ജനകീയ സമരങ്ങള്‍ ഇല്ലാത്ത കിനാശേരിക്കു വഴിതെളിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മതപത്രം

നിലവില്‍ ആറുവര്‍ഷത്തേക്കുള്ള വിലക്ക് ആജീവനാന്തത്തിന്റെ ആലയില്‍ക്കെട്ടുമ്പോള്‍ അത് പൊതുപ്രവര്‍ത്തന ജീവിതത്തെ പിന്നോട്ടടിക്കാനേ ഇടവരുത്തൂ എന്നു പറഞ്ഞാല്‍ അതിനെ കുറ്റംപറയാനാവില്ല. കാരണം, ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം പ്രതിഷേധ പരിപാടികള്‍ക്കിറങ്ങാതിരിക്കാനാവില്ല. പക്ഷേ, ക്രിമിനല്‍ കേസ്, വിലക്ക് എന്നിവ ഭൂതങ്ങള്‍ കണക്കെ മുന്നില്‍നില്‍ക്കുമ്പോള്‍ എന്തു ധൈര്യത്തിലാണ് ഒരാള്‍ ജനകീയ സമര രംഗത്തേക്കിറങ്ങുക. അങ്ങനെ വരുമ്പോള്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ നിന്നും ഓസിനു രക്ഷപെടാന്‍ സര്‍ക്കാരുകള്‍ക്കു കഴിയും എന്നതു കാണാതെപോവരുത്. അത്തരമൊരു കിനാശേരിയാണു എല്ലാ ഭരണകൂടങ്ങളും സ്വപ്‌നം കാണുന്നതും. അതിനുള്ള അണിയറനീക്കം നടത്തുകയല്ലേ തെരഞ്ഞെടുപ്പു കമ്മീഷന്‍ ചെയ്യുന്നത് എന്നാണ് ഇവിടെ ഉയരുന്ന കാതലായ ചോദ്യം.

ജനകീയ സമരങ്ങള്‍ ഇല്ലാത്ത കിനാശേരിക്കു വഴിതെളിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മതപത്രം

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ സമ്മതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു. ക്രിമിനല്‍-അഴിമതി കേസുകളില്‍ രണ്ടുവര്‍ഷത്തില്‍കൂടുതല്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ജനപ്രതിനിധികള്‍ക്കും ആജീവനാന്ത വിലക്കേര്‍പ്പെടുത്താമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ പൊതുതാത്പര്യ ഹരജിയിന്മേലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ ആജീവനാന്ത വിലക്കിനെ അനുകൂലിച്ചത്. മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെ എം ലിങ്ദോയും പബ്ലിക് ഇന്ററസ്റ്റ് അഡ്മിനിസ്ട്രേഷന്‍ എന്ന എന്‍ജിഒയും സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. ഇത് പ്രാബല്ല്യത്തിലായാല്‍ ക്രിമിനല്‍ ജനപ്രതിനിധികളുടെ ഭാവിക്കു വിലങ്ങുതടിയാവുന്ന നടപടിയായിരിക്കുമെന്നും അത് സ്വാഗതാര്‍ഹമല്ലേ എന്നൊക്കെ എടുത്തുചാടി പറയാമെങ്കിലും ഇതിനു പിന്നില്‍ ഒളിച്ചിരിക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങളെയും സാമൂഹിക ബഹിഷ്‌കരണത്തേയുമാണ് നമ്മള്‍ വരികള്‍ക്കിടയിലൂടെ വായിക്കേണ്ടത്.

അതിലേക്കു വരുംമുമ്പ് ചില സുപ്രധാന 'വിലക്കുദാഹരണ'ങ്ങളിലേക്കു കടക്കാം. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അനധികൃത സ്വത്തുസമ്പാദന കേസില്‍ നാലു വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ടത് ആരും മറക്കാനിടയില്ല. തമിഴക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കോടതി വിധി. 66 കോടിരൂപയുടെ അനധികൃത സ്വത്തു സമ്പാദനകേസിലാണ് ബംഗളൂരു പ്രത്യേക കോടതി ജയലളിതയെ നാലുവര്‍ഷത്തെ ജയില്‍വാസത്തിനയച്ചത്. അമ്മ തെറ്റൊന്നും ചെയ്യില്ലെന്നുറപ്പിച്ച് മക്കളൊന്നാകെ കൂടെ നിന്നെങ്കിലും കോടതിക്കു തെറ്റു ബോധ്യപ്പെട്ടതോടെ അവര്‍ അഴിക്കുള്ളിലാവുകയായിരുന്നു.

