മംഗളത്തെ കടന്നാക്രമിച്ച് എന്‍ എസ് മാധവന്‍; ഇതുകൊണ്ട് സമൂഹത്തില്‍ ലിംഗനീതി സാധ്യമാകില്ല

സ്വകാര്യ സംഭാഷണം ലൈംഗിക അതിക്രമമാണെന്ന തരത്തില്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കിയത് അപഹാസ്യമാണ്. വളരെ ശക്തമായ ഉപാധിയായ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ പരിസാഹ്യമാക്കുകയാണ് മംഗളം ചെയ്തത്.

മംഗളത്തെ കടന്നാക്രമിച്ച് എന്‍ എസ് മാധവന്‍; ഇതുകൊണ്ട് സമൂഹത്തില്‍ ലിംഗനീതി സാധ്യമാകില്ല

എന്‍ എസ് മാധവന്‍

എ കെ ശശീന്ദ്രനെതിരെയുള്ള ലൈംഗികാരോപണം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് എന്റെ അഭിപ്രായം. മംഗളം ചാനല്‍ പുറത്തുവിട്ട എക്‌സ്‌ക്ലുസീവ് നിലവാരമില്ലാത്തതും ഗോസിപ്പ് സ്വഭാവമുള്ളതുമാണെന്നാണ് ഏറ്റവും ലളിതമായ ഭാഷയില്‍ ഇതിനെ വിശേഷിപ്പിക്കാനാകുക. ശശീന്ദ്രനും പേര് വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സ്ത്രീയും തമ്മില്‍ നടന്ന സംഭാഷണം തികച്ചും വ്യക്തിപരമാണ്. മന്ത്രി തന്റെ അധികാരം ഉപയോഗിച്ച് സ്ത്രീയെ നിശബ്ദയാക്കാന്‍ ശ്രമിച്ചതായി പരാതികളില്ല.

സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീ മന്ത്രിക്കെതിരെ പരാതി നല്‍കിയിട്ടുമില്ല. സ്ത്രീയുടെ ശബ്ദവും നമ്മളാരും കേട്ടിട്ടില്ല. സ്ത്രീക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരമായിരുന്നു മംഗളം നല്‍കേണ്ടിയിരുന്നത്. അതല്ലെങ്കില്‍ അവരെ മന്ത്രി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അക്കാര്യമായിരുന്നു പുറംലോകത്തെ അറിയിക്കേണ്ടിയിരുന്നത്. നിലവില്‍ മംഗളം ചെയ്തത് ബ്ലാക്ക്‌മെയ്ല്‍ ജേണലിസമാണ്. കേരളത്തില്‍ തീര്‍ച്ചയായും സ്ത്രീവിരുദ്ധമായ പല സംഭവങ്ങളും നടക്കാറുണ്ട്. എന്നാല്‍ സ്വകാര്യ സംഭാഷണം ലൈംഗിക അതിക്രമമാണെന്ന തരത്തില്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കിയത് അപഹാസ്യമാണ്. വളരെ ശക്തമായ ഉപാധിയായ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ പരിസാഹ്യമാക്കുകയാണ് മംഗളം ചെയ്തത്. ഇതൊരു ഗുരുതരമായ സംഭവമല്ലെന്നും ഇതുകൊണ്ട് സമൂഹത്തിലെ ലിംഗനീതി സാധ്യമാകില്ലെന്നും ഈ സംഭവത്തെ സെന്‍സേഷണലാക്കിയവര്‍ക്ക് തന്നെയറിയാം.

സമൂഹത്തില്‍ ചര്‍ച്ചയാകേണ്ട വിഷയങ്ങളെ ലഘൂകരിക്കുകയും വിലകുറഞ്ഞ സെന്‍സേഷണലിസത്തിന് പിന്നാലെ പോകുകയുമാണ് ഈ മാധ്യമം ചെയ്ത്. ഇത് ഒരിക്കലും ആശാസ്യമല്ല. ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുന്നതിന് പകരം സമൂഹത്തിലെ രാഷ്ട്രീയപരവും സാമൂഹികപരവുമായ കാതലായ വിഷയങ്ങള്‍ക്ക് പിന്നാലെയാണ് മാധ്യമങ്ങള്‍ പോകേണ്ടത്. നൈമിഷികമായ സെന്‍സേഷണലുകളോ ഇക്കിളി വാര്‍ത്തകളോ മാത്രമല്ല ജേണലിസം. മംഗളം എക്‌സ്‌ക്ലുസീവ് മാധ്യമപ്രവര്‍ത്തനം എന്താകരുതെന്നതിന്റെ ഉദാഹരണമാകുമ്പോള്‍ എ കെ ശശീന്ദ്രന്‍ കുറച്ചുകൂടി വകതിരിവ് കാണിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

ആര്‍ക്കും ശശീന്ദ്രന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശമില്ലെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ സമൂഹമാധ്യമങ്ങള്‍ ഇത്രക്ക് ശക്തമായ നിലവിലെ സാഹചര്യത്തില്‍ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഒരാളെന്ന നിലയില്‍ ശശീന്ദ്രന്‍ കുടുതല്‍ സൂക്ഷ്മത കാണിക്കേണ്ടതായിരുന്നു. ശശീന്ദ്രന്‍ കേരളത്തിലെ പുരുഷ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ പൊതുവായ വിവേകമില്ലായ്മയാണോ പ്രകടിപ്പിച്ചത്? ഒരു ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ആദിവാസി സ്ത്രീകളുടെ ഗര്‍ഭധാരണത്തെക്കുറിച്ച് ലൈംഗിച്ചുവയോടെ നിയമസഭയില്‍ സംസാരിക്കുന്നതും നമ്മള്‍ കണ്ടുകഴിഞ്ഞു. അവിവേകികളായ രാഷ്ട്രീയക്കാര്‍ക്കും അതിവേഗതയില്‍ വിശ്വാസം നഷ്ടമാകുന്ന മാധ്യമങ്ങള്‍ക്കുമിടെ കേരളം സ്ത്രീകള്‍ക്ക് ഒരു നരകമായി മാറുന്നുവെന്ന് പറയാം.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