70ൽ 67 അസംബ്ലി സീറ്റ് കിട്ടിയ ആംആദ്മി പാർട്ടിയ്ക്ക് 67 വാർഡിൽ ജയിക്കാൻ കഴിഞ്ഞില്ല

രജൗരി ഗാർഡനിൽ ഒരാഴ്ച മുൻപ് ഇതേ പാര്‍ട്ടിക്ക് കെട്ടിവെച്ച പണം പോലും നഷ്ടപ്പെട്ട പരാജയം ഉണ്ടായി. ഈ നിയമസഭാ സീറ്റിലേക്കുള്ള തോല്‍വിയുടെ കാര്യം മുഖ്യമന്ത്രി വിലയിരുത്തിയത്, അതു പാര്‍ട്ടിയുടെ പരാജയമല്ല, മറിച്ച് അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രതിനിധിയോടുള്ള വെറുപ്പു മാത്രമാണ് കാരണം എന്നായിരുന്നു. യഥാർത്ഥത്തിൽ കെജ്രിവാളിനോടുള്ള വെറുപ്പു തന്നെയാണ് അതിനു കാരണം എന്ന് ആരു പറഞ്ഞു മനസിലാക്കാന്‍?

70ൽ 67 അസംബ്ലി സീറ്റ് കിട്ടിയ ആംആദ്മി പാർട്ടിയ്ക്ക് 67 വാർഡിൽ ജയിക്കാൻ കഴിഞ്ഞില്ല

ഡൽഹിയിൽ കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും നിർബന്ധിത അവധികിട്ടിയോ ആവോ? അവർ ജനങ്ങളെ ഓരോ കള്ളത്തരങ്ങൾ പറഞ്ഞു കബളിപ്പിച്ചു. അതു ചെയ്യാൻ പോകുന്നു, ഇതു ചെയ്യാൻ പോകുന്നു, പക്ഷെ എന്തു ചെയ്യാനാണ്? ഡൽഹി ഗവർണ്ണർ സമ്മതിക്കുന്നില്ല, കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഒന്നിനും സമ്മതിക്കുന്നില്ല എന്നിങ്ങനെയായി മുടന്തന്‍ ന്യായങ്ങള്‍. ഒരു പേന വാങ്ങാൻ പോലും തനിക്ക് ആകുന്നില്ലായെന്നു കെജ്രിവാൾ സോഷ്യല്‍ മീഡിയയിൽ ട്വീറ്റ് ചെയ്തു പരിഭവിച്ചു.

ഒന്നോര്‍ക്കണം. ഇതേ മനുഷ്യനാണ് 270 കോടി രൂപ ചെലവഴിച്ചു തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പരസ്യപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്. 3.5 കോടി തന്റെ സ്വന്തം കേസുകൾ നടത്തുവാൻ വേണ്ടിയും ഖജനാവില്‍ നിന്നും ചെലവഴിച്ചു രാംജഠ്മലാനിക്ക് ബില്ല് രൂപത്തിൽ മുന്നോട്ടു നീങ്ങി. ഈ കേസുകൾ അധികവും അദ്ദേഹം മുഖ്യമന്ത്രി ആകുന്നതിനു മുൻപ് ഓരോരുത്തരെയും കുറിച്ച് കാര്യകാരണങ്ങൾ ഒന്നും കൈവശം ഇല്ലാതെ വിടുവായിത്തരം എഴുന്നള്ളിച്ചതിനുമാണ്. ലോകത്തെവിടെ പോയാലും തെളിയിക്കാൻ കഴിയാത്ത ആരോപണങ്ങള്‍ക്ക് പൊതുജനം സഹിക്കട്ടെ എന്ന മനോഭാവം. ആരെന്നില്ല, എന്തെന്നില്ല, എന്തും ഏതും വിളിച്ചു പറഞ്ഞതിന്റെ ഫലം!

