സംവരണത്തിനെതിരെയുള്ള ഇപ്പോഴത്തെ 'യുക്തി'വാദങ്ങൾ പഴയ സവർണ വാദങ്ങളുടെ ആവർത്തനം

സംവരണ ആവശ്യം ഉന്നയിച്ചുകൊണ്ട് ഹൈദരാബാദില്‍ നിന്നുള്ള ശ്രീ. നാഗപ്പ, മദ്രാസില്‍ നിന്നുള്ള മുനിസ്വാമി പിള്ളൈ തുടങ്ങിയ ദളിതര്‍ അസംബ്ലിയില്‍ ഉയര്‍ത്തിയ വാദങ്ങള്‍ ദളിത്‌- സാമൂഹ്യ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതാണ്- അജയ് കുമാർ എഴുതുന്നു

സംവരണത്തിനെതിരെയുള്ള ഇപ്പോഴത്തെ യുക്തിവാദങ്ങൾ പഴയ സവർണ വാദങ്ങളുടെ ആവർത്തനം

സംവരണത്തെ എതിര്‍ത്തുകൊണ്ട് ഇന്നു നാം കേള്‍ക്കുന്ന എല്ലാ വാദങ്ങളും അന്നത്തെ ഹോമോസാപ്പിയന്‍സ്, ഹിന്ദുത്വ വാദികള്‍, യൂത്ത് ഫോര്‍ ഈക്വാലിറ്റിക്കാര്‍, (പൊതു) സവര്‍ണ്ണര്‍ എന്നിവര്‍ സംവരണം ഒരു ഭരണഘടനാ മെക്കാനിസം ആക്കി മാറ്റാം എന്ന ചോദ്യം പരിഗണിച്ച ഡോ അംബേദ്‌കര്‍ അദ്ധ്യക്ഷന്‍ ആയുള്ള ഭരണഘടനാ നിര്‍മാണ സംഭയിലും ഉന്നയിച്ചിരുന്നു. വെറുതെ ഉന്നയിക്കുകയല്ല അതിശക്തമായി തന്നെ. അന്നും സംവരണത്തിനനുകൂലമായി ശക്തമായ വാദങ്ങള്‍ ഉണ്ടായി. സംവരണ ആവശ്യം ഉന്നയിച്ചുകൊണ്ട് ഹൈദരാബാദില്‍ നിന്നുള്ള ശ്രീ. നാഗപ്പ, മദ്രാസില്‍ നിന്നുള്ള മുനിസ്വാമി പിള്ളൈ തുടങ്ങിയ ദളിതര്‍ അസംബ്ലിയില്‍ ഉയര്‍ത്തിയ വാദങ്ങള്‍ ദളിത്‌- സാമൂഹ്യ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതാണ്.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അദ്ധ്യക്ഷനായ 'അഡ്വൈസറി കമ്മറ്റി ഓൺ മൈനോറിറ്റീസ്' ആണ് മുസ്ലീങ്ങള്‍, സിക്കുകാര്‍, ക്രൈസ്തവര്‍, പട്ടികജാതി- വര്‍ഗക്കാരുടെ സംവരണ വിഷയം പ്രത്യേകമായി പരിഗണിച്ചത്. സമിതി 1947ല്‍ നല്‍കുന്ന ആദ്യ ശുപാർശയില്‍ മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മതാടിസ്ഥാനത്തിലും, പട്ടികജാതി /വര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കണമെന്നും അത് 10 വര്‍ഷത്തേക്ക് നിജപെടുത്തണം എന്നുമുള്ള ആശയമാണ് മുന്നോട്ടു വച്ചത്. എന്നാല്‍ വിഭജനം സൃഷ്ടിച്ച സംഘര്‍ഷഭരിതമായ പശ്ചാത്തലത്തില്‍ മുസ്ലീങ്ങളില്‍ നിന്നുള്ള നേതാക്കളില്‍ വലിയൊരു വിഭാഗം മുസ്ലീം സംവരണം എന്ന ആശയത്തെ എതിര്‍ത്ത് മുന്നോട്ടു വരികയും (അവരെ അതിനു നിര്‍ബദ്ധിതമാക്കുന്ന സാഹചര്യം ഉണ്ടായി എന്നതാണ് ശരി) 1948ല്‍ ന്യൂനപക്ഷ സംവരണം മത ന്യൂനപക്ഷങ്ങളെ ഒഴിവാക്കികൊണ്ടും സംവരണം പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രമായി നിജപെടുത്തിക്കൊണ്ടും കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ട് ഭരണഘടനാ അസംബ്ലി അംഗീകരിക്കുകയും ചെയ്തു. തങ്ങള്‍ക്കിടയിലെ മസാബിസ്, രാമദാസിസ്, കബീര്‍പന്തീസുകള്‍, സിക്ക് ലിഖാകള്‍ എന്നീ വിഭാഗങ്ങള്‍ പട്ടികജാതിക്കാരുടെതിനു സമാനമായ സാഹചര്യവും വിവേചനവും അനുഭവിക്കുന്നവര്‍ ആണെന്നും അതുകൊണ്ട് അവരെ പട്ടിക ജാതിയില്‍ ഉള്‍പെടുത്തി സംവരണം ലഭ്യമാക്കണമെന്നുമുള്ള അസംബ്ലിയിലെ സിക്ക് പ്രതിനിധികളുടെ ആവശ്യം അംഗീകരിക്കപെട്ടു.