പിന്നീട് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പു ഗോദയിലേക്കു തിരിച്ചുവരുന്നതിന് അവര്‍ക്കു തമിഴ്നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നാലുവര്‍ഷത്തെ ശിക്ഷാകാലാവധിയും ചേര്‍ത്ത് തലൈവിയെ പത്തുവര്‍ഷത്തേക്കു വിലക്കിക്കൊണ്ടാണ് തമിഴ്നാട് നിയമസഭാ സ്പീക്കര്‍ പി ധനപാല്‍ അന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയമസഭാംഗമായ ജയലളിത കുറ്റക്കാരിയെന്നു കോടതി വിധിച്ച 2014 സെപ്തംബര്‍ 27 മുതല്‍ ശിക്ഷാ കാലാവധിയായ നാലു വര്‍ഷത്തോടൊപ്പം 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ എട്ടു പ്രകാരം ആറു വര്‍ഷത്തേക്കു കൂടിയായിരുന്നു വിലക്ക്. 2014 നവംബര്‍ 13നായിരുന്നു നടപടി. എന്നാല്‍ പിന്നീട് നിര്‍ഭാഗ്യവശാല്‍ രണ്ടരവര്‍ഷത്തിനുള്ളില്‍ തന്നെ അവര്‍ മരണപ്പെട്ടു.

തുടര്‍ന്ന് മറ്റൊരു തെരഞ്ഞെടുപ്പ് വിലക്കിനും കൂടി തമിഴ്നാട് സാക്ഷിയായി. ജയലളിതയുടെ തോഴി ശശികലയ്ക്കായിരുന്നു അത്. ജയലളിതയുടെ മരണത്തോടെ കലങ്ങിമറിഞ്ഞ തമിഴ്നാട് രാഷ്ട്രീയം മറ്റൊരു ദിശയിലേക്കു നീങ്ങിക്കൊണ്ടിരിക്കവെയായിരുന്നു കോടതിയുടെ അപ്രതീക്ഷിത വിധി ശശികലയ്ക്കു ഇരുട്ടടിയായി ഭവിച്ചത്. ഇതേ കേസില്‍ നാലുവര്‍ഷത്തെ തടവിനും പത്തുകോടി പിഴയ്ക്കുമാണ് എഐഡിഎംകെ ജനറല്‍ സെക്രട്ടറിയായിരുന്ന ശശികലയെ സുപ്രീംകോടതി ശിക്ഷിച്ചത്. ഇതോടൊപ്പം ആറുവര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കോടതി വിലക്കി. നാലുവര്‍ഷത്തെ ശിക്ഷാകാലാവധികൂടി കൂടുമ്പോള്‍ ഈ വിലക്ക് പത്തുവര്‍ഷമായി അധികരിക്കുന്നതോടെ ശശികലയ്ക്ക് അതുവരെ തെരഞ്ഞെടുപ്പില്‍ മുഖംകാണിക്കാനാവില്ല.

കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ചുവര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ലോക്സഭ ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. 2013 ഒക്ടോബര്‍ 21നായിരുന്നു സംഭവം. അഞ്ചുവര്‍ഷത്തെ ശിക്ഷാകാലാവധി കൂടി ചേര്‍ത്ത് 11 വര്‍ഷത്തെ അയോഗ്യത. ലാലുവിനൊപ്പം ജെഡിയു നേതാവ് ജഗദീഷ് ശര്‍മയ്ക്കും ആറുവര്‍ഷത്തേക്കു ലോക്സഭ അയോഗ്യത ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുമുമ്പത്തെ ദിവസം രാജ്യസഭാ എംപിയായ റാഷിദ് മസൂദിനും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യത കല്‍പ്പിച്ചു. ഇത്തരത്തില്‍ വിവിധ ഉദാഹരണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കാണാം.