കേവലം 49 ദിവസം ഭരണത്തിൽ ഇരുന്നപ്പോൾ താന്‍ എന്ന മഹാത്ഭുതം 15 വര്‍ഷത്തെ ഷീല ദിക്ഷിത് ഭരണത്തിനു കൊണ്ടുവരാന്‍ കഴിയാത്ത കാര്യങ്ങൾ ചെയ്തു തീർത്തു എന്നു കൊട്ടിഘോഷിച്ചു. അതിൽ മറ്റേന്തെല്ലാം മുൻവിധികള്‍ പ്രതീക്ഷിച്ചു ഡൽഹി നിവാസികള്‍ അദ്ദേഹത്തെ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. എഴുപതിൽ അറുപത്തേഴു സീറ്റുകൾ കൊടുത്തു തന്നെ അവര്‍ ഇദ്ദേഹത്തെ അനുഗ്രഹിച്ചു. നോക്കട്ടെ, എന്താണു കെജ്രിവാൾ ചെയ്യുന്നതെന്ന ആകാംക്ഷയായിരുന്നു അവരുടെ കണ്ണിൽ. ഈ പ്രതീക്ഷയാണ് ഒരു മുൻ ഐ.ആര്‍.എസ് ഓഫീസർ രണ്ടു വർഷത്തിനുള്ളില്‍ തല്ലിക്കെടുത്തിയത്. മുൻസിപ്പൽ തെരഞ്ഞെടുപ്പില്‍ പല സീറ്റുകളിലും കെജ്രിവാളിന്റെ പാർട്ടി മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തി.

പത്തു വര്‍ഷം ഡൽഹി മുൻസിപ്പാലിറ്റി ഭരിച്ച ബിജെപി വീണ്ടും എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പിനെ തൂത്തുവാരിയത്? ഭരണ നേട്ടമാണോ? ഒരിക്കലുമല്ല... കെജ്രിവാളിനെ പരിപൂർണമായും ഡൽഹിയിൽ ജീവിക്കുന്നവര്‍ക്കു മനസിലായതാണു കാര്യം. ഇയാളെ കൊണ്ടു നേട്ടങ്ങൾ ഉണ്ടാവില്ല എന്നു മാത്രമല്ല, ഒരു സ്ഥിരം ശല്യക്കാരനാണ് എന്ന് അനുഭവത്തില്‍ നിന്നും അവര്‍ പഠിച്ചതു പോലെ തോന്നുന്നു.

അർബൻ മിഡില്‍ ക്ലാസ് കൂടുതലുള്ള ഡൽഹിയുടെ താല്പര്യം ഒരിക്കലും സർക്കാർ നടത്തുന്ന സ്കൂളുകളിൽ ടീച്ചേർസ് സമയത്തിന് എത്തുന്നുണ്ടോ എന്നല്ല, മൊഹല്ല വില്ലജ് ക്ലിനിക്കുകൾ പുതിയതായി വരുമോ എന്നല്ല, അവരുടെ ആവശ്യം ജീവിതനിലവാരം ഉയര്‍ത്തുക എന്നുള്ളതായിരുന്നു. ഇവര്‍ക്ക് എന്തെങ്കിലും സപ്പോർട്ടീവ് സിസ്റ്റം കിട്ടിയോ?

ഡൽഹി റോഡുകൾ ഭയാനകമായ ട്രാഫിക് ജാമിലേക്കു പോകുന്നു. അതിന് എന്തു പരിഹാരമുണ്ടായി? ഡൽഹി മെട്രോയിൽ യാത്രചെയ്യാൻ പോലും പറ്റാത്തത്ര തിരക്ക്, ഓഫീസിലെ പീക്ക് ടൈമില്‍ അധികവും യാത്രക്കാർ വായുവിലായിരിക്കും, അത്രമേല്‍ ഇടിയായിരിക്കും. ജനവാസ പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് ഒരു പരിഹാരവും ഉണ്ടായില്ല. വേനൽ സമയത്തു ജലക്ഷാമം അതിരൂക്ഷം, ട്രാൻസ്പോർട്ട് ബസുകൾ സിംഗപ്പൂർ മോഡലിൽ ആകുമെന്നു പറഞ്ഞിട്ടു ഒന്നും നടന്നില്ല. പുതിയ ഫ്ലൈയോവേർസ് ഒരു വർഷത്തിനകം തീർക്കുമെന്നു പറഞ്ഞതും ഇഴഞ്ഞു നീങ്ങുന്നു. ചെറുപ്പക്കാർക്കു തൊഴിൽ അവസരം കൂടുതൽ ലഭിക്കുമെന്നുള്ളതു മറ്റൊരു വാഗ്ദാനം. അതും പറച്ചിലിൽ ഒതുങ്ങി. എന്നിരുന്നാലും എല്ലാദിവസവും പത്രങ്ങളിലും ടീവിയിലും എഫ്എം റേഡിയോയിലും കെജ്രിവാൾ സ്വയമേ വന്നുള്ള വീമ്പു പറച്ചില്‍ മാത്രം നിർത്തിയില്ല!

