ആർഎസ്എസിനെതിരെ സംസാരിച്ചാൽ അങ്ങയുടെ പാെലീസ് രാജ്യദ്രോഹിയും മുസ്ലിം തീവ്രവാദിയും ഹിന്ദു വിരുദ്ധനും ആക്കുന്നു; മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ, വർഗീയതക്കെതിരെ അക്രമത്തിനെതിരെ. ആർഎസ്എസിനെതിരെ സംസാരിച്ചാൽ അങ്ങയുടെ പൊലീസ് രാജ്യദ്രോഹിയും ദേശദ്രോഹിയും മുസ്ലിം തീവ്രവാദിയും ഹിന്ദു വിരുദ്ധനും ആക്കുന്നു. ആർഎസ്എസിനെ തുറന്നു കാട്ടിയാൽ അത് രാജ്യദ്രോഹവും ഹിന്ദു വിരുദ്ധവും ആക്കുവാനുള്ള മനസ് ഒരു സംഘപരിവാർ മനസ്സിന്റെ ഉടമക്ക് അല്ലാതെ മറ്റാർക്കു കഴിയും ?- ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ രാജ്യദ്രോഹിയാക്കപ്പെട്ട ഷാഹു അമ്പലത്ത് മുഖ്യമന്ത്രിക്ക് എഴുതുന്നു

ആർഎസ്എസിനെതിരെ സംസാരിച്ചാൽ അങ്ങയുടെ പാെലീസ് രാജ്യദ്രോഹിയും മുസ്ലിം തീവ്രവാദിയും ഹിന്ദു വിരുദ്ധനും ആക്കുന്നു; മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

ഷാഹു അമ്പലത്ത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾ അറിയുന്നതിലേക്കു തിരുവനന്തപുരം സ്വദേശി ഷാഹു അമ്പലത്ത് എന്ന ഫേസ് ബുക്ക്‌ ഐഡിയുടെ ഉടമ ഷാഹുൽ ഹമീദ് അറിയിക്കുന്ന വേദനാജനകമായ കത്ത്

സർ. ഒരുപാട് വട്ടം ആലോചിച്ചു, ഇങ്ങനെ ഒരു കത്ത് എഴുതണോ വേണ്ടയോ എന്ന്.

ഇങ്ങനെയുള്ള ഒരനുഭവ കത്ത് എഴുതിക്കഴിഞ്ഞാൽ ഉണ്ടാവുന്ന ഭവിഷ്യത്തോർത്ത് ഒരുപാടു പേടിയുണ്ടു സർ. ഭയം അങ്ങയെയോ അങ്ങു പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയോ അല്ല, അങ്ങയുടെ അധീനതയിൽ ഉള്ള പൊലീസ് സേനയിലെ കാവിവത്കരിക്കപ്പെട്ട കാക്കി വസ്ത്രധാരികളായ ചില പൊലീസുകാരെയാണ്. ആടിനെ പട്ടിയാക്കി പട്ടിയെ പേപട്ടിയാക്കി തല്ലിക്കൊല്ലുന്ന ഇക്കാലഘട്ടത്തിൽ യാതൊരു സ്വാധീനവും എവിടെയും ചെലുത്താൻ കഴിയാത്ത എന്നെ പോലുള്ള സാധാരണക്കാർ ഇവരെയൊക്കെ പേടിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ? എന്നാലും ഒരു ചെറിയ ധൈര്യം തരുന്നത് അധികാരത്തിൽ സാധാരണക്കാരന്റെ പാർട്ടിയും ഇപ്പോഴും കാവിവത്കരിക്കപ്പെടാത്ത മനസിന്റെ ഉടമകളായ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട് എന്ന വിശ്വാസമാണ്.

സർ, ഇന്ത്യൻ പട്ടാളത്തെ ഫേസ്ബുക്ക് വഴി മോശപ്പെടുത്തി എന്ന ആരോപണത്തിൽ ഒരു വ്യക്തി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തിയാണു ഞാൻ. പൂർണ്ണമായും നിരപരാധി ആയ വിഷയം ആണ് അത്. അതിലേക്കു ഞാൻ കടക്കുന്നില്ല ആ കേസ് ഇപ്പൊഴും അന്വേഷണത്തിൽ ആണ്.

