അഭിമന്യൂ, മഹാരാജാസിൽ അവർ പറയും: 'വീ ആർ നോട്ട് ക്യാമ്പസ് ഫ്രണ്ട്സ്'

'കത്തി കൊണ്ട് കൊല്ലാനാവാത്തത് മഹാരാജാസിൽ ഉണ്ട്.' അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മഹാരാജാസ് പൂർവ വിദ്യാർത്ഥി അശോക് നടുവത്തിൽ എഴുതുന്നു.

അഭിമന്യൂ, മഹാരാജാസിൽ അവർ പറയും: വീ ആർ നോട്ട് ക്യാമ്പസ് ഫ്രണ്ട്സ്

"ഇത്രയും നല്ല കുട്ടിയെ ഇപ്പോൾ കാണാൻ കിട്ടില്ല. അവന്റെ കയ്യിൽ ഒട്ടും പണമില്ലായിരുന്നു. വീട്ടിൽ പോകാൻ നേരം പണം കൊടുക്കാൻ തുനിഞ്ഞാൽ വാങ്ങില്ല. 'കാശ് വേണ്ട സഖാവേ' എന്നു പറയും. വട്ടവടയിലേക്ക് പോവാത്ത വെള്ളിയാഴ്ചകളില്‍ എന്റെ പുതിയ പുസ്തകം പകർത്തിയെഴുതി സഹായിക്കാൻ അവൻ എന്റെ വീട്ടിലേക്ക് പോരും. സീന അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. ഹോസ്റ്റലിലെ കൂട്ടുകാരാരും കഴിച്ചിട്ടുണ്ടാവില്ല എന്ന് പറഞ്ഞേ അവനത് കഴിച്ചിട്ടുള്ളൂ. അത്രയ്‌ക്കും പാവമായിരുന്നു..."എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിന്റെ വേദിയിൽ പൊതുദർശനത്തിന് വച്ച അഭിമന്യുവിനെ അവസാനമായി കാണാൻ എത്തിയവരോട് സഖാവ് സൈമൺ ബ്രിട്ടോ പറഞ്ഞു.

ഇന്ന് മഹാരാജാസിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശന ദിവസം. ഓഡിറ്റോറിയത്തിന്റെ വേദിയിലേക്ക് രാഷ്ട്രീയ ഭേദമെന്യേ വിദ്യാർത്ഥികളും അല്ലാത്തവരുമെത്തുന്നുണ്ടായിരുന്നു. എസ്‌എഫ്‌ഐയുടെ ദളിത് നേതാവ്‌ അഭിമന്യുവിനെ എസ്‌ഡിപിഐക്കാര്‍ കുത്തിക്കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആഹ്വാനം വാട്സ് ആപ് സന്ദേശമായി വരുന്നു. എന്നാൽ ആഹ്വാനം വരും മുൻപ് തന്നെ പ്രതിഷേധം കനത്തു; മഹാരാജാസിനകത്തും പുറത്തും.

മഹാരാജാസ് കോളേജ് എന്നാൽ കാലഘട്ടങ്ങളുടെ മഹാമനസ്സാണ്, വെറും കലാലയമല്ല. തൊണ്ണൂറുകളിലെ എന്റെ പഠനം, ബിരുദവും ബിരുദാനന്തര ബിരുദവും ഇതിനിടയിലെ ഒരു വർഷത്തെ ഇടവേളയുൾപ്പെടെ, മഹാരാജാസിലായിരുന്നു. അതായത് 5 + 1 = 6 വർഷം. എന്നാൽ ആ കാലയളവിൽ ഒരിക്കൽ പോലും കൊലക്കത്തി എടുത്ത രാഷ്ട്രീയം ക്യാമ്പസ്സിലില്ലായിരുന്നു.

വിദ്യാർത്ഥികൾക്കും അവർ നെഞ്ചേറ്റുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും പോരാട്ടമെന്നാൽ ആശയപരമായ വേരോട്ടത്തിനായുള്ള പരിശ്രമമായിരുന്നു. ക്യാമ്പസ്സിലെത്തുന്ന പുതിയ അതിഥികളുടെ മനസ്സ് കീഴടക്കണമെന്ന ചിന്ത മാത്രമേ ഞങ്ങളെ പിന്തുണയ്ക്കുന്നവർക്കും എതിർക്കുന്നവർക്കും ഉണ്ടായിരുന്നുള്ളൂ; മനസ്സ് കീഴടക്കുന്നത് എന്തിന്? ആശയപരമായി ഞങ്ങളോടൊപ്പം നിൽക്കാൻ. കൊലക്കത്തി കൊണ്ട് മനസ്സ് കീഴടക്കാൻ പറ്റില്ല എന്ന നേര് അറിഞ്ഞവരായിരുന്നു അന്നുണ്ടായിരുന്നത്.

അന്നത്തെ എസ്‌എഫ്ഐ നേതാവ് എന്നാൽ?

മറുപടി: കമ്മ്യൂണിസവും രസതന്ത്രവും കലയും പ്രണയവും സംവാദവുമുള്ള, കെഎസ്‌യു നേതാവിനോട് വരെ വ്യക്തി ബന്ധം സൂക്ഷിക്കുന്ന മികച്ച വിദ്യാർത്ഥി. ഉദാഹരണം? രാജീവ് രവി.

