മികച്ച ഒരു കളിക്കാരനായി മാറുകയായിരുന്നു.

കോളേജ് മത്സരങ്ങളിലും യൂത്ത് മത്സരങ്ങളിലും നിരന്തരമായി ഗംഭീര പ്രകടനങ്ങൾ കാഴ്ച വെച്ച ഓസിൽ തൻ്റെ 18ആം വയസ്സിൽ ബുണ്ടസ് ലീഗയിലെ മികച്ച ക്ലബ്ബുകളിൽ ഒന്നായ ഷാൽക്കെയുടെ സീനിയർ ടീമിൽ അരങ്ങേറി. രണ്ട് വർഷത്തിനു ശേഷം വെർഡർ ബ്രമനിലും അവിടെ നിന്ന് 2010ൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലുമെത്തി. അതിനു തൊട്ടു മുൻപത്തെ വർഷം ജർമ്മൻ സീനിയർ നാഷണൽ ടീമിൽ കളിച്ച ഓസിൽ നാഷണൽ ടീമിൽ ഇടം ലഭിക്കുന്ന ആദ്യ കുടിയേറ്റക്കാരനായി. റയൽ മാഡ്രിഡിൽ നിന്നും 2013ൽ ആഴ്സനലിലേക്ക് ചേക്കേറിയ ഓസിൽ ഗണ്ണേഴ്സിൻ്റെ ഹൃദയമായിത്തന്നെ നില കൊള്ളുകയാണ്.

2014 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ജർമ്മനിയുടെ ടോപ്പ് സ്കോറർ ഓസിൽ ആയിരുന്നു. ജർമ്മനി കിരീടം ചൂടിയ അക്കൊല്ലത്തെ ലോകകപ്പിൽ, ഫൈനൽ തേർഡിൽ ഏറ്റവുമധികം പാസുകൾ നൽകിയ താരം ഓസിലായിരുന്നു. എറ്റവുമധികം അവസരങ്ങളൊരുക്കിയവരിൽ മെസ്സിക്കു പിന്നിൽ രണ്ടാമതായിരുന്നു ഓസിൽ. ഫൈനലിനു ശേഷം യുവേഫ പ്രസിഡൻ്റും ലോകം കണ്ട ഏറ്റവും മികച്ച കാല്പന്തു കളിക്കാരിൽ ഒരാളുമായ മിഷേൽ പ്ലാറ്റിനി ഓസിലിൻ്റെ കളിയിൽ അതിശയിച്ച് അദ്ദേഹത്തിൻ്റെ ജഴ്സി ഊരി വാങ്ങിയത് ഓസിലിൻ്റെ പ്രതിഭയ്ക്ക് ലഭിച്ച അംഗീകാരമായിരുന്നു.

ഓസിലിൻ്റെ വിടവാങ്ങലിനു മുന്നിൽ തല കുനിക്കേണ്ടി വന്നത് ഫുട്ബോൾ ലോകമാണ്. വർണ്ണ വിവേചനവും വംശീയ വെറിയും താൻ പോരിമയും ഉയർത്തിപ്പിടിക്കുന്ന ജർമ്മൻ ആരാധകർക്കു മുന്നിൽ ലജ്ജയോടെ, അപമാനത്തോടെ ലോകം തല താഴ്ത്തി നിൽക്കുന്നു. ഇല്ല, ജർമ്മനിയിൽ ഹിറ്റ്ലർ മരിച്ചിട്ടില്ല.

Read More >>