വിധേയാസ്തിത്വങ്ങളുടെ ഭജനപ്പാട്ടുകൊണ്ടല്ല ഫാസിസത്തെ പ്രതിരോധിക്കേണ്ടത്

പിണറായി വിജയനെന്ന പേരുച്ചരിക്കാൻ എന്തധികാരം എന്നാണൊരിക്കൽ കെ എം ഷാജിക്കുള്ള രാഷ്ട്രീയ മറുപടി പ്രസംഗത്തിൽ സിപിഎം യുവ പോരാളി സ്വരാജ് ഒരിക്കൽ ചോദിച്ചത്. ഇപ്പോളിതാ, കൈകാര്യം ചെയ്യേണ്ടിവരുമെന്ന മട്ടിൽ ജയശങ്കറിനുള്ള ഉത്തരവാദിത്വത്തോടെയുള്ള മുന്നറിയിപ്പായി മറ്റൊരു യുവ പോരാളിയായ ഷംസീർ കൂടി രംഗത്തെത്തിയിരിക്കുന്നു- അതുൽ എഴുതുന്നു

വിധേയാസ്തിത്വങ്ങളുടെ ഭജനപ്പാട്ടുകൊണ്ടല്ല ഫാസിസത്തെ പ്രതിരോധിക്കേണ്ടത്


അതുൽ


ഏകാധിപതികൾക്കു മുന്നിൽ സ്വന്തം പ്രജ്ഞയും, ഇച്ഛാശക്തിയുമൊക്കെ സമർപ്പിക്കാനുള്ള പ്രവണത മനുഷ്യസഹജമാണ്. ആധുനിക വ്യക്തിയുടെ അബോധം ഇന്നും ചുമക്കുന്ന ഗോത്രകാല ബോധം മുതൽ, ദൈവഭക്തി വരെയുള്ള പല വേരുകളും ഇന്ധനങ്ങളും ഈ പരിഷ്‌കൃത ജനാധിപത്യ കാലഘട്ടത്തിലേക്കുള്ള ആ മനോഭാവത്തിന്റെ പ്രയാണം സുഗമമാക്കുന്നു. ഒരാളെ അമാനുഷികമായ നിലയിൽ ആദർശവൽക്കരിക്കുക, അയാൾക്കെതിരെയുള്ള ഒരു ചെറിയ പരാമർശം പോലും സ്വന്തം വൈകാരിക നിലയെ അസ്വസ്ഥമാക്കി, പരാമർശം നടത്തിയ ആളോടുള്ള അസഹ്യമായ അസഹിഷ്ണുതയിലേക്കും അക്രമോത്സുകമായ വിദ്വേഷത്തിലേക്കും മാറുക, സ്വന്തം ധിഷണയും ശരീരവും ധാർമ്മികതയുമെല്ലാം അയാളുടെ വിഗ്രഹവൽക്കരണത്തിനുള്ള നിരുപാധിക ഉപകരണങ്ങളാക്കാനുള്ള സന്നദ്ധത, വ്യക്തിത്വത്തിലും ശരീരഭാഷയിലും പോലും അയാളെ ആവർത്തിക്കാനുള്ള ഉൾപ്രേരണ എന്നിങ്ങനെ വ്യക്തികളിൽ പല നിലയിൽ ആ മനോഭാവം വെളിപ്പെട്ടുകൊണ്ടിരിക്കും.

ഹിറ്റ്ലറും മോദിയും ഇന്ദിരാ ഗാന്ധിയും മുതൽ ജയലളിത വരെ ഏറിയും കുറഞ്ഞും അത്തരമൊരു മനോഭാവത്തിന്റെ ഉറവിടങ്ങളായിത്തീർന്നതായിക്കാണാം. സ്വയം കൽപ്പിക്കുന്ന അപ്രമാദിത്വം, ചുറ്റും സൃഷ്ടിക്കപ്പെടുന്ന ആചോദ്യതയുടെ അന്തരീക്ഷം, പ്രതിപക്ഷത്തോട് പുലർത്തുന്ന ജനാധിപത്യപരമായ ബഹുമാനത്തിന്റെ അഭാവം തുടങ്ങിയ ചില സ്വഭാവ സവിശേഷതകൾ ഏറിയും കുറഞ്ഞുമെല്ലാം അത്തരം വ്യക്തിത്വങ്ങളിൽ കാണാം. ജനാധിപത്യ സമൂഹത്തിൽ ഒരു പൗരന് അനുവദിനീയമല്ലാത്ത, എന്നാൽ അബോധമായി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്വഭാവം പുലർത്തുന്ന ഒരാളോട് തോന്നുന്ന ആദരവും, മാനസികമായ താദാത്മ്യവുമായെല്ലാം അത് മാറാം.

