'ഇവിടെ വന്നുകണ്ടപ്പോള്‍ ഞങ്ങള്‍ കേട്ടറിഞ്ഞ കേരളമല്ല ഇത്...ഇനിയീ നാടിനെതിരെ മുദ്രാവാക്യം വിളിക്കില്ല'; എബിവിപി നേതാവ് രാഹുൽ പറയുന്നു

'കേരളത്തെ കുറിച്ച് ഞങ്ങളുടെ നാട്ടില്‍ പല പ്രചരണവും ഉണ്ട്. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകളും മുസ്ലിം ജിഹാദികളും ആര്‍എസ്എസുകാരെ കൊന്നൊടുക്കുന്നുണ്ട്, ലൗജിഹാദിന്റെ പേരില്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നുണ്ട്, കേരളത്തില്‍ കൂടുതലും മുസ്ലീങ്ങളാണ്, കേരളത്തില്‍ കൂടുതല്‍ പേര്‍ ഐഎസിലേക്കും മറ്റും പോകുന്നുണ്ട് തുടങ്ങിയവയായിരുന്നു കേട്ടതില്‍ പ്രധാനപ്പെട്ട കാര്യങ്ങൾ.'- രാഹുല്‍ പറഞ്ഞു.

ഇവിടെ വന്നുകണ്ടപ്പോള്‍ ഞങ്ങള്‍ കേട്ടറിഞ്ഞ കേരളമല്ല ഇത്...ഇനിയീ നാടിനെതിരെ മുദ്രാവാക്യം വിളിക്കില്ല; എബിവിപി നേതാവ് രാഹുൽ പറയുന്നു

'ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എങ്ങനെയാ ജനങ്ങളില്‍ ഇത്രയധികം സ്വാധീനം?'- ഛത്തീസ്ഗഢില്‍ നിന്ന് ആദ്യമായി കേരളത്തിലെത്തിയ രാഹുലിന്റേതാണ് സംശയം. രാഹുലിനൊപ്പമുള്ള ഒമ്പത് പേരും ആദ്യമായി കേരളം കാണുന്നുവരാണ്. കേരളത്തില്‍ റാലി നടത്താന്‍ വന്ന ഉത്തരേന്ത്യന്‍ സംഘത്തില്‍പെട്ട എബിവിപി പ്രവര്‍ത്തകരാണ് രാഹുലും സംഘവും. കമ്മ്യൂണിസ്റ്റുകാര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരായി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ ജനരക്ഷാ യാത്രയുടെ തുടര്‍ച്ചയായാണ് 'ചലോ കേരള' റാലി എബിവിപി സംഘടിപ്പിച്ചത്. നാരദാ ന്യൂസിന്റെ ഓഫീസില്‍ നിന്ന് വരുമ്പോള്‍ ആലുവയില്‍ ട്രെയിനില്‍ വെച്ചാണ് ഇവരെ ഞാൻ കണ്ടത്. കേരളത്തിലെ റാലി കഴിഞ്ഞ് തിരിച്ചുപോകുന്ന എബിവിപി പ്രവര്‍ത്തകരാണ് ട്രെയിനിനു മുന്നിലെ രണ്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലും. തമിഴ്‌നാട്, ആന്ധ്ര, ഒറീസ, ബീഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാമുള്ള പ്രവര്‍ത്തകരുണ്ട്. "ചലോ കേരള, എഗൈയിനിസ്റ്റ് റെഡ് ടെററസിസം" എന്ന് ഇംഗ്ലീഷില്‍ എഴുതിയ വെളുത്ത ടീഷര്‍ട്ടുകളും മിക്കവരും ധരിച്ചിരുന്നു. വള്ളംകളിയും കേരളത്തിന്റെ മാപ്പും ഉള്ള ടീ ഷര്‍ട്ടില്‍ ചോര ഇറ്റുന്ന അരിവാള്‍ ചുറ്റികയും കമ്മ്യൂണിസ്റ്റ് ഭീകരതയുടെ അടയാളമായി ദൃശ്യവൽക്കരിച്ചിട്ടുണ്ട്. കേരളമെന്നാല്‍ കമ്മ്യൂണിസ്റ്റുകളുടെ മാത്രം നാടാണെന്നാണ് അവര്‍ ധരിച്ച ടീഷര്‍ട്ടുകള്‍ കണ്ടാല്‍ തോന്നുക.