ആദ്യ പ്രമേയത്തില്‍ ഉണ്ടായിരുന്ന സംവരണം 10 വര്‍ഷത്തേക്ക് നിജപെടുത്തുന്ന കാര്യത്തില്‍ ഭേദഗതി ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സുദീര്‍ഘമായ ചര്‍ച്ചയ്ക്കും പിന്നീടു അസംബ്ലി വേദിയായി. ഈ ചര്‍ച്ചകളില്‍ ഉന്നയിക്കപെട്ട 'സംവരണം ഏതു വരെ തുടരണം' എന്ന ചോദ്യത്തിനു പില്‍കാലത്ത് ഉന്നയിക്കപ്പെട്ട എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം ഉണ്ടെന്നാണ് എന്‍റെ വിചാരം. പിന്നീട് സംവരണവുമായി ബന്ധപെട്ട നിരവധി കോടതി വ്യവഹാരങ്ങളില്‍ ഈ ചര്‍ച്ച കടന്നുവരുന്നുണ്ട്. ഓരോ പട്ടികജാതിക്കാരനും 30 ഏക്കര്‍ ഭൂമി മുതല്‍ ഗവര്‍ണ്ണര്‍- അംബാസിഡര്‍മാര്‍ പോലുള്ള ഉയർന്ന പദവികൾ വരെ ആര്‍ജ്ജിതമാകേണ്ട പ്രാതിനിധ്യത്തെക്കുറിച്ചും ആ ചർച്ചകളില്‍ എണ്ണി പറയുന്നുണ്ട്.

അംബേദ്‌കര്‍ 10 വര്‍ഷം എന്ന പരിമിതിയെ ഈ ചര്‍ച്ചയില്‍ അംഗീകരിച്ചു എന്ന കള്ളവും സംവരണ വിരുദ്ധര്‍ പ്രചരിപ്പിക്കുനുണ്ട്. അംബേദ്‌കര്‍ ഇന്ത്യയില്‍ അതുവരെ നിലവില്‍ ഉണ്ടായിരുന്ന സംവരണങ്ങളെ ഉദാഹരിച്ചുകൊണ്ട് എന്തുകൊണ്ട് പട്ടികജാതിക്കാര്‍ക്ക് നീണ്ട സംവരണ കാലയളവ്‌ വേണം എന്ന് വാദിക്കുകയാണ് ചെയ്തത്. പക്ഷെ നിലവിലെ പ്രമേയം എല്ലാവരും അംഗീകരിച്ചതുകൊണ്ടും, 10 വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ സ്ഥിതിയില്‍ മാറ്റമില്ലെന്ന് പട്ടികജാതിക്കാര്‍ക്ക് തോന്നുന്ന പക്ഷം തങ്ങളുടെ കഴിവും ബുദ്ധിയും ഉപയോഗിച്ച് സംവരണ കാലയളവ്‌ നീട്ടിയെടുക്കുന്നതില്‍ നിന്നും അവരെ തടയാന്‍ ആവില്ല എന്നാണ് അംബേദ്‌കര്‍ പറഞ്ഞത് (രാഷ്ട്രീയമായി ഇത് ഡോ: അംബേദ്ക്കറുടെ ഒരു master stork ആയിരുന്നു അതിലേക്കു പിന്നീടു വരാം) അംബേദ്‌ക്കറുടെ ഈ നിലപാടും, കൂടാതെ ജവഹര്‍ലാല്‍ നെഹ്‌റു പട്ടികജാതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് ഈ പ്രമേയം അംഗീകരിക്കപെട്ടത്‌.

(തുടരും)