സത്യത്തിൽ പൊതുസമൂഹം ഈ തെരഞ്ഞെടുപ്പില്‍ ഒരു ഓഡിറ്റ് നടത്തിയെന്നു പറയാം. അതിൽ കെജ്രിവാളും ആം ആദ്മിയും വമ്പൻ പരാജയമായി!

ഇതിൽ 'ഹിന്ദുത്വ അജണ്ട'യില്ലെന്ന് ഈയുള്ളവൻ ഉറപ്പിച്ചു പറയും. ഡൽഹി ഒരു പരീക്ഷണശാലയാണ്. നാലുവർഷം മുൻപ് പെട്ടെന്നുണ്ടായ പാർട്ടിയുടെ അന്ത്യകൂദാശയായിരുന്നു ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ്.

അഞ്ചോളം ആപ് ജനപ്രതിനിധികള്‍ അഴിമതിയിൽ കുടുങ്ങി. അതിനും അദ്ദേഹം ബിജെപിയേയും കോൺഗ്രസിനെ പഴി പറഞ്ഞു നോക്കി. ചെയ്തത് സ്വന്തം പാർട്ടിക്കാർ തന്നെയാണ് എന്നു പോലും മറന്നതു പോലെ.

രജൗരി ഗാർഡനിൽ ഒരാഴ്ച മുൻപ് ഇതേ പാര്‍ട്ടിക്ക് കെട്ടിവെച്ച പണം പോലും നഷ്ടപ്പെട്ട പരാജയം ഉണ്ടായി. ഈ നിയമസഭാ സീറ്റിലേക്കുള്ള തോല്‍വിയുടെ കാര്യം മുഖ്യമന്ത്രി വിലയിരുത്തിയത്, അതു പാര്‍ട്ടിയുടെ പരാജയമല്ല, മറിച്ച് അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രതിനിധിയോടുള്ള വെറുപ്പു മാത്രമാണ് കാരണം എന്നായിരുന്നു. യഥാർത്ഥത്തിൽ കെജ്രിവാളിനോടുള്ള വെറുപ്പു തന്നെയാണ് അതിനു കാരണം എന്ന് ആരു പറഞ്ഞു മനസിലാക്കാന്‍?

ഇപ്പോൾ വോട്ടു ചെയ്ത ജനങ്ങളെ ഒന്നടങ്കം തള്ളിപ്പറഞ്ഞു പുതിയ കാരണവുമായി എത്തിയിട്ടുണ്ട് - വോട്ടിങ് യന്ത്രത്തിലെ തിരിമറി! പഞ്ചാബിലും ഗംഭീരമായി ഇരുപതു സീറ്റു മാത്രം കിട്ടി തോറ്റപ്പോള്‍ ഉണ്ടാക്കിയെടുത്ത കാരണമാണ് ഇത്. അവിടെ നിന്നിങ്ങോട്ട് അതേ പാട്ടു തന്നെ. ഗോവയിലും പരാജയം. കെട്ടിവച്ച പണവും പോയി ഒരാളെ പോലും ജയിപ്പിക്കാനും കഴിഞ്ഞില്ല.

എന്നാൽ ഒരു കാര്യം ചെയ്തു കൂടെ? ഇതിൽ പ്രതിഷേധിച്ച് ഇനി ഉള്ളവര്‍ കൂടി രാജിവയ്ക്കട്ടെ! ഡൽഹിയിൽ ഏകദേശം 40 സീറ്റിൽ എം.സി.റ്റിയില്‍ കിട്ടിയിട്ടുണ്ട്. അവിടെയും രാജിവയ്ക്കട്ടെ.

ഇല്ലാത്ത കാര്യങ്ങള്‍ മെനഞ്ഞെടുത്തു ജനങ്ങളെ വിഡ്ഢികളാക്കി നിഴല്‍ വെളിച്ചത്തില്‍ യുദ്ധം ചെയ്യാതിരിക്കൂ…