പണ്ടൊരു നാൾ പാണക്കാട്ടെ തറവാട്ടിൽ ഒരു തർക്കമെത്തി !!!

ഒരു ഗ്രാമത്തിലെ പള്ളിക്കു മുകളിലേക്ക് അയൽവാസിയായ ഹിന്ദുവിന്റെ വീട്ടിലെ തെങ്ങു ചെരിഞ്ഞുനിൽക്കുന്നു. കൂടെക്കൂടെ തേങ്ങ വീണു പള്ളിയുടെ ഓട് പൊട്ടൽ പതിവായി. മുസ്ലിംകൾ അവരോട് പരാതിപ്പെട്ടു. ആ തെങ്ങു മുറിക്കാൻ. പക്ഷെ അവർ തയ്യാറായില്ല- തുടർന്നുണ്ടായ തർക്കത്തിൽ ഇടപെട്ട പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങൾ എങ്ങനെയായിരിക്കാം ആ പ്രശ്നം പരിഹരിച്ചത് ?

പണ്ടൊരു നാൾ പാണക്കാട്ടെ തറവാട്ടിൽ ഒരു തർക്കമെത്തി !!!

ബഷീർ ഫൈസി ദേശമം​ഗലം

പണ്ടൊരു നാൾ പാണക്കാട്ടെ തറവാട്ടിൽ ഒരു തർക്കമെത്തി !!!

ഒരു ഗ്രാമത്തിലെ പള്ളിക്കു മുകളിലേക്ക് അയൽവാസിയായ ഹിന്ദുവിന്റെ വീട്ടിലെ തെങ്ങു ചെരിഞ്ഞുനിൽക്കുന്നു. കൂടെക്കൂടെ തേങ്ങ വീണു പള്ളിയുടെ ഓട് പൊട്ടൽ പതിവായി. മുസ്ലിംകൾ അവരോട് പരാതിപ്പെട്ടു. ആ തെങ്ങു മുറിക്കാൻ. പക്ഷെ അവർ തയ്യാറായില്ല.

'മുറിച്ചില്ലെങ്കിൽ ഞങ്ങൾ മുറിക്കും'എന്ന് മുസ്ലിം ക്ഷുഭിത യൗവ്വനങ്ങൾ.!

'എന്നാലതൊന്നു കാണട്ടെ' എന്ന് മറു പക്ഷത്തെ യുവാക്കൾ....!

ഒരു സാമുദായിക കലാപത്തിന് അഗ്നി പകരാൻ അത് മതിയായിരുന്നു. കാരണം വിവേകത്തിനപ്പുറം കാര്യങ്ങളെ വൈകാരികമായി സമീപിക്കാനാണല്ലോ ചിലർക്കെങ്കിലും ഇഷ്ടം..!! പക്ഷെ നന്മയുള്ളവർ എല്ലാ വിഭാഗത്തിലുമുണ്ടാകും. രണ്ടു പക്ഷത്തെയും വിവേകശാലികൾ പറഞ്ഞു 'നമുക്ക് പാണക്കാട്ടേക്കു പോകാം...'ഹിന്ദുക്കളും മുസ്ലിംകളും അവിടേക്കു തിരിച്ചു.

അതെ, ചരിത്രം പിറന്ന കൊടപ്പനക്കൽ തറവാടിന്റെ പൂമുഖത്തു പൂനിലാവ് പോലെ പൂക്കോയ തങ്ങളുടെ പൊന്നുമോൻ...

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ..!!!

രണ്ടു കൂട്ടരോടും പരാതി ചോദിച്ചു. പള്ളിക്കമ്മിറ്റിക്കാർ പറഞ്ഞു:

"തങ്ങളെ തേങ്ങ വീണു ഓട് മാറ്റി ഒരുപാട് പൈസ പോയി. ഇവർ തെങ്ങു മുറിക്കുന്നില്ല. ഇനി ഞങ്ങൾ അത് മുറിക്കും"

സയ്യിദിന്റെ മുഖത്തു സ്വതസിദ്ധമായ ആ നിലാ പുഞ്ചിരി മാത്രം!!

ഹിന്ദു പ്രതിനിധികളോട് ചോദിച്ചു:

"നിങ്ങൾക്കെന്താ പറയാനുള്ളത് ..?"

"തങ്ങളെ, ഇപ്പോഴത് സമുദായം ഏറ്റെടുത്തു ഇനി അത് മുറിക്കാൻ പറ്റില്ല..."

എത്രയോ മസ്ജിദുകൾക്കു ശില പാകിയ പൂക്കോയ തങ്ങളുടെ പുത്രൻ വിധി പറയുകയാണ്.

ആകാംഷ മുറ്റിയ നിമിഷങ്ങൾ!!

പള്ളിക്കമ്മറ്റിയുടെ സെക്രട്ടറിയുടെ കയ്യിലേക്ക് കുറച്ചു നോട്ടുകൾ വെച്ചുകൊടുത്തു പറഞ്ഞു:

"ഇതാ ഇതെന്റെ സംഭാവനയാണ്. പള്ളി പൊളിക്കണം...!

