അധികാരം അവസാനത്തെ പൗരനോട് ചെയ്യുന്നത്: അവള്‍ പറയുന്നു; അന്നെനിക്ക് മുലകൾ പോലും വളർന്നിരുന്നില്ല...

പന്ത്രണ്ട് മുതൽ 15 വയസുവരെയുള്ള പ്രായത്തിൽ 50 പീസ്കീപ്പേഴ്സുമായി ബന്ധപ്പെടേണ്ടി വന്നു. പലപ്പോഴും ക്യാംപിലെ ട്രക്കിൽ ഉറങ്ങി- ഹെയ്തിയില്‍ യുഎന്‍ സമാധാന സേനയുടെ ബലാല്‍ക്കാരങ്ങള്‍ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ച് അനുപമ മോഹന്‍ എഴുതുന്നു

അധികാരം അവസാനത്തെ പൗരനോട് ചെയ്യുന്നത്: അവള്‍ പറയുന്നു; അന്നെനിക്ക് മുലകൾ പോലും വളർന്നിരുന്നില്ല...

അനുപമ മോഹന്‍

ഹെയ്തിയിൽ നിന്ന് പതിമൂന്ന് വർഷത്തെ ദൗത്യത്തിനുശേഷം യുഎൻ പീസ്കീപ്പിങ് സേന ഒക്റ്റോബറോടെ പിൻവാങ്ങുമെന്ന് സുരക്ഷാ കൗൺസിൽ ഏകകണ്ഠേന തീരുമാനിച്ചു. ഏറെക്കുറേ വിജയമെന്ന് അധികാരത്താൽ വിലയിരുത്തപ്പെടുന്ന ദൗത്യം പക്ഷേ അവസാനത്തെ പൗരനിൽ ശേഷിപ്പിക്കുന്നതെന്ത് ?

പീസ്കീപ്പിങ് സേന ഹെയ്തിയിൽ കുട്ടികളെ ബലാത്സംഗം ചെയ്തതായി പറയുന്ന അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ടിൽ സംഭവത്തിന്റെ തുടക്കത്തിൽ പ്രീടീൻ പ്രായത്തിലുണ്ടായിരുന്ന പെൺകുട്ടി പറയുന്നത് ഇതാണ്: അന്നെനിക്ക് മുലകൾ പോലും വളർന്നിരുന്നില്ല. പന്ത്രണ്ട് മുതൽ 15 വയസുവരെയുള്ള പ്രായത്തിൽ 50 പീസ്കീപ്പേഴ്സുമായി ബന്ധപ്പെടേണ്ടി വന്നു. പലപ്പോഴും ക്യാംപിലെ ട്രക്കിൽ ഉറങ്ങി. ഒരു കമാൻഡിങ് ഓഫിസർ 75 സെന്റ് നൽകി.

ഉപേക്ഷിക്കപ്പെട്ട് തെരുവിലലഞ്ഞിരുന്ന അർദ്ധ പട്ടിണിയിലായിരുന്ന കുട്ടികളെ - ആണും പെണ്ണും - ഭക്ഷണം ഓഫർ ചെയ്താണ് സൈനികർ അടുത്തുവരാൻ പ്രേരിപ്പിച്ചത്. ഭക്ഷണം പലപ്പോഴും പ്രതിഫലമായി ഉപയോഗിച്ചു. ബലാത്സംഗം മൊബൈൽ ക്യാമറകളിൽ പകർത്തി. 2004നും 2007നും ഇടയിലായി പോർട്ട് ഒ പ്രിൻസിലെ 9 കുട്ടികളെ 134 എങ്കിലും ശ്രീലങ്കൻ പീസ്കീപ്പേഴ്സ് മാത്രം ബലാത്സംഗം ചെയ്തിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സമാധാനസേനക്കാരെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.

