നിലയില്ലാക്കയത്തിലെ കന്യാസ്ത്രീകളോട്; ഊതി വീർപ്പിച്ച വിഗ്രഹങ്ങളെ വണങ്ങി ജീവിതം പാഴാവുന്നത് ഇനിയെങ്കിലും തിരിച്ചറിയണം

സഹോദരങ്ങളും കുടുംബവും പ്രാരാബ്ദവുമായി ഒരുലോകത്ത്, സന്യസ്ഥ ജീവിതം ഉപേക്ഷിച്ചവരെ എന്തോ മഹാപാതകം ചെയ്തവർ എന്ന മട്ടിൽ വീക്ഷിക്കുന്ന സമൂഹം വേറൊരു ഭാഗത്ത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ സന്യസ്ത സംവിധാനങ്ങൾക്കുള്ളിലെ മാനസിക ശാരീരിക പീഠനങ്ങൾ സഹിച്ചു പോകേണ്ടി വരുന്നു എന്നത് ക്രൂര യാഥാർത്യമാണ്.

നിലയില്ലാക്കയത്തിലെ കന്യാസ്ത്രീകളോട്; ഊതി വീർപ്പിച്ച വിഗ്രഹങ്ങളെ വണങ്ങി ജീവിതം പാഴാവുന്നത് ഇനിയെങ്കിലും തിരിച്ചറിയണം

അഭിലാഷ് ജോസഫ്

തിരിച്ചറിവില്ലാത്ത പ്രായത്തിൽ, അബദ്ധധാരണകളുടെയും, മാതാപിതാക്കളുടെ വിവരമില്ലായ്മയുടെമൊക്കെ ഇരകളാണ് നല്ലൊരു ശതമാനം സന്യസ്തരും. ഊതി വീർപ്പിച്ച വിഗ്രഹങ്ങളെ വണങ്ങി ജീവിതം പാഴാവുന്നത് ഇനിയെങ്കിലും തിരിച്ചറിയണം. ലോബിയിങ്ങും സ്ഥാനമാനങ്ങൾ ഉറപ്പിച്ചവരുമൊഴികെ ബാക്കിയുള്ളവർ, വാസ്തവം തിരിച്ചറിയുമ്പോഴേക്ക് തിരിച്ചു പോന്നാൽ സമൂഹത്തിൽ ഒറ്റപ്പെടുന്ന തരത്തിൽ കുരുക്കിലായിട്ടുണ്ടാവും.

സഹോദരങ്ങളും കുടുംബവും പ്രാരാബ്ദവുമായി ഒരുലോകത്ത്, സന്യസ്ഥ ജീവിതം ഉപേക്ഷിച്ചവരെ എന്തോ മഹാപാതകം ചെയ്തവർ എന്ന മട്ടിൽ വീക്ഷിക്കുന്ന സമൂഹം വേറൊരു ഭാഗത്ത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ സന്യസ്ത സംവിധാനങ്ങൾക്കുള്ളിലെ മാനസിക ശാരീരിക പീഠനങ്ങൾ സഹിച്ചു പോകേണ്ടി വരുന്നു എന്നത് ക്രൂര യാഥാർത്യമാണ്. ഭൂരിഭാഗം വരുന്ന വിശ്വാസികൾ പള്ളിയുടെയും പട്ടക്കാരന്റെയും ഗുഡ് ബുക്കിലെ എൻട്രി പോകുമെന്ന് കരുതി ഇതിനെയൊക്കെ വെള്ളപൂശാനും വഴിതെറ്റിയ ഇടയൻമാർക്കും ഇടയത്തിമർക്കും സഭയ്ക്കും കരുത്തു പകരണേ എന്ന പ്രാർത്ഥനാ വിഭ്രാന്തിയിലുമായിരിക്കും.

ഈ നിലയില്ലാക്കയത്തിൽ പതിവുപോലെ ഭൂരിഭാഗം സ്ത്രീകളായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി മുന്നിലുള്ളത് ഈ കാഴ്ച ബംഗ്ലാവ് ഉപേക്ഷിച്ച് സ്വതന്ത്രമായി ജീവിക്കാൻ തയ്യാറുള്ളവരുടെ കൂട്ടായ്മ രൂപവൽക്കരിക്കുക എന്നതാണ്. സർക്കാരും സമൂഹവും ഈ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിന് പിന്തുണ നൽകണം. ഒരു സൊസൈറ്റിയോ ട്രസ്‌റ്റോ രൂപവൽക്കരിക്കാം. നിലവിൽ ഇതിനോട് പോരടിച്ച് പുറത്തിറങ്ങിയവർ മുൻകൈയെടുക്കുന്നതാണ് നല്ലത്. മിക്കവാറും പേർ സാമാന്യം നല്ല വിദ്യാഭ്യാസമോ പ്രൊഫഷണൽ വൈദഗ്ധ്യമോ നേടിയവരാകയാൽ സ്വന്തമായി സ്കൂൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, ക്ലിനിക്കുകൾ, നിയമ സഹായ കൺസൾട്ടിങ്, ചെറുകിട വ്യവസായ സംരഭങ്ങൾ തുടങ്ങി പലതും ആലോചിക്കാവുന്നതാണ്.

പ്രായമായവരെ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങളെക്കുറിച്ചും അലോചിക്കാം. വിവാഹിതരാവാൻ താൽപര്യമുള്ളവർക്ക് ആ വഴിയും അവിവാഹിതരായി തുടരേണ്ടവർക്ക് അതുമാവാം. വെല്ലുവിളികളും എതിർപ്പുകളും സ്വാഭാവികമായും ഉണ്ടാവും. ഏതറ്റം വരെ പോകേണ്ടി വന്നാലും ഈയുള്ളവന്റെ സജീവ പിന്തുണയും 100 % ഉണ്ടാവും. ഞാൻ മാത്രമല്ല, നാഗരിക മനുഷ്യന്റെ ബോധം പേറുന്ന നിരവധി പേർ കക്ഷിരാഷ്ട്രീയ ഭേദമെന്യേ നിങ്ങളോടൊപ്പമുണ്ടാവും. ഇനി തീരുമാനം നിങ്ങളുടേതാണ്. പരസ്പരം അറിയാവുന്നവർ ചർച്ച തുടങ്ങൂ. തീരുമാനമെടുക്കൂ. നമുക്ക് മുന്നോട്ടു നീങ്ങാം. ഇത് ജനാധിപത്യ സമൂഹമാണ് ഇവിടെ മനുഷ്യനാണ് പ്രഥമ പരിഗണന.

Read More >>