അരനിമിഷത്തെ ആ നിശബ്ദത, അതാണ്, അത് തന്നെയാണ് ഈ സിനിമ തരുന്ന വലിയ ആനന്ദം, അനുഭവം

ഈ സിനിമയും ഒരു സമരമാണ്. രണ്ടുപേർ ചുംബിക്കുമ്പോൾ അസ്വസ്ഥപ്പെടുന്ന നിലവിലെ സാമൂഹികാന്തരീക്ഷത്തെ അത് ചോദ്യം ചെയ്യുന്നുണ്ട്. 'രണ്ടുപേര്‍ ചുംബിക്കുമ്പോള്‍' എന്ന സമാന്തര സിനിമയെക്കുറിച്ച് സഹസംവിധായികയും അഭിനേത്രിയുമായ അര്‍ച്ചന പദ്മിനി പറയുന്നു.

അരനിമിഷത്തെ ആ നിശബ്ദത, അതാണ്, അത് തന്നെയാണ് ഈ സിനിമ തരുന്ന വലിയ ആനന്ദം, അനുഭവം

മലയാളത്തിലെ സ്വതന്ത്ര സിനിമാ പരിശ്രമങ്ങൾക്കൊപ്പം രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സിനിമാപ്രവർത്തക എന്ന നിലയിൽ, പ്രതാപ് ജോസഫിന്റെ 'രണ്ടുപേർ ചുംബിക്കുമ്പോൾ' എന്ന സിനിമയ്ക്കു ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയെയും, 'മിനിമൽ സിനിമ' എന്ന ആശയത്തെയും ഒരു മൂവ്‌മെന്റ് ആയിട്ടാണ് ഞാൻ നിരീക്ഷിക്കുന്നത്. ജനാധിപത്യപരമായ ഒരിടം എന്നതാണ്, സഹസംവിധായികയായും അഭിനേത്രിയായും ഇതിനൊപ്പം നിൽക്കുന്നതിനുള്ള ഏറ്റവും വലിയ പ്രേരണ. ഈ സിനിമ തന്നിട്ടുള്ള മനോഹരമായ നിമിഷങ്ങൾ അത് പ്രേക്ഷകരെ ചുംബിക്കുമ്പോൾ ഉണ്ടായവ തന്നെയാണ്. സംശയമില്ല.

കച്ചവട സിനിമാ സംസ്കാരത്തോട് (അതിന്റെ എല്ലാ അർത്ഥത്തിലും സിനിമാ നിർമാണ പ്രക്രിയയിലും, സിനിമയുടെ ഭാവുകത്വത്തിലും,) തീർത്തും വിരുദ്ധമായാണ് മിനിമൽ സിനിമ നിലകൊള്ളുന്നത്. അത്ഭുതപ്പെടുത്തും വിധം പ്രേക്ഷകനെ സിനിമ കുടുക്കിയിടുന്ന അനുഭവമായിട്ടാണ് പ്രേക്ഷകർ വലിയ പങ്കും പ്രതികരിച്ചത്. സംവിധായകൻ സുദേവൻ ഇതൊരു പേടിപ്പെടുത്തുന്ന അനുഭവമെന്ന് പറഞ്ഞു. സനൽകുമാർ ശശിധരൻ തെറിച്ച സിനിമയെന്ന് വിളിച്ചു. സിനിമ കൈകാര്യം ചെയ്യുന്ന പരുക്കൻ യാഥാർഥ്യങ്ങളെ ഏറ്റവും സത്യസന്ധമായി ദൃശ്യവൽക്കരിക്കുന്നതിനനുയോജ്യമായ സമീപനം തിരഞ്ഞെടുത്ത സംവിധായകൻ പ്രതാപ് ജോസഫിന്റെ ഉറച്ച ബോധ്യങ്ങൾക്കൊപ്പം നില്ക്കാൻ അവസരം ലഭിച്ച ഞാൻ കൂടിയുൾപ്പെട്ട ഒരു കൂട്ടം സിനിമ പ്രവർത്തകർ കൂടി പ്രേഷകർക്കൊപ്പം ഈ സന്തോഷം പങ്കിടുന്നുണ്ട്.

തുടർച്ചയായി ഹൗസ്ഫുള്‍ ആയി രണ്ടുപേർ ചുംബിക്കുമ്പോൾ പ്രദർശിപ്പിച്ച കോഴിക്കോട്ടെ ഓപ്പൺ സ്ക്രീൻ എന്ന സ്പേസും ഇതുവഴി അടയാളപ്പെടുന്നു. രസകരമായൊരു കാര്യം മനുഷ്യനകത്തേക്കും, മനുഷ്യ ബന്ധങ്ങളിലേക്കും നോക്കി തുടങ്ങിയ സിനിമയെ അതിന്റെ ഒരു ഘട്ടത്തിൽ, ഡോക്യുമെന്ററി, ഡോക്യുഫിക്ഷൻ, ഫിക്ഷൻ എന്നൊക്കെയുള്ള സാമ്പ്രദായിക തരംതിരിവുകളെ കൂടി പൊളിച്ചു കൊണ്ടൊരു ഘടന രൂപപ്പെടുത്താൻ പ്രതാപിന് സാധിച്ചു എന്നുള്ളതാണ്. സിനിമക്കൊപ്പം പ്രവർത്തിച്ച ഒട്ടുമിക്കവരും ഏതെങ്കിലും ഒരു തരത്തിൽ ചുംബനസമരവുമായി ഐക്യപ്പെട്ടിരുന്നു എന്ന കണ്ടെത്തലാണ് സിനിമയെ ഇങ്ങനെ മാറ്റിയത്.

ഈ സിനിമയും ഒരു സമരമാണ്. രണ്ടുപേർ ചുംബിക്കുമ്പോൾ അസ്വസ്ഥപ്പെടുന്ന നിലവിലെ സാമൂഹികാന്തരീക്ഷത്തെ അത് ചോദ്യം ചെയ്യുന്നുണ്ട്. സെന്‍സര്‍ഷിപ്പ് അത് ബാഹ്യം മാത്രമല്ലെന്നും നിരന്തരം നാം നമ്മെ തന്നെ സെൻസർ ചെയ്യുന്നുണ്ടെന്നുമുള്ള അറിവ് സംഘർഷത്തിലാക്കുന്ന ചില പ്രേക്ഷകർ. നിസഹായാവസ്ഥയിൽ പെട്ടിരിക്കുന്ന അവരുടെ അരനിമിഷത്തെ ആ നിശബ്ദത, അതാണ്, അത് തന്നെയാണ് ഈ സിനിമ തരുന്ന വലിയ ആനന്ദം, അനുഭവം.