കോൺ. ഗ്രൂപ്പ് മാനേജർ പീഡനം: സുധീരൻ ചെയ്തതിനപ്പുറം അവർ ഒന്നും ചെയ്തില്ല എന്ന് ഹൈക്കമാന്റ്

വാട്ട്സ്ആപ് കാലമാണ്. ഗ്രൂപ്പ് ഉണ്ടാകും. ഗ്രൂപ്പ് മാനേജർമാരെ നിയന്ത്രിക്കാനാകാത്ത സുധീര വിലാപത്തെക്കുറിച്ചും ഹൈക്കമാന്റ് നിലപാടിനെക്കുറിച്ചും അസ്സോസിയേറ്റ് എഡിറ്റർ അശോക് നടുവത്തിൽ...

കോൺ. ഗ്രൂപ്പ് മാനേജർ പീഡനം: സുധീരൻ ചെയ്തതിനപ്പുറം അവർ ഒന്നും ചെയ്തില്ല എന്ന് ഹൈക്കമാന്റ്

കെപിസിസിയിൽ ഗ്രൂപ്പ് മാനേജർമാർ! ആദർശമുള്ള ഒരാൾ അധ്യക്ഷനായി ചുമതലയേറ്റാൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് അവരുടെ പണി. കെപിസിസി അധ്യക്ഷനായിരിക്കവെ തന്നെ വളഞ്ഞിട്ട് ആക്രമിച്ചത് മറ്റു പാർട്ടിക്കാരല്ല; സ്വന്തം എന്ന് കരുതിയ ടീമിലെ ഗ്രൂപ്പ് മാനേജർമാർ ആയിരുന്നുവെന്നു വി എം സുധീരൻ ധീരമായി വെളിപ്പെടുത്തി. നിർഭാഗ്യത്തിന് വി എം സുധീരന് അൽപസ്വൽപ്പം ആദർശമുണ്ടായി പോയി എന്നതാണ് കുറ്റം. വെളിപ്പെടുത്താൻ വൈകിയോ? ആദർശമുണ്ടായത് കുറ്റം തന്നെയോ? ഇതൊക്കെ തീരുമാനിക്കേണ്ടത് ആര്? കോൺഗ്രസ്സ് ഹൈക്കമാന്റ്?

മറ്റു കോൺഗ്രസ്സുകാർ പ്രചരിപ്പിക്കാത്തതിനാലാണ് തന്റെ അൽപസ്വൽപ്പം ആദർശക്കാര്യം സുധീരൻ സ്വയം സാക്ഷ്യപ്പെടുത്തുന്നത് എന്ന് രാഷ്ട്രീയകാര്യ സമിതിയിലെ ഒരംഗം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് പരിഹാസമായി കരുതേണ്ടതില്ല. സമിതിയിൽ വിശാല ചർച്ച നടത്താതെ 'മൂന്നു പേരും ഹൈക്കമാന്റും' ചേർന്ന് ഏകപക്ഷീയമായി രാഷ്ട്രീയം, സീറ്റ് തുടങ്ങിയവ തീരുമാനിച്ചാൽ കോൺഗ്രസ് പാർട്ടി രക്ഷപ്പെടില്ല എന്ന് സുധീരൻ പൊട്ടിത്തെറിച്ചതിനെ വെറും ക്ഷോഭമായും കരുതേണ്ടതില്ല. കോൺഗ്രസ് പാർട്ടി കുത്തഴിഞ്ഞു. അതിനാൽ പാർട്ടി ഇനി ഇങ്ങനെ തന്നെ തുടരും എന്ന സുധീര വചനം ഒരു ശാപമായും കണക്കാക്കേണ്ടതില്ല.