അതുകൊണ്ടു കൂടിയാണ്, തന്റെ വാർധക്യത്തിൽ ഒരു വീൽ ചെയറിലിരുന്ന് ഒരു ജനാധിപത്യ വിരുദ്ധ ഭരണകൂടത്തിന്റെ സർവ്വസന്നാഹങ്ങൾക്കുമെതിരെ ഒരു രാഷ്ട്രത്തെ സംഘടിപ്പിച്ച ജയപ്രകാശ് നാരായണനെക്കാൾ ഇന്ദിരാ ഗാന്ധി നമ്മുടെ കരുത്തിനെയും ഇച്ഛാശക്തിയെയും സംബന്ധിക്കുന്ന ആലോചനകളിൽ പ്രതീകമായിത്തീരുന്നത്.

ജയപ്രകാശ് നാരായൺ

പലപ്പോഴും ഇച്ഛാശക്തിയും, കരുത്തുമായെല്ലാം അവരെ ബന്ധപ്പെടുത്തുന്നത് രാഷ്ട്രീയ നിലപാടുകൾക്കോ സമീപനങ്ങൾക്കോ പുറമെ ഇത്തരം സവിശേഷതകൾ കൂടിയാണ്. അതുകൊണ്ടു കൂടിയാണ് വീൽ ചെയറിലിരുന്ന് തന്റെ വാർധക്യത്തിൽ ഒരു ജനാധിപത്യ വിരുദ്ധ ഭരണകൂടത്തിന്റെ സർവ്വസന്നാഹങ്ങൾക്കുമെതിരെ ഒരു രാഷ്ട്രത്തെ സംഘടിപ്പിച്ച ജയപ്രകാശ് നാരായണനെക്കാൾ ഇന്ദിരാ ഗാന്ധി നമ്മുടെ കരുത്തിനെയും ഇച്ഛാശക്തിയെയും സംബന്ധിക്കുന്ന ആലോചനകളിൽ പ്രതീകമായിത്തീരുന്നത്.

കേരളീയ ജനത പല കാരണങ്ങളാൽ സാമൂഹ്യമായി മുന്നോട്ട് പോയ ജനതയാണ്. വംശാഭിമാനമോ, കുലാഭിമാനമോ പ്രചരിപ്പിക്കുന്ന ഒരാളെയോ, കൂട്ടത്തെയോ പിന്തുടരാതിരിക്കാൻ ആ ജനതയെ സാമൂഹ്യമായി നിർബന്ധിതരാക്കുന്ന വിദ്യാഭ്യാസമുൾപ്പടെ നിരവധി കാരണങ്ങളുണ്ട്. തമിഴനേയോ, ഉത്തരേന്ത്യക്കാരനെയോ പോലെ ആരാധന, വ്യക്തി ബോധങ്ങളില്ലാത്ത ആൾക്കൂട്ടമായി തെരുവിൽ പ്രകടിപ്പിക്കേണ്ടയാളല്ല താൻ എന്ന വരേണ്യ ബോധവും മലയാളിക്കുണ്ട്. എന്നാൽ, വ്യക്തികളെ ബിംബവൽക്കരിക്കാനുള്ള പ്രവണത ഇപ്പോളും കൊണ്ട് നടക്കുന്ന ഒരു ജനത കൂടിയാണ് നാം. ഫാൻസ്‌ അസോസിയേഷനുകളും, ആൾ ദൈവ ഭക്തിയും, എഴുത്തുകാരെ സംബന്ധിക്കുന്ന മരണാനന്തര കുറിപ്പുകളുമുൾപ്പടെ പല പ്രകടിത രൂപങ്ങളും അത് പല നിലകളിൽ തെളിയിക്കുന്നു.

