പുറത്താക്കിയാല്‍ ഏറ്റവും കൂടുതല്‍ പുറത്താവുക നമ്മള്‍ ഇന്ത്യക്കാര്‍

ഇതേ അനധികൃത കുടിയേറ്റക്കാരടങ്ങിയ സദസ്സിനെയാണ് അമേരിക്കയില്‍ മോദി അഭിസംബോധന ചെയ്തത്. 2018 ല്‍ മാത്രം 7000 ത്തോളം അനധികൃത ഇന്ത്യക്കാരെ യുഎസില്‍ പിടികുടിയിട്ടുണ്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്രയെത്ര അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുണ്ട്?

പുറത്താക്കിയാല്‍ ഏറ്റവും കൂടുതല്‍ പുറത്താവുക നമ്മള്‍ ഇന്ത്യക്കാര്‍

അഹമദ് ശരീഫ് പി

40 ലക്ഷത്തില്‍ പരം സ്വദേശികളെ നാട് കടത്താനുള്ള അടവായി അസമിലെ പൗരത്വ പ്രശ്‌നം വീണ്ടും സജീവമായതു കഴിഞ്ഞദിവസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തു വിട്ടപ്പോഴാണ്. നേരത്തെ 1.92 കോടി പൗരന്മാരുടെ ലിസ്റ്റ് വന്നപ്പോള്‍ അതില്‍ ഉണ്ടായിരുന്നവരും ഇപ്പോഴില്ല. 3.29 കോടി അപേക്ഷകരില്‍ 2,89,83,677 പേരെ കാണാനുള്ളൂ. ഇതോടെ അസം വീണ്ടും പ്രക്ഷുബ്ധമാവുകയാണ്. വര്‍ഷങ്ങളോളം സ്വന്തം പൗരന്മാര്‍ക്കെതിരെ വിദേശ മുദ്ര കുത്തി വംശീയ കലാപങ്ങളുടെ ചോരപ്പുഴ ഒഴുക്കിയ അസം ഒരിക്കല്‍ കൂടി അസ്വസ്ഥമാവുകയാണ്. 1981ല്‍ പിഞ്ചു കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊന്നുകൂട്ടിയ നെല്ലി കുട്ടനരഹത്യ ആര്‍ക്കു മറക്കാനാവും.

ന്യൂനപക്ഷങ്ങളെ കുടിയേറ്റ മുദ്ര ചാര്‍ത്തി കൊന്നൊടുക്കുകയോ നാടുകടത്തുകയോ ചെയ്യുന്ന വംശവിദ്വേഷത്തിന്റെ രാഷ്ട്രീയം കളിക്കുക മാത്രമേ ഇനി ബിജെപിക്ക് ക്ഷയുള്ളൂ. കാരണം യുപിയും ബീഹാറും 2019ല്‍ തല തിരിയുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. യുപിയിലെ 80 ല്‍ 71 ഉംബിഹാറിലെ 40 ല്‍ 22 സീറ്റും നേടിയ കരുത്തില്‍ കേന്ദ്ര ഭരണം കൊണ്ടുപോകുന്ന എന്‍ഡിഎയ്ക്കു എസ്പിയും ബിഎസ്പിയും ഒന്നിച്ചു നിന്നാല്‍ യുപിയില്‍ തങ്ങൾ തോറ്റു തുന്നം പാടുമെന്നറിയാം. ബിഹാറില്‍ ഇപ്പോഴുള്ള 22 സീറ്റും അടുത്ത തവണ കിട്ടുകയിലെന്ന് ബിജെപിക്കു ഉറപ്പാണ്. അതിന് പകരമായി അസമും വെസ്റ്റ് ബംഗാളും പിടിച്ചടക്കാനുള്ള അജണ്ടയാണ് ഇപ്പോഴത്തെ പൗരത്വ നിഷേധത്തിന് പിന്നില്‍. അസമിനേക്കാളേറെ പശ്ചിമ ബംഗാളാണ് ബിജെപിയുടെ ഉന്നം.

