ഗോവിന്ദച്ചാമിക്കും ഇളവു നല്‍കേണ്ടി വരും; അയാളും ഒരിക്കല്‍ ജയില്‍ മോചിതനാകും: രശ്മി എഴുതുന്നു

കുറ്റം ചെയ്യേണ്ടി വന്ന വ്യക്തിയെ പൊതു സമൂഹത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചു ഉത്തമ പൗരനാക്കി സമൂഹത്തിന് തിരികെ നല്‍കുന്ന കറക്ഷണല്‍ പ്രോസസ് ആണ് ജയിലുകളില്‍ നടക്കുന്നത് അല്ലാതെ പൊതു സമൂഹത്തിന് താല്പര്യമില്ലാത്തവരെ ജീവിതകാലം പൂട്ടിയിടാനുള്ള കെട്ടിടങ്ങളല്ല ജയിലുകള്‍- ഇനിയും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്ത കേസില്‍ ഒരു വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്ന രശ്മി എഴുതുന്നു.

ഗോവിന്ദച്ചാമിക്കും ഇളവു നല്‍കേണ്ടി വരും; അയാളും ഒരിക്കല്‍ ജയില്‍ മോചിതനാകും: രശ്മി എഴുതുന്നു

രശ്മി ആർ. നായർ

ജയിലില്‍ നിന്നും തടവുകാരെ മോചിപ്പിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ പൊതുസമൂഹം ഇത്രമേല്‍ അസ്വസ്ഥമാകുന്നതെന്തിനാണ്. പ്രതികാരവും നീതിയും തമ്മിലുള്ള വത്യാസം ഇനിയും മനസിലാക്കാന്‍ കഴിയാത്ത നമ്മള്‍ക്ക് നീതി നടപ്പിലായ ശേഷമുള്ള ശിക്ഷയെക്കുറിച്ചും വികലമായ സങ്കല്പങ്ങളാണുള്ളത്. കാക്കിയിട്ട നായകന്റെ വിവരക്കേടുകള്‍ക്കു കയ്യടിപ്പിക്കുന്ന നാലാംകിട പോലീസ് സിനിമകള്‍ പടച്ചുവിട്ടൊരു ബോധമേ ഈ വിഷയത്തില്‍ മലയാളിക്കുള്ളൂ.

ജയിലുകള്‍ തടവറകളല്ല കറക്ഷന്‍ ഹോമുകള്‍ ആണ് എന്ന രീതിയില്‍ കാര്യങ്ങള്‍ മാറിയിട്ട് കാലം ഒരുപാടായെങ്കിലും പൊതുസമൂഹം അതൊന്നും അറിഞ്ഞിട്ടില്ല. സാഹചര്യം കൊണ്ട് കുറ്റം ചെയ്യേണ്ടി വന്ന വ്യക്തിയെ പൊതു സമൂഹത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചു ഉത്തമ പൗരനാക്കി സമൂഹത്തിന് തിരികെ നല്‍കുന്ന കറക്ഷണല്‍ പ്രോസസ് ആണ് ജയിലുകളില്‍ നടക്കുന്നത് അല്ലാതെ പൊതു സമൂഹത്തിന് താല്പര്യമില്ലാത്തവരെ ജീവിതകാലം പൂട്ടിയിടാനുള്ള കെട്ടിടങ്ങളല്ല ജയിലുകള്‍.


