ബീഫ് കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മുസ്ലിം സംഘടനകള്‍ മടിക്കുന്നതെന്തിന്?

"ദലിത് യുവാക്കളെ കെട്ടിയിട്ട് തല്ലുന്നതിന്റെ വീഡിയോ തല്ലുന്നവർ തന്നെ എടുത്ത് രാജ്യത്ത് ചർച്ചയാക്കുന്ന രാഷ്ട്രീയത്തെ എങ്ങനെയാണ് നാം പ്രതിരോധിക്കുക? ദലിതരും മുസ്ലീങ്ങളും രാജ്യത്ത് വംശഹത്യക്ക് വിധേയമാകുന്നുവെന്ന് പറയുന്നതിനെ പോലും മോശമായി മനസ്സിലാക്കുന്നവരെ എങ്ങനെയാണ് നാം തിരുത്തുക?" അമീന്‍ ഹസ്സന്‍ എഴുതുന്നു

ബീഫ് കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മുസ്ലിം സംഘടനകള്‍ മടിക്കുന്നതെന്തിന്?

ഹാഫിള് ജുനൈദിനെ,16 വയസ്സുള്ള ഒരു കുഞ്ഞു മോനെ,പെരുന്നാളിന് തുണി എടുത്ത് പോരുന്ന വഴിയിൽ തന്റെ സഹോദരന്റെ മുന്നിലിട്ട് കുത്തി കൊന്നിട്ട് ഒരു പ്രതിഷേധ പ്രകടനം നടക്കുന്നുണ്ടോ ബീഫ് ഫെസ്റ്റിഫലിന്റെ സ്വന്തം നാട്ടിൽ? ആർഎസ്എസിന്റെ മുസ്ലീം കൗണ്ടർ പാർട്ടുകളെ സൃഷ്ടിച്ചെടുക്കുന്ന കാരശ്ശേരിയുടെ ലേഖനം മാതൃഭൂമി പ്രസിദ്ധീകരിക്കുമായിരിക്കും.പെരുന്നാൾ മുസ്ലീം വിഷയമല്ല എന്ന ഒരു ലേഖനം ഏതേലും മുസ്ലീം പണ്ഡിതൻ നാളെ മാധ്യമത്തിൽ എഴുതുമായിരിക്കും.ക്രൂരമായ ആ നരഹത്യ മുസ്ലീം വംശഹത്യാ പാക്കേജിന്റെ തുടർച്ചയാണ് എന്ന് പോലും നമുക്ക് മനസ്സിലാവില്ല.ആയിരകണക്കിന് മുസ്ലീം ചെറുപ്പക്കാരെ മുസ്ലീമാണ് എന്ന കാരണത്താൽ മാത്രം വ്യാജ കേസുകളിൽ ജയിലിൽ അടയ്ക്കുകയും അവരിൽ നിന്ന് ചിലരെ ഇടക്കിടെ വെടിവെച്ച് കൊല്ലുകയും തൂക്കി കൊല്ലുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തെ എങ്ങനെയാണ് നാം ചെറുക്കാൻ പോകുന്നത്?ദലിത് യുവാക്കളെ കെട്ടിയിട്ട് തല്ലുന്നതിന്റെ വീഡിയോ തല്ലുന്നവർ തന്നെ എടുത്ത് രാജ്യത്ത് ചർച്ചയാക്കുന്ന രാഷ്ട്രീയത്തെ എങ്ങനെയാണ് നാം പ്രതിരോധിക്കുക? ദലിതരും മുസ്ലീങ്ങളും രാജ്യത്ത് വംശഹത്യക്ക് വിധേയമാകുന്നുവെന്ന് പറയുന്നതിനെ പോലും മോശമായി മനസ്സിലാക്കുന്നവരെ എങ്ങനെയാണ് നാം തിരുത്തുക?.ഇങ്ങനെ ദിനേനയെന്നോണം കൊല്ലപെടാൻ മാത്രം വിധിക്കപെട്ട് ജീവിക്കുമ്പോഴും തമ്മിലടിക്കുന്ന സമുദായം എങ്ങനെയാണ് ഈ അവസ്ഥയെ അതിജീവിക്കുക? കാര്യങ്ങളെ ഗൗരവത്തിൽ മനസ്സിലാക്കാനോ രാഷ്ട്രീയമായ പ്രതിരോധം തീർക്കാനോ തയ്യാറില്ലാത്ത മുസ്ലീം നേതാക്കളും സംഘടനകളും അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരും.നിങ്ങൾ രക്ഷപെടില്ല.ആലോചിക്കുമ്പോൾ തന്നെ നെഞ്ചും തലയുമൊക്കെ വേദനിക്കുകയും കണ്ണീര് തളംകെട്ടി നിൽക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടല്ലോ.അതിൽ ജീവിക്കേണ്ടവരായിരുന്നില്ല നമ്മൾ.പക്ഷെ നമ്മൾ ഒരൊറ്റ ജനതയല്ല.നമുക്ക് നേതാക്കളുമില്ല.ഞാനിപ്പോൾ തീവ്രവാദി ആയി കാണണം.അഭിനവ മദനിമാരെ കുറിച്ചുള്ള ലേഖനങ്ങളും പ്രവഹിക്കട്ടെ......ഹാ...ലോകവസാനം ഒന്ന് വേഗത്തിലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.


