ആൾക്കൂട്ട ആക്രമണങ്ങളെ നയിക്കുന്ന അപകടകരമായ പൊതുബോധം മാദ്ധ്യമബോധമാകുമ്പോൾ: അർണാബ് വിചാരണ ചെയ്യപ്പെടുന്നു

അർണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി പിന്തുടരുന്ന ജേണലിസത്തിനെ വിചാരണയ്ക്കെടുക്കുകയാണ് എഴുത്തുകാരിയും ജേണലിസ്റ്റുമായ തവ്ലീൻ സിങ്

ആൾക്കൂട്ട ആക്രമണങ്ങളെ നയിക്കുന്ന അപകടകരമായ പൊതുബോധം മാദ്ധ്യമബോധമാകുമ്പോൾ: അർണാബ് വിചാരണ ചെയ്യപ്പെടുന്നു

തവ്ലീൻ സിങ്

ഞങ്ങൾ പലരും പിന്തുടരുന്ന ഒരു നിയമമുണ്ട്, ജേണലിസത്തിൽ. അതു കല്ലിൽകൊത്തിയ നിയമമൊന്നുമല്ല, 'നായ നായയെ തിന്നുകയില്ല' എന്ന പഴഞ്ചൊല്ലിനെ അടിസ്ഥാനമാക്കിയുള്ള എഴുതപ്പെടാത്ത നിയമമാണ്. ആ ചൊല്ല് എവിടെനിന്നുണ്ടായി, എന്തുകൊണ്ടുണ്ടായി എന്നന്വേഷിച്ചെങ്കിലും എനിക്കാകെ ലഭ്യമായ വിശദീകരണം, 'അമാന്യനായൊരാൾ മാന്യതയില്ലാത്ത മറ്റൊരാളെ ഉപദ്രവിക്കില്ല' എന്നതു മാത്രമാണ്. മാദ്ധ്യമങ്ങളിൽ മാന്യതയില്ലാത്തവരുടെ എണ്ണപ്പെരുപ്പത്തെക്കുറിച്ചു നിങ്ങളായിട്ട് എന്നോട്ടു പറഞ്ഞുതരേണ്ട കാര്യമൊന്നുമില്ലെങ്കിലും നേരത്തെ പറഞ്ഞ നായ നായയെ ഭക്ഷിക്കില്ലെന്ന തത്വത്തിന്റെ പുറത്ത്, ഞങ്ങൾ പ്രതാപികളായ നാലാംതൂണുകാർ ഒരുകാലത്തും ഞങ്ങളുടെ സഖാക്കളെ അക്രമിക്കാറില്ലായിരുന്നു.

ഈ ആഴ്ച ഞാന്‍ ആ നിയമം തെറ്റിച്ച്, നമ്മുടെ പുതിയ ഇംഗ്ലീഷ് ന്യൂസ് ചാനലായ റിപബ്ലിക്കിനെക്കുറിച്ച് ഒരു വിമര്‍ശനം എഴുതാന്‍ പോകുകയാണ്. എനിക്ക് അര്‍ണാബിനൊടോ അയാളുടെ സംഭ്രാന്തി നിറഞ്ഞ, ശബ്ദഘോഷഭരിതമായ ടെലിവിഷന്‍ ജേണലിസത്തിനോടൊ വ്യക്തിപരമായ വിരോധം ഉണ്ടായിട്ടല്ല, കല്ലില്‍ കൊത്തിയിട്ടുള്ള ഒരു ജേണലിസം നിയമത്തിനെ അയാള്‍ തീര്‍ച്ചയായും ലംഘിക്കുന്നതു കൊണ്ടാണ്. അതെന്താണെന്നാല്‍, ജേണലിസ്റ്റുകള്‍ ഒരിക്കലും ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തിന്റെ അധികാരത്തിനെ അപഹരിക്കരുത് എന്നതാണ്. ഒരു അന്വേഷണം രാഷ്ട്രീയ ഇടപെടലോ, പണമോ ഉപയോഗിച്ചു കരുതിക്കൂട്ടി മന്ദഗതിയിലാക്കുകയോ തടസ്സപ്പെടുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം തീര്‍ച്ചയായും നമുക്കുണ്ട് എന്നു മാത്രമല്ല ചോദ്യം ചെയ്യുക തന്നെ വേണം. പക്ഷേ, നമ്മള്‍ തന്നെ ജഡ്ജിയും, ജൂറിയും, ആരാച്ചാരും ആകുന്ന ഒരു കംഗാരൂ കോടതി രൂപീകരിക്കുന്നതു തെറ്റുമാണ്, അപകടകരവുമാണ്.

