ആവേശത്തോടെ നാടകവേദിയിലെത്തിയ നാടകപ്രേമികളെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്

ആകെ 630 സീറ്റുകളുള്ള സാഹിത്യ അക്കാദമിയിലെ വേദിയില്‍ കലോത്സവങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ കാണാനും ആസ്വദിക്കാനും ഇഷ്ട്ടപ്പെടുന്ന നാടകത്തിനായി വേദി ഒരുക്കുക എന്നത് വിചിത്രമായ കാര്യം തന്നെയാണ്- അശ്വതി താര എഴുതുന്നു

ആവേശത്തോടെ നാടകവേദിയിലെത്തിയ നാടകപ്രേമികളെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്

കേരളത്തിന്റെ സാംസ്‌കാരിക നഗരിയായ തൃശൂരില്‍ വെച്ചു നടന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എല്ലാ മത്സര വേദികളും കാണികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. നിറഞ്ഞു കവിയുക എന്ന വിശേഷണം ഏറ്റവും യോജിച്ചത് നാടകമത്സരത്തിനായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ധാരാളം പരിമിതികളുണ്ടായിരുന്ന വേദിയാണ് നാടകത്തിനായി ഒരുക്കിയത്. കേരള സാഹിത്യ അക്കാദമിയിലെ വേദി 13 ആയ ദേവദാരു ആയിരുന്നു നാടകത്തിന്റെ വേദി. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ഒരു കൂട്ടം ആളുകള്‍ ഏറെ ആവേശത്തോടെയാണ് നാടകം കാണാന്‍ ദേവദാരുവില്‍ എത്തിയത്. എന്നാല്‍ ആവേശം മൂത്ത് നാടകവേദിയിലെത്തിയ നാടകപ്രേമികളെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു ദേവദാരുവില്‍.

അക്കാദമിയുടെ ഓഡിറ്റോറിയത്തില്‍ ആളുകള്‍ തിങ്ങി നിറഞ്ഞ് ഒരാള്‍ക്കുപോലും അകത്തേക്ക് കയറാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു നാടക വേദി. വര്‍ഷങ്ങളായി നാടകം കാണാനായി വണ്ടി കൂലി കൊടുത്ത് കലോത്സവങ്ങളില്‍ എത്താറുളള നാടകപ്രേമികളെല്ലാം വേദിക്ക് പുറത്തായിരുന്നു. നാടകം കാണാന്‍ കഴിയാത്തതിന്റെ സങ്കടവും അമര്‍ഷവുമെല്ലാം അവരുടെ മുഖങ്ങളില്‍ വ്യക്തം. നാടകത്തിന്റെ ഈറ്റില്ലമായ തൃശൂരില്‍ നടക്കുന്ന കലോത്സവത്തിന് നാടകം കാണാന്‍ കഴിയാത്ത അവസ്ഥയാണ് കലോത്സവ വേദിയില്‍ സംഭവിച്ചത്. ''ദുര്‍ബലമായ സംഘാടനവും സാങ്കേതിക തകരാറുമാണ് ഇതിനുള്ള കാരണം'' 15 വര്‍ഷമായി കലോത്സവത്തില്‍ നാടകം കാണാന്‍ എത്തുന്ന, എട്ടോളം സ്‌കൂളില്‍ നാടകം പഠിപ്പിക്കുന്ന കോഴിക്കോട് 'മുദ്ര'യിലെ സത്യന്‍ പറയുന്നു.

എല്ലാവര്‍ഷവും ആനുകാലിക പ്രസക്തമായ നിരവധി വിഷയങ്ങളാണ് കലോത്സവങ്ങളിലെ നാടകങ്ങളില്‍ ചര്‍ച്ച ചെയ്യാറുള്ളത്. വിദ്യാര്‍ത്ഥികളുടെ അഭിനയവും, വിഷയങ്ങളിലെ പ്രാധാന്യവും അതോടൊപ്പം മാറ്റങ്ങളും നിരീക്ഷിക്കാന്‍ വടക്ക് കാസര്‍ഗോഡ് മുതല്‍ തെക്ക് തിരുവനന്തപുരം വരെയുള്ള നാടക പ്രേമികള്‍ സാഹിത്യ അക്കാദമിയില്‍ എത്തിയിരുന്നു. എന്നാല്‍ നാടക പ്രേമികളെ നിരുത്സാഹപ്പെടുത്തും വിധമായിരുന്നു കലോത്സവ സംഘാടക സമിതി നാടകവേദി സജ്ജീകരിച്ചിരുന്നത്. ആകെ 630 സീറ്റുകളുള്ള സാഹിത്യ അക്കാദമിയിലെ വേദിയില്‍ കലോത്സവങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ കാണാനും ആസ്വദിക്കാനും ഇഷ്ട്ടപ്പെടുന്ന നാടകത്തിനായി വേദി ഒരുക്കുക എന്നത് വിചിത്രമായ കാര്യം തന്നെയാണ്. ആയിരമോ അതിലധികമോ ആളുകള്‍ ദിനംപ്രതി കലോത്സവ നഗരിയില്‍ എത്താറുണ്ട്. ഇവരില്‍ നാടക മത്സരങ്ങളുള്ള ദിവസങ്ങളിലാണ് ഏറ്റവും കൂടുതലായി ആളുകള്‍ എത്താറുള്ളത്.

പരിമിതികളില്‍ മുങ്ങിപ്പോയ നാടക വേദികള്‍ ഇനി വരുന്ന കലോത്സവങ്ങളില്‍ കാണാതിരിക്കട്ടെ. അതിനായി ഇത്തവണത്തെ നാടക വേദിയെക്കുറിച്ചും മറ്റ് ഇനങ്ങളിലെ മത്സരവേദികളെക്കുറിച്ചുമുള്ള പരിമിതികളും പരാതികളും പരിഹരിച്ച് അടുത്ത തവണത്തെ സംസ്ഥാന കലോത്സവം ഗംഭീരമാക്കാന്‍ സംഘാടക സമിതി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.

Read More >>