കോൺഗ്രസ്സ് ഹൈക്കമാന്റ് അറിയാതെ കെപിസിസിയിൽ ചില തസ്തികകൾ ഉണ്ടെന്നും ഒന്നിലേറെ നേതാക്കളാണ് അവ കൈയ്യാളുന്നതെന്നും രാഹുൽ ഗാന്ധി അറിഞ്ഞത്‌ ഉത്തരേന്ത്യയിലെ ബീവണ്ടിയിൽ നിന്ന് മടങ്ങും വഴി. തിരുവനന്തപുരത്തുള്ള ആരോ അയച്ച വാട്ട്സ്ആപ് സന്ദേശം വായിച്ചാണ് രാഹുൽ ഇക്കാര്യം അറിഞ്ഞതത്രെ.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് സുധീരൻ പറഞ്ഞത് പരോക്ഷമായി രമേശ് ചെന്നിത്തല അംഗീകരിച്ചിട്ടുണ്ട്. ഈ സംഭവമാണ് ചെന്നിത്തല ഉൾപ്പെടെയുള്ള മൂന്നു പേരും ഹൈക്കമാന്റും ചേർന്ന് അട്ടിമറി നടത്തിയതായി വിലയിരുത്തുന്നത്.

ഗ്രൂപ്പ് ഇല്ലാതാക്കാനാവും തന്റെ പരിശ്രമമെന്ന് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത കാലത്ത് സുധീരൻ വ്യക്തമാക്കിയിരുന്നു. അത് ഏറ്റില്ലെന്നു മാത്രമല്ല ഗ്രൂപ്പ് അഡ്മിൻമാർ വളഞ്ഞിട്ട് ആക്രമിക്കാൻ പുതിയ തസ്തിക സൃഷ്ടിച്ചു- ഗ്രൂപ്പ് മാനേജർ തസ്തിക. അവർ സ്വയം നിയമിതരായി. അത് കണ്ടു. കണ്ണ് നിറഞ്ഞു. കൈ കെട്ടി നോക്കി നിന്നു. ഒന്നും പറഞ്ഞില്ല. പിന്നീട് ആക്രമണം മൂലമാണോ എന്നറിയില്ല, മുതുകു വേദനയും കലശലായി. അങ്ങനെ, ശാരീരികാസ്വാസ്ഥ്യം മൂലം പടിയിറങ്ങുന്നു എന്ന് അന്ന് പറഞ്ഞത് മുഴുവൻ സത്യമല്ല എന്നാണ്‌ വി എം സുധീരന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ.

സാങ്കേതിക കാരണങ്ങളാൽ ചിലത് ഒളിച്ചു വയ്ക്കുകയായിരുന്നു സുധീരൻ. ഒഴിച്ചുകൂടാനാവാത്തവരോട് ആലോചിച്ചു. സമയമായപ്പോൾ, ഇപ്പോൾ പീഡന വിവരം വെളിപ്പെടുത്തി എന്നേയുള്ളൂ. മാനനഷ്ട കേസിനെ തൃണവൽഗണിച്ച് മടങ്ങുകയായിരുന്ന രാഹുൽ ഗാന്ധി അപ്പോൾ ചിന്തിച്ചത് എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?

മൂന്നു പേരും ഹൈക്കമാന്റും സുധീരൻ ചെയ്തതിനപ്പുറം ഒന്നും ചെയ്തില്ലല്ലോ- 'ഒഴിച്ചുകൂടാനാവാത്തവരോട് ആലോചിച്ചു. സമയമായപ്പോൾ വെളിപ്പെടുത്തി എന്നേയുള്ളൂ!'

വാട്ട്സ്ആപ് കാലമാണ്. ഗ്രൂപ്പ് ഉണ്ടാകും. അല്ലെങ്കിൽ ഉണ്ടാക്കണം. അപ്പോൾ ഗ്രൂപ്പ് അഡ്മിൻമാർ ഇല്ലാതെ വയ്യ. അവരുടെ കോൺഗ്രസ്സ് നാമമത്രെ ഗ്രൂപ്പ് മാനേജർ. ഏതായാലും സ്മാർട്ട് ഫോൺ തല്ലിപ്പൊളിക്കേണ്ട. വാട്ട്സ്ആപ് വേണ്ടെങ്കിൽ വേണ്ട. വേറെ ആപ്പുകൾ ഉണ്ടല്ലോ?


Read More >>