അസമിലെ 40 ലക്ഷത്തെ തങ്ങള്‍ വിദേശികളാക്കിയ ക്രഡിറ്റുമായി ഇറങ്ങിയാല്‍ ബംഗാളിലെ ഹിന്ദു വോട്ടര്‍മാര്‍ വീഴുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായി മമത ബാനര്‍ജിയുടെ പേര് പുറത്തുവന്ന ഉടനെ പൗരത്വ നിഷേധം സംഭവിക്കുന്നത് യാദൃ ശ്ചികമല്ല. യുപിയില്‍ നഷ്ടപെടുന്നത് ബംഗാളില്‍ പിടിക്കാമെന്ന മോഹവും മമത ഡല്‍ഹി വാഴാന്‍ വരുന്നത് തടയുകയും ചെയ്യുക എന്ന രണ്ടു ലക്ഷ്യം ഒരു വെടിക്ക്. അതിനാകട്ടെ 30 വര്‍ഷമായി രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന മുഹമ്മദ് അസ്മല്‍ ഹഖ് ഉള്‍പ്പെടെയുള്ള രാജ്യസ്‌നേഹികളായ 40,07,707 പേരെയാണിപ്പോള്‍ ഒറ്റയടിക്ക് വിദേശികളായി മാറ്റിയിരിക്കുന്നത്. അതില്‍ മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദര കുടുംബവും ഉള്‍പ്പെടുന്നു.

1971 മാര്‍ച്ച് 25 നു മുമ്പ് അസ്മിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും പൗരത്വം ഉറപ്പുവരുത്തുന്ന ഒത്തുതീര്‍പ്പിലൂടെ അവസാനിപ്പിച്ച അസമിലെ പ്രതിസന്ധി പ്രസ്തുത ധാരണയുടെ അടിസ്ഥാനത്തില്‍ നടന്ന നടപടിക്രമങ്ങളുടെ പരിണിത ഫലമായി എത്തിച്ചേര്‍ന്നതാണ്. അന്ന് പരാതിയുണ്ടായിരുന്നത് മൂന്ന് ലക്ഷത്തില്‍ താഴെ ആളുകളുടെ പേരിലായിരുന്നു. ഇപ്പോഴാകട്ടെ ഒരു ജനത ഒന്നടങ്കം അന്യരായി, രാജ്യമില്ലാത്തവരായി. ഇതിന്റെ ദുരിതം ഏറ്റവും ബാധിക്കുക അസമിലേക്ക് കുടിയേറിയ പശ്ചിമ ബംഗാളുകാരായ ഇന്ത്യക്കാരെയാണ്. അതാണ് മമതയ്ക്കും പ്രശ്‌നം. യഥാര്‍ത്ഥത്തില്‍ എല്ലാ അസമുകാരും കുടിയേറ്റക്കാരാണ്. അസമിലെ തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടു വന്നു പാര്‍പ്പിച്ചവരാണ് ഇവിടുത്തെ ബഹുഭൂരിപക്ഷമാളുകളും. ആദ്യം വന്നവരും പിന്നെ വന്നവരും എന്ന വ്യത്യാസമാണ് അവര്‍ തമ്മിലുള്ളത്.