കമ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ അവര്‍ ഇരിക്കുന്നതിനാല്‍ മറ്റുള്ള യാത്രക്കാര്‍ക്കൊന്നും സീറ്റില്ല. നിന്നു തളര്‍ന്ന മലയാളി പെണ്‍കുട്ടികള്‍ നിലത്ത് ഇരിക്കുകയും കിടക്കുകയും ചെയ്യുന്നുണ്ട്. ആ തിരക്കിനിടയില്‍ നില്‍ക്കുമ്പോഴാണ് സീറ്റില്‍ ഇരിക്കുന്ന രാഹുലിനെ കണ്ടത്. ട്രെയിന്‍ അങ്കമാലി കഴിഞ്ഞതും ആ കൂട്ടത്തിലെ ഒരാള്‍ ലഗേജ് വെക്കുന്ന മുകളിലെ തട്ടിലേക്ക് കയറിയതോടെ ഇരിക്കാന്‍ എനിക്ക് സ്ഥലം കിട്ടി. ഇരിക്കാന്‍ വേണ്ടി അവര്‍ സ്ഥലം ഉണ്ടാക്കി തന്നതാണെന്ന് പിന്നീടാണ് മനസിലായത്. ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോഴാണ് എതിര്‍വശത്ത് ഇരുന്നിരുന്ന രാഹുല്‍ സംശയം ചോദിച്ചത്.

കേരളത്തെ കുറിച്ച് കേട്ടതും കണ്ടതുമായ കാര്യങ്ങളെ കുറിച്ച് രാഹുലും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും പറഞ്ഞു. പക്ഷേ ഗ്രൂപ്പ് ലീഡര്‍ എന്ന നിലയില്‍ രാഹുല്‍ ആണ് സംസാരിച്ചത്. മറ്റുള്ളവര്‍ തെലുങ്കിലും ഹിന്ദിയുമെല്ലാം പറഞ്ഞതു കേട്ട് രാഹുല്‍ കാര്യങ്ങള്‍ ഇംഗ്ലീഷില്‍ വിശദീകരിച്ചു. 'കേരളത്തെ കുറിച്ച് ഞങ്ങളുടെ നാട്ടില്‍ പല പ്രചരണവും ഉണ്ട്. 'കേരളത്തില്‍ കമ്മ്യൂണിസ്റ്റുകളും മുസ്ലിം ജിഹാദികളും ആര്‍എസ്എസുകാരെ കൊന്നൊടുക്കുന്നുണ്ട്, ലൗജിഹാദിന്റെ പേരില്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നുണ്ട്, കേരളത്തില്‍ കൂടുതലും മുസ്ലീങ്ങളാണ്, കേരളത്തില്‍ കൂടുതല്‍ പേര്‍ ഐഎസിലേക്കും മറ്റും പോകുന്നുണ്ട് തുടങ്ങിയവയായിരുന്നു കേട്ടതില്‍ പ്രധാനപ്പെട്ട കാര്യങ്ങൾ.'- രാഹുല്‍ പറഞ്ഞു.