പരിഷ്‌കൃത മലയാളി അമർത്തിവെച്ച അത്തരമൊരു മനോഭാവത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ പ്രകാശനമായിത്തീരുകയാണ് പിണറായി വിജയൻ എന്ന മനോഭാവം. ഉത്തരേന്ത്യയെപ്പോലെ മഹാവിഷ്ണുവിന്റെ അവതാരമായിക്കണ്ട്‌ ഒരു നേതാവിനെ ആരാധിക്കാനോ, തമിഴരെപ്പോലെ സിനിമയിലൂടെ രൂപപ്പെട്ട ദ്രാവിഡ വീര്യത്തിന്റെ പരിവേഷമുള്ള രാഷ്ട്രീയ ദൈവങ്ങളെ ആരാധിക്കാനോ മലയാളിക്കാവില്ല.

മുമ്പ് പരാമർശിച്ച സവിശേഷതകളിൽ ചിലതിനു പുറമെ കണ്ണൂർ, കമ്യൂണിസം, അടിയന്തരാവസ്ഥ മുതലായി മലയാളിക്ക് സ്വയം മതിപ്പ് നിലനിർത്തികൊണ്ട് തന്നെ ആരാധിക്കാൻ വേണ്ട പശ്ചാത്തലങ്ങൾ പോലീസിന്റെ ആത്മവീര്യത്തിൽ ആശങ്കാകുലനായ, വൻകിട നിർമ്മാണപ്രവർത്തങ്ങൾക്ക് സ്വന്തം നിശ്ചയ ദാർഢ്യം മാത്രം അടിത്തറയായി ആവശ്യമുള്ള, ഭൂപരിഷ്കരണ നിയമം ലംഘിച്ചതായി സ്വന്തം റവന്യു മന്ത്രിയുടെ റിപ്പോർട്ട് പോലും അടിയന്തര പ്രാധാന്യമുള്ളതായി ഗണിക്കാത്ത , സ്വന്തം പാർട്ടി വിട്ട് മറ്റൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കുന്നവരെ കുലംകുത്തികളായി കാണുന്ന, ജിഷ്ണുവിന്റെ അമ്മയെയോ പത്ര മാധ്യമങ്ങളെയോ ഒന്നും കാണാനോ ബോധിപ്പിക്കാനോ ഇല്ലാത്ത വർത്തമാനകാലത്തെ വിജയനുണ്ട്.

പിണറായി വിജയനെന്ന പേരുച്ചരിക്കാൻ എന്തധികാരം എന്നാണൊരിക്കൽ കെഎം ഷാജിക്കുള്ള രാഷ്ട്രീയ മറുപടി പ്രസംഗത്തിൽ സിപിഎം യുവ പോരാളി സ്വരാജ് ഒരിക്കൽ ചോദിച്ചത്

എം സ്വരാജ്

വരേണ്യതയും, പുരുഷാധിപത്യവും പുനരുത്പാദിപ്പിക്കുന്ന നമ്മുടെ ബോക്സ് ഓഫീസ് ഹിറ്റുകളിൽ പോലും നായകന്മാരുടെ കമ്യൂണിസ്റ് ഭൂതകാലത്തെ സംബന്ധിക്കുന്ന പരാമർശങ്ങൾ ഉണ്ടാവാറുണ്ടല്ലോ. പോരാളി ഷാജിയെ പോലുള്ള കമ്യൂണിസ്റ് ഫേസ്ബുക്ക് ബ്രിഗേഡുകളുടെ പ്രചാരണാർത്ഥമുള്ള മീമുകളിലും, ട്രോളുകളിലുമെല്ലാം ആറാം തമ്പുരാനായും, രാവണ പ്രഭുവായുമെല്ലാം വിജയൻ അവതരിക്കാറുണ്ടല്ലോ. പിണറായി വിജയനെന്ന പേരുച്ചരിക്കാൻ എന്തധികാരം എന്നാണൊരിക്കൽ കെ എം ഷാജിക്കുള്ള രാഷ്ട്രീയ മറുപടി പ്രസംഗത്തിൽ സിപിഎം യുവ പോരാളി സ്വരാജ് ഒരിക്കൽ ചോദിച്ചത്, ഒരു ചാനൽ ചർച്ചക്കിടെ ഒരിടതുപക്ഷ വിദ്യാർത്ഥി നേതാവും സമാനമായ പരാമർശം അഡ്വ. ജയശങ്കറിനോട് നടത്തിയിരുന്നു. ഇപ്പോളിതാ, കൈകാര്യം ചെയ്യേണ്ടിവരുമെന്ന മട്ടിൽ ജയശങ്കറിനുള്ള ഉത്തരവാദിത്വത്തോടെയുള്ള മുന്നറിയിപ്പായി മറ്റൊരു യുവ പോരാളിയായ ഷംസീർ കൂടി രംഗത്തെത്തിയിരിക്കുന്നു. അനുപം ഖേർ മോദിയോട് കാണിക്കുന്ന മട്ടിലുള്ള ആദരവുമായി നമ്മുടെ സിനിമാ- സാംസ്കാരിക ബുദ്ധിജീവികളും ഒരു വശത്തു നിൽക്കുന്നുണ്ട്.

