'മസാല വിസ്ഫോടന'ത്തിന് തിരഞ്ഞെടുത്ത ചാനല്‍ സ്ക്രീനിലെ സ്ത്രീ വിരുദ്ധത ഞെട്ടിപ്പിക്കുന്നത്

ക്യാമറയില്‍ നിന്നും മുഖം ഒളിക്കാന്‍ സ്വയം ശ്രമിക്കുന്ന സാമൂഹിക പ്രവര്‍ത്തകയായ ധന്യയുടെ നിസഹായതയെയും ചൂഷണം ചെയ്യാന്‍ കഴിഞ്ഞു. ഇതൊക്കെ മാധ്യമധര്‍മ്മമെന്നും മാധ്യമവിജയമെന്നും പാടിപുകഴ്ത്തുന്നവരുടെ അജ്ഞതയോടു സഹതാപം മാത്രമാണ്- നാരദ സീനിയർ സബ് എഡിറ്റർ ഷീജ അനില്‍ എഴുതുന്നു.

മസാല വിസ്ഫോടനത്തിന് തിരഞ്ഞെടുത്ത ചാനല്‍ സ്ക്രീനിലെ സ്ത്രീ വിരുദ്ധത ഞെട്ടിപ്പിക്കുന്നത്

'വിസ്ഫോടകമായ വാര്‍ത്ത' ആദ്യം ലഭിച്ചത് ഈ വാര്‍ത്ത കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയിലൂടെയായിരുന്നു. ഈ വീഡിയോയില്‍ മന്ത്രിയുടെ ശബ്ദം വ്യക്തമായിരുന്നില്ലെങ്കിലും കാഴ്ചക്കാരായ പുരുഷമാരുടെ ഇക്കിളി കലര്‍ന്ന പ്രതികരണത്തില്‍ നിന്നും വാര്‍ത്തയുടെ പൈങ്കിളി സ്വഭാവം മനസിലായി. ആവേശമുണര്‍ത്താന്‍ എന്നവണ്ണം അവതാരിക 'ഒരു പക്ഷെ' തപ്പിത്തടയുന്ന ശബ്ദ ക്രമീകരണത്തിലൂടെയും ശ്രമിക്കുന്നതും കണ്ടു.

ഒരു പക്ഷെ...കേരളം ഞെട്ടും!!! കുട്ടികളെ ടി.വിയുടെ മുന്നില്‍ നിന്നും വേഗം മാറ്റൂ.. ധന്യ രാമന്‍ ഇടയ്ക്ക് മുഖം പൊത്തുന്നത് കാണാമായിരുന്നെല്ലോ..ഒരു പക്ഷെ...ഖേദമുണ്ട്...ഒരു പക്ഷെ...ഒരു പക്ഷെ...

എന്നിങ്ങനെയെല്ലാം പിച്ചും പേയും പറയുന്ന അവതാരികയെയും പിന്നീടു മംഗളം തന്നെ പുറത്തുവിട്ട വീഡിയോയിലൂടെ വ്യക്തമായി കണ്ടു. ഭയപ്പെടുത്തിയത് ഇതാണ്- മന്ത്രിയുടെ വികാരം പരമോന്നതിയില്‍ എത്തുന്ന ശബ്ദം പ്രക്ഷേപണം ചെയ്യുന്ന സമയത്ത് 'ഞങ്ങള്‍ ജയിച്ചു' എന്ന അവതാരികയുടെ മുഖത്ത് കണ്ട ആ ഭാവമായിരുന്നു. സുഹൃത്തെ താങ്കള്‍, 'നമ്മളെ' പരാജയപ്പെടുത്തിയെല്ലോ!

