ഹാദിയ നേരിടുന്ന മൗലികാവകാശ ലംഘനങ്ങള്‍ ഒരു വനിതാ വിമോചകരെയും അലോസരപ്പെടുത്തുന്നില്ലേ... അവളെന്താ രാജ്യദ്രോഹിയാണോ ?

അവളെ എന്തിനാണ് 25 പോലീസുകാരുടെ തടവറയിൽ തളച്ചിട്ടിരിക്കുന്നത്? TV കാണാൻ പാടില്ലത്രേ... പത്രം നൽകുന്നില്ലത്രേ... മുറ്റത്തിറങ്ങലും ആകാശം കാണലും അവൾക്ക് നിഷിദ്ധമാണ്... ഫോൺ ഉപയോഗിക്കരുത്. കക്കൂസിൽ പോലും അവളെ വനിതാ പോലീസ് പിന്തുടരുന്നു... അവൾ കൊലപാതകിയാണോ? ഭീകരവാദിയാണോ? രാജ്യദ്രോഹിയാണോ? അവൾ ഇന്ത്യൻ നിയമപ്രകാരം ഒരു പെറ്റിക്കേസിലെങ്കിലും പ്രതിയാണോ...?- അഡ്വ കെ സി നസീർ എഴുതുന്നു

ഹാദിയ നേരിടുന്ന മൗലികാവകാശ ലംഘനങ്ങള്‍ ഒരു വനിതാ വിമോചകരെയും അലോസരപ്പെടുത്തുന്നില്ലേ... അവളെന്താ രാജ്യദ്രോഹിയാണോ ?

24 വയസ്സുള്ള ഹാദിയ... ബിഎച്ച്എംഎസ് ബിരുദ കോഴ്സിന്റെ ഹൗസ് സർജൻസി പൂർത്തിയാക്കാൻ അച്ഛൻ മുൻ വർഷങ്ങളിലെ മാർക്ക് ലിസ്റ്റുകൾ പിടിച്ചു വെച്ചതിനാൽ സാധിച്ചിട്ടില്ല. പലവട്ടം കോടതിയിൽ മാർക്ക് ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല...

സ്വന്തമായി തീരുമാനിച്ച് മുസ്ലിമായി... 2016 ജനുവരിയിൽ ആദ്യത്തെ ഹേബിയസ് കോർപ്പസ്... കോടതിയിൽ ഹാജരായി താൻ മുസ്ലിമായ പശ്ചാത്തലവും താൻ ആരുടെയും തടവിലല്ലെന്നും മാതാപിതാക്കളുടെ കൂടെ പോവാൻ തയ്യാറല്ലെന്നും കോടതിയെ അറിയിക്കുന്നു. കേരള ഹൈക്കോടതി അവളെ സ്വതന്ത്രയാക്കി സത്യസരണിയിലേക്ക് ഇസ്ലാം പഠിക്കാനായി സൈനബക്കൊപ്പം വിടുന്നു- 2016 ജനുവരി 25ന്.

* * * *

സത്യസരണിയിലെ പഠനം കഴിഞ്ഞ് ഹാദിയ അച്ഛനെ വിളിക്കുന്നു. തന്നെ കാണാൻ വരണമെന്നു പറയുന്നു. അച്ഛൻ വരുന്നില്ല. വിശ്വാസം ഉപേക്ഷിച്ച് തിരിച്ചു ചെല്ലാൻ പറയുന്നു. ഹാദിയ സൈനബക്കൊപ്പം താമസം തുടരുന്നു. 2016 ഏപ്രിൽ മാസത്തിൽ waytonikah.com ൽ വിവാഹ പരസ്യം നൽകുന്നു.

2016 ഓഗസ്റ്റിൽ അച്ഛൻ വീണ്ടും ഹേബിയസ് ഫയൽ ചെയ്യുന്നു. നിർബന്ധിത മതപരിവർത്തനവും സിറിയയിലേക്ക് പോകുമെന്നും ഒരു മാസമായി കാണാനില്ലെന്നും കള്ളം പറഞ്ഞാണ് ഹരജി കൊടുത്തത്. വീണ്ടും ഹാദിയ ഓ​ഗസ്റ്റ് 21 ന് ഹൈക്കോടതിയിൽ ഹാജരാകുന്നു... മൂന്നു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ജസ്റ്റിസ് സുരേന്ദ്രമോഹന്റെ ചേമ്പറിൽ വെച്ച് എല്ലാ കാര്യങ്ങളും; ആദ്യ ഹേബിയസ് ഹൈക്കോടതി തീർപ്പാക്കിയ സംഗതിയും കോടതിയാണ് തന്നെ സൈനബക്കൊപ്പം വിട്ടതെന്ന കാര്യമുൾപ്പെടെ വിശദീകരിക്കുന്നു...