പക്ഷേ വംശീയതയുടെ രഷ്ട്രീയം കളിക്കുന്ന ബിജെപി ഒന്ന് ഓര്‍ക്കുന്നില്ല. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ചെയ്യുന്ന അതേ പണിയാണിവിടെ മോദിയും കൂട്ടരും പയറ്റുന്നത്. മെക്‌സിക്കോ വഴിയുള്ള കുടിയേറ്റം തടയാനാണ് ട്രംപ് മതില്‍ കെട്ടുന്നതെങ്കില്‍ യുഎസിലെ രണ്ടാമത്തെ ഏറ്റവും വലിയ അനധികൃത കുടിയേറ്റക്കാര്‍ നമ്മള്‍ ഇന്ത്യക്കാരാണ്. ഇതേ അനധികൃത കുടിയേറ്റക്കാരടങ്ങിയ സദസ്സിനെയാണ് അമേരിക്കയില്‍ മോദി അഭിസംബോധന ചെയ്തത്. 2018 ല്‍ മാത്രം 7000 ത്തോളം അനധികൃത ഇന്ത്യക്കാരെ യുഎസില്‍ പിടികുടിയിട്ടുണ്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്രയെത്ര അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുണ്ട് ?

അടുത്ത കാലത്തു യുഎഇ, സൗദി, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളിലെല്ലാം പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ പുറത്തു വന്നതില്‍ 80 ശതമാനവും ഇന്ത്യക്കാരായിരുന്നു എന്ന് അറിയാമോ മോദിക്കും ബിജെപിക്കും. യുഎഇ ഒരു പൊതുമാപ്പ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ തന്നെയാണ് മുഖ്യ ലക്ഷ്യം. അസമില്‍ ഇനി കോടതി വിലങ്ങിട്ടതുകൊണ്ടോ ബലപ്രയോഗം പാടില്ലെന്ന് പറഞ്ഞത് കൊണ്ടോ കാര്യമില്ല. വിദേശ മുദ്ര കുത്തപ്പെട്ട പാവങ്ങളെ തിരഞ്ഞുപിടിച്ച് അടിച്ച് ഓടിക്കുകയോ ഇടിച്ചു കൊല്ലുകയോ ചെയ്യേണ്ട പണി ജനക്കൂട്ടമായിക്കൊള്ളും. അപ്പോള്‍ 40 ലക്ഷം വോട്ടിന്റെ വ്യത്യാസത്തിന് ബിജെപിയുടെ കയ്യിലിരിക്കും അസം.

കുടിയേറ്റം ഒരു കുറ്റമാണെങ്കില്‍ നമ്മളാണ് ഏറ്റവുമേറെ വിദേശങ്ങളിലേക്ക് നുഴഞ്ഞു കയറുന്നത്. അത് ആഭ്യന്തര കലാപം മൂലമല്ല. ജീവിക്കാനായിട്ട് സാമ്പത്തിക ഭദ്രത ഉന്നമിട്ടു തന്നെയാണ്. അതേപടി ജോലി ചെയ്തു കുടുംബം പോറ്റാനാണ് പാവപ്പെട്ട ബംഗാളികള്‍ അസമില്‍ മുമ്പെത്തിയതും ഇപ്പോള്‍ കേരളത്തിലെത്തുന്നതും. ദാരിദ്ര്യം മാത്രമാണതിന് കാരണം. അല്ലാതെ സിറിയന്‍ അഭ്യര്‍ത്ഥികളെപ്പോലെ ആഭ്യന്തര കലാപം മൂലം ആട്ടിയോടിക്കപ്പെട്ടവരല്ല അവര്‍. സാമ്പത്തിക കാരണങ്ങളാല്‍ വന്ന കുടിയേറ്റക്കാരല്ല ബംഗാളികള്‍ എന്ന ബിജെപി വാദം നൂറു ശതമാനം തെറ്റാണ്. 5000 വര്‍ഷങ്ങള്‍ക്കു മുമ്പു എപ്രകാരമാണോ ആര്യ വിദേശികള്‍ ഇന്ത്യയിലേക്ക് കുടിയേറി ഇവിടത്തെ മുന്തിയ കൂട്ടരായി മാറി സ്വത്തും അധികാരവും പിടിച്ചടക്കിയതെന്നു അവരുടെ ഈ പുത്തന്‍ പിന്മുറക്കാര്‍ ഓര്‍ക്കുന്നതു നന്ന്.

Read More >>