കന്നുകാലികളെ വിൽക്കണം കശാപ്പ് ചെയ്യണം: ആ പ്രക്ഷോഭം രാജസ്ഥാനിലെത്തി, അധികാരത്തിന്റെ ശീതീകരിച്ച മുറികൾക്ക് ഇനി പൊള്ളും

ഒടുവില്‍ അങ്ങനെ തന്നെ സംഭവിച്ചു. വിപ്ലവം പാതകളിലേക്കിറങ്ങി. അസംഘടിത ശബ്ദങ്ങള്‍ സംഘടിതമായി. ദുര്‍ബല ശരീരങ്ങള്‍ സര്‍ക്കാരിന്റെ മര്‍ദ്ദനം ഏറ്റുവാങ്ങാന്‍ ശക്തിയാര്‍ജ്ജിച്ചു. നിലനില്‍പ്പിനെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ആത്മാഭിമാനമുള്ള മനുഷ്യര്‍ പ്രതിരോധിക്കും.മഹാരാഷ്ട്രയിൽ നിന്നും തുടങ്ങിയ പ്രക്ഷോഭം മധ്യപ്രദേശിനെയും പിടിച്ചുകുലുക്കി. ഇപ്പോൾ ഇതാ രാജസ്ഥാനിലും.

കന്നുകാലികളെ വിൽക്കണം കശാപ്പ് ചെയ്യണം: ആ പ്രക്ഷോഭം രാജസ്ഥാനിലെത്തി, അധികാരത്തിന്റെ ശീതീകരിച്ച മുറികൾക്ക് ഇനി പൊള്ളും

വടക്കേ ഇന്ത്യൻ സംസ്ഥനങ്ങളെ Cow Belt എന്ന് പൊതുവെ അറിയപ്പെടാറുണ്ട്. പശു പരിപാലനത്തിലൂടെ ഉപജീവനം കണ്ടെത്തുന്നതിനാലാണ് ഇങ്ങനെ ഒരു വിശേഷണം അവര്‍ക്ക് ലഭിച്ചത്. കാര്‍ഷികമേഖലയുടെ നട്ടെല്ലും ഗോപരിപാലനം തന്നെ. ഓരോ വീടുകളിലും ഉരുക്കള്‍ കാണും. അതും ഒന്നും രണ്ടുമല്ല, പശു, എരുമ, കാള, പോത്ത് എന്നിങ്ങനെ അവ എട്ടും പത്തും ഉണ്ടാകും. പാലാണ് പ്രധാന കച്ചവടം, പിന്നെ പാലുത്പന്നങ്ങളുടെ വിപണനവും ഉണ്ടാകും. തൈര്, വെണ്ണ, നെയ്യ് തുടങ്ങിവയെല്ലാം ഇവിടുത്തെ ഗ്രാമങ്ങളില്‍ യഥേഷ്ടം ലഭിക്കും. നിത്യചെലവുകള്‍ അങ്ങനെയെല്ലാമാണ് ഇവര്‍ കണ്ടെത്തുന്നത്. ചാണകം കൃഷിയിടങ്ങളില്‍ വളമായി ഉപയോഗിക്കുക വഴി കൃഷിക്ക് വേണ്ടി വരുന്ന ചെലവിലും സാരമായ കുറവുണ്ടാകും.. കാളകളെ കൃഷിയിടങ്ങളില്‍ ഉഴുതുമറിക്കുവാനും ചരക്ക് ഗതാഗതത്തിനും പ്രയോജനപ്പെടുത്തും.

ഒരു പ്രായം കഴിയുമ്പോള്‍ അതായത് ഇത്തരം ജോലികള്‍ക്ക് അവ ഉതകാതെ വരുമ്പോള്‍ ഉരുക്കളെ കച്ചവടം ചെയ്യുന്നതാണ് പതിവ്. പുറത്തു നിന്നുള്ള കച്ചവടക്കാര്‍ക്ക് പറഞ്ഞുറപ്പിച്ച വിലയില്‍ ഇവയെ കൈമാറുന്നതല്ലാതെ, എന്തിനാണ് എന്നോ എവിടെക്കാണ്‌ എന്നോ ഇവര്‍ക്കറിയില്ല. ഇവയെ വിറ്റു കിട്ടുന്ന പണം തങ്ങളുടെ ആവശ്യത്തിനു ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണ് എന്നു മാത്രമറിയാം. അതൊരു പക്ഷെ കുടുംബത്തിലെ ഒരു കല്യാണം നടത്താനോ അല്ലെങ്കില്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കോ അതുമല്ലെങ്കില്‍ അടുത്ത കൃഷിക്കുള്ള മൂലധനമോ ആയി ചെലവഴിക്കപ്പെടുന്ന പണമാണിത്‌. അവര്‍ക്ക് ബാങ്കുകളില്‍ അക്കൗണ്ട് പോലും ഉണ്ടാകില്ല. വീട്ടില്‍ ഒരു അത്യാവശ്യം ഉള്ളപ്പോള്‍ പണമായും പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്ന ഒന്നാണ് ഇവര്‍ക്ക് ഈ മൃഗങ്ങള്‍. ഇങ്ങനെയുള്ള ഒരു ഗ്രാമീണ പശ്ചാത്തലത്തിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ഗോവില്പന നിയന്ത്രണ ഓര്‍ഡിനന്‍സ് ഇടിച്ചിറങ്ങുന്നത്.

