'വ്യാജവാര്‍ത്തകളുടെ യുഗത്തില്‍'- ഗൗരി ലങ്കേഷിന്റെ അവസാന എഡിറ്റോറിയല്‍

ഗൗരി ലങ്കേഷ് പത്രികെയിലെ 'കണ്ട ഹാഗെ' (എന്റെ കാഴ്ചപ്പാട്) എന്ന പേജില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ നാരദ പുനപ്രസിദ്ധീകരിക്കുന്നു.

വ്യാജവാര്‍ത്തകളുടെ യുഗത്തില്‍-  ഗൗരി ലങ്കേഷിന്റെ അവസാന എഡിറ്റോറിയല്‍

"ഈ ആഴ്ചയിലെ പതിപ്പില്‍ എന്റെ സുഹൃത്ത് ഡോ. വാസു വ്യാജ വാര്‍ത്താ ഫാക്ടറികളെപ്പറ്റി എഴുതിയിട്ടുണ്ട്, ഇന്ത്യയില്‍ ഗോബല്‍സിന്റെ മാതൃകയില്‍ ഈ വ്യാജവാര്‍ത്താ ഫാക്ടറികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച്. അത്തരം നുണ ഫാക്ടറികള്‍ നടത്തുന്നത് മോദി ഭക്തരാണ്. ഇത്തരം നുണ ഫാക്ടറികള്‍ സൃഷ്ടിക്കുന്ന കുഴപ്പത്തെപ്പറ്റിയാണ് എന്റെ എഡിറ്റോറിയല്‍.

ഗണേഷ് ചതുര്‍ത്ഥി സമയത്ത് സംഘ് പരിവാറുകാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു അപവാദം പ്രചരിപ്പിച്ചു. കര്‍ണാടക ഗവണ്മെന്റ് തീരുമാനിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ഗണേശപ്രതിമകള്‍ സ്ഥാപിക്കാവൂ എന്നാണ് അവര്‍ പറയുന്നത്. ഒരു പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് 10 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും, പ്രതിമയുടെ ഉയരം തീരുമാനിക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്നും, മറ്റു മതക്കാര്‍ താമസിക്കുന്ന പ്രദേശത്തുകൂടെ നിമജ്ജന റാലി കടന്നുപോകരുതെന്നും പടക്കങ്ങള്‍ അനുവദനീയമല്ലെന്നും ഒക്കെയാണ് അവര്‍ പറയുന്നത്.

ഈ വ്യാജ വാര്‍ത്ത പരത്തിയത് രാഷ്ട്രീയ സ്വയംസേവക് സംഘ് ആണ്. ഒടുവില്‍, സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയമവും പുറത്തിറക്കിയിട്ടില്ലെന്ന് വിശദീകരിക്കാന്‍ കര്‍ണാടക പൊലീസ് മേധാവി ആര്‍കെ ദത്തയ്ക്ക് പത്രസമ്മേളനം നടത്തേണ്ടിവന്നു. ഇതെല്ലാം നുണയായിരുന്നു.

ഈ അപവാദം പ്രചരിപ്പിച്ചത് ആരെന്നറിയാന്‍ അന്വേഷിച്ചപ്പോള്‍, ഞങ്ങള്‍ എത്തിപ്പെട്ടത് പോസ്റ്റ്കാര്‍ഡ്.ന്യൂസ് എന്ന വെബ്‌സൈറ്റിലാണ്. മതഭ്രാന്തരായ ഹിന്ദുപ്രചാരകര്‍ നടത്തുന്ന വെബ്‌സൈറ്റാണ് അത്. ഓരോ ദിവസവും ഈ സൈറ്റ് വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കി അവ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഓഗസ്‌റ്റ് 11ന് പോസ്റ്റ് കാര്‍ഡില്‍ വന്ന മറ്റൊരു തലക്കെട്ട് ഇങ്ങനെ, 'കര്‍ണാടകയില്‍ താലിബാന്‍ ഭരണം'. ഗണേഷ് ചതുര്‍ത്ഥിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന സംഘപരിവാര്‍ വ്യാജവാര്‍ത്താ പ്രചരണത്തെപ്പറ്റിയാണ് ഈ വ്യാജവാര്‍ത്ത. സംസ്ഥാനം മുഴുവന്‍ നുണ പ്രചരിപ്പിക്കുന്നതില്‍ സംഘികള്‍ വിജയിച്ചു. സിദ്ധരാമയ്യ സര്‍ക്കാരുമായി ഏതെങ്കിലും തരത്തില്‍ വിയോജിപ്പുള്ളവര്‍ എല്ലാം ഈ വ്യാജ വാര്‍ത്ത ആയുധമാക്കി.