സർ, വിഴിഞ്ഞം പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് എന്നെ അറസ്റ്റ് ചെയ്യുവാൻ വേണ്ടി ആദ്യം അന്വേഷിച്ചെത്തിയത് എന്റെ സുഹൃത്ത് മുജീബിന്റെ ഭാര്യവീട്ടിലായിരുന്നു. നിത്യവേതനക്കാരായിട്ടുള്ള ഒരു സാധു കുടുംബം ആണ് അവന്റെ ഭാര്യവീട്ടുകാർ. ഞാനും എന്റെ കൂട്ടുകാരും കൂടി നിൽക്കുന്ന ഒരു ഫോട്ടോ കാണിച്ചിട്ട് അവരോടു പൊലീസ് ചോദിക്കുന്നു, നിങ്ങളുടെ മരുമകൻ എവിടെ? നിങ്ങളുടെ മരുമകൻ ഒരു തീവ്രവാദിയാണ്,

അവനെ പൊക്കിയിട്ട് വേണം മറ്റേ തീവ്രവാദിയെ പൊക്കാൻ.

നിങ്ങൾ എന്തിനാണ് ഒരു തീവ്രവാദിക്കു മകളെ കെട്ടിച്ചുകൊടുത്തത്? ഇങ്ങനെയൊക്കെ പറഞ്ഞ്, ആ കുടുംബത്തെ ഒരു തീവ്രവാദി കുടുംബമായി ചിത്രീകരിച്ചു.

അന്നു രാത്രി പന്ത്രണ്ടുമണിക്ക് എന്റെ വീട്ടിൽ വരുകയും എന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവർ എന്നെ പൊലീസ് ജീപ്പിൽ കേറ്റിയിട്ട് വളരെ മോശമായ രീതിയിൽ ആണ് പെരുമാറിയത്.

എന്നെ അവർ ഐസിസ് പ്രവർത്തകൻ ആക്കി. എന്നെ രാജ്യദ്രോഹിയും തീവ്രവാദിയും ഒക്കെ ആക്കി ചിത്രീകരിച്ചു.

വ്യക്തമായ തെളിവ് ഉൾപ്പടെ കൊടുത്തുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഒരായിരം വട്ടം പറഞ്ഞു. "ഞാനല്ല ഈ രാജ്യദ്രോഹ സംഗതി ചെയ്തത്. എനിക്കെതിരെ വന്ന വാർത്തയ്ക്കെതിരെ നേമം സ്റ്റേഷനിൽ ഞാൻ പരാതിയും കൊടുത്തിട്ടുണ്ടു സർ," എന്നൊക്കെ പറഞ്ഞിട്ടും അതൊന്നും കേൾക്കാൻ നിൽക്കാതെ അവർ പിന്നെയും എന്നെ തീവ്രവാദിയാക്കിക്കൊണ്ടേ ഇരുന്നു.

അന്നു രാത്രി സ്റ്റേഷനിൽ ഞാൻ കിടന്ന് ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു ജീപ്പ് മുഴുവൻ പൊലീസുകാർ വന്നിട്ട് എന്നെ ചോദ്യം ചെയ്യാൻ വിളിച്ചുണർത്തി.

അവർക്കും ഞാൻ പറയുന്നതൊന്നും കേൾക്കാൻ താല്പര്യമില്ലായിരുന്നു. അവരും എന്നെ തീവ്രവാദി ആക്കുവാനുള്ള തന്ത്രപ്പാടിൽ ആയിരുന്നു.

വന്ന കൂട്ടത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്റെ ഫേസ് ബുക്കിൽ ഞാൻ പോസ്റ്റ് ചെയ്തിട്ടുള്ള 'do u love sadhaam,' എന്നു ചോദിച്ചുകൊണ്ടുള്ള പോസ്റ്റ് കാണിച്ചു തന്നിട്ടു പറഞ്ഞു, 'നീ സദ്ദാം ഹുസൈനെ സ്നേഹിക്കുന്നവനല്ലേ, നീ തീവ്രവാദിയാണ്,' എന്ന്.