സാഹചര്യം മൂലം മാത്രമാണ് എല്ലാവരും കുറ്റവാളി ആകുന്നത്, അല്ലാതെ കുറ്റവാളി ആകാന്‍ വേണ്ടി ആരും ജനിക്കുന്നില്ല. ആ സാഹചര്യം ഒരുപക്ഷേ പ്രലോഭനമാകാം, പ്രതികാരമാകാം മാനുഷികമായ മറ്റെന്തു വികാരവും ആകാം. അതുമൂലം കുറ്റം ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമാണ് അയാള്‍ കുറ്റവാളിയായി മാറുന്നത് .അതിനു മുന്‍പും പിന്‍പും അയാള്‍ നമ്മളെ പോലെ സാധാരണ മനുഷ്യനാണ്. ഒരു പക്ഷെ അയാള്‍ കടന്നു വന്നതുപോലൊരു സാഹചര്യത്തില്‍ കൂടി കടന്നുപോയാല്‍ അതേ കുറ്റം ചെയ്യാന്‍ അയാളേക്കാള്‍ നൂറിരട്ടി സാധ്യത ഉള്ളവരാകും നമ്മളില്‍ പലരും അപ്പോള്‍ നമ്മള്‍ കുറ്റവാളി ആകാത്തത് സാഹചര്യങ്ങള്‍ രക്ഷിക്കുന്നത് കൊണ്ടാണ്.

താന്‍ കുറ്റം ചെയ്യാനിടയായ സാഹചര്യം ഇനിയും ഉണ്ടായാല്‍ അതൊരു പക്ഷെ പണത്തിന്റെ പ്രലോഭനമാകാം പ്രതികാരമാകാം എന്ത് തന്നെയും ആയിക്കോട്ടെ ആ സാഹചര്യത്തെ കുറ്റം ചെയ്യാതെ അതിജീവിക്കാനുള്ള പ്രായോഗിക ജ്ഞാനം അയാള്‍ ശിക്ഷയുടെ ആദ്യപകുതി പിന്നിടുമ്പോള്‍ തന്നെ നേടിയിട്ടുണ്ടാകും. അപ്പോള്‍ നമ്മള്‍ പറഞ്ഞ സമൂഹത്തിലെ ഇതുവരെ സാഹചര്യം ഉണ്ടാകാത്ത മാന്യന്മാരെക്കാള്‍ നൂറിരട്ടി നീതിന്യായ വ്യവസ്ഥയെ കുറിച്ച് ബോധവാനും കൂറുള്ളവനുമാണ് മേല്‍പ്പറഞ്ഞ കുറ്റവാളി. അത്തരം ഒരവസ്ഥയില്‍ എത്തി നില്‍ക്കുന്ന ഒരാളെ സമൂഹത്തിലേക്ക് കൊണ്ട് വരുന്നതില്‍ പൊതുസമൂഹത്തിനു ഒരാശങ്കയും ഉണ്ടാകേണ്ട കാര്യമില്ല.

Image result for jail room

കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്നു ശിക്ഷയുടെ ആദ്യപകുതി കഴിയുമ്പോള്‍ തന്നെ ബഹുഭൂരിപക്ഷം തടവുകാരിലും ചെയ്ത കുറ്റത്തെക്കുറിച്ച് പാശ്ചാത്താപം ഒന്നും ഉണ്ടായില്ലെങ്കിലും ഇനി എന്ത് സാഹചര്യം ഉണ്ടായാലും ഇങ്ങനെ ഒരു കുറ്റം ചെയ്യാതിരിക്കാനുള്ള പ്രായോഗിക ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങും. ആ പ്രായോഗിക ബുദ്ധിയില്ലായ്മ മൂലം തങ്ങള്‍ക്കു നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചും അനുഭവസമ്പത്തു കൊണ്ടു അവര്‍ ബോധവാന്മാരാണ്. ഈ ഒരു സാഹചര്യത്തില്‍ ശിക്ഷായിളവിന് അര്‍ഹനായ ഒരാളെ സാങ്കേതിക കാരണങ്ങള്‍ മൂലം വീണ്ടും ജയിലില്‍ തന്നെ തള്ളുന്നത് മൂലം അയാളുടെ ഈ മാനസികാവസ്ഥക്കു മാറ്റം സംഭവിക്കുകയും തന്നോടു സമൂഹം അനീതി ചെയ്യുന്നു എന്ന തോന്നല്‍ പതിയെ സമൂഹത്തോടുള്ള വെറുപ്പായി മാറുകയും ചെയ്യുന്നുണ്ട്. മുഴുവന്‍ ശിക്ഷയുടെ ഉദ്ദേശത്തെ തന്നെ ഇത് തകിടം മറിക്കുന്നു. അതുകൊണ്ട് കൃത്യമായ സമയത്ത് ശിക്ഷാ ഇളവ് നല്‍കുകയും അര്‍ഹരായവരെ മോചിപ്പിക്കുകയും ചെയ്യുകയെന്നത് ഒരു കറക്ഷണല്‍ പ്രോസസ്സിലെ ഒഴിവാക്കാനാകാത്ത കാര്യമാണ്. അങ്ങനെ പുറത്തുവരുന്ന ഒരോ തടവുകാരനും പുറത്തിറങ്ങി ജയിലിന്റെ ഗേറ്റിലേക്ക് തിരികെയൊരു നോട്ടം നോക്കും ഇനിയൊരിക്കലും തിരികെ വരില്ല എന്നുറപ്പുള്ള നോട്ടം.