മാധ്യമ ഊളത്തരത്തിന് സ്ത്രീയെയും അവളെ ചുറ്റിപറ്റിയുള്ള ലൈംഗീകതയെയും കവിഞ്ഞുള്ള ഉപാധിയില്ല എന്ന് മംഗളം പരസ്യമായി തെളിയിച്ചു.അതൊരു പുതിയ കാര്യവുമല്ല! 'വിസ്ഫോടകമായ' വാര്‍ത്തയ്ക്കായി അവര്‍ തെരഞ്ഞെടുത്ത സ്ക്രീന്‍ തന്നെ ഇതിനുദാഹരണമാണ്. ഇത്തരം വാര്‍ത്ത പുറത്തു വിടുമ്പോള്‍ സ്ത്രീസഹജമായ 'നാണവും' 'ചമ്മലും' കൂടി ചിത്രീകരിക്കാന്‍ കഴിയുന്നതും വിജയമല്ലേ എന്ന് നിങ്ങള്‍ ആശ്വസിച്ചോളൂ.

ക്യാമറയില്‍ നിന്നും മുഖം ഒളിക്കാന്‍ സ്വയം ശ്രമിക്കുന്ന സാമൂഹിക പ്രവര്‍ത്തകയായ ധന്യയുടെ നിസഹായതയെയും ചൂഷണം ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതൊക്കെ മാധ്യമധര്‍മ്മമെന്നും മാധ്യമവിജയമെന്നും പാടിപുകഴ്ത്തുന്നവരുടെ അജ്ഞതയോടു സഹതാപം മാത്രമാണ്. ഇനിയും മനുഷ്യരേയും അവരുടെ ലൈംഗീകതയെയും അറിയാന്‍ കഴിഞ്ഞിട്ടില്ലാത്തവരോട് മറ്റുള്ളവര്‍ക്ക് എന്ത് അസൂയ തോന്നാന്‍? അല്ലെങ്കില്‍ തന്നെ അസൂയപ്പെടാന്‍ ഇതില്‍ എന്തായിരുന്നു ഉള്ളത്? മന്ത്രി ഒരാളോടായി രഹസ്യത്തില്‍ പറഞ്ഞത് ഇവര്‍ സ്ത്രീകളെ ഇരുത്തി ഒരു സ്ത്രീ അവതാരകയെ കൊണ്ട് പരസ്യമായി വിളമ്പി.

ഒന്നു സമ്മതിക്കാതെ തരമില്ല, ഈ മാധ്യമപ്രവര്‍ത്തനം ഭയപ്പെടുത്തുന്നുണ്ട്!

മുന്‍പ് തെഹല്‍ക്കയിലും, ഇപ്പോള്‍ നാരദയിലും ജോലി ചെയ്യുന്ന ഒരു വനിതാ ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ ആധികാരികതയോടെ തന്നെ പറയാന്‍ കഴിയും- ഇതല്ല ഒരു മാധ്യമസ്ഥാപനത്തിന്‍റെ എഡിറ്റോറിയല്‍ ബോര്‍ഡ്, ഇത്തരമൊരു വാര്‍ത്ത പരസ്യപ്പെടുത്താന്‍ സ്വീകരിക്കേണ്ടിയിരുന്ന നയം. മനുഷ്യനില്‍ ലൈംഗീകതയുള്ളയിടത്തോളം കാലം മസാല വിസ്ഫോടനം ആര്‍ക്കും സൃഷ്ടിക്കാം, പക്ഷെ അതില്‍ മാന്യത പുലര്‍ത്തുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് മാന്യന്മാര്‍ക്കെ കഴിയൂ..മനുഷ്യര്‍ക്കെ മനസ്സിലാകൂ!