ഏറ്റവും ഞെട്ടിക്കുന്നതും സങ്കടകരവുമായ കാര്യം ജനങ്ങള്‍ മറിച്ചൊന്നും ചിന്തിക്കാതെ ഇക്കാര്യം വിശ്വസിച്ചു എന്നാണ്- അവരുടെ കണ്ണുകളും കാതുകളും അടച്ചിട്ട്, തലച്ചോര്‍ അടക്കം പൂട്ടിവെച്ച് അവരത് വിശ്വസിച്ചു.

കഴിഞ്ഞയാഴ്ച, ഫ്രോഡ് ഗുരു ഗുര്‍മീത് റാം റഹീം ബലാത്സംഗ കേസില്‍ പ്രതിയാണ് എന്ന വാര്‍ത്ത വന്നപ്പോള്‍, ഗുര്‍മീത് റാം റഹീം സിംഗ് പല ബിജെപി നേതാക്കള്‍ക്കുമൊപ്പം നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റനേകം ഹരിയാന ബിജെപി നേതാക്കളും റഹീമിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇത് ബിജെപിയെയും സംഘ്പരിവാറിനെയും പ്രകോപിപ്പിച്ചു. ഇതിനെ നേരിടാന്‍ അവര്‍ കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്‍ റാം റഹീമിനൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു.

ശരിയായ ചിത്രത്തില്‍ റാം റഹീമിനൊപ്പമുള്ളത് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയാണ്. വലതുപക്ഷക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ തലയ്ക്ക് പകരം പിണറായി വിജയന്റെ തലയാണ്. ഭാഗ്യവശാല്‍, ചിലര്‍ യഥാര്‍ത്ഥ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ ആ പ്രചരണം ഫലം കണ്ടില്ല.

കഴിഞ്ഞ വര്‍ഷം വരെ വലതുപക്ഷക്കാരുടെ വ്യാജ പ്രചരണത്തെ വെളിച്ചത്തുകൊണ്ടുവരാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പലരും വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് വ്യാജവാര്‍ത്ത മാത്രം മുന്നിട്ടുനിന്നിരുന്ന സ്ഥലത്ത്, ഇന്ന് സത്യവാര്‍ത്തകള്‍ പുറത്തുവരികയും അവ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ഉദാഹരണത്തിന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ നുണകള്‍ ചൂണ്ടിക്കാട്ടി ധ്രുവ് രതീ ഓഗസ്റ്റ് 17ന് പോസ്റ്റ് ചെയ്ത വീഡിയോ. കഴിഞ്ഞ കുറച്ചുമാസങ്ങളായി മോദി പ്രചരിപ്പികക്കുന്ന നുണകള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിടുകയാണ് രതീ.

മുമ്പ് രതീയുെട വീഡിയോകള്‍ വളരെ കുറച്ചുപേര്‍ മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാല്‍, ഈ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ കൂടി, വീഡിയോ വൈറലായി. ഒരു ലക്ഷത്തിലേറെപ്പേര്‍ യൂട്യൂബില്‍ ഈ വീഡിയോ കണ്ടു.

