ജനങ്ങളെ ഭയക്കുന്ന ഭരണകൂടമാണ്‌ ആളുകളെ ഐഎഫ്എഫ്കെയിൽ നിന്നും മാറ്റിനിർത്തുന്നത്

22ാമത് ഐഎഫ്എഫ്കെയിൽ ഡെലി​ഗേറ്റുകളുടെ എണ്ണം കുറച്ചതിനെതിരെ സിനിമ ആസ്വാദകരുടെ ഇടയിൽ വലിയ വിമർശനമാണ് ഉയരുന്നത്. സീറ്റെണ്ണം പറഞ്ഞ് ഏർപ്പെടുത്തിയ വിലക്ക് നീക്കുക. അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ സിനിമ ആസ്വാദകർ ഉയർത്തുന്നുണ്ട്. ഇൗ സാഹചര്യത്തിന മുൻനിർത്തി പ്രശസ്ത സംവിധായകൻ ഡോ. ബിജു എഴുതുന്നു.

ജനങ്ങളെ ഭയക്കുന്ന ഭരണകൂടമാണ്‌ ആളുകളെ ഐഎഫ്എഫ്കെയിൽ നിന്നും മാറ്റിനിർത്തുന്നത്

സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കുന്ന നടപടികളാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മുൻപൊക്കെ 12000 പാസുകൾ കൊടുത്തു കൊണ്ടിരുന്നത് ഇപ്പോൾ 10000 പാസ്സുകളാക്കി കുറച്ചു. ഇതിൽ 1000 പാസുകൾ സിനിമക്കാർക്കും 1000 പാസുകൾ മാധ്യമങ്ങൾക്കുമാണ് കൊടുക്കുന്നത്. സിനിമ മേഖലയിലുള്ളവർക്ക് മാത്രമായി ഇത്രയധികം പാസുകൾ മാറ്റിവെക്കേണ്ടതുണ്ടോ? കഴിഞ്ഞ വർഷമാണ് ഇങ്ങനെ ഇൻഡസ്ട്രി പാസുകൾ കൊടുക്കാൻ തുടങ്ങിയത്. മാധ്യമങ്ങളുടെ കാര്യത്തിലാണെങ്കിൽ അവിടെ പരിപാടികൾ കവർ ചെയ്യാൻ വരുന്നവർക്ക് സ്ഥാപനങ്ങൾ തന്നെ പ്രത്യേകം പാസ് കൊടുക്കാറുണ്ട്. എന്നാൽ എല്ലാ മാധ്യമ സ്ഥാപനങ്ങളിലേക്കും പ്രത്യേകം പാസുകൾ കൊടുക്കേണ്ടതിന്റെ ആവശ്യമില്ല. സിനിമാക്കാർക്ക് രജിസ്റ്റർ ചെയ്യണമെങ്കിൽ അസ്സോസിയേഷനുകളിൽ അംഗത്വം ഉണ്ടാകണമെന്ന നിബന്ധനകളുണ്ട്. ഇങ്ങനെ ഓരോ വിഭാഗങ്ങൾക്ക് പ്രത്യേകം പാസുകൾ മാറ്റിവെക്കേണ്ടതിന്റെ ആവശ്യമില്ല. താൽപ്പര്യമുള്ളവർക്ക് പൊതു വിഭാഗത്തിൽ വന്ന് രജിസ്റ്റർ ചെയ്യാം.

സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തി പാസ്സുകളുടെ എണ്ണം കുറക്കേണ്ടതിന്റെ ആവശ്യമില്ല. ഏറ്റവും കൂടുതൽ ആളുകൾ നിലത്തിരുന്നു സിനിമ കാണുന്നത് ടാഗോർ തീയേറ്ററിലും കൈരളി തീയേറ്ററിലുമാണ്. ഈ സ്ഥലങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ കഴിഞ്ഞ ഒരു വർഷമായി അത് പരിഹരിക്കേണ്ടതാണ്. കൂടുതൽ ആളുകൾ വരുന്നെന്നുകരുതി തൃശൂർ പൂരം പോലുള്ള ഉത്സവങ്ങളിൽ ആളുകൾ കൂടുന്നത് നിയന്ത്രിക്കാൻ പറ്റുമോ?