'പക്ഷേ വന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ കേട്ടറിഞ്ഞ കേരളമല്ല ഇത്. കേരളം നമ്പര്‍ വണ്‍ എന്ന് അവിടെ ഞങ്ങളുടെ നാട്ടില്‍ ചില കമ്മ്യൂണിസ്റ്റുകാര്‍ പ്രചരണം നടത്തുന്നുണ്ടായിരുന്നു. എങ്കിലും അതൊന്നും വിശ്വസിച്ചിരുന്നില്ല. പക്ഷെ അത് ശരിയാണെന്ന് ഇപ്പോ തോന്നുന്നുണ്ട്. ഞങ്ങളുടെ നാട്ടില്‍ കാണാത്ത ഒരു പാട് കാര്യങ്ങള്‍ ഇവിടെ കണ്ടു. ട്രെയിന്‍ കടന്നു പോകുന്ന നാട്ടിന്‍പുറങ്ങളില്‍ കൂടി മനോഹരമായ വീടുകള്‍, അവിടെ ഇത്തരം വീടുകള്‍ ടൗണുകളില്‍ പോലും അധികം ഇല്ല. പച്ചപ്പ് നിറഞ്ഞ വയലുകള്‍, വെള്ളം. പാടത്തു കൂടി കടന്നുപോകുന്ന വൈദ്യുതി കാലുകള്‍. മനോഹരമായി വസ്ത്രം ധരിച്ച ആളുകള്‍. ഒഴിഞ്ഞ പാടങ്ങളിലോ, പുഴയരികിലോ ആരും വെളിക്കിരിക്കുന്നത് കണ്ടില്ല. (വെളിക്കിരിക്കല്‍ അവിടത്തെ സ്ഥിരം കാഴ്ചയത്രെ) മുസ്ലിങ്ങളും മറ്റ് വിഭാഗങ്ങളുമായി ഹിന്ദുക്കൾ ഇവിടെ സഹകരിച്ച് കഴിയുന്നു. ഇവിടെ മതത്തിന്റെ പേരില്‍ ഏറ്റുമുട്ടല്‍ ഇല്ലെന്നും സംഘടനകളോ പാര്‍ട്ടികളോ തമ്മില്‍ മാത്രം ഏറ്റുമുട്ടല്‍ ചിലപ്പോള്‍ ഉണ്ടാവാറുണ്ടെന്നും അന്വേഷിച്ചറിഞ്ഞു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ കേരളം മുന്നിലെന്ന് നേരത്തെ കേട്ടിട്ടുണ്ട്, പക്ഷെ നേരിട്ടു കാണുമ്പോള്‍ കേരളം പിന്നില്‍ നില്‍ക്കുന്ന ഒരു കാര്യവും ഇല്ലെന്നാണ് തോന്നുന്നത്. കേരളത്തില്‍ അധികം പേരും കമ്മ്യൂണിസ്റ്റുകളാണ്. ഇതുപോലെ നന്നായി ഭരിച്ചിട്ടാവും കമ്മ്യൂണിസ്റ്റുകള്‍ ഒരു പക്ഷെ കൂടുന്നത്.

ഞങ്ങള്‍ എബിവിപി പ്രവര്‍ത്തകര്‍ ആണെങ്കിലും ആര്‍എസ്എസോ ബിജെപിയോ അല്ല. റാലിക്ക് വന്നവരില്‍ ഭൂരിഭാഗവും അവരവരുടെ നാട്ടിലെ പ്രാദേശിക പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരാണ്. ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞാണ് ഞങ്ങളെ എബിവിപിയില്‍ ചേര്‍ത്തിയത്. ഞങ്ങളുടെ നാട്ടില്‍ എസ്എഫ്ഐ കുറവാണ്. ഉള്ളവര്‍ തന്നെ ഒരു സ്വാതന്ത്ര്യസമര സേനാനിയുടേയോ ഇന്ത്യക്കാരുടേയോ ചിത്രങ്ങള്‍ ഉള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വയ്ക്കാറില്ല. ഹിന്ദുക്കളേയും ദൈവങ്ങളേയും പ്രകോപിപ്പിക്കുന്ന ബോര്‍ഡുകളും മലാല തുടങ്ങിയ പാകിസ്ഥാനികളുടേയോ ചിത്രങ്ങള്‍ വെക്കും. എസ്എഫ്ഐക്കാര്‍ ദേശദ്രോഹികളാണെന്ന് ഞങ്ങളും കരുതിവന്നു. ഇവിടെ വന്നപ്പോള്‍ പലയിടത്തും എസ്എഫ്ഐയുടേയും ഡിവൈഎഫ് ഐയുടേയും സിപിഐഎമ്മിന്റേയും ബോര്‍ഡുകള്‍ കണ്ടു. അതില്‍ ഭഗത് സിങ്ങിന്റേയും വിവേകാനന്ദന്റേയും വരെ ചിത്രങ്ങളുണ്ട്. ഇവിടത്തെ എസ്എഫ്ഐക്കാര്‍ ദേശസ്‌നേഹികളാണ്. എന്നാല്‍ അവിടെ അങ്ങനെയല്ല. അതൊന്നും കാണാന്‍ പറ്റില്ല. രണ്ടു ദിവസം കേരളത്തില്‍ താമസിച്ചു.