രതീ പറയുന്നതനുസരിച്ച്, ഒരു മാസം മുമ്പ് ബുസ്ബുസിയ (നുണയന്‍ എന്നര്‍ത്ഥം വരുന്ന ഈ വാക്കാണ് 'മോദി'ക്ക് പകരം ഗൗരി ലങ്കേഷ് ഉപയോഗിച്ചുവരുന്നത്) ഗവണ്മെന്റ് രാജ്യസഭയെ അറിയിച്ചത് നോട്ടുനിരോധനത്തിന് ശേഷം 33ലക്ഷം പേര്‍ നികുതിയടച്ചുതുടങ്ങി എന്നാണ്. മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചത് 91 ലക്ഷം പേര്‍ നികുതി അടച്ചുതുടങ്ങി എന്നാണ്. എക്കണോമിക് സര്‍വേ പുറത്തുവിട്ട കണക്ക് 5.4 ലക്ഷമാണ്. ഈ കണക്കുകളെയാണ് വീഡിയോയില്‍ രതീ ചോദ്യം ചെയ്യുന്നത്.

ഇന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ ഗവണ്മെന്റും ബിജെപിയും നല്‍കിയ ഈ കണക്കുകളെ ഗോസ്പല്‍ സത്യമായി സ്വീകരിക്കുന്നു. ഗവണ്മെന്റിന്റെ അവകാശ വാദങ്ങളെ വെല്ലുവിളിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ. ടിവി ചാനലുകള്‍ ഇക്കാര്യത്തില്‍ പത്തടി മുന്നിലാണ്. ഉദാഹരണത്തിന് രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സ്ഥാനമേറ്റപ്പോള്‍, കോവിന്ദ് സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മൂന്ന് മില്യണില്‍ ഏറെ വര്‍ധനവുണ്ടായി എന്ന് പല ഇംഗ്ലീഷ്് ചാനലുകളും വാര്‍ത്ത കൊടുത്തു. കോവിന്ദിന്റെ പ്രശസ്തി വര്‍ധിച്ചുവെന്ന് ചാനലുകള്‍ ദിവസം മുഴുവന്‍ പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു.

അടുത്ത കാലത്തായി പല ടിവി ന്യൂസ് സ്ഥാപനങ്ങളും ആര്‍എസ്എസുമായി സംഘം ചേര്‍ന്നതായി കാണാം. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലേക്ക് പുതിയ രാഷ്ട്രപതി സ്ഥാനമേറ്റപ്പോള്‍ ഉണ്ടായതാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തിലുണ്ടായ വര്‍ധനവ്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ട്വിറ്ററില്‍ മൂന്നു മില്യണിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.

പല വസ്തുതാന്വേഷകരും മിത്ത് തകര്‍ക്കുന്നവരും ഇപ്പോള്‍ ആര്‍എസ്എസ് നടത്തുന്ന ഇത്തരം കുപ്രചരണങ്ങളെപ്പറ്റി സംസാരിക്കുന്നു. സത്യം കൊണ്ട് അതിനെ എതിര്‍ത്തുകൊണ്ട്. ധ്രുവ് രതീ അത് വീഡിയോകളിലൂടെ ചെയ്യുമ്പോള്‍ ്പ്രതീക് സിന്‍ഹ അത് ആള്‍ട്ട് ന്യൂസ് എന്ന തന്റെ വെബ്‌സൈറ്റിലൂടെ ചെയ്യുന്നു.

എസ് എം ഹോക്‌സ് സ്ലേയര്‍, ബൂം ഫാക്ട്‌ചെക്ക് എന്നീ വെബ്‌സൈറ്റുകളും ദ വയര്‍, സ്‌ക്രോള്‍, ന്യൂസ് ലോണ്ട്രി, ദ ക്വിന്റ് എന്നീ ന്യൂസ് പോര്‍ട്ടലുകളും സജീവമായി വ്യാജവാര്‍ത്തകളെ പൊളിച്ചടുക്കുന്നുണ്ട്.

ഞാന്‍ സൂചിപ്പിച്ച ആളുകളും ഓര്‍ഗനൈസേഷനുകളും വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവന്നവരാണ്. ഈ വെളിപ്പെടുത്തലുകളെല്ലാം ആര്‍എസ്എസിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഏറ്റവും പ്രധാനം ഇവരൊന്നും പണമുണ്ടാക്കാനല്ല ജോലി ചെയ്യുന്നത് എന്നാണ്. അവരുടെ പ്രധാന ലക്ഷ്യം ഈ ഫാസിസ്റ്റുകളെ വെളിച്ചത്തുകൊണ്ടുവരികയാണ്. അവരുടെ വ്യാജവാര്‍ത്താ പ്രചരണ രീതികളെയും.