'ക്ലാഷ്' പോലുള്ള സിനിമകൾ കഴിഞ്ഞ തവണ പ്രദർശിപ്പിച്ചപ്പോൾ പകുതിയിൽ വെച്ചു നിർത്തിവെക്കേണ്ടതായി വന്നിട്ടുണ്ട്. മുൻപും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ഗവണ്മെന്റും അതിന്റെ പേരിൽ സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച ആളുകളെ നിയന്ത്രിച്ചിട്ടില്ല. ഇത്തരത്തിൽ ആളുകൾ കൂടാൻ സാധ്യതയുള്ള സിനിമകൾ കൂടുതൽ സൗകര്യമുള്ള തീയേറ്ററുകളിൽ പ്രദർശിപ്പിക്കുക. അത്തരം വിഷയങ്ങൾ വരുമ്പോൾ അതിനെ എങ്ങനെ പരിഹരിക്കാമെന്നാണ് നോക്കേണ്ടത്. അല്ലാതെ ഇങ്ങനെയൊരു പ്രശ്നം ഉയർത്തിപ്പിടിച്ച്‌ ജനങ്ങളെ മാറ്റി നിർത്തുകയല്ല വേണ്ടത്. ജനങ്ങളെ ഭയക്കുന്ന എല്ലാ ഭരണകൂടങ്ങളും ഇങ്ങനെ ചില ന്യായീകരണങ്ങൾ ഉയർത്താറുണ്ട്. ഇവിടെ ഉയർത്തുന്ന ന്യായീകരണം സുരക്ഷാപ്രശ്നങ്ങളാണെന്ന് മാത്രം. ആളുകൾ നിലത്തിരുന്നു സിനിമ കാണുന്നതിലെന്ത്‌ സുരക്ഷാ പ്രശ്നമാണുള്ളത്. ആളുകൾ കൂടുന്ന ഏതൊരു പരിപാടിയിലും ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ മാത്രമേ ഇവിടെയും ഉണ്ടാവുകയുള്ളു. തൃശൂർ പൂരത്തിൽ ആന ഇടഞ്ഞാൽ എന്തു സംഭവിക്കും? രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന റാലികളിൽ സുരക്ഷാ പ്രശ്നങ്ങളില്ലേ? അവിടെയൊന്നും ആളുകൾ കൂടുമ്പോൾ എടുക്കാത്ത മുൻകരുതലുകൾ ചലച്ചിത്ര മേളയിൽ മാത്രം എടുക്കുന്നത് എന്തുകൊണ്ടാണ്?

മറ്റൊരു കാര്യം ഐഎഫ്എഫ്കെയിലെത്തുന്ന ആളുകളുടെയൊന്നും സാന്നിധ്യം സമാന്തര സിനിമകൾ തീയേറ്ററുകളിലെത്തുമ്പോൾ അവിടെ കാണുന്നില്ല. ചലച്ചിത്ര മേളയിലേക്ക് ഇരമ്പിയെത്തുന്ന ആളുകളെല്ലാം അതിനു ശേഷം എങ്ങോട്ടേക്കാണ് പോകുന്നത്? ഐഎഫ്എഫ്കെ ആഘോഷമാക്കി കൊണ്ടാടുന്നവർ ദുർബലമായ സിനിമകളെക്കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

ചലച്ചിത്രമേളയിൽ രജിസ്റ്റർ ചെയ്യുന്ന പലരും സിനിമകൾ കാണുന്നില്ല എന്നതിൽ വാസ്തവമുണ്ട്. ഐഎഫ്എഫ്കെ ഒരു ആഘോഷമാക്കി മാറ്റുന്നതിന് മാത്രം ഇവിടെയെത്തുന്നവർ കുറവല്ല. ഇത് പരിഹരിക്കുന്നതിനായി നടപടികൾ സ്വീകരിക്കുന്നത് ഐഎഫ്എഫ്കെയുടെ സുഗമമായ നടത്തിപ്പിന് നന്നായിരിക്കും. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സിനിമകൾ ബുക്ക് ചെയ്‌താൽ മുൻ വർഷങ്ങളിൽ പങ്കെടുത്തവർക്ക് മുൻഗണനയുണ്ട്. അതുപോലുള്ള സംവിധാനങ്ങൾ ഇവിടെയും കൊണ്ടുവരുന്നത് നന്നായിരിക്കും.

- ഡോ. ബിജു

Read More >>