പരിശോധനയുടെ പേരിൽ ഈ വൃത്തികെട്ട പരിപാടി വേണോ കൂട്ടരേ

സർവോപരി, വസ്ത്രങ്ങൾ അഴിപ്പിക്കുന്നവരും അടിവസ്ത്രങ്ങൾ ഊരിയെടുക്കുന്നവരും ചില്ലറ മനഃസ്സുഖങ്ങൾ അനുഭവിക്കുന്നുണ്ടാവണം. അക്കൂട്ടത്തിൽ ഞരമ്പ് രോഗികൾ കുടിയുണ്ടാകുമ്പോൾ കാര്യങ്ങൾ പിടിവിടുന്നു.

പരിശോധനയുടെ പേരിൽ ഈ വൃത്തികെട്ട പരിപാടി വേണോ കൂട്ടരേ

നീറ്റ് പരീക്ഷ എഴുതാൻ വരുന്ന പെൺകുട്ടികളെ പീഡിപിക്കുന്ന പരിപാടി കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. പ്രവേശന പരീക്ഷ എഴുതാൻ വരുന്ന പെൺകുട്ടികൾ പൊതുവെ തന്നെ വളരെ ടെൻഷനോടു കൂടിയായിരിക്കും എത്തുന്നത്. വീണവന് ഒരു ചവിട്ടും കൂടി എന്ന മട്ടിലാണ് സിബിഎസ്ഇ അധികൃതർ ഡ്രസ് കോഡ് കൊണ്ടുവന്നത്. കോപ്പിയടി തടയാൻ മറ്റു നിരവധി വഴികളുണ്ടായിട്ടും അപ്പേരിൽ ഡ്രസ് കോഡ് അടിച്ചേൽപിക്കാൻ അധികൃതർക്ക് പ്രേരണ മറ്റു പലതുമാകാം. എന്നാൽ ഇതിന്റെ പേരിൽ പരീക്ഷാർഥികളായ പെൺകുട്ടികൾ അനുഭവിക്കുന്ന മാനസിക പീഡനങ്ങൾ ചില്ലറയല്ല. വസ്ത്ര പരിശോധന കഴിഞ്ഞാൽ തന്നെ കുട്ടികൾക്ക് നേരാം വണ്ണം പരീക്ഷ എഴുതാനാവില്ല. അപ്പോൾ പിന്നെ തുറിച്ച കണ്ണുകൾ തന്റെ മാറിലാണ് എന്ന് മനസിലാകുമ്പോൾ ഒരു പെൺകുട്ടി എങ്ങനെ പരീക്ഷ എഴുതും?

പർദയും മഫ്തയുമൊക്കെ ധരിക്കുന്നവരെ ബുദ്ധിമുട്ടിക്കാൻ ഏതോ കുബുദ്ധിയിലുദിച്ച നിബന്ധനകളുടെ പേരിൽ എത്ര പെൺകുട്ടികളാണ് കണ്ണീരു കുടിച്ചത്. കഴിഞ്ഞ തവണ വസ്ത്രങ്ങൾക്ക് കത്തി വച്ചതിന്റെ പേരിലും വസ്ത്രം അഴിപ്പിച്ചതിന്റെ പേരിലും വലിയ വിവാദങ്ങളുണ്ടായി. ഒരു കന്യാസ്ത്രീക്ക് പരീക്ഷ എഴുതാൻ പറ്റാതെ മടങ്ങേണ്ടി വന്നു. ഇതിനൊക്കെ ആരു മറുപടി പറയും. സർവോപരി, വസ്ത്രങ്ങൾ അഴിപ്പിക്കുന്നവരും അടിവസ്ത്രങ്ങൾ ഊരിയെടുക്കുന്നവരും ചില്ലറ മനഃസ്സുഖങ്ങൾ അനുഭവിക്കുന്നുണ്ടാവണം. അക്കൂട്ടത്തിൽ ഞരമ്പ് രോഗികൾ കുടിയുണ്ടാകുമ്പോൾ കാര്യങ്ങൾ പിടിവിടുന്നു. ഇതിനൊക്കെ വഴിവച്ചു കൊടുക്കേണ്ട ഒരാവശ്യവും സിബിഎസ്ഇ അധികൃതർക്ക് ഇല്ല.

ടെൻഷൻ പരമാവധിയുണ്ടാക്കി പെൺകുട്ടികളെ കശക്കുന്നത് സ്ത്രീ പീഡനത്തിന്റെ പരിധിയിൽ വരുന്ന കാര്യം തന്നെയാണ്. ഇനി ഇങ്ങനെയൊക്കെ നിയമങ്ങളുണ്ടെങ്കിലും അതാതു സെന്ററുകളിലെ അധികൃതർക്ക് തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ചു ഇതൊക്കെ ഒഴിവാക്കാവുന്നതേയുള്ളൂ. മിക്ക സ്ഥലത്തും അതാണ് ചെയ്യുന്നതും. എന്നാൽ ചില വിദ്വാന്മാർ തങ്ങൾക്ക് കിട്ടിയ അല്പാധികാരം അമിതമായി പ്രയോഗിക്കുകയും നിയമത്തേക്കാൾ വലിയ നിയമാധികാരികളാവുന്നതും എത്രയെത്ര കുട്ടികളുടെ ഭാവി പ്രതീക്ഷകളെയാണ് തകിടം മറിക്കുന്നതെന്ന് ഗൗരവപൂർവം ആലോചിക്കേണ്ടതുണ്ട്.

Read More >>