കര്‍ഷകനെയും അവന്‍റെ പരാധീനതകളെയും അറിയാതെ സര്‍ക്കാര്‍ പുറത്തിറക്കിയ ഈ തീരുമാനം തത്വത്തില്‍ അവരെ അങ്ങേയറ്റം ദ്രോഹിക്കുന്നതായി. മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് ,ഛത്തിസ്ഗഡ് ,രാജസ്ഥാൻ എന്നിങ്ങനെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ ഓര്‍ഡിനന്‍സ് ശക്തമായി നടപ്പിലാക്കുവാന്‍ തുടങ്ങി. കര്‍ഷകന്‍റെ നിലവിളിയെക്കാള്‍ പശുക്കളുടെ സംരക്ഷണമാണ് അവര്‍ക്ക് വേവലാതി നല്‍കിയത്. ഗോക്കളെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടായി. അവര്‍ ചിന്തിച്ചിട്ടു പോലുമില്ലാത്ത വകുപ്പുകള്‍ ചാര്‍ത്തി കുറ്റാരോപിതരായി. ചെറുത്തുനില്‍പ്പിന്റെ ഭാഗമായി അവര്‍ക്ക് താല്‍കാലികമായിയെങ്കിലും ഗോവില്പന നിര്‍ത്തേണ്ടി വന്നു. പക്ഷെ അതിലും ഭീമമായ ദുരന്തമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഗോക്കള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുവാന്‍ തുടങ്ങി. ഇവറ്റകളെ സംരക്ഷിക്കാം എന്നു വച്ചാല്‍ അതിനുള്ള സാമ്പത്തികഗതി ഈ ഗ്രാമവാസികള്‍ക്ക്‌ ഉണ്ടായിരുന്നുമില്ല. മാത്രമല്ല, ഏതെങ്കിലും തരത്തില്‍ ഈ മൃഗങ്ങള്‍ കൊല്ലപ്പെട്ടാലും അകത്തു പോകുന്നത് ഇവര്‍ തന്നെ.

ഹിന്ദു ദിനപത്രത്തിന്റെ റൂറൽ എഡിറ്റർ പി സായ്‌നാഥ് ഇതൊക്കെ മുന്‍കൂട്ടി കണ്ടതു പോലെ വിവരിച്ച ഒരു കാര്യമുണ്ട്- ഈ ഓര്‍ഡിനന്‍സ് ഗ്രാമങ്ങളുടെ സാമ്പത്തിക അടിത്തറയെ തകര്‍ക്കും. തന്‍റെ ഉത്പന്നം വിപണിയില്‍ വിറ്റഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അവര്‍ തെരുവില്‍ ഇറങ്ങും. ഒടുവില്‍ അങ്ങനെ തന്നെ സംഭവിച്ചു. വിപ്ലവം പാതകളിലേക്കിറങ്ങി. അസംഘടിത ശബ്ദങ്ങള്‍ സംഘടിതമായി. ദുര്‍ബല ശരീരങ്ങള്‍ സര്‍ക്കാരിന്റെ മര്‍ദ്ദനം ഏറ്റുവാങ്ങാന്‍ ശക്തിയാര്‍ജ്ജിച്ചു. നിലനില്‍പ്പിനെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ആത്മാഭിമാനമുള്ള മനുഷ്യര്‍ പ്രതിരോധിക്കും.മഹാരാഷ്ട്രയിൽ നിന്നും തുടങ്ങിയ പ്രക്ഷോഭം മധ്യപ്രദേശിനെയും പിടിച്ചുകുലുക്കി. ഇപ്പോൾ ഇതാ രാജസ്ഥാനിലും.

സമരം ചെയ്യുന്ന കർഷകരുടെ മുഖ്യമായ ആവശ്യങ്ങളില്‍ ഒന്നു കന്നുകാലികളെ വില്പന ചെയ്യാനും ആവശ്യമെങ്കില്‍ അവയെ കശാപ്പു ചെയ്യാനും തങ്ങള്‍ക്കു അനുവാദം ഉണ്ടാകണം എന്നാണ്. എവിടുന്നു എവിടെപ്പോയി കാര്യങ്ങൾ? അന്നത്തെ തൊട്ടാൽ അവര്‍ വെറുതെയിരിക്കില്ല. ഭരണകൂടവും അവരുടെ അധികാരവും പിന്നെ ഇവര്‍ക്ക് ഒന്നുമല്ല. ഗ്രാമങ്ങളില്‍ നിന്നും അവ സംസ്ഥാനം മുഴുവന്‍ വ്യാപിക്കും. അതിന്‍റെ ചൂട് ശീതികരിച്ച മുറിയിലേക്കും കടക്കും, അവിടിരുന്നു ഉത്തരവ് നല്‍കുന്ന ഏമാന്മാരെയും തേടി ആ പ്രതികരണം ഉണ്ടാകും. ജീവിതത്തിൽ സത്യസന്ധത പുലര്‍ത്തി കൃഷിയും വിളയുമായി ഉപജീവനം നടത്തുന്നവര്‍ക്ക് പരിവാർ അജണ്ടകൾ ആദ്യം മനസിലാകണം എന്നില്ല. പൊള്ളുന്ന വെയിലില്‍ പ്രതികരിക്കുവാന്‍ തയ്യാറാകുന്ന ഇവര്‍ക്ക് രാഷ്ട്രമുണ്ട്, രാഷ്ട്രത്തിനു വേണ്ട അന്നവുമുണ്ട്, പക്ഷെ രാഷ്ട്രീയമില്ല!

Read More >>