ഉത്തരേന്ത്യയില്‍ നിന്നും ബംഗാളില്‍ നിന്നും കേരളത്തില്‍ ജോലിക്ക് വന്നവരോട് കേരളത്തെ കുറിച്ച് അന്വേഷിച്ചപ്പോഴും നല്ല അഭിപ്രായമാണ് കിട്ടിയത്. ജാതിയും മതവും സംസ്ഥാനവും നോക്കാതെയാണ് കേരളത്തിലെ ആളുകള്‍ തങ്ങളെ ജോലിക്ക് നിര്‍ത്തിയതെന്നും ഇവിടെ വന്ന് കേരളത്തിനെതിരെ മുദ്രവാക്യം വിളിച്ച് തങ്ങളുടെ ജോലിക്ക് പ്രശ്‌നം ഉണ്ടാക്കരുതെന്നും ചിലര്‍ പറഞ്ഞു. ജാതിയും മതവും നോക്കാതെ തങ്ങളുടെ നാട്ടില്‍ കൂലിപ്പണി പോലും കിട്ടില്ല. ഒരു ദിവസത്തെ മാത്രമല്ല 600 മുതല്‍ 1000 രുപ വരെ കൂലി അവിടെ സ്വപ്‌നം പോലും കാണാന്‍ കഴിയില്ല. ദളിതരെ ക്ഷേത്രത്തില്‍ പൂജാരിമായി നിയമിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം നാട്ടില്‍ പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. പക്ഷേ അതൊരിക്കലും നടപ്പാകില്ലെന്നാണ് കരുതിയിരുന്നത്. പക്ഷേ കേരളം കണ്ടപ്പോള്‍ മനസിലായത്രെ... ഇവിടെ അതല്ല, അതിനപ്പുറവും നടക്കും. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ ഇങ്ങിനെ പവര്‍ഫുള്‍ ആയി ഭരിക്കുന്നു എന്നതും അത്ഭുതമാണ്. അവിടെ നാട്ടില്‍ ഒരാള്‍ എംഎല്‍എയോ എംപിയോ ആയാല്‍ പിന്നെ അയാള്‍ പറയുന്നത് പാര്‍ട്ടി കേള്‍ക്കണം. ഇവിടെ അങ്ങനെയല്ല, പാര്‍ട്ടി പറയുന്നത് ജനപ്രതിനിധികള്‍ അനുസരിക്കലാണ് രീതിയെന്ന് കേട്ടു. അതൊന്നും അവിടെ നടക്കില്ല.