'ക്യാമ്പസ് ഫ്രണ്ട്' അന്ന് ഉണ്ടായിരുന്നില്ല. ആരോഗ്യമില്ലാത്തവരെയും ആരോഗ്യകരമായി നേരിടുക എന്ന രീതി ക്യാമ്പസ് അവലംബിച്ചിരുന്നു. പക്ഷെ, പരീക്ഷയ്ക്ക് ചില വിദ്യാർത്ഥികൾ കോപ്പിയടിക്കുന്നതു പോലെ, 'ചിലർ ഇലക്ഷന് അടിച്ചൊതുക്കാറുമുണ്ട്.'- ഇക്കാര്യം പറയുന്നത് മറ്റൊരു വസ്തുത വ്യക്തമാക്കാനാണ്.

കോളേജ് ക്യാമ്പസ്സിൽ രാഷ്ട്രീയം വേണം. അതിന് കൊടിയും ആശയങ്ങളും പരിശ്രമങ്ങളും മതി, കൊലക്കത്തി വേണ്ടാ. ഇതായിരുന്നു 1990 കളിലേ മഹാരാജാസ് വിദ്യാർത്ഥികഉടെ പൊതു വികാരം. ഇന്നത്തെ പോലെ അന്നത്തേയും പ്രശ്‍നം അരാഷ്ട്രീയ വാദം തന്നെ. അത്തരക്കാർ വിരളമായിരുന്നു. സർഗാത്മകതയുടെ മാനത്തേക്ക് ഉയരുന്ന കൊടി ശുഭ്രമായിരുന്നു, അത് സമാധാനത്തെ സൂചിപ്പിക്കുക മാത്രമല്ല പ്രതിനിധാനം ചെയ്തിരുന്നു.

1994 - 96 കാലഘട്ടത്തിൽ 'മീറ്റ് ദ കാൻഡിഡേറ്റ്' പരിപാടിയിൽ, ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്ന ക്ലീൻ ഷേവ് പിന്നണി ഗായകനെ (അദ്ദേഹം ഇപ്പോഴും ക്ലീൻ ഷേവ് തന്നെ) എസ്‌എഫ്ഐ അനുയായികളിൽ ആരോ കൂവി. ഇക്കാര്യം എടുത്ത് പറഞ്ഞു അദ്ദേഹം വോട്ട് അഭ്യർത്ഥിക്കുകയാണ്‌ ചെയ്തത്. തിരിച്ചു കൂവിയില്ല, ക്യാന്റീനിൽ സംഘം ചേർന്ന് കൂവിയവരെ തല്ലാൻ ഏർപ്പാടും ചെയ്തില്ല. ആശയപരമായി പോരാടി. പിന്നീട് കലാ പരിപാടികൾക്കിടെ കൂവൽ പാടില്ല എന്ന നിലപാട് ഞങ്ങളെല്ലാവരും സ്വീകരിച്ചു. പ്രതിഷേധിക്കണമെങ്കിൽ കൈയ്യടി ഒഴിവാക്കും. അത് പോലെ ഞങ്ങളുടെ ഡിസ്കഷൻ, മീറ്റിങ് തുടങ്ങി 'കലാ പരിപാടികൾ' വരെ പ്രൊഫസ്സർമാരെ മുൻകൂട്ടി അറിയിക്കും. സന്തോഷപൂർവം ഹാജർ തരും, ക്ലാസിൽ കയറുകയും വേണ്ട.

ആക്ഷേപമില്ല, എതിർപ്പും.

എതിർപ്പുണ്ടാകുന്ന ആശയങ്ങൾ ഉണ്ട്. പലതും ചെയ്യാം.

ആ ആശയങ്ങളെ

അവഗണിക്കുക,

ആട്ടിപ്പായിക്കുക,

തട്ടിയകറ്റുക,

അടിച്ചൊതുക്കുക,

നിങ്ങളുടെ ആശയം ഉദാത്തമെന്ന് തെളിയിച്ചു കൊടുക്കുക,

ആശയം മുറുകെ പിടിക്കുന്നവരെ കൊല്ലുക.

ജൂലായ് 2, 2018

ഒടുവിൽ പറഞ്ഞത് ഒടുവിൽ സംഭവിച്ചു. കമ്മ്യൂണിസ്റ് ആശയം പിടിക്കുന്ന അഭിമന്യുവിനെ വധിച്ചു. വെറും കലാലയമല്ല മഹാരാജാസ് എന്ന് വീണ്ടും ഓർമപ്പെടുത്തട്ടെ. കാലഘട്ടങ്ങളുടെ മഹാമനസിൽ മാറാരുധിരമായി ഇന്ന് അഭിമന്യു. ദളിത് വിഭാഗത്തില്‍ നിന്നുള്ള മിടുക്കനായ വിദ്യാര്‍ത്ഥിയും രാഷ്ട്രീയ നേതാവുമായിരുന്നു അഭിമന്യു.

ഇടുക്കിയിലെ ഏറെ പിന്നാക്കം നില്‍ക്കുന്ന വട്ടവട പഞ്ചായത്തില്‍ കൊട്ടക്കമ്പൂർ എന്ന ഊരിലെ വലിയ പ്രതീക്ഷയായിരുന്നു ആ യുവാവ്. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗത്തെയാണ് ക്യാമ്പസ് ഫ്രണ്ട് കൊലക്കത്തിക്ക് ഇരയാക്കിയത്. എസ്എഫ്‌ഐക്കാരെ മാത്രമല്ല, പുരോഗമനപരമായ, ഉയർത്തിപ്പിടിക്കാവുന്ന ആശയം മുറുകെ പിടിക്കുന്നവരെ ഇല്ലായ്മ ചെയ്യാനാവില്ല എന്ന പാഠം ഉൾക്കൊള്ളാത്തവരെ ക്യാമ്പസ്, സുഹൃത്തുക്കളാക്കാനിടയില്ല. അവർ പറയും:

'വീ ആർ നോട്ട് ക്യാമ്പസ് ഫ്രണ്ട്സ്.'


Read More >>