തികച്ചും സ്വതന്ത്രയും ഒരിക്കൽ ഹൈക്കോടതി തന്നെ തീർപ്പാക്കി വിട്ടയച്ച വ്യക്തി എന്ന നിലയിലും അന്നു തന്നെ സ്വതന്ത്രയാക്കേണ്ടിയിരുന്നതിനു പകരം ഗൂഢോദ്ദേശ്യത്തോടെ സുരേന്ദ്രമോഹൻ അവളെ മാതാപിതാക്കളല്ലാതെ മറ്റാർക്കും- വക്കീലിനു പോലും കാണാനോ സംസാരിക്കാനോ ഫോൺ ഉപയോഗിക്കാനോ അനുവാദമില്ലാതെ ഹോസ്റ്റലിലേക്കയക്കുന്നു.

പിറ്റേ ദിവസം കോടതിയിൽ കേസ് വിളിച്ചപ്പോൾ ഹാദിയയുടെ അഭിഭാഷകൻ ഇതു വളരെ ഗൗരവമുള്ള കാര്യമാണെന്നും ഒരു തെറ്റും ചെയ്യാത്ത പ്രായപൂർത്തിയായ, വിദ്യാസമ്പന്നയായ, 24 വയസ്സുള്ള ഒരു വ്യക്തി എന്ന നിലയിൽ ഹാദിയയെ ഹോസ്റ്റലിൽ തടവിലിടുന്നത് അന്യായമാണെന്നും പറഞ്ഞപ്പോൾ ഇത് ഞാൻ സീരിയസായിട്ടു തന്നെയാണ് എടുക്കുന്നതെന്നും എല്ലാം ഞാൻ ശരിയാക്കിത്തരാമെന്നും കോടതി വെല്ലുവിളിയുടെ സ്വരത്തിൽ പറയുന്നു...

അവിടെത്തുടങ്ങിയതാണ് ഹാദിയ എന്ന ഇന്ത്യൻ പൗരക്കെതിരെയുള്ള നിയമവിരുദ്ധ, മനുഷ്യത്വരഹിത കടന്നുകയറ്റവും നീതിനിഷേധവും മൗലികാവകാശ ലംഘനങ്ങളും.

46-ാo ദിവസം ജസ്റ്റിസ് പി എൻ രവീന്ദ്രനും ജ മുഷ്താക്കുമടങ്ങിയ ബെഞ്ച് അവളോട് വിശദമായി തുറന്ന കോടതിയിൽ വച്ച് സംസാരിച്ചതിന്റെ ബോധ്യത്തിൽ ഹാദിയയുടെ ഇഷ്ടപ്രകാരം വീണ്ടും സൈനബക്കൊപ്പം വിടുന്നു- 27/9/16 ന്.

ഇതിനും മുമ്പേ way to nikah ൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഓ​ഗസ്റ്റ് എട്ടിന് ഷഫിനും ഹാദിയയും പരസ്പരം ഫോട്ടോ കൈമാറ്റം നടന്നിട്ടുണ്ട്. അന്ന് ഷഫിൻ മസ്കറ്റിലാണ്. ഇതിന്റെ തുടർച്ചയെന്നോണം ഷഫിന് ലീവ് കിട്ടിയപ്പോൾ 2016 നവംബറിൽ നാട്ടിലെത്തുന്നു... നവംബർ 30 ന് ഹാദിയയും ഷഫിനും നേരിട്ട് കണ്ട് പരസ്പരം ഇഷ്ടപ്പെട്ട് സിസംബർ 19 ന് നിക്കാഹ് തീരുമാനിക്കുന്നു. സിസംബർ 14 ന് ഷെഫിൻ കൊല്ലം ചാത്തിനാംകുളം മഹല്ലിൽ നിന്ന് നിക്കാഹിനുള്ള അനുമതിപത്രം വാങ്ങിയിട്ടുണ്ട്.. ഇസ്ലാമിക നിയമപ്രകാരം പിതാവ് അമുസ്ലിമായതിനാൽ ഖാളി രക്ഷാകർത്താവായി നിന്ന് നിക്കാഹ് നടന്നു.

