പ്രളയകാലത്തെ ആട് കഥ വൈറല്‍; ഉടമ ഒരു ഹീറോയാണ്!

തള്ളയാട് തൊഴിച്ച് പരിക്കേറ്റ ആട്ടിൻകുട്ടിയേയും കൊണ്ടാണ് പ്രളയത്തിനു ശേഷമുള്ള ഒരു രാത്രി അയാൾ ഡോക്ടറിനരികിലെത്തിയത്. അന്നത്തെ ജോലി മതിയാക്കി ഇറങ്ങാൻ നേരം എത്തിയ അയാളോട് ഡോക്ടർ ആദ്യം കയർത്തെങ്കിലും പിന്നീട് കാര്യങ്ങൾ ചോദിച്ച ശേഷം സംഭവിച്ചത് മറ്റൊന്നായിരുന്നു. ആ സംഭവത്തെക്കുറിച്ച് ഡോക്ടർ അജിത് പിള്ള എഴുതുന്നു.

പ്രളയകാലത്തെ ആട് കഥ വൈറല്‍; ഉടമ ഒരു ഹീറോയാണ്!

അജിത്‌ പിള്ള

എഴുതേണ്ട എന്ന് വിചാരിച്ചതാണ്... പക്ഷെ വേണം എന്ന് തോന്നി... ഇന്നലെ നടന്ന സംഭവമാണ്.... രംഗം കൊല്ലം ജില്ലാ വെറ്റിനറി ഹോസ്പിറ്റൽ... സമയം വൈകിട്ട് 7.30... വരാൻ പോകുന്ന മൂന്ന് അവധി ദിവസങ്ങളുടെ ആലസ്യം നേരത്തെ പിടികൂടി... അതാ വരുന്നു ഒരു കേസ്... ഒരു മാസം മാത്രം പ്രായമായ ഒരു ആട്ടിൻകുട്ടിയുമായി ഒരു മധ്യവയസ്‌കൻ... ആടാണെങ്കിൽ മുട്ടൻ കരച്ചിൽ... സാർ... തള്ള ആട് തൊഴിച്ചതാണ്... വലതുകാൽ ഒടിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു...

ഞാൻ ചോദിച്ചു. എപ്പോഴാണ് സംഭവിച്ചത്? ഉത്തരം- 2 ദിവസമായി സാർ... തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി ഞാൻ... ഒകെ... ഒരു കാര്യം ചെയ്യു... പ്ലാസ്റ്റർ ഇടേണ്ടി വരും... വാങ്ങിക്കൊണ്ട് വരൂ... ഇടാം... മയക്കേണ്ടി വരും... എന്താ ഇത്ര താമസിച്ചത് കൊണ്ടു വരാൻ?... അയാൾ ഒന്നും മിണ്ടിയില്ല... ഇപ്പോൾ വാങ്ങിക്കൊണ്ട് വരാം സാർ... അയാൾ അഞ്ചു മിനിറ്റിനകം വാങ്ങി വന്നു... മയക്കാൻ മരുന്ന് കൊടുത്തു... പരിശോധിച്ചപ്പോൾ തന്നെ മനസ്സിലായി... റ്റിബിയ എല്ലിന്റെ ഒബ്ലിക്‌ ഒടിവ്... എല്ലു രണ്ടു പീസ് ആണ്... പ്ലാസ്റ്ററിൽ നിൽക്കില്ല... കമ്പി (intramedullary pin) ഇടേണ്ടി വരും... പക്ഷെ എവിടെ എക്സ്-റേ ഈ രാത്രിയിൽ? ഉടമയോടുള്ള ദേഷ്യം കൂടി... 2 ദിവസമായി പോലും... ഇതു വരെ എന്ത് ചെയ്യുകയായിരുന്നു?

ഈ ഓണാവധി തുടങ്ങുന്നതിന്റെ തലേ ദിവസം രാത്രി... പ്രത്യേകിച്ചും എന്റെ ഡ്യൂട്ടി തീരുന്നതിനു അര മണിക്കൂർ മുമ്പ്.... പലവിധ ചിന്തകൾ മനസ്സിലൂടെ പോയി... തൽക്കാലം പ്ലാസ്റ്റർ ഇട്ടു വിടാം.... കമ്പി ഇടീൽ പിന്നെ ചെയ്യാം... അല്ല പിന്നെ... ഞാൻ ഈർഷ്യ തീരാതെയും പ്രൊഫഷണൽ അസംതൃപ്തിയോടെയും വീണ്ടും പറഞ്ഞു... എന്താ നേരത്തെ കൊണ്ടു വരാഞ്ഞത്?... അതുവരെ പറയാത്ത ഒരു കാര്യം പുള്ളി പറഞ്ഞു... സാർ... ഞാൻ ഇവിടെ ഇല്ലാരുന്നു... ഒരു മത്സ്യത്തൊഴിലാളി ആണ്... ഞാൻ കുട്ടനാട് ആയിരുന്നു... രാവിലെ എത്തിയതേ ഉള്ളു...

വള്ളവുമായി പോയതാണ്... ക്ഷീണം കാരണം ഉറങ്ങിപ്പോയി... അതാ താമസിച്ചത്... എന്റെ എല്ലാ സംശയങ്ങളും മാറി... ഒരു വിളി.. എന്റെ വക... വിജയാ... തിയേറ്റർ അറ്റന്റന്റ് വിജയൻ ഓടി വന്നു... എന്താ സാർ? നമുക്ക് 3mm കമ്പി ഇരിപ്പുണ്ടോ? വിജയൻ ആകെ കൺഫ്യൂഷൻ... എന്തിനാ സാർ... അതും ഈ രാത്രി?... ഞാൻ: അതൊക്കെയുണ്ട്.... പെട്ടെന്ന് ഓപ്പറേഷൻ തിയേറ്റർ റെഡി ആക്കു... എമർജൻസി ഓപ്പറേഷൻ ഉണ്ട്... 10 മിനിറ്റിനകം സംഭവം എല്ലാം റെഡി... അര മണിക്കൂറിനകം സർജറി കഴിഞ്ഞു... എല്ലിൽ കമ്പി ഇട്ടു... അപ്പോൾ വിജയൻ എന്നോടൊരു ചോദ്യം... സാർ ഇതു പിന്നെ ചെയ്താൽ പോരായിരുന്നോ? എമർജൻസി ഒന്നും അല്ലല്ലോ... ഞാൻ ഒന്നേ പറഞ്ഞുള്ളു... എമർജൻസി അല്ലായിരുന്നു... ശരി തന്നെ... പക്ഷെ 268 പേരെ പ്രളയത്തിൽ നിന്നും സ്വന്തം വള്ളത്തിൽ രക്ഷിച്ച ഒരാളോട് ഇതിന്റെ എമർജൻസി ഇല്ലായ്മ പറയുന്നതിൽ എന്തർത്ഥം? നമുക്ക് അദ്ദേഹത്തിന് ഇത് ചെയ്തു കൊടുക്കാൻ പറ്റിയതിൽ അഭിമാനിക്കാം...

HEARTFELT SALUTES TO OUR KERALA'S OWN ARMY...

അജിത്‌