ഒരു അതിവൈകാരിക ദുരന്തനാടകം ഇവിടെ അരങ്ങേറിയിരിക്കുന്നു

ചിന്തകനും ചലച്ചിത്രകാരനുമായ കെ.പി കുമാരന്‍ ശബരിമലയും ഓഖിയും പ്രളയവുമെല്ലാമുള്ള ഇക്കാല കേരളത്തെ കുറിച്ച് എങ്ങനെ ചിന്തിക്കുന്നു. ട്വിറ്ററിലൂടെ വൈറലായ കുറിപ്പ് നാരദ ന്യൂസ് പ്രസിദ്ധീകരിക്കുന്നു

ഒരു അതിവൈകാരിക ദുരന്തനാടകം ഇവിടെ അരങ്ങേറിയിരിക്കുന്നു

കെപി കുമാരൻ


വേണം ഒരു ചിന്താവിപ്ലവം!

ശബരിമലയുടെ പേരില്‍ ഏതാനും ആഴ്ചകളായി ഒരു അതിവൈകാരിക ദുരന്തനാടകം ഇവിടെ അരങ്ങേറിയിരിക്കുന്നു. സംഭവിക്കാന്‍ പാടില്ലാത്തത്. എന്തുകൊണ്ടെന്നാല്‍ കേരളം അപമാനിതമായി, ദേശീയതലത്തില്‍ അന്തര്‍ദേശീയതലത്തില്‍. കാരണം കേരളം ഒരു മാതൃകയായി എണ്ണപ്പെട്ടിരുന്നു. മാത്രവുമല്ല ഈ വര്‍ഷം, 2018 പ്രകൃതിദുരന്തങ്ങളുടെ, നാശത്തിന്റെ, ദുരിതത്തിന്റെ കാലമായി കണക്കാക്കപ്പെടുന്നു. ലോകം മുഴുവന്‍. കേരളത്തിലും. ഓഖി ദുരന്തം. കാലാകാലങ്ങളായി കേരള ജനതയുടെ ഭക്ഷണത്തിന് പ്രോട്ടീന്‍ ലഭ്യമാക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവാക്കളെ കശക്കിയെറിഞ്ഞ ഓഖി. എന്നും ദുരിതത്തില്‍ കഴിഞ്ഞുപോകുന്ന ആ കുടുംബങ്ങളെ കരകയറ്റാന്‍ ഇനിയും നമുക്കായിട്ടില്ല. നാടിനോടുള്ള അവരുടെ സ്‌നേഹം ത്യാഗസന്നദ്ധത തുടര്‍ന്നുവന്ന മഹാപ്രളയകാലത്ത് നാം കണ്ടതാണ്.

ഇവിടെ ജനാധിപത്യം ഭരണഘടന ജുഡീഷ്യറി എന്നീ പദപ്രയോഗങ്ങള്‍ ഒരുവശത്തും ആചാരം വിശ്വാസം പാരമ്പര്യം എന്നിവ മറുവശത്തും ഉയര്‍ന്നുകേള്‍ക്കുന്നു. ഈ രണ്ട് അവസ്ഥകളും ആകാശത്തു നിന്നു പൊട്ടി വീണതോ, ഏതെങ്കിലും മഹാരാജാവ് പ്രജകള്‍ക്ക് പതിച്ചുനല്‍കിയാതൊ അല്ല. രണ്ടും ചരിത്രത്തിന്റെ ഭാഗം. ചരിത്രം മറക്കുന്നവര്‍ കാലത്തിന്റെ ചതിക്കുഴിയില്‍ വീണുപോകുമെന്നതും ചരിത്രം. ഏതൊരുമനുഷ്യനും വേണ്ടത് ചരിത്രബോധവും സമകാലീനമായ തിരിച്ചറിവുമാണ്.