അഖിലേന്ത്യാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണല്ലോ ജമാഅത്തെ ഇസ്ലാമി.നിരവധി സന്ദർഭങ്ങളിൽ മുസ്ലീങ്ങളുടെ ദേശീയ കൂട്ടായ്മകൾ രൂപീകരിക്കുന്നതിലും മറ്റും കാര്യപ്പെട്ട സംഭാവനകൾ നൽകിയ സംഘടന.സാമൂഹിക രാഷ്ട്രീയ ഇടപെടൽ ഇസ്ലാമിക ദൗത്യമായി കരുതുന്ന സംഘടന.എന്ത്‌കൊണ്ടാണ് ജമാഅത്തെ ഇസ്ലാമി, സംഘപരിവാർ ഭരണകൂടത്തിന്റെ ബലത്തിൽ മുസ്ലീം സമുദായത്തെ കൊന്നൊടുക്കുന്നതിനെതിരെ ദേശീയ പ്രക്ഷോഭം നടത്താൻ ശ്രമിക്കാത്തത്?. മുസ്ലീം സമുദായത്തെയും സമാനമായ അടിച്ചമർത്തലുകൾക്കും വംശഹത്യക്കും ഇരയാകുന്ന സമുദായങ്ങളെയും അണിനിരത്തിയുള്ള ദേശീയ പ്രക്ഷോഭത്തിന് ,അതുവഴി ഭരണകൂടങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും പാർലമെന്റിനെയും അസ്വസ്ഥപെടുത്തുന്നതിന്,സമുദായത്തിന് ആത്മവിശ്വാസവും കരുത്തും പകരുന്നതിന്,അന്തർദേശീയ തലത്തിൽ ഈ ക്രൂരതകൾക്കെതിരെ ഐക്യദാർഡ്യം വളർത്തിയെടുക്കുന്നതിന് എല്ലാം ജമാഅത്തെ ഇസ്ലാമി വിചാരിച്ചാൽ കുറെയൊക്കെ സാധിക്കില്ലേ?. ഐ എസ് ഇസ്ലാമല്ല എന്ന ക്യാമ്പയിന് നൽകുന്ന പരിഗണനയുടെ മൂന്നിലൊന്ന് പ്രാധാന്യമെങ്കിലും നൽകി, ഇത്തരമൊരു പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങാൻ സാധിക്കാത്തതോ തോന്നാത്തതോ ആയ തടസ്സം ജമാഅത്തെ ഇസ്ലാമിക്കുണ്ട് എന്ന വിമർശം പ്രസക്തമല്ലേ?. ഈജിപ്തിലെ പട്ടാള അട്ടമറിക്കതിരെ നടത്തിയ റാബിഅ അദബിയ പോലൊരു പ്രതിഷേധ കൂട്ടായ്മ പോലും സംഘടിപ്പിക്കാൻ സാധിക്കാത്തതിന്റെ കാരണം എന്താണെന്ന ആത്മ പരിശോധന ജമാഅത്ത് നടത്തേണ്ടതല്ലേ?.

ഇന്ത്യയിലെ മുസ്ലീം സമുദായം രാഷ്ട്രീയ ശക്തിയല്ലാത്തതാണ് അവരുടെ അരക്ഷിതാവസ്ഥയുടെ പ്രധാന കാരണമെന്നും അതിന് ചരിത്രപരമായ കാരണങ്ങളുണ്ടെന്നും നമുക്കറിയാം.അത് പരിഹരിക്കുന്നതിന് ഊന്നൽ നൽകി കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് എന്ത്‌കൊണ്ട് നേതൃത്വം നൽകുന്നില്ല?.ജംഇയത്തുൽ ഉലമായെ ഹിന്ദിനോ ഇതര മുസ്ലീം ദേശീയ സംഘടനകൾക്കോ എന്ത്‌കൊണ്ട് അതിൽ താൽപര്യമില്ല/സാധിക്കുന്നില്ല?. മുസ്ലീം ലീഗിന് എന്ത്‌കൊണ്ടാണ് ദേശീയ ശ്രദ്ധയാകർശിക്കുന്ന ഒരു പ്രക്ഷോഭം കേരളത്തിൽ പോലും നടത്താൻ തോന്നാത്തത്?.മുസ്ലീം ഐക്യവേദിയുടെ ഒരു യോഗം പോലും ചേരാത്തതെന്താണ്?.ലീഗിന്റെ കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കാനുള്ള ഉപാധിയും പരിചയുമാണോ ഈ സമുദായവും അതിന്റെ അഭിമാനവും?.