ഒരാഴ്ചമുമ്പ് ബംഗളൂരുവില്‍ നിര്‍ത്താതെ മഴ പെയ്തപ്പോള്‍, കര്‍ണാടകയിലെ ബിജെപി ഐടി സെല്‍ ഒരു ഫോട്ടോ പ്രചരിപ്പിച്ചു, ചന്ദ്രനിലൂടെ ആളുകള്‍ നടക്കുന്നതായി നാസ കണ്ടെത്തി, പിന്നീട് ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അത് ബംഗളൂരു റോഡ് ആണെന്ന് അറിയിച്ചു എന്ന സര്‍കാസ്റ്റിക് തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. റോഡ് നിറയെ കുഴികളാണ് എന്ന് പ്രചരിപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പ്രചരണം നടത്തുകയാണ് ബിജെപി ചെയ്തത്.

എന്നാല്‍, പദ്ധതി പൊളിഞ്ഞത് ഫോട്ടോ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്, ബംഗളൂരുവില്‍ നിന്നുള്ളതല്ല എന്ന് ചൂണ്ടിക്കാട്ടിയതോടെയാണ്.

അതുപോലെ, പശ്ചിമ ബംഗാളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വലതുപക്ഷക്കാര്‍ സോഷ്യല്‍ മീഡിയയില്‍ രണ്ട് പോസ്റ്ററുകള്‍ ഷെയര്‍ ചെയ്തു. ഒന്നിന് തലക്കെട്ട് 'ബംഗാള്‍ കത്തുന്നു' എന്നായിരുന്നു. കത്തിയ വീടുകള്‍ ഉള്ള പോസ്റ്റര്‍ ആണ് അത്. രണ്ടാമത്തെ ചിത്രം ഒരു സ്ത്രീയുടെ സാരി ഒരാള്‍ വലിച്ചൂരുന്നതായിരുന്നു. അത് കുറേപ്പേര്‍ നോക്കിനില്‍ക്കുന്നുമുണ്ട്. ബദൂരിയയില്‍ ഹിന്ദു സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്നായിരുന്നു അതിനു നല്‍കിയ തലക്കെട്ട്. പെട്ടെന്നുതന്നെ ഈ ചിത്രങ്ങള്‍ക്കു പിന്നിലെ സത്യവും പുറത്തുവന്നു.

ആദ്യത്തെ ചിത്രം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന, 2002ലെ ഗുജറാത്ത് വംശഹത്യക്കാലത്തെയായിരുന്നു ആദ്യത്തെ ചിത്രം. രണ്ടാമത്തേത് ഒരു ഭോജ്പൂരി സിനിമയിലെ സ്റ്റില്‍ ആയിരുന്നു. ഈ ചിത്രം ഷെയര്‍ ചെയ്തത് മുതിര്‍ന്ന ബിജെപി നേതാവ് വിജേതാ മല്ലിക് ആണ്.

ആര്‍എസ്എസ് മാത്രമല്ല, ബിജെപി കേന്ദ്രമന്ത്രിമാര്‍ വരെ ഈ വ്യാജവാര്‍ത്ത പ്രചരണത്തിന്റെ ഭാഗമായി. ഉദാഹരണത്തിന്, നിതിന്‍ ഗഡ്കരി ഒരു ഫോട്ടോ ഷെയര്‍ ചെയ്തു, മുസ്ലീങ്ങള്‍ ദേശീയ പതാക കത്തിക്കുന്നതിന്റെ. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു, റിപ്പബ്ലിക് ദിനത്തില്‍, ഹൈദരാബാദില്‍ ത്രിവര്‍ണ പതാക കത്തിക്കുന്നു എന്ന തലക്കെട്ടോടെ. ഗൂഗിളില്‍ പുതിയൊരു ഇമേജ് സെര്‍ച്ച് ആപ്ലിക്കേഷനുണ്ട്. അതില്‍ ഒരു ഇമേജ് സെര്‍ച്ച് ചെയ്താല്‍, ആ ചിത്രത്തിന്റെ ഉറവിടം കണ്ടെത്താനാകും. ഈ ആപ്പ് ഉപയോഗിച്ച്, ആ ഫോട്ടോ പാകിസ്താനിലെ ഒരു നിരോധിത സംഘടനയുടെ പ്രതിഷേധ പരിപാടിക്കിടെ എടുത്ത ചിത്രമാണ് എന്ന് പ്രതീക് സിന്‍ഹ കണ്ടെത്തി.