പതിനെട്ടാം നൂറ്റാണ്ടില്‍ അന്ധകാരമായിരുന്നു. കേരളത്തില്‍ മാത്രമല്ല ലോകമെങ്ങും. ആ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ വെളിച്ചത്തിന്റെ പുതുകിരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

1775 മുതല്‍ 1783 വരെ നീണ്ടുനിന്ന അമേരിക്കന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് (അമേരിക്കന്‍ സ്വാതന്ത്ര്യ സമരം). 1789ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ ഫ്രഞ്ച് വിപ്ലവം. ഏജ് ഓഫ് റീസണ്‍ (യുക്തിയുടെ യുഗം) എന്ന ദര്‍ശനം. കൊളോണിയലിസത്തിനെതിരെ, അടിമത്തത്തിനെതിരെ വീശിയടിച്ച കൊടുങ്കാറ്റുകള്‍- എന്നാല്‍ കേരളം അപ്പോഴും ഇരുട്ടില്‍ തന്നെയായിരുന്നു.

ഒരു പുതുയോഗത്തിന് പിറവി ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു മലയാളിക്ക്. അവര്‍ണ്ണനായ ഒരു യുവസന്ന്യാസി ഒരു അര്‍ദ്ധരാത്രിയില്‍ മലഞ്ചരിവിലെ വാസസ്ഥലത്തു നിന്ന് ഇറങ്ങിവന്നു താഴെ കുലംകുത്തിയൊഴുകുന്ന നദിയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി ലക്ഷണമൊത്ത ഒരു കരിങ്കല്‍ക്കഷണം പൊക്കിയെടുത്ത,് കരയിലെ ഒരു മരച്ചുവട്ടില്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ട് ഉറപ്പിച്ചു നിര്‍ത്തിയപ്പോള്‍, ശിവനെ... ഈഴവശിവനെ സ്ഥാപിച്ചപ്പോള്‍.

ബ്രിട്ടീഷ് സര്‍വീസിലെ ഒരു ജഡ്ജി വടക്കന്‍ കേരളത്തില്‍ ഒരു മലയാള നോവല്‍ പുസ്തകം എഴുതിയ അച്ചടിച്ചപ്പോള്‍, അന്നത്തെ സവര്‍ണ കേരളത്തിലെ തറവാടുകളുടെ രസകരവും കാല്‍പനികവും എന്നാല്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതുമായ ഒരു നേര്‍ചിത്രം. സൂര്യ നമ്പൂതിരി, ചന്തുമേനോന്‍, ഇന്ദുലേഖ, മാധവന്‍, പ്രണയമെന്ന വികാരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അനിവാര്യത. കേരത്തില്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.

സാമൂഹികവും സാംസ്‌കാരികവുമായ വിസ്‌ഫോടനങ്ങള്‍, കാവ്യങ്ങള്‍, കഥകള്‍, നാടകങ്ങള്‍, പത്രമാസികകള്‍... പിന്നെയൊരു കുത്തൊഴുക്കായിരുന്നു.

പുതിയ ആശയങ്ങള്‍. സമത്വം, സ്വാതന്ത്ര്യം, മാനവികത, അയ്യങ്കാളി, കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള, കുമാരനാശാന്‍, വി.ടി ഭട്ടത്തിരിപ്പാട്,സ്വാതന്ത്ര്യ സമരംസത്യാഗ്രഹം, മഹാത്മജി കേരളം സന്ദര്‍ശിക്കുന്നു, ജനാധിപത്യം, സോഷ്യലിസം, പുരോഗമനം.

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രയായപ്പോള്‍ കേരളം വളരെ മുന്നിലായിരുന്നു- മറ്റു പ്രദേശങ്ങളെക്കാള്‍ സാമൂഹികമായി, സാംസ്‌കാരികമായി. ഇപ്പോള്‍ നമുക്ക് എന്താണ് പറ്റിയത് പടുത്തുയര്‍ത്തിയ ഗോപുരങ്ങളുടെ അസ്ഥിവാരങ്ങള്‍ ഇളകുകയാണോ? വേണം ഒരു വിചാരവിപ്ലവം വീണ്ടും കേരളത്തിന്- സൂക്ഷ്മം. സ്വതന്ത്രം. സമഗ്രം.