വിധേയാസ്തിത്വങ്ങളുടെ ഭജനപ്പാട്ടുകൊണ്ടല്ല ഫാസിസത്തെ പ്രതിരോധിക്കേണ്ടത് എന്ന തിരിച്ചറിവിലേക്ക് രാഷ്ട്രീയ കേരളം ഉണരാൻ അധികം സമയം വേണ്ടി വരില്ല.

കേരളത്തിലെ മുഴുവൻ ഇടത് സമരങ്ങളുടെ ആസ്തിയും വിജയന് പതിച്ചുനൽകിയാലും, കമ്മ്യൂണിസ്റ്റ് കാല്പനികതയിൽ പൊതിഞ്ഞുകെട്ടിയാലും ഈ ധൈഷണിക ദാസ്യമാവരുത് ഹിന്ദുത്വ ഭീകരതക്കും, നിയോ ലിബറൽ പ്രതിസന്ധികൾക്കുമെതിരെ രൂപപ്പെടേണ്ട കേരളീയ ബദലിനെ രൂപപ്പെടുത്തുന്ന രാഷ്ട്രീയ സംസ്കാരം. ബാഹുബലിമാരും, പുലിമുരുകന്മാരുമെല്ലാമായി അനായാസം പ്രതീകവൽക്കരിക്കാൻ കഴിയുന്ന നേതാക്കന്മാർക്കും,വീരാരാധനയിലും ജനാധിപത്യപൂർവ്വ സ്വഭാവ വിശേഷങ്ങളോടുള്ള അഭിരമിക്കലിലും മുന്നോട്ടു പോവുന്ന രാഷ്ട്രീയ മുന്നേറ്റത്തിനും, കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തെ വിധ്വംസക പ്രവണത പുലർത്തുന്ന സംഘങ്ങൾക്ക് വേണ്ടി പരുവപ്പെടുത്താനേ സാധിക്കൂ. മോദി വേഴ്സസ് രാഹുൽ എന്ന നിലയിൽ മാധ്യമങ്ങളിലൂടെ നടന്ന പ്രൊപ്പഗാണ്ട കൂടിയാണ് മധ്യവർഗം മോദിക്ക് അനുകൂലമായി ചിന്തിക്കാൻ കാരണം. അത്തരത്തിൽ രാഷ്ട്രീയത്തെ ഐക്കണുകളിലേക്കും, ഇരട്ട ചങ്കോ, 56 ഇഞ്ച് നെഞ്ചളവോ ഉള്ള കരുത്തന്മാരിലേക്കും ചുരുക്കുന്നത് അഭികാമ്യമല്ല.

വിധേയാസ്തിത്വങ്ങളുടെ ഭജനപ്പാട്ടുകൊണ്ടല്ല ഫാസിസത്തെ പ്രതിരോധിക്കേണ്ടത് എന്ന തിരിച്ചറിവിലേക്ക് രാഷ്ട്രീയ കേരളം ഉണരാൻ അധികം സമയം വേണ്ടി വരില്ല.


Read More >>