എന്നിട്ടു കോൺക്രീറ്റാക്കണം. എന്നാ പിന്നെ തേങ്ങ വീണ ഓട് പൊളിയില്ലല്ലോ..?

വേഗം പണി തുടങ്ങിക്കോളൂ, അതൊക്കെ നടന്നോളും."

പാണക്കാട്ടെ സുപ്രീം കോർട്ടിന്റെ വിധി!!

തെങ്ങിന്റെ ഉടമസ്ഥനായ ഹിന്ദു ചെറുപ്പക്കാരനും കൊടുത്ത് ഇത്തിരി നോട്ടുകൾ " ഇതാ കൈയിൽ വെച്ചോളൂ,വിഷമിക്കേണ്ട..." അതെ, പരസ്പരം പകയുമായി വന്നവർ പുഞ്ചിരിയോടെ മടങ്ങി..!!!!

ആ ഹിന്ദു സഹോദരന്റെ വീട്ടിൽ വണ്ടി തിരിച്ചെത്തി. അവന്റെ അമ്മ മുറ്റത്തേക്കു ഓടിയിറങ്ങി വന്നു ചോദിച്ചു:

"എന്താടാ പാണക്കാട്ടെ തങ്ങൾ പറഞ്ഞത്...?"

മകൻ മിണ്ടുന്നില്ല. വീണ്ടും വീണ്ടും ചോദിച്ചു.

അവൻ വിതുമ്പി തുടങ്ങിയിരുന്നു.

ശിഹാബ് തങ്ങൾ കൊടുത്ത പൈസ എടുത്തു അമ്മക്കു നേരെ നീട്ടി അവൻ പറഞ്ഞു: "അമ്മേ, ഇതാ ഇത് തങ്ങൾ തന്നതാ ഐശ്വര്യത്തിനു വെച്ചോളാൻ. തെങ്ങു മുറിക്കേണ്ട എന്നാ തങ്ങൾ പറഞ്ഞത്. പള്ളി പൊളിക്കാൻ പറഞ്ഞു കോൺക്രീറ്റാക്കാൻ.."

ആ വാക്കുകൾ കേട്ട് ആ അമ്മ നടുങ്ങി!

പാണക്കാട്ടെ തങ്ങളുടെ വിധി പ്രതികൂലമായാൽ ആ രാത്രി പന്തം കൊളുത്തി പ്രകടനം നടത്താൻ ആർഎസ്എസിന്റെ നേതാക്കൾ ആ വീട്ടിനുള്ളിൽ കാത്തിരിപ്പാണ്.

ആ അമ്മ വീട്ടിലേക്കു ഓടിക്കയറി. മാറിലേക്ക് അയയിൽ നിന്നു തോർത്തു മുണ്ട് വലിച്ചിട്ടു. മകനോട് പറഞ്ഞു:

"വണ്ടി തിരിക്കൂ, എനിക്കിപ്പോ പോകണം പണക്കാട്ടേക്ക്, എനിക്കിപ്പോ കാണണം പാണക്കാട്ടെ തങ്ങളെ..."

കുടപ്പനക്കൽ തറവാട്ടിന്റെ കോലായിൽ ആ വട്ടമേശക്കു പുറകിൽ രാത്രി ഇരുട്ടിയിട്ടും പിരിഞ്ഞുപോകാത്ത പുരുഷാരം!! അവരുടെ വേദനകൾക്ക് പരിഹാരം തേടിയെത്തിയിരിക്കുകയാണ് എല്ലാ മതത്തിലുള്ളവരും..

മുറ്റത്തൊരു നിലവിളി മുഴങ്ങി.

"തങ്ങളേ, തെങ്ങു നാളെ മുറിക്കാം തങ്ങളേ,

അതിനു വേണ്ടി പള്ളി പൊളിക്കേണ്ട തങ്ങളേ...,

ഞങ്ങൾക്ക് തെറ്റു പറ്റിയതാണ്. ഇപ്പൊ രാത്രിയായില്ലേ, നാളെ മുറിക്കാം തങ്ങളേ.."

ആ അമ്മ നിന്നു കരയുകയാണ്.

ശിഹാബ് തങ്ങൾ മുറ്റത്തേക്കിറങ്ങി.

ഏങ്ങലടിച്ചു കരയുന്ന ആ ഹിന്ദു സ്ത്രീയോട് പറഞ്ഞു: "കരയല്ലേ പെങ്ങളെ, തെങ്ങു മുറിക്കേണ്ട! തെങ്ങ് ഒരു കല്പ വൃക്ഷമാണ്. പള്ളി അവർ കോൺഗ്രീറ്റാക്കട്ടെ!

അപ്പൊ ഇനി തേങ്ങ വീണാലും കുഴപ്പമില്ലല്ലോ..."

ശിഹാബ് തങ്ങൾ തിരിച്ചു കോലായിലേക്കു കയറി...

കണ്ണീരിന്റെ സ്ഫടിക ജാലങ്ങളിലൂടെ ആ അമ്മ പൂക്കോയ തങ്ങടെ പൊന്നുമോനെ നോക്കി നിന്നു...