ഡോ.ഹുസൈൻ മടവൂർ ദേശീയ സംഘടനയൊക്കെ ഉണ്ടാക്കിയിരുന്നുവല്ലോ.ബീഫ് മുസ്ലീം പ്രശ്‌നമല്ലാന്ന് ലേഖനം എഴുതുന്നതിൽ മാത്രം തൽപരനാവുകയും രാജ്യത്തെ മുസ്ലീം സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങളിൽ ചെറുവിരൽ അനക്കാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണമെന്താണ്?.നരേന്ദ്രമോദിയെ കണ്ട എ പി അബൂബക്കർ മുസ്ലിയാരും മറ്റു സൂഫി പണ്ഡിതൻമാരും കശ്മീരിലെ തീവ്രവാദത്തിന്റെ കാരണം കണ്ടെത്തിയിരുന്നവല്ലോ.അതിന്റെ തുടർച്ചയാണോ മഅ്ദിൻ നടത്തുന്ന ത്രീവവാദികളില്ലാത്ത വീട് ക്യാമ്പയിൻ?.എ പി അബൂബക്കർ മുസ്ലിയാർ ബിജെപി ഭരണകൂടത്തിന്റെ മുസ്ലീം വിരുദ്ധ നീക്കങ്ങളോട് കണ്ണടച്ച് നടത്തുന്ന സ്ഥാപന പ്രവർത്തനങ്ങൾ ഈ സമുദായത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിലോ അവരുടെ ജീവൻ സംരക്ഷിക്കുന്നതിലോ ഏതെങ്കിലും തരത്തിൽ ഗുണം ചെയ്യുന്നുണ്ടോ?.അത് അല്ലാഹു നോക്കികൊള്ളും എന്നാണ് മറുപടിയെങ്കിൽ വിദ്യഭ്യാസവും അല്ലാഹു നോക്കികൊള്ളും എന്ന് കരുതാമല്ലോ.സ്വന്തം സ്ഥാപനങ്ങളും നേതാക്കളും വരെ വേട്ടയാടപ്പെട്ടിട്ടും മുജാഹിദ് സംഘടനകൾ ഇത് വല്ലതും അറിഞ്ഞ ഭാവം നടിക്കുന്നുണ്ടോ?.ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ തീവ്രവാദ പ്രവണതകൾ വ്യാപകമാണ് എന്ന് ധ്വനിപ്പിക്കുന്ന ക്യാമ്പയിനുകൾ നടത്തുന്നിൽ കാണിക്കുന്ന താൽപര്യത്തിന്റെ നൂറിലൊന്ന്, ഒരു ദേശീയ പ്രക്ഷോഭം ഉയർത്തി കൊണ്ടുവരാൻ, അതുവഴി ബിജെപി സർക്കാറിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാൻ മുസ്ലീം സംഘടനകൾക്ക് തയ്യാറായിക്കൂടെ?.

അഭിമാന പൂർവ്വം ജീവിക്കാവുന്നൊരു സാഹചര്യത്തെ സ്വപ്‌നം കാണാനെങ്കിലും ഈ സമുദായത്തോട് പറയാൻ സംഘടനകളും നേതാക്കളും തയ്യാറാവണം.നിങ്ങളുടെ മുൻഗണനകൾ മാറ്റാൻ തയ്യാറാവണം.(നമുക്ക് നമ്മുടെ സംഘടനകൾ പ്രിയപ്പെട്ടതാണ്,പൊന്നാണ്.പക്ഷെ ദൗത്യം മറന്നവരായി തീർന്നിരിക്കുന്നുവെന്ന ആത്മവിമർശം പോലും സാധിക്കാതെ വരുന്ന സാഹചര്യം ഭീതിജനിപ്പിക്കുന്നതാണ്.അത് നമ്മുടെ അടിവേര് മാന്തും.)

Read More >>