20ാം തിയ്യതി വക്കീൽ വിളിച്ചു പറഞ്ഞതു പ്രകാരം 21 ന് ഹാദിയ ഭർത്താവുമൊന്നിച്ച് കോടതിയിൽ ഹാജരാവുന്നു... ജസ്റ്റിസ് സുരേന്ദ്രമോഹൻ പൊട്ടിത്തെറിക്കുന്നു. വിജ്രംഭിക്കുന്നു. ഹാദിയയെ വിവാഹത്തിന്റെ മൂന്നാം നാൾ വീണ്ടും തടവിലാക്കുന്നു... ചെയ്ത തെറ്റെന്തെന്ന് ജഡ്ജിക്കു മാത്രമേ അറിയൂ...

വിവാഹം തട്ടിക്കൂട്ടിയതാണെന്നും അന്വേഷിക്കണമെന്നും ഡിവൈഎസ്പി മോഹനചന്ദ്രനോട് കോടതി പറഞ്ഞു. അന്വേഷിച്ചു; റിപ്പോർട്ട് നൽകി... There is nothing Unusual... എന്നായിരുന്നു, എല്ലാ സംഗതികളും രേഖകളും പരിശോധിച്ച് ഖാളിയുടെ മൊഴിയെടുത്ത് ഡിവൈഎസ്പി നൽകിയ റിപ്പോർട്ട്.

പിന്നെയും 150 ദിവസത്തെ തടവറ... ഭർത്താവിന് പോലും കാണാനോ ഫോൺ ഉപയോഗിക്കാനോ പാടില്ല...മാതാപിതാക്കൾക്ക് കാണാം. ഇത്രയൊക്കെ തടവിലിട്ടും മറ്റെല്ലാ ബന്ധങ്ങളും വിച്ഛേദിച്ചും മനസ്സ് മാറ്റാനും ബ്രെയിൻ വാഷ് ചെയ്യാനും ശ്രമിച്ചിട്ടും തന്റെ തീരുമാനത്തിലും വിശ്വാസത്തിലും ഉറച്ചുനിന്ന ഹാദിയക്കാണോ തീരുമാനമെടുക്കാനുള്ള കപ്പാസിറ്റി ഇല്ല എന്ന് ഹൈക്കോടതി പറഞ്ഞത്...

അവളെ എന്തിനാണ് 25 പോലീസുകാരുടെ തടവറയിൽ തളച്ചിട്ടിരിക്കുന്നത്? TV കാണാൻ പാടില്ലത്രേ... പത്രം നൽകുന്നില്ലത്രേ... മുറ്റത്തിറങ്ങലും ആകാശം കാണലും അവൾക്ക് നിഷിദ്ധമാണ്... ഫോൺ ഉപയോഗിക്കരുത്. കക്കൂസിൽ പോലും അവളെ വനിതാ പോലീസ് പിന്തുടരുന്നു...

അവൾ കൊലപാതകിയാണോ? ഭീകരവാദിയാണോ? രാജ്യദ്രോഹിയാണോ? അവൾ ഇന്ത്യൻ നിയമപ്രകാരം ഒരു പെറ്റിക്കേസിലെങ്കിലും പ്രതിയാണോ...?

ഹാദിയ ഇന്ത്യക്കാരിയല്ലേ... അവൾക്ക് മൗലികാവകാശങ്ങൾ പാടില്ലെന്ന് ആരാണ് തീരുമാനിച്ചത്...? അവൾക്ക് ഇസ്ലാം മതം സ്വീകരിക്കാനും അവൾ തെരെഞ്ഞെടുത്തയാളെ വിവാഹം ചെയ്യാനും ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ടോ...? റാഹിലയ്ക്ക് കിട്ടുന്ന പരിരക്ഷ ഹാദിയക്ക് കിട്ടാത്തത് എന്തുകൊണ്ടാണ്?

ഈ മൗലികാവകാശ ലംഘനങ്ങൾ ഒരു വനിതാ വിമോചകരെയും അലോസരപ്പെടുത്തുന്നില്ലേ...കേരളത്തിലെ ഇടതു മതേതര സർക്കാരിന് ഇതിലൊന്നും ചെയ്യാനില്ലേ...സുപ്രീം കോടതിയിൽ കേരള സർക്കാർ എന്തു നിലപാടാണ് എടുക്കുക....?

Read More >>