ഒരു പ്രൈംടൈം ചര്‍ച്ചക്കിടെ ബിജെപി വക്താവ് സാംബിത് പത്ര, ജെഎന്‍യു അടക്കമുള്ള കേന്ദ്ര സര്‍വ്വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനെപ്പറ്റി പറയുകയുണ്ടായി.

തന്റെ ടാബില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തുന്ന ആറ് പട്ടാളക്കാരുടെ ചിത്രം കാണിച്ചുകൊണ്ടായിരുന്നു പത്ര ഇക്കാര്യം അവതരിപ്പിച്ചത്. പിന്നെ വ്യക്തമായി അത് രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാനിലെ ഇവോ ജിമാ ദ്വീപ് പിടിച്ചടക്കിയ ശേഷം അമേരിക്കന്‍ സൈനികര്‍ അമേരിക്കന്‍ പതാകയുയര്‍ത്തുന്ന ഫോട്ടോയായിരുന്നു. ആളുകളെ പറ്റിക്കാന്‍ വേണ്ടിയാണ് പത്ര ഇത്തരം ഫോട്ടോകള്‍ ഉണ്ടാക്കുന്നത്.

അടുത്തിടെ കേന്ദ്ര ഊര്‍ജ്ജ മന്ത്രി ഒരു ഫോട്ടോ ഷെയര്‍ ചെയ്തു, ''30,00,000 എല്‍ഇഡി ലാമ്പുകള്‍ ഇന്ത്യയിലെ 50,000 കിലോമീറ്ററോളം റോഡുകളില്‍ തെളിയിച്ചിരിക്കുന്നു''പക്ഷേ ആ ഫോട്ടോയും വ്യാജമായിരുന്നു. 2009ല്‍ എടുത്ത ഒരു ജാപ്പനീസ് തെരുവിന്റെ ചിത്രമായിരുന്നു അത്. ഗോയല്‍ ഈയടുത്തായി അവകാശപ്പെട്ടു, തദ്ദേ ശീയ കല്‍ക്കരി വിതരണത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ വര്‍ധനവുണ്ടായി. 25,900 കോടിയുടെ ലാഭമുണ്ടായി. ഇതിന്റെ കൂടെ ചേര്‍ത്ത ഫോട്ടോയും വ്യാജമാണ് എന്ന് തെളിഞ്ഞു.

ഛത്തീസ്ഗഢില്‍ ബിജെപിയുടെ പിഡബ്‌ള്യൂഡി മന്ത്രി രാജേഷ് മുനത് ഒരു പാലത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തു, സംസ്ഥാന ഗവണ്മെന്റിന്റെ നേട്ടമാണ് അത് എന്ന് കാണിച്ചാണ് ഷെയര്‍ ചെയ്തത്. പക്ഷേ സത്യത്തില്‍ അത് വിയറ്റ്‌നാമിലെ ഒരു പാലത്തിന്റെ ചിത്രമായിരുന്നു. ആ പോസ്റ്റിന് 2000 ലൈക്കുകള്‍ കിട്ടി. പിന്നീട് ഡിലീറ്റ് ചെയ്തു.