സദ്ദാം ഹുസൈൻ കൊല്ലപ്പെട്ടതിന്റെ പേരിൽ സാമ്രാജ്യ ശക്തികൾക്കെതിരെ ഹർത്താൽ ആചരിച്ച പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരിക്കുമ്പോഴാണ്, സദ്ദാമിന്റെ പേർ ഒന്നു പറഞ്ഞതിൽ എന്നെ തീവ്രവാദിയാക്കിയത്. ഒരു സംഘപരിവാർ മനസിനല്ലാതെ മറ്റാർക്കു കഴിയും, സദ്ദാമിനെ തീവ്രവാദിയാക്കാൻ?

"നീ ഈ വിഷയത്തിൽ നിരപരാധി ആയിരിക്കാം. എന്നാലും നീ ഒരു രാജ്യദ്രോഹിയാണ്. കാരണം നീ മൂന്നു മക്കളുടെ പിതാവല്ലേ?" - എന്റെ നിരപരാധിത്വം വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ വിഴിഞ്ഞം എസ്ഐ നൽകിയ മറുപടിയാണ്! ഇന്ത്യൻ നിയമപ്രകാരം രണ്ടിലധികം മക്കളെ ഉണ്ടാക്കൽ രാജ്യദ്രോഹമാണ് എന്നും മുസ്ലിങ്ങൾ പെറ്റുപെരുകുന്നു എന്നും പറയുകയും മക്കൾ അധികരിച്ചാൽ അതു രാജ്യദ്രോഹമാണ് എന്നു പറയുകയും ചെയ്യുന്നത് സംഘപരിവാർ മനസ്സിന്റെ ഉടമ അല്ലാതെ മറ്റാരാണു സാർ?

പിറ്റേ ദിവസം എന്നെ വിഴിഞ്ഞം സിഐ ഓഫീസിലേക്കു ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അവിടെയും എന്റെ വാക്കിന് ഒരു പ്രസക്തിയും ഇല്ലാതെ ഞാൻ രാജ്യദ്രോഹി തന്നെ ആയിരുന്നു. സിഐ എന്നെ ചോദ്യം ചെയ്യുന്ന വേളയിൽ ഒരു പൊലീസുകാരൻ വന്നിട്ട് പറയുന്നു, 'ഇവൻ ലവ് ജിഹാദിന്റെ ആളാവും ഹിന്ദു പെൺകുട്ടികളെ പ്രേമിച്ചു മതം മാറ്റി ഇറാഖിലേക്കും സിറിയയിലേക്കും അയക്കുന്ന ആളാണോ എന്നുള്ളതും അന്വേഷിക്കണം' എന്ന്. ലവ് ജിഹാദ് എന്ന ഒരു സംഭവം ഇവിടെ ഇല്ല എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും തികച്ചും വർഗീയമായ ഇത്തരം പരാമർശം ഒരു സംഘപരിവാർ മനസ്സിന്റെ ഉടമയ്ക്കല്ലാതെ മറ്റാർക്കു പറയാൻ കഴിയും?

അന്ന് എന്നെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി കമ്മീഷണർ ഓഫിസിലേക്കു കൊണ്ട് പോയി. അവിടെ എത്തിയപ്പോൾ കമ്മീഷണറുടെ ഗൺമാൻ എന്നോടു പറഞ്ഞു, 'നിന്നെയെങ്ങാനും എന്റെ കേമ്പിൽ കിട്ടിയാൽ ഇരുചെവി അറിയാതെ വെടിവെച്ചു കൊന്നുകളഞ്ഞേനെ,' എന്ന്… സാർ, ഈ മനോഭാവം എന്താണെന്നു മനസ്സിലാക്കണം.

പക്ഷെ ഇതു വരെ ഞാൻ കണ്ട പൊലീസ് ശൈലിയൊന്നും അല്ലായിരുന്നു കമ്മീഷണറിൽ നിന്നുണ്ടായത്. തികച്ചും മാന്യമായിരുന്നു, പെരുമാറ്റം. എനിക്കു പറയാനുള്ള അവസരം അദ്ദേഹം തന്നു. അതു മുഴുവനും കേട്ട്, 'വ്യക്തമായി അന്വേഷിച്ചിട്ട് മതി, എന്റെ പേരിൽ കേസ് എടുക്കാൻ,' എന്ന് അദ്ദേഹം എസ്ഐയോടു പറഞ്ഞു.

