എൽഡിഎഫ് സർക്കാർ: വീഴ്ച്ചയും തീവ്രവാദവും

"പൊലീസിന്റെ മനോവീര്യം തകരാതിരിക്കാൻ ആണത്രെ ഇത്. ഇപ്പൊ മനോവീര്യം കൂടിക്കൂടി എന്തും ചെയ്യാം എന്നായിരിക്കുന്നു. അതിന്റെ ഉദാഹരണമാണ് ആലുവയിലെ ഉസ്മാൻ സംഭവം"- അഹമ്മദ് ശരീഫ് പി എഴുതുന്നു

എൽഡിഎഫ് സർക്കാർ: വീഴ്ച്ചയും തീവ്രവാദവും

ജിഷ്ണു-പൊലീസിന് വീഴ്ച പറ്റി, നടിക്കെതിരെ ആക്രമണം- പൊലീസിന് വീഴ്ച പറ്റി, മറൈൻ ഡ്രൈവ്-സംഭവത്തിലും വീഴ്ച, വാളയാറിലും വീഴ്ച, മിഷേൽ കൊലപാതകത്തിലും വീഴ്ച തന്നെ, ഇങ്ങനെ തുടങ്ങി ഏതു സംഭവത്തിലും വീഴ്ച്ചയാണ്. കൊട്ടിയൂർ പീഡനം, മധുവിന്റെ കൊലപാതകം, ശെഫീറിന്റെ കൊല, ശ്രീജിത്തിനെ കൊന്നത്, കെവിൻ കൊല, തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത്; എല്ലാറ്റിലും വീഴ്ച പറ്റിയതായി മുഖ്യമന്ത്രി സമ്മതിക്കുകയുണ്ടായി . പൊലീസ് മനപ്പൂർവം നടത്തിയിട്ടുള്ള പരാക്രമങ്ങളാണ് 'വീഴ്ച' എന്ന സുന്ദര വാക്കിൽ പൊതിഞ്ഞ് മുഖ്യമന്ത്രി പിണറായി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്. വീഴ്ച എന്ന ലാഘവത്തിലേക്ക് ബോധപൂർവ്വം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ മാറ്റി മറിക്കുന്ന രീതിയാണ് കുറെ കാലമായി സംസ്ഥാന ഭരണകൂടം തുടരുന്നത്. ഇത് പൊലീസിനെയും സർക്കാരിനെയും എത്ര മാത്രം പരിഹാസ്യരാക്കുന്നുണ്ടെന്നു അവരറിയുന്നില്ല. വീഴ്ച പറ്റി എന്ന് പറയൽ മാത്രമായിരിക്കുന്നു പിണറായിക്ക് പണി .

പൊലീസ് മർദ്ദനങ്ങൾക്കെതിരെ പ്രസംഗിച്ചും പൊരുതിയും വളർത്തിയെടുത്ത കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നു അതൊക്കെ കേവലം വീഴ്ചകളാക്കി അവതരിപ്പിക്കുന്ന, ഉത്തരവാദികളായ പൊലീസ് മേധാവികളെ രക്ഷപ്പെടുത്തുന്ന നാണക്കേട് ദയവു ചെയ്തു നിർത്തുക. പരമാവധി ഒരു സസ്‌പെൻഷൻ, അല്ലങ്കിൽ സ്ഥലം മാറ്റം - ഇത്രയേ ഇടതു കാലത് പേടിക്കാനുള്ളൂ എന്ന് പൊലീസ് ഊറി ചിരിക്കുന്നു. പൊലീസിന്റെ മനോവീര്യം തകരാതിരിക്കാൻ ആണത്രെ ഇത് . ഇപ്പൊ മനോവീര്യം കൂടിക്കൂടി എന്തും ചെയ്യാം എന്നായിരിക്കുന്നു . അതിന്റെ ഉദാഹരണമാണ് ആലുവയിലെ ഉസ്മാൻ സംഭവം . ഇനി വീഴ്ച്ച എന്ന ഒറ്റ മൂലി ഫലിച്ചില്ലെങ്കിൽ തീവ്രവാദം എന്ന മറ്റൊരു മരുന്ന് കൂടി ഉണ്ട്. ഗെയിൽ സമരം, വയൽകിളികൾ തുടങ്ങി പലയിടത്തും രക്ഷപ്പെടാൻ തീവ്രവാദ പ്രയോഗം സഹായകമായിട്ടുണ്ട് . പ്രതിഷേധിച്ചവരിൽ തീവ്രവാദി ഉണ്ടായിരുന്നതിനാൽ അതിനും മുമ്പേ നടന്ന പൊലീസ് ഉസ്മാനെ തല്ലിച്ചതക്കുക എന്ന ക്രൂരകൃത്യം ശരിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത് . തങ്ങൾ ഉത്തരവാദിത്വം നിർവഹിച്ചില്ലെങ്കിലും തെറ്റു ചെയ്താലും വഴി യെ പോകുന്ന തീവ്രവാദിയെ ചൂണ്ടിക്കാണിച്ചാൽ മതിയെന്ന് പൊലീസിനറിയാം.പൊലീസ് എഴുതി കൊടുക്കുന്നത് അപ്പടി കണ്ണുമടച്ചു വിശ്വസിച്ചു വിളംബരപ്പെടുത്തുന്ന ഒരു ചിഫ് മിനിസ്റ്റർ കേരളത്തിൽ മുമ്പുണ്ടായിക്കാനില്ല . പൊലീസിന് കൂടുതലായി കിട്ടിയ ഈ വീര്യങ്ങൾ ഇനിയെന്തൊക്കെ പൊല്ലാപ്പാണാവോ നാട്ടിലുണ്ടാക്കുക .


Read More >>