പന്ത്രണ്ട് വയസുള്ള ആൺകുട്ടിയെ ഉറുഗ്വേക്കാരായ സമാധാനസേനക്കാർ ഗ്യാങ് റേപ്പ് ചെയ്ത് മൊബൈലിൽ പകർത്തി. പതിനാറു വയസിൽ ഒരു കഷ്ണം റൊട്ടി കാണിച്ച് ക്യാംപിലേക്ക് കൊണ്ടുവന്ന തന്നെ ഗൺപോയിന്റിൽ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ബ്രസീലിയൻ പീസ് കീപ്പറെക്കുറിച്ച് കൗമാരക്കാരിയായ അമ്മ ഓർക്കുന്നു. ബലാത്സംഗത്തിൽ പിറന്ന മകളെ കഴുത്തുഞെരിച്ചുകൊല്ലണമെന്ന് തോന്നാറുണ്ടെന്ന് പറയുന്നത് ബഹ്മൻ ഖൊബാദിയുടെ കഥാപാത്രമല്ല, ഒരു പച്ച ജീവനാണ്.

കഴിഞ്ഞ 12 വർഷത്തിനിടെ ലോകമെമ്പാടുമായി യുഎൻ സമാധാനസേനയും ജീവനക്കാരും നടത്തിയത് രണ്ടായിരത്തിലേറെ ഇരകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളാണെന്ന് എപി റിപ്പോർട്ട് പറയുന്നു. ഇതിൽ 300ലേറെ ഇരകൾ കുട്ടികളാണ്. ഹെയ്തിയിൽ 18 വയസിൽ താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം സ്റ്റാറ്റ്യൂട്ടറി റേപ്പാണ്. എന്നാലും പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ശിക്ഷയ്ക്കുള്ള അധികാരം സൈനികരുടെ അതത് രാജ്യങ്ങൾക്കാണ് എന്നത് യുഎന്നിനെ വലയ്ക്കുന്നുണ്ട്.

ശ്രീലങ്കൻ സൈനികരുടെ ഇരകളായ കുട്ടികൾക്ക് സിംഹള ഭാഷ സംസാരിക്കാനറിയാമായിരുന്നു. ബലാത്സംഗത്തിനിടെയുള്ള സംസാരവും ദ്വയാർഥപ്രയോഗങ്ങളും കുട്ടികൾക്ക് മനസിലാകാനും പ്രതികരിക്കാനും വേണ്ടി സമാധാന സൈനികർതന്നെ പഠിപ്പിച്ചുകൊടുത്തതാണ് സിംഹള ഭാഷ. അവരുടെ ഭാഷയിൽപ്പോലും, വേദനിച്ചുള്ള ഞെരക്കത്തിൽ പോലും, നിശബ്ദമായ നിലവിളിയിൽ പോലും, അധികാരം അതിന്റെ ഭാഷയുടെ ലിംഗം കയറ്റുന്നു, വിളവ് കൊയ്യുന്നു.

അധികാരം, അത് രാഷ്ട്രം മുതൽ മഞ്ച് നീട്ടുന്ന അശ്ലീലം വരെയായുള്ള ഏത് തലത്തിലും, അവസാനത്തെ പൗരനോട്, കുട്ടിയോട് ചെയ്യുന്നത് കടന്നുകയറ്റമാണ്. അരുത് എന്ന് പറയാൻ അവകാശമില്ലാത്ത എല്ലാ ഇടങ്ങളിലും സമൂഹത്തിലെ ഏറ്റവും ദുർബലരായ പൗരന്റെ ശരീരമോ ബുദ്ധിയോ ബലാത്സംഗം ചെയ്യപ്പെടുകയാണ്. കുട്ടികളെ സംരക്ഷിക്കാൻ കഴിവില്ലാത്ത നമ്മൾ ഓരോ ദിവസവും അതിജീവനത്തിന് യോഗ്യരല്ലെന്ന് തെളിയിക്കുകയാണ്.

എപി റിപ്പോർട്ടിന്റെ കോപ്പിയിലേക്ക് ലിങ്ക്


Read More >>