സനീഷ് ഇളയിടത്തിന്റെ വാക്കുകള്‍ കടമെടുക്കുന്നു-

മാധ്യമങ്ങളില്‍ എഡിറ്റര്‍ എന്ന ഒരു പദവി ഉണ്ട്. എത്തിക്‌സ് എന്ന ഒരു സംഗതി ഉണ്ട്. എന്തൊക്കെ സംപ്രേഷണം ചെയ്യപ്പെടണം വേണ്ട എന്നൊക്കെ കണിശമായ ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനിക്കപ്പെടുന്നത്. ആലോചനകളും തീരുമാനങ്ങളും തെറ്റിപ്പോകാറൊക്കെയുണ്ട്. മനുഷ്യസഹജമായ തെറ്റുകള്‍. എന്നാല്‍ ഇന്നിപ്പോള്‍ കണ്ടത് പോലുള്ള തോന്ന്യാസങ്ങള്‍ എല്ലാവരും എല്ലായ്‌പോഴും ചെയ്യുന്നു എന്ന് വിചാരിച്ചാല്‍ പരമമണ്ടത്തരമാകും അത്.

നാരദയെ കല്ലെറിയാന്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ചിലര്‍ പ്രയോഗിച്ചതും ഇതേ തന്ത്രമായിരുന്നുവെന്നു എഡിറ്റോറിയല്‍ ബോര്‍ഡംഗമായ നിലയില്‍ പറയാന്‍ കഴിയും. 'എത്തിക്‌സിന്' ചേരാത്തത് വേണ്ടാ എന്നു തീരുമാനിച്ച ഒരു എഡിറ്റോറിയലിനെ കല്ലെറിയാന്‍ അതേ മാലിന്യം തന്നെയാണ് നല്ലത് എന്ന് കരുതിയവരായിരുന്നു അപ്പോഴത്തെ മാധ്യമധര്‍മ്മക്കാര്‍!

പറയാനുള്ളത് ഇത് മാത്രമാണ്, സ്വന്തം ഫോണ്‍ ലോക്കാണ് എന്ന് ഉറപ്പു വരുത്തി, സാമൂഹ്യബോധവും സദാചാരവും സംരക്ഷിക്കാന്‍ കൊട്ടേഷന്‍ എടുത്തവര്‍ മിനിമം ഒരു മനുഷ്യന്റെ ആവശ്യവും അനാവശ്യവും സ്വകാര്യതയും അംഗീകരിക്കാന്‍ തക്ക ബോധമുള്ളവരാകണം.

ഉഗ്രശ്രവസിന്റെയും ശീലാവതിയുടെയും കഥ ഇനി നാളെ മംഗളത്തില്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്ന് ഓര്‍ത്തുപോവുകയാണ്. തീര്‍ച്ചയായും ഈ 'ഒരു പക്ഷെ' വിസ്ഫോടനം അവിടെയും ഉണ്ടാകും.അല്ലെ?

പ്രായവും പദവിയും ലൈംഗീകതയെ നിലയ്ക്ക് നിര്‍ത്തണം എന്നു നിങ്ങള്‍ തീരുമാനിക്കുന്നതിലും ഉപരിയാണ് എന്‍റെ വീട്ടില്‍ എന്റെയൊപ്പം ആരൊക്കെ ടി.വി കാണണം എന്ന് എനിക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം. ഇതിനെയെല്ലാം 'വിസ്ഫോടനം' എന്നൊക്കെ ഓമനപ്പേരിട്ടു വിളിക്കാതെ നാട്ടിന്‍പ്പുറത്തെ ചില പദങ്ങളില്‍ വിശേഷിപ്പിക്കുന്നതാകും അനുയോജ്യം.

ഈ വാര്‍ത്ത കാണുമ്പോള്‍ സ്ത്രീസഹജമായ ഭാവങ്ങളെ പകര്‍ത്താനുള്ള വേട്ടകാരന്റെ അതിബുദ്ധിക്കും അവജ്ഞ കലര്‍ന്ന നമസ്ക്കാരം! ഇരയെന്നു നിങ്ങള്‍ വിശേഷിപ്പിക്കുന്നത് ആരെയാണ് എന്ന് ആരറിഞ്ഞു? 'ഒരു പക്ഷെ' സ്വന്തം പ്രതിബിംബത്തെ പ്രണയിച്ച നാര്‍സിസ്റ്റ് ആകാനാണ് സാധ്യത.