തുടർന്ന് എന്നെ ഐജി മനോജ് എബ്രഹാം സാറിന്റെ ഓഫീസിലേക്കും കൊണ്ടുപോയി. അദ്ദേഹവും എന്നോട് വളരെ മാന്യമായാണു പെരുമാറിയത്. ഐജിയുടെയും കമീഷണറുടെയും മാന്യമായ ഇടപെടൽ ആണ് എന്നെ ജയിലിലേക്കു തള്ളിവിടാഞ്ഞത് എന്നും ഞാൻ ഓർക്കുന്നു സാർ.

എന്നെ കൂടുതൽ അന്വേഷണത്തിനു വിധേയമാക്കുവാൻ സൈബർസെല്ലിലേക്കു കൊണ്ടുപോയി. അവിടെ ഞാൻ ആർഎസ്എസിനെതിരെ എഴുതിയിട്ടുള്ള മുഴുവൻ പോസ്റ്റുകളുടെയും പ്രിന്റ് എടുത്തു വച്ചിരിക്കുകയാണ്.

അതിൽ നിന്നു ഒരു ഡിടിപി എടുത്തുകാണിച്ചിട്ട് ഇതൊക്കെ നീ എഴുതിയതല്ലേയെന്ന് വിഴിഞ്ഞം എസ്ഐ എന്നോടു ചോദിച്ചു. 'ഇതെല്ലാം രാജ്യദ്രോഹവും വർഗീയവും ആണ്. മ്അദനി ജയിലിൽ കിടന്നത് ഓർമയുണ്ടല്ലോ. അതുപോലെ ചെന്നുകിടന്നോ' എന്നും പറഞ്ഞു. എനിക്കെതിരെ 124 A രാജ്യദ്രോഹം, 153A. B 66,f എന്നുള്ള വകുപ്പുകൾ ഒക്കെ ചേർത്തു കേസ് എടുത്തു.

കമ്മീഷണർ ആ കേസ് രജിസ്റ്റർ ചെയ്യാൻ സമ്മതിക്കാത്ത ഒരൊറ്റ കാരണത്താൽ ആണ് എനിക്ക് അനന്തമായി ജയിൽ വാസം സംവരണം ചെയ്യപ്പെടാഞ്ഞത് സാർ.

ഞാൻ വിഴിഞ്ഞം എസ്ഐയോടു പറഞ്ഞു, "സാറേ ഇതൊക്കെ ഞാൻ എഴുതിയതു തന്നെയാണ്. വർഗീയതയ്ക്കെതിരെയും അക്രമത്തിന് എതിരേയും. എങ്ങിനെയാണ് ഇതൊക്കെ രാജ്യവിരുദ്ധമാവുന്നത്?"

ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ, വർഗീയതയ്ക്കെതിരെ അക്രമത്തിനെതിരെ, ആർഎസ്എസിനെതിരെ സംസാരിച്ചാൽ അങ്ങയുടെ പൊലീസ് രാജ്യദ്രോഹിയും ദേശദ്രോഹിയും മുസ്ലിം തീവ്രവാദിയും ഹിന്ദുവിരുദ്ധനും ആക്കുന്നു. ആർഎസ്എസിനെ തുറന്നുകാട്ടിയാൽ അതു രാജ്യദ്രോഹവും ഹിന്ദു വിരുദ്ധവും ആക്കുവാൻ ഒരു സംഘപരിവാർ മനസ്സിന്റെ ഉടമയ്ക്കല്ലാതെ മറ്റാർക്കു കഴിയും?

ഭയമുണ്ട് സാർ, ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തീവ്രവാദ ആരോപണം കേട്ട് പൊതു മദ്ധ്യേ ദേശദ്രോഹിയായി ചിത്രീകരിക്കുന്നതിൽ… ഇന്ത്യയിലുടനീളം കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തിയും അകാരണമായി മുസ്ലിം യുവാക്കളെ ജയിലിലടച്ചും ബിജെപിയെ സഹായിച്ചത് കാവിവല്കൃത പൊലീസ് വേഷധാരികൾ ആയിരുന്നു എന്നുള്ളത് ഓർക്കേണ്ടതാണ് സാർ.