നമ്മുടെ തന്നെ കര്‍ണാടകയിലെ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ വ്യാജവാര്‍ത്ത പ്രചരണത്തില്‍ പിന്നിലല്ല. കര്‍ണാടകയിലെ എംപി പ്രതാപ് സിംഹ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് എന്നു കാണിച്ച് ഒരു റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തു. ഒരു ഹിന്ദു പെണ്‍കുട്ടിയെ മുസ്ലീം യുവാവ് കുത്തിക്കൊന്നു എന്നായിരുന്നു തലക്കെട്ട്. ലോകത്തോട് ധാര്‍മികതയെപ്പറ്റി പ്രസംഗിക്കുന്ന സിംഹ ഈ വാര്‍ത്തയുടെ ആധികാരികത പരിശോധിച്ചില്ല. ഒരൊറ്റ പത്രം പോലും അത്തരത്തിലൊരു വാര്‍ത്ത കൊടുത്തിട്ടില്ല. സത്യത്തില്‍ തലക്കെട്ട് ഫോ്‌ട്ടോഷോപ്പ് ചെയ്ത് വാര്‍ത്ത വര്‍ഗീയ തലത്തില്‍ അവതരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ എംപി പോസ്റ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ നുണ പ്രചരിപ്പിച്ചതിന് മാപ്പപേക്ഷിച്ചിട്ടില്ല.

എന്റെ ഫ്രണ്ട് വാസു എഴുതിയ പോലെ, ഞാനും ഇത്തരമൊരു തെറ്റുവരുത്തി. ലാലു പ്രസാദ് യാദവ് ഷെയര്‍ ചെയ്ത, പാറ്റ്‌നയില്‍ നടന്ന റാലിയുടെ ഫോട്ടോ ആയിരുന്നു അത്. പക്ഷേ, ഉടന്‍ തന്നെ എന്റെ സുഹൃത്ത് ശശിധര്‍ ഹെമ്മാഡി അത് വ്യാജഫോട്ടോ ആണ് എന്ന് എന്നെ തിരുത്തി. ഉടന്‍ തന്നെ ഞാന്‍ തെറ്റ് സമ്മതിച്ചു. വ്യാജഫോട്ടോയും ഒറിജിനല്‍ ഫോട്ടോയും ഷെയര്‍ ചെയ്തു.

വര്‍ഗീയമായി എന്തെങ്കിലും ഷെയര്‍ ചെയ്യാനോ പ്രചരിപ്പിക്കാനോ ഉദ്ദേശമുണ്ടായിരുന്നില്ല. ജനങ്ങള്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ ഒത്തുചേരുന്നു എന്ന ആശയം അറിയിക്കുക എന്ന് മാത്രമാണ് എന്റെ ഉദ്ദേശ്യം. വ്യാജ വാര്‍ത്തകള്‍ പൊളിച്ചടുക്കുന്ന എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. ഇതില്‍ കൂടുതല്‍ ആളുകള്‍ വേണമെന്നാണ് എന്റെ ആഗ്രഹം."

(തീവ്ര വലതുപക്ഷ ശക്തികള്‍ കൊലപ്പെടുത്തിയ ഗൗരി ലങ്കേഷിന്റെ ടാബ്ലോയ്ഡ് ഗൗരി ലങ്കേഷ് പത്രികെയിലെ അവസാനത്തെ എഡിറ്റോറില്‍ വ്യാജവാര്‍ത്തകളെ പറ്റിയാണ്. 16 പേജുകളുള്ള ടാബ്ലോയ്ഡില്‍ 'കണ്ട ഹാഗെ' (ഞാന്‍ ഇത് കണ്ടപ്പോള്‍) എന്ന മൂന്നാം പേജിലാണ് ഗൗരിയുടെ എഡിറ്റോറിയല്‍ കോളം. വ്യാജവാര്‍ത്തകളുടെ യുഗത്തില്‍ എന്നാണ് എഡിറ്റോറിയലിന്റെ തലക്കെട്ട്. ദ വയര്‍ കന്നഡയില്‍ നിന്നും ഹിന്ദിയിലേക്കും പിന്നീട് ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും മൊഴിമാറ്റിയ എഡിറ്റോറിയലിന്റെ പൂര്‍ണരൂപം)

മൊഴിമാറ്റം: മൃദുല ഭവാനി
പെയ്ന്‍റിങ്: പിഎസ് ജലജ, കലാകക്ഷി

Read More >>