എന്നാല്‍ ഇവയെല്ലാം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരായിരുന്നു എന്നത് ആശ്വാസത്തിനു വക നല്‍കുമെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം പൊതുവെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായേ ഭവിക്കൂ എന്നാണ് മനസ്സിലാകുന്നത്. പൊതുപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ജനകീയ പ്രക്ഷോഭരംഗത്തു ചുവടുറപ്പിക്കാതിരിക്കുക എന്നത് നടക്കുന്ന കാര്യമല്ല. നിയമസഭാ മാര്‍ച്ച്, സെക്രട്ടേറിയറ്റ് മാര്‍ച്ച്, കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്, ഉപരോധങ്ങള്‍ തുടങ്ങിയവയൊക്കെ ഈ നാട്ടില്‍ നാഴികയ്ക്കു നാല്‍പ്പതുവട്ടം നടന്നുവരുന്ന സംഭവങ്ങളാണ്. ഇതൂകൂടാതെ മറ്റിടങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ വേറെയും. ചെറിയ സംഘടനകളും പാര്‍ട്ടികളും ആക്ഷന്‍ കൗണ്‍സിലുകളും മുതല്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ വരെ ഇതിന്റെ മുന്‍നിരയിലുണ്ട്.

കേരളത്തെ സംബന്ധിച്ചിടത്തോളം സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും യാതൊരു മടുപ്പുമില്ല. അങ്ങനെ വരുമ്പോള്‍ ഏതെങ്കിലുമൊരു സമര രംഗത്തുനിന്നും പിടിച്ചുകൊണ്ടുപോയി ക്രിമിനല്‍ കേസ് ചാര്‍ത്തി ശിക്ഷിക്കപ്പെടുന്ന ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഈ 'സുപ്രധാന സത്യവാങ്മൂലം' നാളെ ഉത്തരവായി രൂപാന്തരം പ്രാപിക്കുകയാണെങ്കില്‍ ഭാവിയില്‍ ഇരുള്‍ വീഴ്ത്താനേ ഇടവരുത്തൂ. ആജീവനാന്ത വിലക്ക് എന്നതിനെ മറികടക്കാന്‍ പിന്നീട് കഴിയുകയുമില്ല. സമരത്തിനിടെ പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തപ്പെട്ടാലും ഈ സ്ഥിതി തന്നെ.

നിലവില്‍ ആറുവര്‍ഷത്തേക്കുള്ള വിലക്ക് ആജീവനാന്തത്തിന്റെ ആലയില്‍ക്കെട്ടുമ്പോള്‍ അത് പൊതുപ്രവര്‍ത്തന ജീവിതത്തെ പിന്നോട്ടടിക്കാനേ ഇടവരുത്തൂ എന്നു പറഞ്ഞാല്‍ അതിനെ കുറ്റംപറയാനാവില്ല. കാരണം, ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം പ്രതിഷേധ പരിപാടികള്‍ക്കിറങ്ങാതിരിക്കാനാവില്ല. പക്ഷേ, ക്രിമിനല്‍ കേസ്, വിലക്ക് എന്നിവ ഭൂതങ്ങള്‍ കണക്കെ മുന്നില്‍നില്‍ക്കുമ്പോള്‍ എന്തു ധൈര്യത്തിലാണ് ഒരാള്‍ ജനകീയ സമര രംഗത്തേക്കിറങ്ങുക. അങ്ങനെ വരുമ്പോള്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ നിന്നും ഓസിനു രക്ഷപെടാന്‍ സര്‍ക്കാരുകള്‍ക്കു കഴിയും എന്നതു കാണാതെപോവരുത്. അത്തരമൊരു കിനാശേരിയാണു എല്ലാ ഭരണകൂടങ്ങളും സ്വപ്‌നം കാണുന്നതും. അതിനുള്ള അണിയറനീക്കം നടത്തുകയല്ലേ തെരഞ്ഞെടുപ്പു കമ്മീഷന്‍ ചെയ്യുന്നത് എന്നാണ് ഇവിടെ ഉയരുന്ന കാതലായ ചോദ്യം.