കഴിഞ്ഞാഴ്ച ശശി തരൂരിന്റെ ഭാര്യയുടെ മരണത്തിനെപ്പറ്റി 'അന്വേഷണം' നടത്തിയതിലൂടെ റിപ്പബ്ലിക് ടിവി ചെയ്തത് അതായിരുന്നു. സുനന്ദ കൊല്ലപ്പെടുകയായിരുന്നെന്നും അവരുടെ ഭര്‍ത്താവിനു കുറ്റത്തില്‍ പങ്കുണ്ടെന്നും ചാനല്‍ തീരുമാനിച്ചു. ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യംഗ്യോക്തികളും ഉപയോഗിച്ചും കോണ്‍ഗ്രസ് എംപിയെ ഭീഷണിപ്പെടുത്തിയും അവര്‍ അതു തെളിയിക്കാന്‍ ശ്രമിച്ചു. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ നിങ്ങളുടെ വീടു വളഞ്ഞിരിക്കുകയാണെന്നും ഞങ്ങള്‍ സ്വതന്ത്ര ചാനല്‍ ആയതുകൊണ്ടു നിങ്ങള്‍ക്ക് എവിടേയും പോകാന്‍ കഴിയില്ലെന്നും അര്‍ണാബ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ഈ റിപ്പോര്‍ട്ടര്‍മാര്‍ പിന്നീടു സ്ക്രീനില്‍ വന്നു തരൂരിന്റെ ഗുണ്ടകള്‍ തങ്ങളെ ഉപദ്രവിച്ചെന്നും ഒരു പെണ്‍ റിപ്പോര്‍ട്ടറുടെ മുടിയില്‍ പിടിച്ചു വലിച്ചെന്നും പറഞ്ഞു. അതിനെ സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ ഒന്നും ഇല്ലെങ്കിലും റിപ്പബ്ലിക് റിപ്പോര്‍ട്ടര്‍മാര്‍ ഗുണ്ടകളെപ്പോലെ ചോദ്യം ചെയ്യുന്നതു കാണിക്കുന്ന ദൃശ്യങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. ഓരോ റിപ്പോര്‍ട്ടര്‍ക്കും തൊഴില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാൻ താല്‍പര്യമില്ലാത്തവര്‍ വാതില്‍ കൊട്ടിയടച്ച അനുഭവം ഉണ്ടാകും. അതായിരുന്നു ആ ദൃശ്യങ്ങളില്‍ കാണാനുണ്ടായിരുന്നത്. കൂടുതലൊന്നുമില്ല. സ്റ്റോറി ചെയ്യാന്‍ റിപ്പബ്ലിക്കിന്റെ റിപ്പോര്‍ട്ടര്‍മാര്‍ അതിനാടകവും പൊടിപ്പും തൊങ്ങലും ചേര്‍ത്തു, പക്ഷേ അവര്‍ ചെയ്ത തെറ്റ് അതു മാത്രമല്ലായിരുന്നു.

റിപ്പബ്ലിക്കിന്റെ 'ചൂടുവാര്‍ത്ത'യിലെ യഥാര്‍ത്ഥത്തിലുള്ള പിഴവ് അതു ദേശീയ ടെലിവിഷനിലൂടെ തരൂരിനെതിരെ വിധിയെഴുതുകയും ശിക്ഷിക്കുകയും ചെയ്തു എന്നതാണ്. അദ്ദേഹത്തിന്റെ മരിച്ചു പോയ ഭാര്യയ്ക്കു ദുബായിലെ റഷ്യന്‍ മാഫിയയുമായി ബന്ധമുണ്ടെന്നു വരെ ആരോപിച്ചു. അവര്‍ മരിച്ചത് ഏതോ നിഗൂഡമായ റഷ്യന്‍ വിഷം അകത്തു ചെന്നിട്ടാണെന്നു വിശ്വാസ്യതയോടെയുള്ള ഉഗ്രന്‍ തിയറിയും ഒപ്പം. അതെല്ലാം സത്യമാണെങ്കില്‍, അതിന്റെ തെളിവുകള്‍ സഹിതം തെളിയിക്കേണ്ടതു റിപബ്ലിക്കിന്റെ ജോലിയായിരുന്നു. പൊലീസ് അവരുടെ ജോലി ചെയ്യുന്നില്ലെങ്കില്‍, ആ വിടവുകളിലേയ്ക്കു ശ്രദ്ധ ക്ഷണിക്കേണ്ടതു മീഡിയയുടെ ജോലിയാണ്. പോസ്റ്റ് മോര്‍ട്ടം ചെയ്തയാള്‍ ഏതെങ്കിലും ഉന്നതന്റെ പക്ഷം പിടിച്ചു സുനന്ദ മരിച്ചതു സ്വാഭാവിക കാരണങ്ങള്‍ കൊണ്ടാണെന്നു പറയുകയാണെങ്കില്‍ എല്ലാ വിവരങ്ങളും പുറത്താക്കേണ്ടതു ന്യായമാണ്. അതിനപ്പുറം ജേണലിസ്റ്റുകള്‍ പോകാന്‍ പാടില്ല.