'പക്ഷേ ഇങ്ങനെയൊക്കായായിട്ടും കേരളത്തില്‍ എന്തിനാണ് ആര്‍എസ്എസുകാരെ ഇങ്ങിനെ കൊന്നൊടുക്കുന്നത്?. 'ഇതാ ഇന്നും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, ഇങ്ങനെ നിത്യേന ആര്‍എസ്എസുകാരെ കൊല്ലുന്നതില്‍ സര്‍ക്കാരിന് ബന്ധം ഒന്നും ഇല്ലെ...? ' ഇന്നലെ ഉച്ചയക്ക് ഗുരുവായൂരില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ട വാര്‍ത്ത വാട്ട്‌സാപ്പില്‍ കണ്ട ഉടനെയാണ് സിപിഐഎമ്മിന്റെ കൊലപാതകത്തെ പറ്റി രാഹുല്‍ പറഞ്ഞത്. ആര്‍എസ്എസുകാര്‍ സിപിഐഎമ്മുകാരേയും സിപിഐഎം ആര്‍എസ്എസിനേയും വെട്ടുന്നതും കൊല്ലുന്നതും വല്ലപ്പോഴും നടക്കുന്ന സംഗതിയാണെന്നും രണ്ടുഭാഗത്തും അതില്‍ ആള്‍നാശം ഉണ്ടായിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ സിപിഐഎമ്മിലാണ് മരിച്ചിട്ടുള്ളതെന്നും കണക്കുകള്‍ സഹിതം പറഞ്ഞപ്പോള്‍ രാഹുല്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യമല്ല അവിടെ പ്രചരിക്കുന്നത്, നിത്യേനയെന്നവണ്ണം ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുന്നു എന്നാണ് അവിടെ പ്രചരണം. അതുകൊണ്ടാണ് ആവേശം കയറി പലരും റാലിക്ക് പുറപ്പെട്ടത്.

സംസാരം പകുതിയായപ്പോഴാണ് എബിവിപിയുടെ ചുവപ്പ് ഭീകരതക്കെതിരെയുള്ള മുദ്രവാക്യം എഴുതിയ ടീ ഷര്‍ട്ട് ധരിച്ച ഒരു നേതാവ് കടന്നു വന്നത്. എല്ലാവരോടും സിപിഐഎമ്മിനെതിരേയും കേരളത്തിനെതിരേയും ഉള്ള മുദ്രാവാക്യം വിളിച്ച് ട്രെയിനില്‍ ഇരിക്കണമെന്ന് അയാള്‍ പറഞ്ഞു. അയാള്‍ പോയപ്പോള്‍ അവിടെ ഇരുന്നിരുന്ന രാഹുല്‍ ഉള്‍പ്പടെയുള്ള ഒമ്പത് പേരും പരസ്പരം ചിരിച്ചു.'കേരളത്തെ കുറിച്ച് ഒന്നും അറിയാത്ത ഒരാളാണ്. ഈ കമ്പാര്‍ട്ട്‌മെന്റില്‍ ഞങ്ങളുടെ ചുമതല അങ്ങേര്‍ക്കാണ്. ഇവിടെ നടന്നതൊന്നും അയാൾ അറിഞ്ഞിട്ടില്ല. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. അയാള്‍ പറഞ്ഞോട്ടെ... കേരളത്തിനെതിരെ മുദ്രവാക്യം വിളിക്കാന്‍ ഞങ്ങള്‍ ഏതായാലും ഇല്ല' -രാഹുല്‍ പറഞ്ഞു. പിന്നെ പാലക്കാട് എത്തുന്നത് വരെ അധികമൊന്നും അവര്‍ പറഞ്ഞില്ല. അവര്‍ പുറത്തെ ജനല്‍ കാഴ്ചകളിലായിരുന്നു. ഇറങ്ങുമ്പോള്‍ രാഹുല്‍ പറഞ്ഞു, ഞങ്ങള്‍ അവസരം കിട്ടുമ്പോള്‍ ഇനിയും കേരളത്തിലേക്ക് വരും, റാലി നടത്താനല്ല, വെറുതെ നാട് കാണാന്‍. അപ്പോള്‍ വീണ്ടും കാണാം'.

Story by
Read More >>