Image result for jail room

അങ്ങനെ അര്‍ഹരായവരെ കണ്ടെത്തുന്ന സിസ്റ്റം കൃത്യമായാണോ പ്രവര്‍ത്തിക്കുന്നത് എന്നു ചോദിച്ചാല്‍ ലേബര്‍ റൂമിലെ ടേബിളില്‍ മുതല്‍ ശ്മശാനത്തിലെ വിറകില്‍ വരെ അഴിമതിയുള്ളൊരു രാജ്യത്ത് ഇത് മാത്രം പച്ചവെള്ളം പോലെ പരിശുദ്ധമായിരിക്കും എന്നാരെങ്കിലും പറയുന്നെങ്കില്‍ അതൊരു സുന്ദരമായ നുണ മാത്രമാണ്. ലേബര്‍ റൂമില്‍ അഴിമതി ഉണ്ട് എന്നു കരുതി നമ്മളാരും പ്രസവിക്കാതിരിക്കുന്നില്ലല്ലോ വിറകില്‍ അഴിമതി ഉണ്ടെന്ന് കരുതി ശവം കത്തിക്കാതിരിക്കുന്നുമില്ല. അഴിമതിയൊക്കെ ഒഴിവാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിച്ചു മറ്റെല്ലാ സിസ്റ്റവും പ്രവര്‍ത്തിക്കുന്നതുപോലെ തടവുകാരുടെ ശിക്ഷാ ഇളവും മോചനവും ഒക്കെ നടക്കണം.

Image result for jail room

ഇന്നലേ ഉയര്‍ന്നു കേട്ടൊരു ചോദ്യമുണ്ടായിരുന്നു ഗോവിന്ദച്ചാമിക്കുകൂടി അങ്ങ് ഇളവ് നല്‍കാന്‍ പാടില്ലായിരുന്നോയെന്ന്. മാനദണ്ഡങ്ങള്‍ അനുവദിക്കുന്നതുപോലെ ഗോവിന്ദച്ചാമിക്കും ഇളവ് ഇന്നല്ലെങ്കില്‍ നാളെ നല്‍കേണ്ടി വരും. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിയും ഒരിക്കല്‍ മോചിതനാകണം .പുറത്തിറങ്ങി തിരിഞ്ഞു നിന്നു ദഹിപ്പിക്കുന്ന ഒരു നോട്ടം അയാളും നോക്കണം ആ ഗേറ്റിലേക്ക് ഇനി വരില്ല എന്നുറപ്പുള്ള നോട്ടം. ആ നോട്ടമാണ് നീതിയുടെ വിജയം, ജ്യുഡീഷ്യറിയുടെ വിജയം, ജയിലുകളുടെ വിജയം , സമൂഹത്തിന്റെ വിജയം.


Story by