തങ്ങള്‍ മറ്റു ചാനലുകളില്‍ നിന്നും വ്യത്യസ്തമാണെന്നും മറ്റുള്ളവര്‍ തൊടാന്‍ ഭയക്കുന്ന വാര്‍ത്തകള്‍ ചെയ്യാന്‍ തയ്യാറാണെന്നും വരുത്തിത്തീര്‍ക്കാനുള്ള അക്ഷമയാണു റിപ്പബ്ലിക്കിന്. അതൊരു ഭീകരമായ ലക്ഷ്യമാണെന്നു മാത്രമല്ല അവരതില്‍ വിജയിക്കുകയും ചെയ്യാം. പക്ഷേ, ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം എന്ന പേരില്‍ കിരാതനിയമം കൊണ്ടുവരുന്നതു ജേണലിസത്തിന്റെയും ഇന്ത്യന്‍ മീഡിയയ്ക്കു പൊതുവായും ഉള്ള മതിപ്പിനെ കളങ്കപ്പെടുത്തും. മാത്രമല്ല, അതു കിരാതനിയമം നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ വിചാരണയില്ലാതെ ശിക്ഷിക്കുന്നതിനുള്ള ആവേശം ഉയര്‍ത്തുകയും ചെയ്യും. തരൂരിനെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുന്നതു കാത്തിരിക്കുന്നവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണു സാമൂഹ്യമാദ്ധ്യമങ്ങള്‍. അദ്ദേഹത്തിനെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല എന്നുള്ള വ്യാജവാര്‍ത്തകള്‍ പരക്കുന്നുമുണ്ട്. ഈ കഥയിലെ വ്യാകുലപ്പെടുത്തുന്ന അടിഭാഗം എന്താണെന്നാല്‍, സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യക്തമായി കാണാവുന്നതു പോലെ, ബിജെപിയെടൊപ്പം നില്‍ക്കുന്ന ജനങ്ങള്‍ തരൂരിനെ ചീത്തവിളിയ്ക്കുന്നതു ല്യൂട്ടന്‍സ് ഡാര്‍ളിംഗ് എന്നു വിശേഷിപ്പിച്ചാണ്.

ന്യൂ ഡൽഹിയുടെ ആർക്കിടെക്റ്റ് ആയ ആളുടെ പേരിനെ 'ഉത്തമപുരുഷ സർവ്വനാമമായി' ദുരുപയോഗിക്കുന്നതിൽ ഞാൻ ഒരിക്കൽ കൂടി മാപ്പിരക്കട്ടെ. ല്യൂട്ടന്‍സ് എന്ന വാക്ക് അടുത്തിടെയായി കൂടുതല്‍ ഉപയോഗത്തില്‍ വരുന്നതിന്റെ കാരണം അറിയാത്തവര്‍ക്കായി വിശദീകരിക്കട്ടെ, ആ വിലപിടിച്ച എന്‍ക്ലേവില്‍ താമസിക്കാനുള്ള വിശേഷാധികാരമുള്ള ഒരു വിഭാഗം ആളുകളെ സൂചിപ്പിക്കുന്ന പദമാണത്. ല്യൂട്ടന്‍സ് എന്ന വാക്കു കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ശ്രദ്ധിക്കാത്ത കാര്യം എന്താണെന്നാല്‍, ല്യൂട്ടന്‍സ് ഡല്‍ഹിയില്‍ താമസിക്കുന്ന 99 ശതമാനം ആളുകളും രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണ്.

ഇവർ ഇന്ത്യയിലെ പുതിയ രാജാക്കന്മാരാണ്. സോഷ്യൽ മീഡിയയിൽ ഈ വാക്കിനെ നിന്ദാസൂചകമായി പ്രയോഗിക്കുന്ന അതേയാൾക്കാർ ഉൾപ്പെടുന്ന മദ്ധ്യവർഗത്തിൽ നിന്നു തന്നെയാണ്, ഇവരും വരുന്നത്. രേഖപ്പെടുത്താനായി പറയട്ടെ, 'ല്യൂട്ടന്‍സ് ജേണലിസ്റ്റ്' എന്നൊന്നില്ല. നല്ല ജേണലിസ്റ്റുകളും മോശം ജേണലിസ്റ്റുകളുമേയുള്ളൂ.