കൂടാതെ, തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനപ്രതിനിധിയാവുക എന്ന ഒരു പൊതുപ്രവര്‍ത്തകന്റെ സ്വപ്നത്തിനാണ്/ലക്ഷ്യത്തിനാണ് ഇവിടെ തടസ്സം വരുന്നത്. പൊതുരംഗത്തുനിന്നും പാടേ മാറിനില്‍ക്കാനുള്ള ചെറിയൊരു തോന്നലെങ്കിലും സാധാരണക്കാരനായ പൊതുപ്രവര്‍ത്തകന്റെ മനസ്സിലും കടന്നുകൂടാന്‍ ഈ നീക്കം ഇടവരുത്തുമെന്നു പറയാതിരിക്കാനാവില്ല. ക്രിമിനല്‍ കേസ് ആണെങ്കിലും വിലക്കേര്‍പ്പെടുത്തിനു പ്രത്യേക മാനദണ്ഡത്തെ പറ്റിയൊന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നില്ല എന്നതാണ് ഇവിടെ കൂട്ടിവായിക്കേണ്ടത്. അതായത്, ഏതു തരത്തിലാണ് എന്നതല്ല, ഏതു കുറ്റം ചുമത്തിയാണ് ശിക്ഷിക്കപ്പെട്ടത് എന്നുമാത്രമാണ് കമ്മീഷന്‍ നോക്കുന്നത് എന്നുസാരം- (മാനദണ്ഡം ഭാവിയില്‍ വരുമോയെന്നറിയില്ല).

അങ്ങനെവരുമ്പോള്‍ സമരം ചെയ്യുന്നവര്‍ തൊട്ട് കള്ളക്കേസില്‍ കുടുക്കപ്പെട്ട് ജയിലിലാവുന്നവര്‍ വരെയുള്ളവര്‍ക്കു ഈ നിലപാട് തിരിച്ചടിയാകും. പിന്നീട് നിരപരാധിയെന്നു കണ്ടു വിട്ടയക്കപ്പെട്ടാലും ചെലപ്പോള്‍ 'ശിക്ഷിക്കപ്പെട്ടവന്‍' എന്ന ലേബല്‍ പാരയാകുമോ എന്നതും കാത്തിരുന്നു കാണണം. പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മിക്കവാറും ക്രിമിനല്‍ കേസുകളില്‍ കുറ്റമാരോപിക്കപ്പെടുന്നവര്‍ ശിക്ഷിക്കപ്പെടാറാണു പതിവ്. എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂലിച്ചിട്ടുണ്ട്. എങ്കിലും വിശദവിവരങ്ങള്‍ പുറത്തുവരാത്ത സാഹചര്യത്തോളം ആശങ്കകള്‍ അതേപടി അവശേഷിക്കുക തന്നെയാണു ചെയ്യുന്നത്.

അതേസമയം, പൊതുപ്രവര്‍ത്തകരെന്നല്ല, ഇനി വലിയ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരാണെങ്കില്‍ക്കൂടി നാലും അഞ്ചും പത്തും പന്ത്രണ്ടും വര്‍ഷത്തേക്കുള്ള ശിക്ഷ എന്നത് അവര്‍ക്കു തെറ്റ് തിരുത്താനുള്ള ഒരു അവസരമാണ്. ശിക്ഷാകാലാവധിയും നിശ്ചിതകാലത്തേക്കുള്ള വിലക്കും കഴിഞ്ഞ് അയാള്‍ക്കു പിന്നീട് മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നതിലൂടെ ജീവിതകാലം മുഴുവന്‍ ഒരു സാമൂഹിക ബഹിഷ്‌കരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തുന്നത് എന്നതാണ് വാസ്തവം. മാത്രമല്ല, ഒരു സ്ഥിരം കുറ്റവാളി എന്ന മുദ്രയും ചാര്‍ത്തപ്പെടുന്നു. അത്തരമൊരു സ്ഥിതിവിശേഷം അയാളെ കൂടുതല്‍ തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍ പലപ്പോഴും രാഷ്ട്രീയമുഖമുള്ള വലിയ ക്രിമിനലുകള്‍ അവരുടെ രാഷ്ട്രീയ സ്വാധീനവും ഉന്നത ബന്ധവും മുന്‍നിര്‍ത്തി ശിക്ഷയില്‍ നിന്നും ഊരിപ്പോകുകയാണ് പതിവ്. അങ്ങനെവരുമ്പോള്‍ അവര്‍ മറ്റുള്ളവരുടെ തലയില്‍ വീണിരിക്കുന്ന ഇത്തരം വിലക്കുകള്‍ കണ്ട് ഊറിച്ചിരിക്കും. ചിലര്‍ക്കു മാത്രം വിലക്കും മറ്റു ചിലര്‍ക്കു ഊഞ്ഞാലുമാവുന്ന വൈരുദ്ധ്യ സാഹചര്യം സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.